Slider

പ്രിയദര്‍ശിനി

0
പ്രിയദര്‍ശിനി
ഇന്നും അവര്‍ വന്നു പോയി, ദൂരെ നിന്ന്‍ ഞാനവരെ കണ്ടു. എഞ്ചിന്‍ പൊസിഷന് നേരെയുള്ള സിമന്‍റ് ബഞ്ചില്‍ ആരെയോ പ്രതീക്ഷിച്ച് അവര്‍ കാത്തിരിക്കുന്നു. ഉയര്‍ന്ന ചൂളം വിളിക്ക് മറുപടിയായ് പച്ചക്കൊടി ഉയര്‍ത്തി കാട്ടി ഞാന്‍ നിന്നു. തീവണ്ടി പതിയെ ചലിച്ചു തുടങ്ങി,ഒടുവില്‍ അനന്തതയില്‍ പൊട്ടു പോലെ മാഞ്ഞു. പാളങ്ങളിലെ പ്രകമ്പനം പതിയെ നിലച്ചു. ആളൊഴിഞ്ഞ സ്റ്റേഷന്‍റെ ഇരുകോണിലായ് ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. അവര്‍ എഴുന്നേറ്റ് നടന്നു, എന്നെ കടന്നു പോകുമ്പോള്‍ അവരുടെ മിഴികളില്‍ നിര്‍വ്വികാരത നിറഞ്ഞതായി തോന്നി.
തിരക്കേറയില്ലാത്ത ഒരു ചെറു നഗരത്തിനലെ റെയില്‍വെ സ്റ്റേഷനില്‍ സ്ഥിരം യാത്രക്കാര്‍ക്കപ്പുറ൦ എന്നും വന്നു പോകുന്ന ഒരു സ്ത്രീ. ആരും അവരെ വിലക്കിയില്ല, അവരുടെ വിശേഷങ്ങള്‍ തിരക്കിയില്ല. അവര്‍ക്ക് എങ്ങോട്ടെങ്കിലും പോകേണ്ടാതായുണ്ടെന്ന്‍ എനിക്കും തോന്നിയില്ല. എങ്കിലും അവര്‍ വന്നു പോയ്ക്കൊണ്ടിരുന്നു.
ഒരൊഴിവ് ദിവസത്തില്‍ വെറുതെ നഗര പ്രദിക്ഷണം ചെയ്തു നടക്കുമ്പോള്‍ ഞാനവരെ കണ്ടു. തിരക്കേറിയ തെരുവില്‍ തലയുയര്‍ത്തിപിടിച്ച് വേഗത്തില്‍ നടന്നു പോകുന്നു.ഇടതു തോളിലൊരു തുകല്‍ സഞ്ചിയും വലത് കൈയ്യിലൊരു കന്നാസും. എന്നും പുലര്‍ച്ചെ സ്റ്റേഷനിലെ സിമന്‍റ് ബഞ്ചിലിരിക്കാന്‍ വരുമ്പോഴും കൂടെ ഈ തുകല്‍ സഞ്ചിയും കന്നാസും ഉണ്ടാകും. നിറം മങ്ങി തുടങ്ങിയ ഒരു പഴയ ടീ ഷര്‍ട്ടും പാന്‍റ്സുമാണ് വേഷം. അവരുടെ നെറ്റിയിലും കവിളുകളിലും പ്രായത്തിന്‍റെ ചുളിവുകള്‍ വീണിരുന്നു. പട്ടിണിയുടെ പ്രതിഫലനമെന്നോളം തോളെല്ലുകള്‍ തെളിഞ്ഞു നിന്നു. നര വീണു തുടങ്ങിയ, ചെമ്പിച്ച് ജഡ പിടിച്ച തലമുടി കോതി ഉച്ചിയിലൊരു റബ്ബര്‍ ബാന്‍ഡില്‍ തിരുകിയിരുന്നു. കാതില്‍ പഴയ ഭാഷനിലെ ജിമുക്ക കമ്മല്‍, നക്ഷത്രക്കലയുള്ള വെള്ളി മൂക്കുത്തി. കൈത്തണ്ടയില്‍ കുപ്പി വളകള്‍, വലത്തെ കാലിലൊരു കറുത്ത ചരട്. ആദ്യമായ് കാണുന്നവര്‍ക്ക് ഒരത്ഭുതമാണെങ്കിലും നഗരത്തിന് അവറൊരു അത്ഭുതമല്ലായിരുന്നു.
ആ നഗരത്തിന് അവളുടെ ഭൂതകാലമറിയാമായിരുന്നു. അതെനിക്കും പകര്‍ന്നു തന്നു നഗരത്തിലെ ഒരാള്‍.
ഭൂതകാലത്തില്‍ അവര്‍ ഒരു സുന്ദരിയായിരുന്നു. അതിന്റെ നേരിയ പാടുകള്‍ ഇന്നും അവരില്‍ കാണാം. ദൂരെയെവിടയൊ, ഒരുപാട് സമ്പാദ്യങ്ങള്‍ ഉണ്ടായിരുന്ന ഒരു തറവാട്ടിലെ പെണ്‍കുട്ടി. നഗരത്തിലെ സ്കൂളില്‍ അധ്യാപികയായി ജോലി കിട്ടിയപ്പോഴാണ് അവര്‍ ഇവിടേക്ക് വന്നത്. ജീവിതം സന്തോഷകരമായി കടന്നു പോയിരുന്ന കാലം. അന്നൊരു നാളിലാണ് അവള്‍ അയാളെ പരിചയപ്പെടുന്നത്, പ്രണയത്തിലാവുന്നത്. നഗരത്തെ മുറിച്ചു കടന്നു പോകുന്ന തീവണ്ടി ഓടിച്ചിരുന്നത് അയാളായിരുന്നു. അയാള്‍ അതുവഴി കടന്നു പോകുന്നതും കാത്ത് അവള്‍ നിന്നിരുന്നു. നീണ്ടയാത്രകളുടെ ഇടവേളകളില്‍ ചുവപ്പും പച്ചയും മിന്നി മായുന്ന നിമിഷങ്ങളില്‍ അവര്‍ കണ്ടുമുട്ടി. എഞ്ചിന്‍ മുറിയുടെ വാതില്‍ തുറന്ന് ഇറങ്ങി വന്ന്‍ , പ്രിയദര്‍ശിനി എന്നയാള്‍ വിളിക്കുന്നത് കേള്‍ക്കാന്‍ അവള്‍ കാതോര്‍ത്തിരുന്നു.
ഒരു തുലാവര്‍ഷ പുലരിയില്‍, അവള്‍ കാത്ത് നില്‍ക്കുമെന്ന് അറിയാമായിരുന്നെങ്കിലും അയാള്‍ വന്നില്ല. ഇനിയൊരിക്കലും വരാന്‍ കഴിയാത്ത, മടക്കമില്ലാത്ത യാത്രയ്ക്ക് ടിക്കറ്റ് എടുത്ത് വണ്ടി കയറിയിരുന്നു അയാള്‍. പത്രത്താളുകളിലെ പാളം തെറ്റിയ തീവണ്ടിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍, വിഭ്രാന്തിയുടെ വാതില്‍ തുറക്കുകയായിരുന്നു അവളുടെ മനസ്സ്. ചിതറിയ ബോഗികള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ നാല്പത്തിയെട്ട് ശവശരീരങ്ങളില്‍ ഒന്നയാളുടേതാണെന്ന്‍ ലോകം മനസ്സിലാക്കിയിട്ടും സമ്മതിക്കാന്‍ അവള്‍ക്ക് മടിയായിരുന്നു.
സമയം എട്ടേകാലാകുന്നു, അവര്‍ വരുന്നതും കാത്ത് സിമന്‍റ് ബഞ്ചില്‍ ഞാനിരുന്നു. കൃത്യം എട്ടിരുപത് ആയപ്പോള്‍ അവര്‍ എത്തി. ഞാന്‍ ഒപ്പമിരിക്കുന്നതില്‍ അവര്‍ക്ക് അസ്വസ്ഥതയുണ്ടാകുമോ എന്നു ഞാന്‍ ഭയന്നിരുന്നു. പക്ഷേ അവര്‍ക്കതില്‍ യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.
അക്ഷമയായ അവരുടെ കാത്തിരിപ്പില്‍, മനസ്സില്‍ ഒരുപാടു പ്രതീക്ഷകളുടെ തിരയിളക്കങ്ങള്‍ സൃഷ്ടിച്ച് പിന്നിലെ കോളാoമ്പിയില്‍ അനൌണ്‍സ്മെന്റെ വന്നു.
റെയില്‍-വേ പാളങ്ങളില്‍ ശബ്ദത്തിന്‍റെ നേരിയ തരംഗങ്ങള്‍ കടന്നു പോയി. ദൂരെ തെളിയുന്ന തീവണ്ടിയുടെ മുഖ൦, അവരുടെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. ആ ചൂളം വിളികളില്‍ പഴയ ഇരുപത്തൊന്ന്‍കാരിയായി അവര്‍ മാറുന്നതായി എനിക്ക് തോന്നി. മിഴികളില്‍ പ്രതീക്ഷയുടെ തിരികള്‍ തെളിയുന്നു, ചുണ്ടില്‍ നേരിയ മന്ദസ്മിതം.
പുകയും ചൂടും വമിച്ചുകൊണ്ട് ട്രെയിന്‍ ഞങ്ങള്‍ക്ക് മുന്നില്‍ വന്നു നിന്നു. അവര്‍ എണീറ്റ് നിന്ന്‍ എന്‍ജിന്‍ മുറിയ്ക്കുള്ളിലേക്ക് നോക്കി നിന്നു. ഭ്രാന്തിയെന്നു വിളിക്കുന്ന സമൂഹത്തിനു നടുവിലേക്ക്, പ്രിയദര്‍ശിനി എന്ന്‍ പേര് ചൊല്ലി വിളിച്ച് എന്‍ജിന്‍ റുമിന്‍റെ വാതില്‍ തുറന്ന്‍ അയാള്‍ കടന്ന്‍ വരുമെന്ന്‍ അവര്‍ പ്രതീക്ഷിക്കുന്നു.
അവര്‍ കാത്തിരിക്കുന്നയാള്‍ ഇനി വരികയില്ല എന്നവരോട് പറയാന്‍ എന്നെനിക്ക് തോന്നി, പക്ഷേ പറയാനാവാതെ തൊണ്ടയിടറിയിരുന്നു. പറഞ്ഞാലും അവര്‍ക്കത് അത് ബോധ്യമാകണമെന്നില്ല. അവര്‍ ഓര്‍മ്മകളില്‍ ജീവിക്കുന്നു, സത്യത്തെ നിഷേധിച്ച് ഇന്നലെകളെ ഓമനിച്ച് ജീവിക്കാന്‍ അവര്‍ പഠിച്ചിരുന്നു.
പിന്നിലാരോ പച്ചക്കൊടി ഉയര്‍ത്തി വീശുന്നു. ചൂളമടിച്ച് കൊണ്ട് തീവണ്ടി പിന്നെയും ചലിച്ച് തുടങ്ങുന്നു
.
ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ തിരിച്ചിരുന്നു. ട്രെയിന്‍ ദൂരേക്ക് പോയി മറഞ്ഞിരുന്നു. നഷ്ട സ്വപ്നങ്ങളെ തിരികെ പിടിക്കാന്‍ ശ്രമിച്ച് കൊണ്ട് അവര്‍ തിരികെ നടക്കുന്നു. ഉള്ളിലെവിടയോ ഭ്രാന്തിന്‍റെ വിത്ത് മുളയ്ക്കുന്നു,
നാളെ അയാള്‍ വരുമായിരിക്കും.
: കിഷോര്‍ ഹരിപ്പാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo