നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആമീ..

"ആമീ.. എനിക്ക് ഇപ്പോൾ പ്രണയം ഇല്ലെടോ.. കാമം മാത്രമേ ഉള്ളു..."
ഉറക്കത്തിന്റെ ആലസ്യത്തിൽ കിടന്നുകൊണ്ട് അവൻ എന്നോട് പറഞ്ഞു...
"ഒരു പെൺസുഹൃത്തിനോട് നട്ടപ്പാതിരാത്രി വീഡിയോ കാൾ ചെയ്തു പറയാൻ പറ്റിയ ഡയലോഗ്.."
അവനെ ഞാൻ കളിയാക്കി എങ്കിലും എനിക്ക് എവിടെയോ ഒന്ന് കൊണ്ടു... ചിലപ്പോൾ ഇപ്പോളും ആ പ്രണയം ഉള്ളിൽ കൊണ്ട് നടക്കുന്നത് കൊണ്ട് ആവാം...
സൗഹൃദത്തിന്റെ ലക്ഷ്മണരേഖ വരച്ചപ്പോൾ തൊട്ട് ഞാൻ അതിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ചിരുന്നു... പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകണം എന്ന് മാത്രം ആയിരുന്നു മനസ്സിൽ ..പിന്നീട് ഒരിക്കലും പ്രണയം എന്റെ ചിന്തകളിൽ പോലും ഒരു നിഴലായി വന്നിട്ടില്ല ...
"തനിക്ക് മുഴുവട്ടാണ്... എഴുത്തുകാര് ഭ്രാന്തന്മാര് ആണെന്ന് കേട്ടിട്ടുണ്ട്... ഇത്രയ്ക്കും ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല.. "
"ഇതിൽ എന്താ എന്റെ ആമിക്കുട്ട്യേ ഇത്ര വട്ട്... കാമം അതൊരു തെറ്റാണോ !!"
ഒരു കള്ളച്ചിരിയോടെ കമന്നുകിടന്നുകൊണ്ട് ചോദിച്ചു....
"പ്രണയം ഇല്ലാത്ത കാമം തെറ്റ് തന്നെ ആണ്... നമ്മൾ മൃഗങ്ങൾ അല്ലല്ലോ.. മനുഷ്യർ അല്ലേ.. !!"..ഞാനും വിട്ടുകൊടുക്കാൻ തയാർ അല്ലായിരുന്നു..
"പക്ഷേ ഞങ്ങൾ ആണുങ്ങൾക്ക് അങ്ങനെ ഒക്കെ തോന്നും... ഞങ്ങളുടെ ഹോർമോൺ അങ്ങനെ ആണ്.. "
"മംമ്മ്.. "ഞാൻ വെറുതെ മൂളിക്കൊടുത്തു..
"ഒരു കാര്യം ചോദിക്കട്ടെ... തിരിച്ചു കിട്ടില്ല എന്നറിഞ്ഞും നീ എന്തിനാ വീണ്ടും എന്നെ പ്രണയിക്കുന്നെ !!"
അവൻ എന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു...
"മൂന്നുവയസിൽ അച്ഛനും അമ്മയും ഇട്ടിട്ട് പോയതാണ്... അവരെ ഇപ്പോഴും സ്നേഹിക്കുന്നില്ലേ.. കിട്ടാത്ത സ്നേഹത്തിന്റെ കണക്കിൽ ഇതും കൂടി ഇരിക്കട്ടെന്ന് .. "
ഇത് പറയുമ്പോൾ നെഞ്ചിൽ ഒരു മഴ ഇരമ്പുകയായിരുന്നു..അല്ലെങ്കിലും സ്നേഹം നോവുള്ള നൊമ്പരം ആണല്ലോ...
അവൻ നിർവികാരനായി എന്നെ നോക്കിക്കൊണ്ടിരുന്നു... ആ നിശബ്ദതയെ ഭേദിക്കാൻ എന്ന വണ്ണം ഞാൻ അവനോടു പറഞ്ഞു...
"ചിപ്പി പോയപ്പോൾ തൊട്ടാണ് താൻ ഇങ്ങനെ ആയത്.. "
നിനക്ക് എങ്ങനെ അറിയാം എന്ന അർത്ഥത്തിൽ അവൻ എന്നെ നോക്കി...
"മ്മ് ...എന്ന് എനിക്ക് തോന്നുന്നു.."
അവന്റെ കണ്ണിലെ ആകാംക്ഷ വകവെക്കാതെ ഞാൻ താഴേക്കു നോക്കിക്കൊണ്ട് പറഞ്ഞുഒപ്പിച്ചു ... അവനും ഒരു ചിരിയിൽ എല്ലാം ഒതുക്കി....
ചിപ്പി അവന്റെ ആദ്യപ്രണയം ആയിരുന്നു...ഒന്നും അറിയാത്ത ആളുകളെ നേരിടാൻ പോലും ഭയന്ന ഒരു നാട്ടിൻപുറത്തുകാരൻ ചെക്കനെ ഇന്നു ഒരു കമ്പനിയുടെ ജനറൽ മാനേജർ ആക്കിയത് ആ പെൺകുട്ടി ആയിരുന്നു... അവന്റെ വാക്കിൽ പറഞ്ഞാൽ " അവന്റെ മാറ്റം "....
കോളേജിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ അവനോടു ആദ്യമായി ചങ്ങാത്തം കൂടിയ ആൾ.... എടി എന്ന് വിളിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കുന്ന തന്റേടി ആയ പെൺകുട്ടി.... അവരുടെ ബാംഗ്ലൂർ ഡേയ്സ് എന്നും അവൻ വാതോരാതെ പറയാറുള്ള ഓർമ്മകൾ ആയിരുന്നു
പിന്നീട് അവൻ എംബിഎക്ക് നാട്ടിൽവന്ന് ചേർന്നപ്പോഴും ഒരു ഫോൺകാൾ അകലെ അവൾ എപ്പോഴും ഉണ്ടായിരുന്നു.....
ഒരു ബാംഗ്ലൂർ സെറ്റിൽഡ് ആയ തമിഴ് പെൺകുട്ടി..അച്ഛന്റെയും അമ്മയുടെയും പുന്നാരക്കുട്ടി.. ഒറ്റമകൾ .. അവളുടെ അച്ഛന് ഈ ബന്ധം തീരെ ഇഷ്ടം ആയിരുന്നില്ല ..അവൻ പറയുന്നത് പോലെ അവരുടെ ജീവിതത്തിലെ "പ്രകാശ് രാജ് "ആയിരുന്നു അയാൾ....
കുറേ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ ഒടുവിൽ രണ്ടുപേരും സമ്മതിച്ചു പിരിയുകയായിരുന്നു....ചിലപ്പോൾ അവൾ അവനൊപ്പം ഇറങ്ങി പോന്നിരുന്നെങ്കിൽ ആ കുടുംബം തന്നെ ഇല്ലാതെ ആയി പോയേക്കാമെന്ന് രണ്ടാൾക്കും തോന്നി കാണും...
അധികം താമസിക്കാതെ തന്നെ അവളുടെ വിവാഹം കഴിഞ്ഞു... തീരുമാനം പക്വത ഉള്ളതായിരുന്നു എങ്കിലും അവൾ പോയതോടെ അവൻ ആകെ തകർന്നു പോയിരുന്നു...
"എന്റെ സുഹൃത്തുക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ അന്ന് തകർന്നുപോയേനെ.." എന്ന് അവൻ എപ്പോഴും പറയും...കാതലുള്ള സൗഹൃദങ്ങൾ ഉള്ള ഒരാൾ ആയിരുന്നു അവൻ....
ചിപ്പിയെപ്പറ്റി മാത്രം ആവും അവൻ എന്നോട് കുറേ ഒക്കെ മറച്ചു വെച്ചിട്ടുള്ളത്....പ്രണയം ഉണ്ടായിരുന്നു.... അവൾ ഇപ്പോളും നല്ല സുഹൃത്താണ് എന്നല്ലാതെ ഇപ്പോളും ഓർമകളിൽ ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു... . പ്രണയം പറഞ്ഞു വന്ന പെൺകുട്ട്യോട് പഴയ പ്രണയം പറഞ്ഞു കുത്തിനോവിക്കണ്ട എന്ന് ഓർത്തു കാണും ....
പക്ഷേ ഞാൻ അതങ്ങനെ വിട്ടുകളയാൻ ഒരുക്കം ആയിരുന്നില്ല..എല്ലാം ഉണ്ടായിട്ടും എന്തിനെന്നെ വേണ്ട എന്ന് വെച്ചു എന്ന് എനിക്കറിയണമായിരുന്നു ..
ഒരിക്കൽ അവന്റെ ഒരു സുഹൃത്തിൽ നിന്നു ഇതറിയുമ്പോൾ അൽപ്പം വേദനിച്ചു എങ്കിലും അവനോടു തോന്നിയ പ്രണയത്തിൽ തെറ്റൊന്നും തോന്നിയില്ല... ഒന്നുമില്ലെങ്കിലും ഹൃദയമുള്ള ഒരാളെ ആണല്ലോ ഞാൻ സ്നേഹിച്ചത് .. .
പെട്ടെന്ന് ഞാൻ അവളെപ്പറ്റി പറഞ്ഞപ്പോൾ അവൻ ഈ ഒരു കാരണം കൂടി കൊണ്ടാവും ഒന്ന് ഞെട്ടിയത് ....
"നീ എന്താ ഈ ആലോചിക്കണേ... നമ്മൾക്ക് ഉറങ്ങണ്ടേ.. !!!"
പെട്ടെന്ന് ഓർമകളെ ഭേദിച്ചു കൊണ്ട് അവൻ ചോദിച്ചു...
"മ്മ്.. ഗുഡ്നൈറ്റ്.."ഞാൻ അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു....
"നിനക്ക് പെട്ടെന്ന് എന്ത് പറ്റി "
എന്ന് അവിടുന്നു വന്ന മെസ്സേജിനു എന്ത് റിപ്ലൈ കൊടുക്കുമെന്ന് അറിയാതെ ഞാൻ കുഴങ്ങി... എങ്ങനെ പറയാനാണ് എപ്പോഴും ഈ മനസ്സ് കല്ലാക്കി വെച്ചേക്കുന്ന മനുഷ്യനെ എനിക്ക് ഇഷ്ടം ആണെന്ന്..ഒന്ന് തിരിച്ചു സ്നേഹിക്കാൻ കാത്തിരിക്കുകയാണ് എന്ന്....
"തനിക്കു പറഞ്ഞാൽ മനസ്സിലാവില്ല... "എന്ന് റിപ്ലേ കൊടുക്കുമ്പോൾ പതിവ് മൗനം തന്നെ ആണ് ഞാൻ പ്രതീക്ഷിച്ചത്...
"ഐ അണ്ടർസ്റ്റാൻഡ് "
"എന്ത് ഒന്നും ഇല്ല.. ഒന്നും.. "ഉള്ളിൽ തികട്ടി വന്ന വിഷമത്തോടെ ഞാൻ തിരിച്ചു അയച്ചു
"ഐ ക്യാൻ അണ്ടർസ്റ്റാൻഡ് ശിൽപാ "
"നീ മിണ്ടാതിരുന്നാലും നിന്റെ കണ്ണുകൾ സംസാരിക്കും !!!"
ചിലപ്പോൾ ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഒന്ന് ആണെങ്കിലും എന്തോ ആകെ എന്നെ വിഷമത്തിൽ ആക്കി....
ഒന്നും പറയാതെ ഓൺലൈനിൽ നിന്ന് പോകുമ്പോൾ എന്റെ പ്രണയം ഇനി എന്താവുമെന്ന് അറിയാതെ തേങ്ങുകയായിരുന്നു
അത് കഴിഞ്ഞു ഇനി കൂടുതൽ സംസാരം വേണ്ട എന്നുള്ളതു എന്റെ തീരുമാനം ആയിരുന്നു... ഒരിക്കൽ പ്രണയത്തിന്റെ കയ്പ്പ് അറിഞ്ഞതാണ്.. ഇനി എനിക്ക് കരയാൻ വയ്യ..
ആ ഇടയ്ക്ക് ആണ് എനിക്ക് ഫുഡ്‌ പോയ്സൺ അടിച്ചു ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക്‌ പോകേണ്ടി വന്നത്...
വീട്ടിൽ എത്തിയപ്പോൾ തൊട്ട് അവനെ കാണണം എന്നുണ്ടായിരുന്നു എങ്കിലും "വേണ്ട " എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...
പിറ്റേന്ന് ഒരു ഞാറാഴ്ച ആയിരുന്നു... പത്തുമണിയുടെ കുർബാനയ്ക്കു പോയാൽ അവനെ കാണേണ്ടി വരും...അതുകൊണ്ട് അഞ്ചുമണിക്കത്തെ കുർബാന കൂടാൻ ഞാൻ തീരുമാനിച്ചു... ഇന്നുവരെയും കാലത്തേ എഴുന്നേൽക്കാത്ത ഞാൻ അന്ന് ആദ്യമായി പരപരാ വെളുത്തപ്പോൾ അമ്മമ്മക്കൊപ്പം പള്ളിൽ പോയി....
വരാൻ ഉള്ള വഴിയിൽ തങ്ങില്ല എന്ന് പറയും പോലെ.... അവൻ അമ്മേനേം കൊണ്ട് കൊരട്ടിയ്ക്ക് പോകാൻ ഇറങ്ങിയത്‌ കറക്റ്റ് പള്ളി കഴിഞ്ഞ സമയത്തു ആയിരുന്നു....
അവന്റെ അമ്മയും എന്റെ അമ്മാമ്മയും കൂടെ കത്തി വെക്കുമ്പോൾ... ഞാൻ അവന്റെ കലിപ്പ് നോട്ടം താങ്ങാൻ പറ്റാതെ എന്റെ ശ്രദ്ധ തെരുവ് നായ്ക്കളിലും അവയെക്കണ്ടു പേടിച്ചരണ്ട് പോകുന്ന സൺഡേ സ്കൂൾ കുട്ടികളിലും ഒക്കെ ആയി കേന്ദ്രികരിച്ചു.....
ഇടയ്ക്ക് ഒളികണ്ണിട്ട് അവനെ നോക്കിയപ്പോൾ ഫോൺ കാട്ടി മെസ്സേജ് നോക്കാൻ പറഞ്ഞു...
"നാളെ ഒന്ന് കാണാൻ പറ്റുമോ.?"എന്ന മെസ്സേജിന് " ഇല്ല !!" എന്ന് റിപ്ലേ അയച്ചു... അവന്റെ അമ്മയോട് യാത്ര പറഞ്ഞു ഞാൻ നടന്നു....തിരിഞ്ഞുനോക്കിയപ്പോൾ കലിപിടിച്ചു നിൽക്കുന്ന അവന്റെ മുഖമായിരുന്നു കണ്ടത്....പിന്നെ ആ ഭാഗത്തേക്ക്‌ നോക്കിയതേ ഇല്ല
പിറ്റേന്ന് എഴുന്നേറ്റപ്പോൾ തൊട്ട് അവനെ കാണണം എന്നുള്ള ത്വര ആയിരുന്നു... ഞാൻ അതിനെ കഷ്ടപ്പെട്ട് അടക്കി വൈകുന്നേരം വരെ ഇരുന്നു.... അപ്പോഴാണ് ഞങ്ങളുടെ സുഹൃത്ത്‌"അന്നമ്മ " ഷോപ്പിംഗ് എന്ന് പറഞ്ഞു കയറി വന്നത്
എനിക്കും ചില്ലറ ഷോപ്പിംഗ് ഉണ്ടായിരുന്നു.... എങ്കിൽ അതായിക്കളയാം എന്ന് വച്ച് ഇറങ്ങിയപ്പോൾ ആണ് മഹതിയുടെ കാമുകനെ കാണാൻ ഉള്ള പോക്കാണെന്ന് അതെന്നു അറിഞ്ഞത്.... അവരുടെ കൂടെ നടക്കുമ്പോൾ അവനെ ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുകയായിരുന്നു
"താങ്ക്സ് അന്നമ്മേ !!"
അവന്റെ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി... അവൻ അവളോട്‌ സംസാരിക്കുകയായിരുന്നു... അവരുടെ പ്ലാൻ ആണ് എന്ന് എനിക്ക് അപ്പോൾ ആണ് മനസ്സിലായത്....
"ഇനി നിങ്ങൾ ആയി... നിങ്ങളുടെ പാടായി... "എന്ന് പറഞ്ഞു അവൾ നടക്കുമ്പോൾ അവനോടു എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങിനിന്നു ...
"നിനക്ക് എന്നോട് പ്രണയം ഇല്ല... ഉണ്ടാവുകയും ഇല്ല... പക്ഷേ എനിക്ക് ഇങ്ങനെ ഒരു സുഹൃത്തായി അഭിനയിക്കാൻ വയ്യടോ..ഒന്ന് മനസ്സിലാക്കു പറ്റുമെങ്കിൽ.. . "അവൻ എന്തെങ്കിലും പറയും മുൻപേ ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു....
"നേരം വൈകി... വാ വീട്ടിൽ കൊണ്ട് ചെന്നു വിടാം. " എന്ന് പറഞ്ഞു ഒരു ഭാവഭേദവും ഇല്ലാതെ അവൻ എന്റെ കയ്യും പിടിച്ചു നടന്നു....
ബ്ലോക്കിൽ തിക്കിയും ഞെരുങ്ങിയും വീട്ടിൽ എത്തിയപ്പോളേക്കും നേരം വൈകിയിരുന്നു... ഞങ്ങൾക്ക് രണ്ടാൾക്കും ഇനി ഒന്നും പറയാൻ ബാക്കി ഇല്ലെന്നു ആ മൗനം തെളിയിച്ചു....
ഇറങ്ങുമ്പോൾ "നീ നല്ല കുട്ടി അല്ലാത്തോണ്ടല്ല ശിൽപ്പ... ചിപ്പിയെ എനിക്ക് മറക്കാൻ പാടാണ്.. നിനക്ക് എന്റെ സുഹൃത്താവാൻ പറ്റില്ലെങ്കിൽ ഇനി ഞാൻ നിർബന്ധിക്കില്ല " അവൻ ഇരുട്ടിലേക്ക് നോക്കി പറഞ്ഞു... ഞാൻ ഒരു ചിരി വരുത്തി നടന്നു അകന്നു....
പ്രണയവും സൗഹൃദവും ഒരുമിച്ചു തോറ്റുപോയതുപോലെ തോന്നി അപ്പോൾ....ഇറ്റിറ്റു വീണകണ്ണുനീർ ഇളകി വന്നൊരു കാറ്റ് തുടച്ചു നീക്കിക്കൊണ്ട് പോയി...
പിന്നെ പഠനം കഴിഞ്ഞു ജോലി ആയി.. വിദേശത്തേക്ക് ചേക്കേറി.... ജീവിതം ആകെ മാറി മറഞ്ഞു... പക്ഷേ അപ്പോളും ആ പ്രണയം ഒരു കോണിൽ എരിഞ്ഞു ആർക്കോവേണ്ടി ...
നാട്ടിൽ തിരികെ വന്നപ്പോൾ അറിയാതെ ആണെങ്കിലും അറിയാൻ ശ്രമിച്ചത് അവനെപ്പറ്റി ആയിരുന്നു ആദ്യം... കല്യാണം ആയില്ല എന്ന് അറിഞ്ഞു ..
പള്ളിത്തിരുന്നാൽ ആയിരുന്നു പിറ്റേന്ന്...
തലേന്ന് രാത്രിയിലത്തെ പ്രതിക്ഷണം കഴിഞ്ഞു നോക്കുമ്പോൾ വീട്ടുകാര് ഒന്നിനെയും കാണുന്നില്ല ആ തിരക്കിൽ... സ്വയം വീട്ടിൽ പോകാൻ ഞാൻ തീരുമാനിച്ചു...
"നിക്ക്.. ഒറ്റക്കാണോ !!!". ആ പഴയ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി...
"മ്മ്.. "
"കൂടെ വരാം..രാത്രി അല്ലേ.. !!"എന്നും പറഞ്ഞു അവൻ എന്റെ ഒപ്പം നടന്നു...
ഒരുപാട് കാലങ്ങൾക്കു ശേഷം അവനോടു സംസാരിച്ചു... ഉള്ളു തുറന്നു തന്നെ...
തിരികെ യാത്ര പറഞ്ഞു നടക്കുമ്പോൾ അരയിൽ ചുറ്റിപിടിച്ച കൈകൾ കണ്ടു ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.... അവന്റെ താടിരോമങ്ങൾ എന്റെ കഴുത്തിൽ ആഴ്ന്നു ഇറങ്ങി...
"ഇത് കാമം ആണോ പ്രണയം ആണോ !!"
ഞാൻ അവനോടു ചോദിച്ചു...
"കാമം !!"
അവനെ തള്ളിമാറ്റി അകന്നുമാറുമ്പോൾ ഒന്നൂടെ ചേർത്തു പിടിച്ചു അവൻ പറഞ്ഞു
"കാമം പ്രണയിക്കുന്ന പെൺകുട്ട്യോട് ആണേൽ തെറ്റില്ലല്ലോ. പിന്നെന്താ.. ???"
"നീ പോയപ്പോൾ വീണ്ടും പ്രണയിക്കാൻ തുടങ്ങിയെടി ഞാൻ.. "
അങ്ങ് പള്ളിപ്പെരുന്നാളിന്റെ വെടിക്കെട്ട്‌ ഉയരുമ്പോൾ ഒരുപാട് കാത്തിരുന്ന എന്റെ പ്രണയവും എന്റേത് മാത്രം ആവുകയായിരുന്നു....
പ്രണയത്തിൽ ഒരൽപ്പം കാത്തിരിപ്പു നല്ലതാണെന്നു തോന്നുന്നു... ഒന്നും കൂടി മനസ്സ് തുറന്നു പ്രണയിക്കാനും കലർപ്പില്ലാതെ പരിധികൾ ഇല്ലാതെ സ്നേഹിക്കാനും അത് പഠിപ്പിക്കും...

Shilpa

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot