നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോട്ടുബുക്ക്

നോട്ടുബുക്ക്
📒📕📗📘📙
ഞാൻ കോലഴി ചിന്മയ കോളേജിൽ ഡിഗ്രി ഫസ്റ്റ് ഇയർ... ക്ലാസ്സിലാകെ പത്തിരുപത് പിള്ളേരേ ഉള്ളൂ.. അതുകൊണ്ടു തന്നെ എല്ലാരും പരസ്പരം നല്ല അടുപ്പം ആണ്.. അങ്ങനെ സുഖകരമായി പഠിപ്പൊക്കെ മുന്നോട്ട് പോവുന്നു. ഫസ്റ്റ് ഇയർ ക്ലാസ്സ് കഴിയാറായ സമയം..
ഞങ്ങളുടെ ക്ലാസ്സിൽ സാക്ഷാൽ ഗുരുവായൂരപ്പന്റെ നാട്ടിൽ നിന്നും വരുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു.. " ശ്രീഹരി "!!...
എപ്പോഴും മുഖത്തൊരു പുഞ്ചിരിയും, നെറ്റിയിലൊരു ചന്ദനക്കുറിയും ആയി... ചെരുപ്പ് ഉരച്ചുരച്ച് ശബ്ദമുണ്ടാക്കി വരുന്ന ശ്രീഹരി... ആള് വരാന്തയുടെ ഒരറ്റത്തുനിന്ന് നടത്തം തുടങ്ങിയാൽ ഈയറ്റം വരെ കേൾക്കാം ചെരുപ്പിന്റെ ശബ്ദം..
പൊതുവെ ഒരു സാധു പ്രകൃതം..
ആയിടെ ചിക്കൻ പോക്സ് പിടിപെട്ട് പുള്ളി രണ്ടുമാസം ലീവിൽ ആയിരുന്നു...
അതുകഴിഞ്ഞു ക്ലാസ്സിൽ വന്നപ്പോഴേക്കും പോർഷൻസ് കുറേ എടുത്തു കഴിഞ്ഞിരുന്നു..
അതുകൊണ്ടു തന്നെ അവന് പിടിപ്പത് നോട്ട്സ് പെന്റിങ് ഉണ്ടായിരുന്നു.. എല്ലാവരും നോട്ട്സ് കൊടുത്തു സഹായിച്ചു..
ഞാൻ കൊടുത്തത് മാത്‌സ് മെയിൻ ന്റെ നോട്ട് ആയിരുന്നു.. ഇനി മൂന്നാഴ്ച കഴിഞ്ഞേ ക്ലാസ്സുള്ളൂ... അന്നേ ബുക്ക് തിരികെ കിട്ടൂ..
"എനിക്ക് ചെറിയ പേടി ഉണ്ട്.. പഠിച്ചു കഴിഞ്ഞിട്ടില്ല... " ഞാൻ പറഞ്ഞു...
"ഏയ്.... നീ ടെൻഷനടിക്കണ്ട... ഒരു കാര്യം ചെയ്യ്,,, ഇപ്പൊ കിട്ടണ ദിവസം കൊണ്ട് ബാക്കി എല്ലാം പഠിച്ചു തീർക്ക്... അപ്പൊ പിന്നെ ഉള്ള ദിവസം മാത്‍സ് പഠിക്കാലോ "??
അത് ശരിയാണല്ലോ എന്ന് എനിക്കും തോന്നി...
അങ്ങനെ എന്റെ ബുക്കും ബാഗിലിട്ട് അവൻ ഗുരുവായൂർക്ക് വണ്ടികേറി...
മൂന്നാഴ്ച കിട്ടിയെങ്കിലും മാത്സ്ന്റെ കാര്യം ആലോചിച്ച് ടെൻഷനായി കാര്യമായൊന്നും പഠിക്കാനും പറ്റിയില്ല...
ബുക്ക് കൊണ്ടുവരാൻ ഓർമിപ്പിക്കാമെന്ന് വെച്ചാൽ ശ്രീഹരിയുടെ ഫോൺ നമ്പറൊന്നും എന്റെ കൈയിൽ ഇല്ലായിരുന്നു (പിന്നെ അന്നൊക്കെ വല്ല മരിച്ചറിയിപ്പിനാണ് ഫോൺ വിളിക്കാ എന്നാണ് എന്റെ ധാരണ )
അങ്ങനെ പഠിച്ചും, പേടിച്ചും.. മൂന്നാഴ്ച കഴിയാറായി.. തലേന്ന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല.. പിന്നെ എണീറ്റ് പഠിക്കാൻ ബുക്കെടുത്തു.. ( ബുക്കെടുത്താൽ ഉറക്കം പെട്ടെന്നു വരൂലോ... )വീട്ടിൽ പറഞ്ഞാൽ അതിലും വലിയ പുകിലാവും എന്നുള്ളൊണ്ട് മിണ്ടിയിട്ടില്ല..
പിറ്റേ ദിവസം നേരത്തെ എണീറ്റു.. വേഗം റെഡി ആയി, കോളേജിൽ പോയി.. ഞാൻ നേരത്തെ എത്തിയതിനാൽ എല്ലാരും വന്നുതുടങ്ങുന്നേ ഉള്ളൂ..
അങ്ങനെ 9.30 ആയി.. ഗിരിജ ടീച്ചർ വന്ന് ക്ലാസ്സ് തുടങ്ങി.. ശ്രീഹരി വന്നിട്ടില്ല...
അര മണിക്കൂർ കഴിഞ്ഞപ്പോ അമ്പിളിയും വന്നു. അമ്പിളി വന്നതിനു ശേഷം പിന്നെയൊരു വിദ്യാർത്ഥി ആ പടികടന്നു വന്നതായി കോളേജിന്റെ ചിത്രത്തിലില്ല....
എന്റെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു.. ടീച്ചർ ഒരു ക്വസ്റ്റിൻ പേപ്പർ ആൻസർ ചെയ്യിപ്പിക്കാണ്.. എനിക്കതൊന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല.
ചങ്കിടിപ്പോടെ എന്റെ ഉള്ളിലിരുന്നാരോ പാടി......
".........നീവരും കാലൊച്ച കേൾക്കുവാൻ,
കാതോർത്തു ഞാനിരുന്നു "
എന്റെ ആഗ്രഹം പോലെ അല്പം കഴിഞ്ഞപ്പോൾ, ചെരുപ്പിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ അവൻ ക്ലാസ്സിലെത്തിയതും, അത് ടിയാൻ തന്നെയെന്ന് ഉറപ്പുവരുത്തി.. ഞാൻ ഉത്സാഹവതിയായി.. പിന്നെ പടാപടാന്ന് ആൻസർ ചെയ്യാൻ തുടങ്ങി..
ഇന്റെർവെല്ലിന് ബെൽ അടിച്ചപ്പോൾ അവൻ ഒരു വളിച്ച ചിരിയുമായി എന്നോട് പറയാ.... "സോറി ഡീ... ഞാൻ ബുക്ക് എടുക്കാൻ മറന്നു" എന്ന്.. ഭൂലോകം മൊത്തം എന്റെ കൺ മുന്നിൽ ചുറ്റിക്കറങ്ങുന്നത് എനിക്കനുഭവപ്പെട്ടു...
കൊണ്ടുവന്നിട്ടില്ലെന്നത് ശരിയാണെന്നു ബോധ്യം വന്നപ്പോ ഞാൻ ഭയങ്കര കരച്ചിലായി... ആകെ പേടിയോ, ടെൻഷനോ,....വീട്ടിലറിഞ്ഞാ കൃത്യം പതിനൊന്നിന്റന്ന് അടിയന്തിരമായിരിക്കും !!
പരീക്ഷക്കിനി അധികം ദിവസല്ല്യ.. നീയിതെന്തു ഭാവിച്ചാ... ? ഞാനവനോട് എന്തൊക്കെയോ ചോദിച്ചു... അപ്പോഴേക്കും ബീന ടീച്ചർ ക്ലാസ്സിലേക്ക് വന്നു...
ഞാൻ മുഖം തുടച്ച് ഉഷാറായി ഇരുന്നു. പക്ഷേ എപ്പോഴും 'ടൺ കണക്കിന് ഫൺ' ആയിരിക്കണ എന്റെ ഭാവമാറ്റം ഞങ്ങടെ സുഹൃത്തുകൂടിയായ ടീച്ചർ കണ്ടുപിടിച്ചു കളഞ്ഞു
"എന്തു പറ്റി ബിനിക്ക് "?ടീച്ചർ ചോദിച്ചു
വിനിതയോ, രജിതയോ ടീച്ചറെ കാര്യം ധരിപ്പിച്ചു.. എനിക്ക് അതൊരു ആശ്വാസമായി.. എല്ലാ പ്രോബ്ലങ്ങളും സോൾവ് ചെയ്യണ ടീച്ചർ അല്ലേ.. ഇതിനും ഒരു സൊല്യൂഷൻ ഉണ്ടാക്കിത്തരും ഞാൻ ആശ്വസിച്ചു...
"അയ്യോ, ഇന്ന് ക്ലാസ്സ് തീരണ ദിവസല്ലേ.. ഇനി എപ്പഴാ ബുക്ക് കൊടുക്കാ"?
ടീച്ചറും അങ്കലാപ്പിലായി ""..
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു..
ഞാനൊരു കാര്യം ചെയ്യാം തിങ്കളാഴ്ച ഒരു സ്പെഷ്യൽ ക്ലാസ്സ് വെക്കാം.. അന്ന് എന്തായാലും ശ്രീഹരി ബുക്ക് കൊണ്ടുവരണം... കേട്ടല്ലോ... " ടീച്ചർ അവനോട് ചോദിച്ചു..
പക്ഷേ എനിക്ക് ടെൻഷനായി.. അന്ന് ക്ലാസ്സ് തീരും എന്ന് വീട്ടിൽ പെരുമ്പറ കൊട്ടി അറിയിച്ചിട്ടാണ് വന്നത്.. ഇനീപ്പോ എങ്ങനെ തിങ്കളാഴ്ച എനിക്ക് വരാൻ പറ്റും ??
എന്തായാലും അല്പം ആശ്വാസം തോന്നി
വീട്ടിലെത്തിയപ്പോ അമ്മേടെ ഒരു ഡയലോഗ്.. " ഇനീപ്പോ ക്ലാസ്സ് കഴിഞ്ഞില്ലേ.. ഇനി ഉള്ള ദിവസം അസ്സലായിട്ട് പഠിച്ചോണം !!!
"അല്ലാ, തിങ്കളാഴ്ചകൂടി ഒന്നു പോണം " ഞാൻ പറഞ്ഞത് 'അമ്മ കണക്കിലെടുത്തേ ഇല്ലാ...
"വേണ്ട വേണ്ടാ.... ഒരു കൊല്ലം മുഴുവൻ പഠിപ്പിച്ചതൊക്കെ ഇരുന്നങ്ങോട്ട് പഠിച്ചാൽ മതി.... ഇനി ക്ലാസ്സിനൊന്നും പോണ്ടാ... 'അമ്മ തറപ്പിച്ചു പറഞ്ഞു
പിന്നെ ശനിം, ഞായറും അമ്മയെ മണിയടിച്ച് ഒരുവിധം സമ്മതം വാങ്ങിച്ചു കഴിഞ്ഞപ്പോ ദാ വരണു... അടുത്ത പാര ഓട്ടോ പിടിച്ച്...
തിങ്കളാഴ്ച രാവിലെയാണ് ഞാൻ ആ സത്യം അറിഞ്ഞത്.. റോഡിലെ ഗട്ടറടക്കണ ജോലി നടക്കുന്നതിനാൽ പന്ത്രണ്ടുമണി വരെ ഞങ്ങളുടെ റൂട്ടിൽ ബസ്സ് ഓടില്ലാ ന്ന്...
"ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു " എന്ന പഴഞ്ചൊല്ല് അങ്ങനെ എന്റെ കാര്യത്തിലും അന്വർത്ഥമായി...
വീണ്ടും അമ്മയോട് " അമ്മേ ഞാൻ പോവാണേ "...
'അമ്മ : ബസ്സ് ഇല്ലാതെ നീ എങ്ങനെ പോവാനാ ?
ഞാൻ : അത്, അത്...... (ജീവിതത്തിൽ ആദ്യമായി വാക്കുകൾക്ക് ദാരിദ്രം അനുഭവപ്പെട്ടു... )
ഞാനേ,,, പാടം കേറീട്ട്, അവിടന്ന് ബസ്സില് പൊയ്ക്കോളാം !!! വിക്കി വിക്കി പറഞ്ഞൊപ്പിച്ചു...
"പിന്നെ തിരിച്ചു വരുമ്പോഴേക്ക് ബസ്സ് ഓടുമല്ലോ".. ഞാൻ പറഞ്ഞു
എന്റെ പഠിക്കാനുള്ള തീവ്രമായ ആഗ്രഹം കണ്ട് വീട്ടുകാരുടെ കണ്ണ് തള്ളിപ്പോയി...
"ഇതൊക്കെ റിസൾട്ട് വരുമ്പഴും കാണണം... "എന്താന്ന് വെച്ചാ ചെയ്യ് !!! :
അമ്മ
പാടത്തൂടെ നടന്ന് ബസ്റ്റോപ്പിലെത്തി, നല്ല തിരക്കുള്ള ബസ്സിൽ തൂങ്ങിപ്പിടിച്ച് ഞാൻ കോളേജിലെത്തി...
ക്ലാസ്സിലെത്തിയപ്പോ ആശ്വാസമായി.... പുള്ളി വന്നിട്ടുണ്ട് !! കണ്ടപാടെ ബുക്കും എടുത്തു തന്നു... ദോഷം പറയരുതല്ലോ, ബുക്കിനൊരു കേടും പറ്റാതെ സൂക്ഷിച്ചിരുന്നു !!! (സാധാരണ ബോയ്സ് അങ്ങനെ ബുക്ക് സൂക്ഷിക്കാറില്ലല്ലോ....).
ക്ലാസ്സ് കഴിഞ്ഞ്, ഉച്ചക്ക് എല്ലാരും ഇറങ്ങി ഇനി പരീക്ഷ കഴിഞ്ഞ്, സെക്കന്റ് ഇയറിന്റെ ക്ലാസ്സെ ഉണ്ടാവൂ...
ഞാൻ സാധാരണ കോളജിനു മുന്നിലെ സ്റ്റോപ്പിന്നാണ് ബസ്സ് കേറുന്നത്.. ബാക്കിയാരുടേം ബസ്സ് അവിടെ നിർത്തുന്ന കീഴ്വഴക്കം ഇല്ലാത്തതുകൊണ്ട് അവര് കോലഴി സെന്റർ വരെ നടക്കും..
മെയിൻ റോഡ് എത്തിയപ്പോ ലവൻ പറഞ്ഞു " ഇന്ന് ലാസ്റ്റ് ഡേ അല്ലേ... ഒരു കാര്യം ചെയ്യാം.. എല്ലാർക്കും സെന്റർ വരെ നടക്കാം "
എന്നാൽ ഓക്കേ.. ഞാനും സമ്മതിച്ചു. എന്റെ ബസ്സ് വരാൻ ഇനിയും പതിനഞ്ച് മിനിറ്റുകൂടി ഉണ്ട്.. ഞാനും അവരുടെ കൂടെ നടന്നു.. ഇതിനിടെ അവൻ വീണ്ടും എന്റെ നോട്ട് വാങ്ങി...
സെന്ററിൽ എത്തിയപ്പോ അവനൊരു കടയിലേക്ക് കേറി.. വല്ല ട്രീറ്റും വാങ്ങിത്തരാനായിരിക്കും ഞാൻ കരുതി..
എന്റെ ബസ്സ് വരാറായിട്ടും ലവനെ കാണാഞ്ഞിട്ട് ഞാൻ ആ കടയിലേക്ക് ചെന്നു....
അവിടെച്ചെന്നപ്പോ കണ്ട കാഴ്ച്ച !!!!
അവൻ ആ ബുക്ക് അവിടെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കൊടുത്തിരിക്ക്യാ.... എന്റെ ബുക്ക് ഫോട്ടോസ്റ്റാറ്റ് മെഷിന്റെ തുറന്നടയുന്ന വാതിലിനടിയിലൂടെ എന്നെ ദയനീയമായി നോക്കി..
"ഡാ... നീയെന്തിനാ ഇപ്പത് ഫോട്ടോസ്റ്റാറ്റ് എടുക്കണേ" ?
അതേയ്,, എനിക്കിത് എഴുതിയെടുക്കാൻ നേരം കിട്ടില്ല്യ... അതോണ്ടാ (ഒരു വളിച്ച ഇളി )
ഇത് കേട്ട് വായും പൊളിച്ചു നിന്ന എന്റെ മുന്നിലൂടെ സൂര്യഗായത്രി ( ഞങ്ങടെ റൂട്ടിലെ ബസ്സ് )ചീറിപ്പാഞ്ഞുകൊണ്ട് കടന്നു പോയി.... പിന്നാലെ കുറച്ചു പൊന്നീച്ചകളും !!!
(ഇനി മൂന്നേകാലിനേ വീടിന്റെ അവിടേക്ക് ബസ്സ് ഉള്ളൂ.... )
അഞ്ചു മിനിട്ടൂടെ കഴിഞ്ഞപ്പോ ഫോട്ടോസ്റ്റാറ്റ് എടുത്തുകഴിഞ്ഞ്, കടയിലെ ചേച്ചി അവന് ബുക്കും ബാക്കി കാശും, ചില്ലറക്ക് പകരം ഒരു കോഫീബൈറ്റും കൊടുത്തു...
നോട്ടുബുക്കും, ഞാൻ ഇത്രനാളും അനുഭവിച്ച മനോവേദനക്ക് പകരമായി, ആ കോഫീ ബൈറ്റും എനിക്ക് തന്നിട്ട്..... "പിന്നെകാണാം...... "എന്നും പറഞ്ഞ് ഓടിച്ചെന്ന് ഒരു ബസ്സിൽ ചാടിക്കേറി പുള്ളി സ്ഥലം വിട്ടു..
(പിന്നത്തെ വർഷം, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ അഡ്മിഷനെടുത്ത അവനെപ്പറ്റി പിന്നെ ഒരു വിവരവും ഇല്ല... )
ബസ്റ്റോപ്പിൽ വന്നപ്പോ എല്ലാരും അവരവരുടെ ബസ്സിൽ കേറി പോയിക്കഴിഞ്ഞിരുന്നു....
എന്റെ ബസ്സ് വരും വരെ ബസ്റ്റോപ്പിൽ ബാക്കിയായത്... ഞാനും,എന്റെ നോട്ട്ബുക്കും പിന്നെയാ കോഫീബെറ്റും !!!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot