നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അറബിയും ഡ്രൈവറും

അന്നത്തെ ദിവസം പതിവിലും കൂടുതൽ തിരക്കായിരുന്നു ഷോപ്പിൽ... ഞാനൊരു ബാഗ് ഗിഫ്റ്റായി പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ... അപ്പോഴാണ് ആ ബാഗുകൾ രണ്ടും എന്റെ മുന്നിലേക്ക് "സമ" (ഷോപ്പിലെ സെയിൽസ് ഗേളാണ് ) കൊണ്ടു വന്ന് വച്ചത്...
",റോയൽ പറ്റേൺ " ബാഗ് (പാമ്പിന്റെ തോലിൽ ഉണ്ടാക്കിയത് )അതും രണ്ട് ബാഗ്... കൂടെ അതിനു ചേരുന്ന രണ്ട് മണി പേഴ്സ് ഒപ്പം രണ്ടു ജോഡി ചെരിപ്പും...
"ചിത്ര... ഇത് പ്രിപ്പയർ ചെയ്തോളൂ എല്ലാം ഗിഫ്റ്റാണ്..." സമ എന്നോടു പറഞ്ഞു
"ഇതാരുടെ കസ്റ്റമറാണ് സമ? നിന്റെയണോ?"ഞാൻ ചോദിച്ചു..
"അല്ല ഇത് റീമയുടെ കസ്റ്റമറാണ് ... സൗദി രാജകുടുംബത്തിൽ ഉള്ളയാളാണ്.. വലിയ പണക്കാരനാണ്..." സമ എന്നോട് പറഞ്ഞു ..
ശരിയാണ്.. ഞാനും ചിന്തിച്ചു .പണക്കാരൻ
തന്നെ . ഇല്ലെങ്കിൽ റോയൽ പാറ്റേൺ തന്നെ വാങ്ങില്ലല്ലോ അതും"മുപ്പത്തിനാലായിരം സൗദി റിയാൽ "വില വരുന്നത് ... നമ്മുടെ ഇൻഡ്യൻ മണി ഏകദേശം അഞ്ചര ലക്ഷം രൂപ ...
ഷോപ്പിന്റെ ബ്രാൻഡ് നെയിമും (ഗുഡ് വിൽ) അതോടൊപ്പം ഒറിജിനൽ ലെതർ ഉപയോഗിച്ച് ബാഗ് ഉണ്ടാക്കുന്നതും കൊണ്ടാവാം ഈ ബാഗിനൊക്കെ ഇത്ര വിലക്കൂടുതൽ ..
എന്തായാലും ആളെ ഒന്ന് കണ്ട് കളയാം. ഞാൻ വിചാരിച്ചു.പെട്ടന്ന് എല്ലാം ഗിഫ്റ്റും പാക്ക് ചെയ്ത് ഞാൻ പുറത്തിറങ്ങി..
സെറ്റിയിൽ ഒരു അമ്പത് അമ്പത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു അറബി ഇരിക്കുന്നു .. കൂടെ മാറി ഡ്രൈവർ എന്ന് തോന്നിക്കുന്ന ഒരാളും നിൽക്കുന്നു ...
ഡ്രൈവറെ കണ്ടപ്പോൾ അയാൾ മലായളിയാണോന്ന് ഞാൻ സംശയിച്ചു .. കടയിൽ വരുന്ന കസ്റ്റമേഴ്സിനോട് കുശലം പറയാനുള്ള അനുവാദം ഒന്നുമില്ല... അതു കൊണ്ട് ഞാനൊരു ചിരിയും പാസാക്കി തിരിച്ചു നടന്നു..
"എന്റെ തമ്പുരാനേ.. എന്തിനാ ഇയാള് ഈ രണ്ട് ബാഗ് വാങ്ങിയത്... ആ ഒരു ബാഗിന്റെ പൈസ എനിക്ക് തന്നിരുന്നെങ്കിൽ ഞാനെങ്കിലും രക്ഷപ്പെട്ടേനെ " പോയ വഴിക്ക് നല്ല ശുദ്ധ മലയാളത്തിൽ എന്റെ ആത്മഗതം... പക്ഷെ ആത്മഗതത്തിന് ഇച്ചിരി ഒച്ച കൂടിപ്പോയോന്ന് ഒരു സംശയം ..
ആ ...ഇനി ആരേലും കേട്ടാൽ തന്നെ എന്താ? മലയാളമല്ലേ തലകുത്തി നിന്നാലും മനസിലാവൂല്ല...
ഇതിനിടയിൽ "റീമ " വന്ന് വിഷമത്തോടെ പറഞ്ഞിട്ട് പോയി..
"ചിത്ര ഒരു ബാഗ് മതി എന്ന് കസ്റ്റമർ പറഞ്ഞു . മറ്റേത് ഒഴിവാക്കിക്കോളൂ" .. പാവം റീമ .. അവളുടെ അത്രയും കമ്മീഷൻ കുറഞ്ഞു ...
ഈ ഗിഫ്റ്റ് എല്ലാമെടുത്ത് ഞാൻ കൗണ്ടറിൽ ചെല്ലുമ്പോഴേക്കും ആ മലയാളി എന്നു തോന്നിക്കുന്നയാൾ ഇതെല്ലാം കൊണ്ട് പോകാൻ നിൽക്കുന്നുണ്ടായിരുന്നു .. ആ അറബി ബില്ലടച്ച് പുറത്തേക്ക് പോയിരുന്നു ...
എന്നെ കണ്ടതും അയാളൊന്നു ചിരിച്ചിട്ട് പച്ച മലയാളത്തിൽ ചോദിച്ചു..
" പുറത്തേക്ക് ഒന്നു വരാമോ?" എന്റെ സംശയം തീർന്നു മലയാളി തന്നെ. എന്തിനായിരിക്കും പുറത്തേക്ക് ചെല്ലാൻ പറഞ്ഞത്. എന്റെ നമ്പർ ചോദിക്കാനായിരിക്കുമോ? ഞാൻ ചിന്തിച്ചു ..
സമയോട് പറഞ്ഞിട്ട് ഞാൻ കടയുടെ പുറത്തിറങ്ങി. അവിടെ ആ മലയാളിയുടെ കൂടെ മുൻപേ കണ്ട അറബിയും നിൽപ്പുണ്ട്.ഞാൻ അടുത്ത് ചെന്നപ്പോൾ അയാൾ എന്റെ നേർക്ക് ഒരു കവർ വച്ചു നീട്ടി.. എന്നിട്ട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു .. എനിക്കൊന്നും മനസിലായില്ല
"നിനക്കുള്ളതാ നീ വാങ്ങിച്ചോ " ആ മലയാളി പറഞ്ഞു.. മടിച്ചു മടിച്ചാണെങ്കിലും ഞാനത് വാങ്ങി
" ശുക്രനും " പറഞ്ഞ് തിരിച്ചു പോന്നു..
സല സമയത്ത് ആ കവർ തുറന്ന് നോക്കി അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.. അപ്പോഴാണ് എന്റെ ആത്മഗതം ശരിക്കും ഉച്ചത്തിലായിരുന്നു എന്നെനിക്ക് മനസിലായത് ... അതിനകത്ത് ആ ഒരു ബാഗിന്റെ വിലയായ "മുപ്പത്തിനാലായിരം " സൗദി റിയാൽ ഉണ്ടായിരുന്നു ...
ഞാൻ പറഞ്ഞത് അറബി കേട്ടിരിക്കണം... ആ മലയാളിയോട് ഞാൻ പറഞ്ഞത് എന്താണെന്ന് ചോദിച്ചിരിക്കണം... അങ്ങനെയാവണം ഇതു സംഭവിച്ചത്.നല്ലവനായ തമ്പുരാനും ആ സുമനസുകൾക്കും ഞാൻ നന്ദി പറഞ്ഞു..
റൂമിൽ ചെന്നിട്ട് ആരോടും പറയാനുള്ള ധൈര്യം തോന്നിയില്ല .. ഇത്രയും തുക ആരെങ്കിലും തന്നുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ... പോരാത്തത്തിന് ഇത്ര വലിയ ഷോപ്പിൽ ജോലിയും .. മോഷ്ടിച്ചതാണെന്നേ കരുതൂ..
രാത്രി മുഴുവൻ ഞാൻ ചിന്തിച്ചു .. ഹൗസിംഗ് ലോണടച്ച് തീർക്കാനാണ് ഞാനിവിടെ വന്നത് രണ്ടു വർഷമാകുന്നു... കുറെയൊക്കെ അടഞ്ഞു .ഈ തുക തന്നെ ധാരാളം.ലോൺ അടച്ച് തീർത്താലും മിച്ചം പൈസയും ഉണ്ടാകും .. തിരിച്ചു പോകുക തന്നെ.. അതും എക്സിറ്റിൽ ..
ഞാൻ തിരിച്ചു ചെല്ലുന്നത് വീട്ടിൽ ആരോടും പറയണ്ട. ഒരു സർപ്രൈസ് കൊടുക്കണം. എല്ലാവരും എന്നെ കണ്ട് ഞെട്ടണം. നെടുമ്പാശേരിയിൽ നിന്ന് വീട്ടിലേക്ക് വലിയ ദൂരമില്ല.. നമ്മുടെ തരികിടയ്ക്ക് കൂട്ടുനിക്കുന്ന അമ്മാവന്റെ മോനെ വിളിച്ച് വണ്ടിയുടെ കാര്യം ഏൽപ്പിച്ചു .. ആരോടും പറയരുതെന്നും ശട്ടം കെട്ടി ..
പിറ്റേന്ന് ഷോപ്പിൽ വന്ന് ഞാൻ എമർജൻസി നാട്ടിൽ പോവാണെന്ന് എല്ലാരേം അറിയിച്ചു.. എല്ലാവർക്കും സങ്കടമായി.. ഒന്നര വർഷത്തോളമാകുന്നു ഇവിടെ.. എനിക്കും സങ്കടമുണ്ട്... പക്ഷെ അതിലേറെ സങ്കടംആയിരുന്നു കുടുംബത്തെ വിട്ട് ഇവിടെ നിൽക്കുന്നത് ...
കൂട്ടുകാരോടൊക്കെ നാട്ടിൽ പോവുകാണെന്ന് പറഞ്ഞു.പിറ്റേന്ന് രാവിലെ കമ്പനിയിൽ ചെന്നു ... എമർജൻസി എക്സിറ്റിനുള്ള അപേക്ഷ കൊടുത്തു.. കമ്പനിയുമായുള്ള രണ്ട് വർഷത്തെ കരാർ തീരാൻ ഒരു മാസമേ ബാക്കിയുള്ളൂ.. അതു കൊണ്ട് ടിക്കറ്റ് കമ്പനി തന്നെ തരും..
നാളെ വരാൻ ഓഫീസിൽ നിന്ന് അറിയിച്ചു..തിരിച്ചു പോരുന്ന വഴി ലുലു മാളിൽ കയറി അത്യാവശ്യം കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ വാങ്ങി ...
എല്ലാം പാക്ക് ചെയ്തു കഴിഞ്ഞു ... പിറ്റേന്ന് രാവിലെ കമ്പിനിയിൽ ചെന്ന് ടിക്കറ്റും സാലറിയും മറ്റു അലവൻസുകളുമൊക്കെ വാങ്ങി റൂമിലെത്തി... രാത്രി 8 മണിക്ക് ഫ്ലൈറ്റ്... മൂന്നരയോടു കൂടി എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി ..
അങ്ങനെ വീണ്ടും ജിദ്ദാ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് .. കഴിഞ്ഞ ഡിസംബറിൽ എന്റെ ചങ്ക് ബ്രോ മഞ്ചു നാട്ടിൽ പോയപ്പോ അവളെ കൊണ്ടുവിടാൻ ഒന്നു വന്നതാണിവിടെ... പിന്നീട് ഇപ്പോഴാണ്..
എയർപോർട്ടിനകത്ത് കയറി... ലഗേജും അയച്ച് ബോഡിംഗ് പാസൊക്കെ വാങ്ങി ഫ്ലെറ്റു വരാനുള്ള കാത്തിരിപ്പായി ..
അങ്ങനെ എന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഫ്ലെറ്റ് ലാൻഡു ചെയ്തു .. ആഗ്രഹിച്ച പോലെ വിൻഡോ സൈഡിലെ സീറ്റ് തന്നെ കിട്ടി.. വിമാനം മെല്ലെ ഉയന്നു തുടങ്ങി .. ഞാൻ വിൻഡോ വഴി താഴേക്ക് നോക്കി... ഒരിക്കലും ഇനി തിരിച്ചു വരില്ലന്ന് മൗനമായ് സൗദി അറേബ്യയോട് യാത്ര പറഞ്ഞു .. ആ കാഴ്ചകൾ മറഞ്ഞു .. പിന്നിട് പഞ്ഞിക്കെട്ടുപോലെ വെള്ളിമേഘങ്ങൾ മാത്രം..
ഞാൻ മെല്ലെ മിഴികളടച്ചു സീറ്റിലേക്ക് ചാരി കിടന്നു.. ഞാൻ ചെല്ലുമ്പോൾ എന്റെ മിഥുക്കുട്ടൻ പെട്ടന്ന് അമ്മയെ കാണുമ്പോൾ ഓടി വന്ന് കെട്ടിപ്പിടിക്കുന്നതും... അഞ്ചു വർഷം നിന്നിട്ട് നിർത്തി പോരാം എന്ന് പറഞ്ഞ് പോയ ഭാര്യ ,രണ്ട് വർഷം കഴിയും മുമ്പേ തിരിച്ചു വന്ന സന്തോഷം കൊണ്ട് ,എന്റെ കെട്ട്യോൻ എന്നെ പൊക്കിയെടുത്ത് വട്ടം കറക്കുന്നതും ഒക്കെയോർത്ത് ഞാൻ ഒന്നു മയങ്ങിപ്പോയി...
കുറച്ച് കഴിഞ്ഞ് എയർഹോസ്റ്റസ് വന്ന് തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണു തുറന്നത് ... ഒരു നിമിഷം ഞാൻ അന്തം വിട്ടു പോയി.
ങേ !!! എന്ന് മുതലാണ് എയർ ഹോസ്റ്റസിന്റെ വേഷം നൈറ്റിയായത് ???
ആ എയർഹോസ്റ്റസ് എന്നോട് മൊഴിഞ്ഞു ....
"ടീ എന്നാ ഉറക്കമാ ഇത് ? മണി എട്ടരയായി.. നിനക്കിന്ന് ഡ്യൂട്ടിക്കൊന്നും പോകണ്ടേ.. എഴുന്നേറ്റ് പോടീ "ന്ന്....
ഞാനൊന്നു കൂടി കണ്ണു തിരുമ്മി നോക്കി... എയർഹോസ്റ്റസിന്റെ മുഖം മെല്ലെ തെളിഞ്ഞു വന്നു.. എന്റെ ചങ്ക് ബ്രോ "മഞ്ചു ".. പിന്നെയൊരോട്ടമായിരുന്നു ബാത്റൂമിലേക്ക് ... എന്നത്തേയും പോലെ ഡ്യൂട്ടിക്ക് പോവാൻ തയ്യാറെടുക്കാൻ ..
ഓ..... ഈ വായിക്കുന്നയാളുടെ മുഖം കണ്ടാൽ തോന്നും നമ്മള് ദിവാസ്വപ്നമൊന്നും കാണാറില്ലെന്ന് ...
അത്യാഗ്രഹമല്ല...നാട്ടിൽ പോകാറായിട്ടും ഓരോരോ കാരണങ്ങൾ കൊണ്ട് ആ യാത്ര നീട്ടിവെയ്ക്കേണ്ടി വന്ന ഒരു പാവം
" പ്രവാസിനി " യുടെ വെറും ദിവാസ്വപ്നം മാത്രമാണിത്...
പിന്നെ ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത് Ammu Santhosh ന്റെ ഈ ഒരു പോസ്റ്റാണ്.
"ഞാനെഴുതിയ പ്രണയം എന്റെ ഒരു ഭാവനയായിരുന്നു .. ഇന്ന് അതിലെ കഥാപാത്രങ്ങൾ എന്റെ മുന്നിൽ വന്ന് നിൽക്കുന്നു .. ഈശ്വരാ ഞാനെന്ത് ചെയ്യണം.."
അതുപോലെ എന്റെ കഥാപാത്രങ്ങളായ ആ അറബിയും ഡ്രൈവറും ചിലപ്പോ എന്റെ മുൻപിൽ വന്നു നിന്നാലോ???

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot