നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

......കാല്പാടുകൾ....

......കാല്പാടുകൾ....
റോഡരുകിലെ മൈൽ കുറ്റിയിൽ എട്ടു കിലോമീറ്റർ എന്നു കണ്ടപ്പോൾ ഞാൻ പാട്ടിന്റെ ശബ്ദം താഴ്ത്തി.
പുറത്തെ പച്ച പാടങ്ങളുടെ കാഴ്ചകൾ നോക്കിയിരിക്കുകയായിരുന്നു അശ്വതി. കാറ്റേറ്റു തലയാട്ടുന്ന നെൽചെടികളിൽ നിന്നും തല തിരിച്ചു നോക്കി അവൾ ചോദിച്ചു.
എന്തേ ദേവേട്ടാ...
നീ ക്ഷീണിച്ചുവോ? ..
അവൾ ഇല്ലെന്നു തലയാട്ടി.
ഇനി കുറച്ചു ദൂരം കൂടി പോയാൽ മതി..
വീടിനു മുന്നിലൊരു വലിയ കാറ്റാടി മരമുണ്ട്. പിന്നെ അടുക്കളയക്കരുകിലെ ആ നെല്ലി മരം. അവിടെ പണ്ടു ഞാനും പ്രിയയും താഴെ വീണ നെല്ലിയ്ക്ക പെറുക്കുമായിരുന്നു. ഇതു ഒത്തിരിത്തവണ എന്നോടു പറഞ്ഞതല്ലേ ..?
സംശയത്തോടെ ഞാനവളെ നോക്കി. ചുവന്ന കല്ലുവച്ച മൂക്കൂത്തി ഒന്നു തിളങ്ങി. പിന്നെ എന്നെ പരിഹസിച്ചു ചിരിച്ചു. കുത്തനെയുള്ള വളവിൽ വേഗത കുറച്ചു.. പിന്നിലേക്കോടുന്ന വ്യക്ഷങ്ങൾക്കൊപ്പം ഓർമ്മകൾ പിന്നേയും പുറകിലേക്ക് ഓടി.
സ്കൂളിനു മുന്നിലെ പടർന്നു പന്തലിച്ച മാവ്. ചെമ്മണ്ണു വിരിച്ച ഇടവഴികൾ. ചുറ്റും കമ്പിവേലികളുള്ള ആ പഴയ വീട്..അമ്മയെ സഹായിക്കാൻ വന്നിരുന്ന കാളിയെന്നു പേരുള്ള സ്ത്രീ.
ദേവേട്ടനെ ആരെങ്കിലും തിരിച്ചറിയുമോ അവിടെ? 
അതിനു ഞാൻ മറുപടി പറഞ്ഞില്ല.. ഓർമ്മകൾ അയവിറക്കി ഞാൻ തുടർന്നു.
ഇറക്കത്തിൽ ഒരു പാറക്കെട്ടുണ്ട്. അതിനടുത്ത വീട്ടിലെ ഊഞ്ഞാലിൽ ഞങ്ങൾ പണ്ട്.....
അവളെന്തോ പറയാൻ തുനിഞ്ഞു. അരയാലും അത്തിമരങ്ങളും തണൽ വിരിച്ച റോഡരുകിൽ കായ്ച്ചു നിന്ന മരത്തിലേക്കു അവൾ കൈ ചൂണ്ടി. 
കാറിൽ നിന്നു ഒരു പഴയ കവിത ഒഴുകി വന്നു.
"വീണ്ടും പറഞ്ഞവ തന്നെയാണെങ്കിലും 
വീണ്ടും പുതിയതായി തോന്നും 
അല്ലെങ്കിലെന്തുണ്ടനവധി കാര്യങ്ങൾ
ഉള്ളതോ ഇത്തിരി ദുഃഖം "
ഓർമ്മകളുടെ പഴയ താളുകൾ മറിയുകയാണ് വീണ്ടും.
അച്ഛന്റെ മുഖം ഓടി വന്നു..
അച്ഛനോടിഷ്ടോള്ളവർ കൈ പൊക്ക്
പ്രിയയുടെ കൈകളിലും ഉയരത്തിൽ ഞാൻ കൈ ഉയർത്തി പിടിക്കുമ്പോൾ അച്ഛന്റെ അടുത്ത ചോദ്യം..
അച്ഛനോടു എത്രയിഷ്ടമുണ്ട് രണ്ടു പേർക്കും? 
കാറ്റാടി മരത്തിന്റെ അത്രേം പൊക്കത്തിൽ.. അവൾ കൊഞ്ചും. 
എനിക്ക് കാറ്റാടി മരത്തിനു മുകളിൽ ആകാശത്തിന്റെ അത്രയും ഇഷ്ടം.
അച്ഛൻ പോയിട്ട് രണ്ടു വർഷങ്ങൾ..
പ്രിയ ..വർഷങ്ങൾക്കു മുമ്പേ.
ചേട്ടനു വേണ്ടി ചുണ്ടിൽ കൊരുത്തിയിട്ട ചിരിയുമായി ഒരിക്കലും ഉണരാതെ ഉറങ്ങിക്കിടന്നപ്പോൾ.....
വളവു തിരിഞ്ഞെത്തിയ നാൽക്കവലയിൽ കുറച്ചു പേർ നിൽക്കുന്നുണ്ടായിരുന്നു. അവരോടു വഴി ചോദിച്ചു..
വലത്തോട്ടു തിരിഞ്ഞപ്പോൾ മനസ്സിലെ ചെണ്ട മേളം ഞാൻ കേട്ടു. ഓർമ്മകളിൽ മറക്കാതെ സൂക്ഷിച്ചു വച്ച ഗ്രാമമേ.. ഇതാ ഞാൻ..
എടുക്കുവാനും കൊടുക്കുവാനും ഒന്നുമില്ലാത്ത പൊട്ടിയ പാത്രം പോലുള്ള ശൂന്യമായ മനസ്സുമായി വീണ്ടും ഞാൻ നിന്റെ മുന്നിൽ..
സ്കൂളിനു മുന്നിൽ എത്തിയപ്പോൾ എല്ലാത്തിനും ദ്യക്സാക്ഷിയായ ആ പഴയ മാവ് കാറ്റിൽ ചില്ലകളാട്ടി എന്നെ നോക്കി പുഞ്ചിരിച്ചു. അവധി ദിവസമായതിനാൽ ഗേറ്റു പുറത്തു നിന്നു പൂട്ടിയിട്ടിരുന്നു.
മങ്ങികിടന്ന ഓർമ്മകളുടെ ഇടനാഴിയിലേക്ക് വെറുതെ ഒന്നു കണ്ണയച്ചു..
വരൂ ..ഈ വഴിയിലൂടെ... മറക്കാതെ ഓർത്തു സൂക്ഷിച്ച വഴി. ഇടത്തോടു തിരഞ്ഞു കുത്തനേ ഉള്ള ഇറക്കം. ഒരു വശം കരിങ്കൽ ഭിത്തി കെട്ടിയിരുന്നു
അശ്വതിയുടെ കൈ പിടിച്ചു ഇന്നലെകളിലേക്കു നടന്നു. 
വളവിനരുകിൽ പുതിയതായി തീർത്ത മനോഹരമായ ഒരു കെട്ടിടം . ഗേറ്റിൽ കഷണ്ടി കയറിയ തലയുള്ള ഒരു മദ്ധ്യവയസ്കൻ..
ഞാനയാളേയും ഇന്നലെകളിലേക്കു കൊണ്ടുപോയി.. ഓർമ്മകളിൽ പരതി അവസാനം അയാൾ തലയാട്ടി...
ഉവ്വ്... ഓർക്കുന്നുണ്ട്.. 
പഴയ വീടിനു ചില മുഖം മിനുക്കൽ നടത്തിയിരുന്നു. അകത്തെ മുറികളിലേല്ലാം ഒരു കുട്ടിയെ പോലെ ഓടി നടന്നു. പുറത്തിറങ്ങിയപ്പോൾ ദൂരെ മലയടിവാരം അവ്യക്തമായി കാണാമായിരുന്നു. അടുക്കള വശത്തെ നെല്ലിമരച്ചുവട്ടിൽ നിൽക്കുമ്പോൾ അശ്വതി ചോദിച്ചു.കാറ്റാടി മരം എവിടെ? 
രണ്ടു വർഷം മുമ്പ് വെട്ടി..മകളുടെ കല്യാണത്തിനു പന്തലൊരുക്കാൻ. അയാൾ മറുപടി പറഞ്ഞു. 
കാളി.. ഞാൻ സംശയത്തോടെ ചോദിച്ചു.
പോയി.. കുറേ കാലം പണി ചെയ്യുവാൻ വരുമായിരുന്നു. ഇപ്പോൾ എവിടാണെന്നറിയില്ല.
അയാൾ കാട്ടി തന്ന ഇടവഴിയിലൂടെ ഇറക്കത്തിലെ പാറക്കെട്ടുകളുടെ അരികിലൂടെ നടന്നു.. :
ഇടയ്ക്ക് ഓരോ വീട്ടിലേക്കും പ്രതീക്ഷയോടെ നോക്കി.
വീടിനോടു ചേർന്നു ഒരു മാവിൻ കൊമ്പ്.. അതിൽ ഒരു ഊഞ്ഞാൽ..
അല്ലെങ്കിൽ ഈ തിരിച്ചുവരവിൽ ഞാനുള്ള ഈ ഭൂമിയിൽ ഒരു ഊഞ്ഞാൽ പാടെങ്കിലും..
യാത്ര പറയുമ്പോൾ അയാൾ ഓർമ്മിപ്പിച്ചു.. ഇടയ്ക്ക് ഇതിലൂടെ പോകുമ്പോൾ വരണം. 
പാതയിൽ മുമ്പേ നടന്നു പോയവരുടെ കാൽപാടുകൾ തെളിഞ്ഞു കണ്ടു. തിരികെ കയറ്റം കയറുമ്പോൾ ഞാൻ കിതയ്ക്കുന്നുണ്ടായിരുന്നു.
അശ്വതീ...
വീടിനു മുന്നിലൊരു വലിയ കാറ്റാടി മരമുണ്ട്. . പിന്നെ....
പറഞ്ഞതു തന്നെയാണ്..എങ്കിലും ഞാൻ..
തേങ്ങലോടെ അശ്വതി എന്നെ ചേർത്തു പിടിച്ചു . അവൾ കരയുകയായിരുന്നു.
ദേവേട്ടൻ പറഞ്ഞോളൂ..
മുകളിൽ കറുത്ത ചേലകൾ ചുറ്റി മാനം മറ്റൊരു മഴയ്ക്കായി ഒരുങ്ങി നിൽക്കുകയായിരുന്നു. ഞാൻ ഒന്നു തിരിഞ്ഞു നോക്കി..
വിജനമായ വഴിയിൽ അവശേഷിച്ച കാല്പാടുകളേ വിട തരുക.
കാലമേ കനിയുക ... ഇനിയും ഒരിക്കൽക്കൂടി.
ശബ്ദം ഇടറിയിരുന്നു.. തൊണ്ട പൊട്ടി ഞാൻ പാടി..
" വീണ്ടും പറഞ്ഞവ തന്നെയാണെങ്കിലും 
വീണ്ടും പുതിയതായി തോന്നും 
അല്ലെങ്കിലെന്തുണ്ടനവധി കാര്യങ്ങൾ
ഉള്ളതോ ഇത്തിരി ദുഃഖം "
..പ്രേം..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot