Slider

***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ ***** (ഭാഗം നാല്)

0
***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ ***** (ഭാഗം നാല്)
ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി ചാക്കോ ഗേറ്റു തുറക്കാൻ പുറത്തിറങ്ങിയപ്പോൾത്തന്നെ തരകൻ പുറത്തിറങ്ങി ഗേറ്റിനു മുന്നിലെത്തിക്കഴിഞ്ഞിരുന്നു.ചാക്കോ ഒന്നും മനസ്സിലാവാതെ അയാളെത്തന്നെ നോക്കി നിന്നു. ഗേറ്റു തുറന്നതും തരകൻ കൊടുങ്കാറ്റുപോലെ പൂമുഖത്തെത്തിക്കഴിഞ്ഞിരുന്നു. ഒരു നിമിഷമയാൾ നിന്നു. ക്ഷോഭത്തെയകറ്റി എന്നിട്ട് അവിടെയുള്ള മണിയുടെ വള്ളിയിൽ പിടിച്ചു വലിച്ചടിച്ചു.അകത്തു നിന്നും മണിശബ്ദം പുറത്തേക്കു കേൾക്കാമായിരുന്നു. പതിവില്ലാതെ മണിയടിക്കുന്നതു കേട്ടു ജാനമ്മ വാതിൽ തുറന്നതും ഞെട്ടിത്തെറിച്ച് പുറകോട്ടു പോയി... ഒരു നിമിഷം കൊണ്ടവൾക്കപകടം മണത്തു.കിടുങ്ങിനിന്ന അവളുടെ മുന്നിലേക്ക് ഒരു മദയാന കണക്കെ ജേക്കബ് തരകൻ ചെന്നു.
'' കുഞ്ഞറക്കനെവിടെ... ഡീ.....?"
അയാൾ ചോദിച്ചു. ആദ്യമൊന്നു പതിറയെങ്കിലും ധ്യൈര്യം സംഭരിച്ചവൾ പറഞ്ഞു.
"അവിടെയെവിടെയെങ്കിലും കാണും.. നടുവു നൂർത്താൻ നോരോല്ല. നൂറുകൂട്ടം പണിയൊള്ളതാ... അപ്പഴാ നിങ്ങടെയൊരു കുഞ്ഞെറുക്കൻ.... വേറെ മക്കളെയൊന്നും... നിങ്ങടെ കണ്ണിപ്പിടിക്കൂലെ.. ഞാനവരോടൊപ്പമല്ലിങ്ങോട്ടെഴുന്നെള്ളിയേ... ഇതാപ്പൊ.. പ്പുകില്..."
ഈ സമയത്ത് തരകൻ വരാറുള്ളതല്ല... ദൈവമേ.... ആ ചെറുക്കനെ നോക്കീലല്ലോ.... ഫോൺ വിളിച്ചപ്പോ അഴിച്ചുവിട്ടെന്നു പറയുവേം ചെയ്തല്ലോ...? ഇനിയമ്മച്ചിയെങ്ങാനും അഴിച്ചുവിട്ടിട്ടുണ്ടാവുമോ..?ഏതായാലും ചെറുക്കനവിടില്ലെന്നുറപ്പായി. ഇല്ലെങ്കിലെവിടെന്നു ചോദിക്കണ്ട കാര്യോ ണ്ടോ..? ഒരു നൊടിയിട കൊണ്ടവളുടെ മനസ്സിൽക്കൂടി നൂറുചിന്തകൾ കടന്നുപോയി. ഏതായാലും ഇങ്ങോട്ടാക്രമിക്കുന്നതിനു മുമ്പങ്ങോട്ടാക്രമിക്കാനുറച്ചവൾ. അവളുടെ കൂസലില്ലാത്തഭാവം അയാളിലും ചിന്തകൾ വിടർത്തി. ഇനി നായരെങ്ങാനും നുണ പറഞ്ഞതാവുമോ? എല്ലാർക്കും ഏലിയാസിനെ ഭയങ്കര ഇഷ്ടമാണ് അമ്മയില്ലാത്ത കൊച്ചായതുകൊണ്ടായിരിക്കും.. നായരങ്ങനെയൊക്കെപ്പറഞ്ഞത് എന്നു ചിന്തിച്ചയാൾ സമാധാനിക്കാൻ ശ്രമിച്ചു. പിന്നെയൊന്നും ചോദിക്കാതെ മുറ്റത്തേക്കുപോയി. ജാനമ്മ വേഗം അമ്മയുടെ അടുത്തേക്കോടി...
" അമ്മച്ചിയെങ്ങാനും ആ ചെറുക്കനെയഴിച്ചു വിട്ടിരുന്നോ...?"
അവളമ്മയോടു ചോദിച്ചു.
" ഇല്ലല്ലോ... എനിക്കതല്ലേ പണി... പോയാതെങ്ങേലെങ്ങാനും നോക്കെടീ.... എന്നാടീ...?''
അവർ ചിറി കോട്ടിക്കൊണ്ടലക്ഷ്യമായിട്ടവളോടു ചോദിച്ചു.
"ചെറുക്കനെ തെങ്ങേക്കാണുന്നില്ലമ്മച്ചീ... എവിടെപ്പൊയിപ്പണ്ടാരടങ്ങീന്നാർക്കറിയാം...?''
ഇപ്പോഴാണവർക്കു കാര്യത്തിന്റെ ഗൗരവം മനസ്സിലായത്...
"ങ്ങേ.... എന്നാ....ന്നാ.... നീ... പറഞ്ഞേ..?"
അവർ ഞെട്ടിത്തരിച്ച് തെങ്ങിന്റെ ചുവട്ടിലോട്ടോടി... തെങ്ങിന്റെ ചുവട്ടിൽ ഏലിയാസിനെ കെട്ടിയ കയറും കൈയ്യിൽ പിടിച്ചു ചിന്താധീനനായി തരകൻ നിൽക്കുന്നു. മെല്ലെയവർ പിന്തിരിഞ്ഞു.വൈകുന്നേരമായപ്പോൾ സ്ക്കൂൾ വിട്ട് പിള്ളേരെല്ലാം വന്നു.പീറ്റർ വന്നപാടെ അമ്മയോടു ചോദിച്ചു.
"കുഞ്ഞാഞ്ഞയെന്ത്യേയമ്മച്ചീ.. ചാച്ചൻ കൊറേത്തല്ലിലോ... കുഞ്ഞാഞ്ഞേനെ...ശെരിക്കും നൊന്തു കാണും.. പാവം ... അല്ലേലുമമ്മച്ചിക്കു... കുഞ്ഞാഞ്ഞേനെ കണ്ണെടുത്താൽ കണ്ടൂടാ :.. ഇപ്പം ചാച്ചനും... ഇന്നു സ്ക്കൂളീ... സാറുമ്മാരു ചോദിച്ചല്ലോ... കുഞ്ഞാഞ്ഞയെവിടെയാ പടിക്കാൻ പോണേന്നു.... ഞാമ്പറഞ്ഞു കോട്ടയം സിയെമ്മെസ്സ് .. കാളേജിലാന്നു.''
പീറ്റർ പറഞ്ഞോണ്ടിരുന്നപ്പോൾ ജാനമ്മ ചുറ്റിലും നോക്കി തരകൻ കേൾക്കുന്നുണ്ടോന്നറിയാൻ.വാതിലിന്റെ മറുപുറത്തു നിന്നുകൊണ്ടിതെല്ലാം ജേക്കബ് തരകൻ കേൾക്കുന്നുണ്ടായിരുന്നു'.. അയാളുടെ കരളുരുകിയൊലിക്കുവാൻ തുടങ്ങി. അവനെ ഉറക്കെ വിളിച്ചു കൊണ്ടയാൾ... വീടിനു ചുറ്റിലും, പറമ്പിൽക്കൂടിയും ഒരു ഭ്രാന്തനേ പോലെ തിരഞ്ഞു നടന്നു. ജാനമ്മയ്ക്കും കൊച്ചുത്രേസ്യക്കും കാര്യങ്ങൾ പിടുത്തം വിട്ടെന്നു മനസിലായി.. വരുന്നതനുഭവിക്കാൻ അവർ മനസുകൊണ്ടൊരുങ്ങി. ജാനമ്മ തന്റെ അമ്മയെ കുറ്റപ്പെടുത്താൻ തുടങ്ങി സഹികെട്ടപ്പോൾ കൊച്ചുത്രേസ്യ ജാനമ്മയോടു പറഞ്ഞു.
''നെനക്കും .. മക്കക്കും വേണ്ടിയല്ലേ ഞാനിതെക്കെചെയ്തത്.. എന്നിട്ടിപ്പം കുറ്റം മുഴുവനുമെനിക്ക്... നീ.. വല്യപുണ്യാളത്തീയായി.... വരുന്നതൊരു മിച്ചനുഭവിക്കാം...."
മൂക്കുപിഴിഞ്ഞു കൊണ്ടകത്തേക്കുപോയി. എന്തു ചെയ്യണമെന്നറിയാതെ... ജാനമ്മയവിടെത്തന്നെ നിന്നു പോയി.തിരഞ്ഞുപോയ തരകൻ വിയർത്തു കുളിച്ചു തിരിച്ചു വന്നു. അയാൾക്കു കാര്യങ്ങളെല്ലാം മനസ്സിലായി. രാവിലെ മകനെ തല്ലാനെടുത്ത ചൂരലുമെടുത്തു കൊണ്ട് ഊണ് മുറിയിലേക്കു ചെന്നലറി....
" ജാനമ്മേ..... ഇവിടെ .... വാടീ... "
വിളി കാത്തു നിന്നവളെപ്പോലെ കിലുകിലാവിറച്ചുകൊണ്ടവൾ അയാൾക്കു മുന്നിലെത്തി ഒരു കുറ്റവാളിയേപ്പോലെ..മിണ്ടാതെ നിന്ന.
" മ് മ്...''
ഒരു മൂളൽ മാത്രം കേട്ടു പടക്കം പൊട്ടുന്ന മാതിരി ശബ്ദവും 'അയ്യോ ' എന്ന അലർച്ചയും.പിന്നേയും ഒരുപാടു പ്രാവിശ്യം ചൂരൽ ഉയർന്നു താണു.
" പറയെടി എന്താണിവിടെ നടന്നത്.... എന്റെ മകനെന്തു തെറ്റാണു ചെയ്തത്...? പറയാതെ നിന്നെയിവിടുന്നു വിടൂല... സത്യം മാത്രം പറഞ്ഞാൽ മതി ഈ കുടുമ്മത്തി.'.. എന്റെ ഭാര്യയായിവിടെ പൊറുക്കണെങ്കീ... സത്യം പറഞ്ഞോ.... ഇല്ലേ .. പെട്ടീം പ്രമാണോമെടുത്തോണ്ട് ദാ.. ഇപ്പോ എറങ്ങിക്കോണം തള്ളേം... മോളും.'.. ഇങ്ങനൊരുത്തീടാവിശമില്ലെനിക്ക്.... ''
വെളുത്തുരുണ്ട ദേഹത്ത് ചൂരലിന്റ പാടുകൾ തിണർത്തപ്പോൾ അവൾ എല്ലാ സത്യവും തുറന്നുപറഞ്ഞു കുറ്റമേറ്റു . എല്ലാം കേട്ടുകൊണ്ട് പേടിച്ചു കിലുകിലാന്നു വിറച്ചു കൊണ്ട്
കൊച്ചുത്രേസ്യയും മക്കളും വെളിയിൽ നിന്നിരുന്നു ആരുമൊന്നും മിണ്ടുന്നില്ല.
" എവിടെ നിന്റെ തള്ള.... നാളെക്കാലത്ത് ഇവിടെന്നെറങ്ങിക്കോളാൻ പറഞ്ഞേക്ക്.... പിന്നെയീയടിച്ചതിനകത്തു ... കേറിപ്പോകരുതെന്നും പറഞ്ഞേക്ക്.... "
അവളുടെ മുടിക്കുത്തിനു പിടിച്ചു വട്ടം കറക്കിക്കൊണ്ടയാൾ ആഞ്ഞു തള്ളി.... തള്ളലിന്റെ ആഘാതത്തിൽ ഭിത്തിയി തലയിടിച്ചവൾ താഴേക്കു വീണു.പേരക്ക ഒട്ടിച്ചു വച്ച മാതിരി അവളുടെ നെറ്റി മുഴച്ചു പൊന്തി. കലിയടങ്ങാതെ തരകൻ അവളെ മണ്ണു കുഴയ്ക്കുന്നതു പോലെ നിലത്തിട്ടു ചവിട്ടിമെതിച്ചു. ഒന്നന്നങ്ങാൻ പോലുമാവതെ നിലത്തു കിടന്ന ജാനമ്മയെ മുടിക്കുത്തിൽ പിടിച്ചുയർത്തി അവരുടെ കവിളുകളിൽ വിരലുകൾ കുത്തിയമർത്തിക്കൊണ്ട് അലറി
"ഇനി നിനക്കെന്റ കെടപ്പറയിൽ സ്ഥാനമില്ല ... എന്റെ കുഞ്ഞെറക്കനെന്നു തിരിച്ചു വരുന്നോ അന്നേ ഈ വാതിൽ നിനക്കു വേണ്ടിത്തുറക്കൂ... ഓർമ്മയിരിക്കട്ടെ..."
അയാൾ അവരുടെ കടപ്പുമുറിയുടെ വാതിൽ ജാനമ്മയ്ക്ക് മുന്നിൽ ശക്തിയിൽ വലിച്ചടച്ചു. ഭ്രാന്ത്‌ പിടിച്ചഅവസ്ഥയിൽ അങ്ങോട്ടുമിങ്ങോട്ടും കുറെ നടന്നു ഒടുവിൽ ഫോണിൽക്കൂടി എല്ലാ ബന്ധുവീടുകളിലും വിവരമറിയിച്ചു ആരുടെയെങ്കിലും അടുത്ത് എത്തിയിട്ടുണ്ടെങ്കിൽ വിവരമറിയിക്കണമെന്നുപറഞ്ഞേൽപ്പിച്ചു. വേഗമയാൾ കാറെടുത്ത് കേശുനായരുടെ വീട്ടിലേക്ക് ചെന്നു. അയാൾ ചെല്ലുമ്പോൾ നായരും,ഭാര്യയും, മക്കളും വീടിന്റെ തിണ്ണയിൽ ഇന്നത്തെ സംഭവങ്ങളേക്കുറിച്ചു സംസാരിച്ചിരിക്കുകയായിരുന്നു.. കാറിന്റെ ഹോണടികേട്ടപ്പോൾത്തന്നെ തരകന്റെ കാറാണെന്നവർ തിരിച്ചറിഞ്ഞു.എങ്കിലും അവിടെന്നനങ്ങിയില്ല.റോഡരുകിൽ കാർനിർത്തിയട്ട് നടന്നുവരുന്ന തരകനെ കണ്ട് നായരുംകുടുംബവും എണീറ്റു തങ്ങളുടെ ആദിത്യ മര്യാദ കാണിച്ചു. തിണ്ണയിൽ കയറിയ തരകൻ നായരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.
''നായരേ.... എന്റെ മോൻ ...പോയടോ...എവിടാ..ണെന്നറിയില്ല... എങ്ങോട്ടാണെന്നറിയില്ലാ.... ഞാനിനി എന്നാ ചെയ്യും... അവനെങ്ങാനും വല്ല കടുംകൈ ചെയ്യുവോടോ...?"
" ങ്ങേ... ''
നായരു ഞെട്ടിപ്പോയി.... തന്റെ നാവുഫലിച്ചോ...? അയാളുടെ മനസിലെ നീരസം ആ ഒരു നിമിഷം കൊണ്ടാവിയായിപ്പോയി.. തരകനോട് എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ തോളത്തിട്ടിരുന്ന തോർത്തെടുത്ത് വായ പൊത്തി.അയാളുടെ കുടുംബാംഗങ്ങളും എന്ത് പറയണമെന്നറിയാതെ സ്തംഭിച്ചു പോയി.പെട്ടന്നു നായർ പറഞ്ഞു.
"നമ്മക്കു മറിയത്തളളടെ വീടുവരെ പോയി നോക്കാം... മൊതലാളി വാ.... "
അപ്പോഴാണ് തരകന് മറിയത്തള്ളയുടെ വീട്ടിൽ താൻ അന്വേഷിച്ചില്ല എന്ന കാര്യം ഓർത്തത് രണ്ടു പേരും പള്ളിയുടെ അടുത്തേക്കുപോയി. അവിടടുത്താണവരുടെ വീടെന്നറിയാമായിരുന്നു രണ്ടാൾക്കും. അവിടെന്നും കാര്യമായ വിവരമൊന്നും കിട്ടിയില്ല എങ്കിലും മറിയത്തള്ള ഇത്രമാത്രം പറഞ്ഞു പറഞ്ഞു.
" ആ കൊച്ചെങ്ങോട്ടേങ്കിലും രക്ഷപ്പെട്ടോട്ടേ... നിങ്ങളപ്പന്റേം... രണ്ടാനമ്മേന്റേം .... തല്ലുകൊണ്ടു ചാവുന്നതിനേക്കാൾ പേദമല്ലേ എങ്ങോട്ടേങ്കിലും ഓടിപ്പോണത്...."
അല്പനേരം അവിടെ നിന്ന ശേഷം തകൻ അവരോടു പറഞ്ഞു
" ശവത്തേ.... കുത്തല്ലേ....കഴിഞ്ഞതു കഴിഞ്ഞു. നാളേ വീട്ടിലേക്കു വരാതിരിക്കല്ല് അങ്ങനെയൊക്കെ ചെയ്തതിലും പറഞ്ഞതിലുമൊക്കെ എനിക്കു വെഷമമുണ്ട്... കുഞ്ഞെറക്കനെയോർത്ത് ക്ഷമിക്കണം..."
" ഇല്ല... മൊതലാളി... ഞാനാവീട്ടിലേക്കില്ല... കുഞ്ഞെറുക്കനില്ലാത്ത വീട്ടിലേക്കു... ഞാനില്ല കറുത്ത മോന്തേം... വെളുത്ത ചോറും... എന്തിനാ... ചുമ്മാ എനിക്കൊരു ചാൺ വയറിനൊള്ളതെല്ലാം അതിയാൻ കൊണ്ടന്നോളും.. കുഞ്ഞുകുട്ടി പരാതീനങ്ങളൊന്നുമില്ലല്ലോ... പിന്നെ ഞങ്ങൾ പാവങ്ങളാ... സ്വത്തും മൊതലുമില്ലെങ്കിലും അഭിമാനമൊണ്ട്... അതാർക്കും പണയം വെച്ചിട്ടില്ല...''
അത്രയും പറഞ്ഞപ്പോഴേയ്ക്കും അവരുടെ സ്വരമിടറിയിരുന്നു.
" ഞാൻ നിർബന്ധിക്കുന്നില്ല... എപ്പോവേണമെങ്കിലും... നിങ്ങക്കവിടെ വരാം..."
എന്നു പറഞ്ഞു കൊണ്ടവർ തരകന്റെ വീട്ടിലേക്ക് പോയി.
ഈ സമയം ഇതൊന്നുമറിയാതെ തീവണ്ടിയുടെ കുലുക്കത്തിൽ ഗാഢനിദ്രയിലായിരുന്നു ഏലിയാസ്.ആരോ ഉറക്കെ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. കോഴിക്കോടെത്തിയിരുന്നു വണ്ടി. അവിടെ നിന്നും എതാനുമാൾക്കാർ മാത്രം കയറി. എങ്കിലും തിരക്കില്ലായിരുന്നു അർദ്ധരാത്രിയിൽ അങ്ങനെ അധികം യാത്രക്കാരില്ലാത്തതു കൊണ്ടവന് സുഖമായുറങ്ങുവാനുള്ള സീറ്റ് കിട്ടിയിരുന്നു. ഏതോ ഒരു ട്രൈൻ വൈകിയതു കാരണം അവൻ യാത്ര ചെയ്യുന്ന വണ്ടി സിഗ്നൽകാത്തു കിടക്കുകയാണ്. പിന്നേയും ഒരു മണിക്കൂർ കഴിഞ്ഞിരിക്കാം അല്പം പ്രായംചെന്ന ഒരാൾ അവന്റെ സീറ്റിനരികിൽ വന്നിരുന്നു. (തുടർച്ച)
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo