നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാലൻ്റൈൻ ഡേ സമ്മാനം.


വാലൻ്റൈൻ ഡേ സമ്മാനം.
*********************************
എൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു ശ്രേയ. അന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ്പ് ഇപ്പോഴും തുടരുന്നു. എനിക്ക് അവൾ പ്രീയപ്പെട്ടതായിരുന്നു. അവൾക്ക് ഞാനും. പക്ഷേ ഞങ്ങൾ ഇത് വരെ പരസ്പരം പ്രണയം തുറന്നു പറഞ്ഞിട്ടില്ല. പ്രണയം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് തകർത്താലോ എന്ന പേടിയിൽ ഞങ്ങൾ മൗനം പാലിച്ചു. കലാലയ ജീവിതം അവസാനിച്ചു രണ്ട് സ്ഥലങ്ങളിൽ ജോലിക്ക് കയറിയെങ്കിലും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് തുടർന്നു.
അവൾക്ക് എപ്പോഴും ഒരു നിർബന്ധമേയുള്ളു അവളുടെ ബർത്ത്ഡേ ഞാൻ മറക്കാൻ പാടില്ല. അവളെ രാവിലെ വിളിച്ച് ആശംസകൾ അറിയിക്കണം. ഗിഫ്റ്റും നല്കണം. വലിയ വിലയുള്ള ഗിഫ്റ്റ് വേണമെന്നില്ല ഒരു റോസാപ്പൂ ആയാലും മതി. കഴിഞ്ഞ ആറു വർഷമായി ഇതിന് മുടക്കമുണ്ടായിട്ടില്ല. പക്ഷേ ഇത്തവണ ജോലി ആവശ്യത്തിന് വിദേശത്ത് ആയതിനാൽ ഒന്നിനും കഴിഞ്ഞില്ല. ആ പരിഭവം പറഞ്ഞു തീർക്കണം. പിന്നെ മനസ്സിലെ ഇഷ്ടം തുറന്ന് പറയണം. അതിനായിട്ടാണ് ഇത്തവണത്തെ വാലൻ്റൈൻസ് ഡേ തിരഞ്ഞെടുത്തത്.
ജോലി കഴിഞ്ഞു വന്നു ചെറുതായി മയങ്ങുകയായിരുന്നു. അപ്പോഴാണ് മൊബൈൽ നിലവിളിച്ചത്. അത് അവളായിരുന്നു ശ്രേയ. നാളത്തെ വാലൻ്റൈൻ ദിന പരിപാടി പ്ലാൻ ചെയ്യാനാണ് വിളിച്ചത്. ഉച്ചയ്ക്ക് ശേഷം തമ്മിൽ കാണുക അത് കഴിഞ്ഞു ഒരു സിനിമ പിന്നെ ഡിന്നർ. ഇതായിരുന്നു അവളുടെ പ്ലാൻ. എല്ലാം അവളുടെ വക ആയതിനാൽ ഞാൻ സമ്മതിച്ചു. കഴിഞ്ഞ പിറന്നാൾ ആഘോഷിക്കാൻ പറ്റിയില്ല. നല്ല ഒരു സമ്മാനവും വേടിച്ച് കൊടുക്കാനും കഴിഞ്ഞില്ല. അതിന്റെ പിണക്കം ഒന്നു മാറിവന്നതേയുള്ളു..... അപ്പോൾ ഞാൻ കരുതി എല്ലാം ചേർത്ത് ഈ പ്രണയദിനത്തിൽ ഒരു നല്ല ഗിഫ്റ്റ് വാങ്ങി കൊടുക്കുക.....
ഒരു ഡയമണ്ട് മോതിരം വാങ്ങുക എന്നിട്ട് കാൻഡിൽ ലൈറ്റുകളെ സാക്ഷിയാക്കി അവളുടെ കൈയിൽ ഇട്ടുകൊടുത്ത് പ്രപ്പോസ് ചെയ്യുക. അതായിരുന്നു എൻ്റെ പ്ലാൻ. അതിനായി കുറച്ചു കാശും സൂക്ഷിച്ചു വച്ചിരുന്നു. കാണാനുള്ള സമയവും സ്ഥലവും ഒക്കെ നിശ്ചയിച്ചു. ഞാൻ രാവിലെ ആകുന്നതും കാത്തിരുന്നു.
പിറ്റേന്ന് രാവിലെ മോതിരം വാങ്ങാൻ ആയി ബൈക്കുമെടുത്തു ബാങ്കിൽ പോയി കാശ് എടുത്തു. അത് കഴിഞ്ഞു ജ്വവല്ലറിയിലേക്ക് പോകുകയായിരുന്നു. നല്ല തിരക്ക് കാരണം കുറേ സമയം ബ്ലോക്കിൽ പെട്ടു. മനസ്സ് മുഴുവൻ അവളെ കാണുന്നതും പ്രപ്പോസ് ചെയ്യുന്ന കാര്യങ്ങളും മാത്രമായിരുന്നു.
അപ്പോഴാണ് സാറേ വല്ലതും തരണേ എന്ന വിളി കേട്ടത്. തിരിഞ്ഞ് നോക്കിയപ്പോൾ ഒരു അഴുക്ക് പിടിച്ച കീറി പറിഞ്ഞ സാരിയുടുത്ത ഒരു സ്ത്രീ. കയ്യിൽ ഒരു കുഞ്ഞും. കുഞ്ഞ് നിർത്താതെ കരയുന്നുണ്ട്. ചില്ലറ ഒന്നുമില്ല, എവിടുന്നെങ്കിലും ഓരോ കുഞ്ഞുങ്ങളേയും മോഷ്ടിച്ചു കൊണ്ട് വന്ന് ഭിക്ഷയ്ക്ക് ഇറങ്ങിക്കോളും എന്ന് പറഞ്ഞു ഞാൻ അവരെ ആട്ടിഓടിച്ചു. അവർ വീണ്ടും വീണ്ടും അപേക്ഷിച്ചു. ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ അടുത്ത ആളുകളോട് തെണ്ടാൻ പോയി. ആരും ഒന്നും കൊടുത്തില്ല. അവർ ഭിക്ഷ തുടർന്നു. ഞാൻ എൻ്റെ സ്വപ്ന ലോകത്തേക്ക് തിരികെ പോയി. തിരക്ക് കാരണം പതുക്കെ നിര നിരയായാണ് വണ്ടി പോകുന്നത്.
കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഞാൻ കണ്ടു. ആരോ വലിച്ചെറിഞ്ഞ ജ്യൂസ്കുപ്പി ആ ഭിക്ഷക്കാരി എടുത്ത് കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കി മൂന്നാലു തുള്ളി ജ്യൂസ് കുഞ്ഞിൻ്റെ വായിൽ ഒഴിച്ചു കൊടുത്തു. കുഞ്ഞ് അപ്പോഴും വാവിട്ടു കരയുകയായിരുന്നു. ആ സ്ത്രീ ഒരുപാട് ശ്രമിച്ചിട്ടും കുഞ്ഞു കരച്ചിൽ നിർത്തുന്നില്ല. അപ്പോഴാണ് ഞാൻ കുഞ്ഞിനെയും സ്ത്രീയേയും നന്നായി ശ്രദ്ധിച്ചത്. രണ്ട് പേരുടേയും ശരീരത്തിൽ എല്ലും തോലും മാത്രമേ ഉണ്ടായിരുന്നുള്ളു. കണ്ണുകൾ കുഴിഞ്ഞ് ചൊട്ടിയ മുഖവും കണ്ടാൽ അറിയാം അവർ കൊടും പട്ടിണിയിൽ ആണെന്ന്. ഈ അവസ്ഥയിലും വെയിലും ചൂടും വക വയ്കാതെ ഒരു നേരത്തെ അന്നത്തിനായി എല്ലാവരോടും കൈനീട്ടി നടക്കുകയാണ്.
ഞാൻ വാച്ചിൽ നോക്കി. ശ്രേയ വരാൻ ഇനി കുറച്ചു സമയമേ ഉള്ളു. മോതിരം വാങ്ങണം. എന്നിട്ട് വേണം അവളെ കാണാൻ. സമയമില്ല. ഞാൻ ആ സ്തീയെ നോക്കി. ആരുമില്ലാത്തവർക്ക് ദൈവം കൂട്ട് എന്നല്ലേ. അവരുടെ കാര്യം ദൈവം നോക്കിക്കൊള്ളും. ഞാൻ ഒരാൾ വിചാരിച്ചാൽ ഒന്നും നടക്കാൻ പോകുന്നില്ല. നമ്മൾ ഭിക്ഷ കൊടുക്കുന്നത് കൊണ്ടാണല്ലോ ഭിക്ഷക്കാർ കൂടുന്നത്. എന്ന് വിചാരിച്ചു വീണ്ടും യാത്ര തുടർന്നു. പക്ഷെ എൻ്റെ മനസ്സിൽ ഇപ്പോൾ ആ സ്ത്രീയുടേയും കുഞ്ഞിൻ്റേയും ഓർമ്മകൾ മാത്രമായി. എൻ്റെ മനസ്സ് അവരെ കണ്ടില്ല എന്ന് നടിച്ച് പോകാൻ സമ്മതിക്കുന്നില്ല. അങ്ങനെ ഞാൻ തിരിഞ്ഞു നോക്കി. ആ സ്ത്രീ അവശയായി തളർന്നു ഫുട്പാത്തിൽ ഇരിക്കുന്നു.
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല. അടുത്ത കടയിൽ നിന്നും ജ്യൂസും ബ്രെഡും വാങ്ങി ആ സ്ത്രീയ്ക്കും കുഞ്ഞിനും കൊടുത്തു. അപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അവർ എന്നെ തൊഴുത് കൊണ്ട് നന്ദി പറഞ്ഞിട്ട് ഭക്ഷണം കഴിച്ചു. ഭക്ഷണത്തിൽ ബാക്കി കുറച്ചു അവർ സൂക്ഷിച്ചു വച്ചു. ഞാൻ മതിയാകുവോളം കഴിച്ചോളൂ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു. അവർക്ക് മൂത്ത രണ്ടു മക്കൾ കൂടി ഉണ്ട്. അവർക്ക് കൊടുക്കാനാണെന്ന്. ഞാൻ അവരോട് മൊത്തം കഴിക്കാൻ പറഞ്ഞിട്ട് അവരുടെ ബാക്കി കുട്ടികൾക്ക് ഉള്ള ഭക്ഷണം കൂടി വേടിച്ചു അവരുടെ താമസസ്ഥലത്തേക്ക് പോയി.
റോഡിന് സൈഡിൽ ഉള്ള ഒരു കാട് കയറിയ പുരയിടത്തിൻ്റെ ഒരു വശത്ത് ഓലയും ബാനറും വച്ചു കെട്ടി ഉണ്ടാക്കിയ ഒരു കുടിലിൽ ആണ് അവർ താമസിക്കുന്നത്. ഞങ്ങളെ കണ്ടതും രണ്ടു മക്കളും പുറത്തേക്ക് വന്നു. അവരുടെ ശരീരത്തിലെ ഓരോ എല്ലും പുറത്ത് തെളിഞ്ഞു കാണാമായിരുന്നു. ഞാൻ ആഹാരം കൊടുത്തതും ആർത്തിയോടെ കുട്ടികൾ വാങ്ങി കഴിച്ചു.
ഞാൻ ആ സ്ത്രീയോടു ചോദിച്ചു ഈ കുട്ടികളെ ഇങ്ങനെ ഭിക്ഷ എടുക്കാൻ വിടാതെ നിങ്ങൾക്ക് എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെ... അപ്പോൾ അവർ പറഞ്ഞു...
"" തനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ ഭിക്ഷ എടുത്താണ് തന്നെ വളർത്തിയത്. അമ്മക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. തന്നെ ഒരിക്കലും ഭിക്ഷ എടുക്കാൻ വിടില്ലെന്നുള്ളത്. അതിന് വേണ്ടി കളിമണ്ണ് കൊണ്ട് പ്രതിമയും പാത്രങ്ങളും ഉണ്ടാക്കുന്ന ഒരാൾക്ക് കല്യാണം കഴിപ്പിച്ചു കൊടുത്തു. ജീവിതം നല്ല രീതിയിൽ ആയിരുന്നു. കുട്ടികൾ ഉണ്ടായി അവർ സ്കൂളിൽ പോകുമായിരുന്നു. ചെറിയ ഒരു വാടക വീട് ഉണ്ടായിരുന്നു താമസിക്കാൻ. അങ്ങനെ ഇരിക്കുമ്പോൾ ആണ്, ഒരു ദിവസം റോഡ് സൈഡിൽ കച്ചവടം ചെയ്തു കൊണ്ടിരുന്ന സമയത്ത് നിയന്ത്രണം വിട്ട ഒരു വാഹനം അവരുടെ കടയിലേക്ക് ഇടിച്ചു കയറിയത്. ആ ആക്സിഡന്റിൽ തൻ്റെ ഭർത്താവും അമ്മയും മരണപ്പെട്ടു. സാധനങ്ങൾ എല്ലാം നശിച്ചു. പലിശക്കാർ വന്നു ബാക്കി വന്ന പാത്രങ്ങളും അത് ഉണ്ടാക്കാനുള്ള സാധനങ്ങളും എല്ലാം എടുത്തു കൊണ്ട് പോയി. വാടക കൊടുക്കാത്തതിനാൽ വീട്ടിൽ നിന്നും അടിച്ചിറക്കി. അങ്ങനെ വീണ്ടും താൻ തെരുവിലായി. തെരുവിൽ ഉള്ളത് കാരണം ആരും ജോലിയും തരുന്നില്ല. ഭിക്ഷക്കരെ വെറുപ്പോട് കൂടിയല്ലേ മറ്റുള്ളവർ കാണുന്നത്. ഞങ്ങളും മനുഷ്യരല്ലേ.. പലരും തന്റെ വീട്ടിലെ പട്ടിക്കും പൂച്ചക്കും വേണ്ടി ഒരുപാട് കാശ് ചിലവാക്കും എന്നാൽ വിശന്നു തളർന്ന ഒരു ഭിക്ഷക്കാരൻ യാചിച്ചാൽ ഒരു രൂപ പോലും കൊടുക്കില്ല.. അവസാനം കുട്ടികളെ നോക്കാൻ ഭിക്ഷാടനം തുടങ്ങി. പക്ഷെ തൻ്റെ കുട്ടികളെ ഇതുവരെ ഭിക്ഷ തെണ്ടാൻ വിട്ടിട്ടില്ല. കുഞ്ഞു ആയതിനാൽ ആണ് ഇളയതിനെ കൂടെ കൊണ്ട് നടക്കുന്നത്..""
അത് കേട്ട് കഴിഞ്ഞതും ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല. എൻ്റെ കൈയിൽ ഉണ്ടായിരുന്നു മുഴുവൻ കാശ് അവരെ കൊടുത്തിട്ട് പറഞ്ഞു. നിങ്ങൾ വീണ്ടും പഴയ കളിമണ്ണ് ശില്പത്തിൻ്റേയും പാത്രത്തിൻ്റേയും ബിസിനസ് തുടങ്ങണം. എൻ്റെ മൊബൈൽ നമ്പർ കൊടുത്തിട്ടു പറഞ്ഞു. ഞാൻ ഇപ്പോൾ അത്യാവശ്യമായിട്ട് ഒരു സ്ഥലത്ത് പോകുകയാണെന്നും വരുമ്പോൾ അവർക്ക് താമസിക്കാനായി ഒരു സ്ഥലം ശരിയാക്കാമെന്നും. അതുകഴിഞ്ഞ് അവർ കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാനും പോയി. ഞാൻ ശ്രേയയെ കാണാനും പോയി.
അവൾക്ക് ഒരു ഗിഫ്റ്റും വാങ്ങാൻ കഴിഞ്ഞില്ല. സമയവുമില്ല കൈയിൽ കാശുമില്ല. എന്തായാലും നേരെ അവളുടെ അടുത്തേക്ക് പോയി. ഞാൻ ചെന്ന് കുറച്ചു കഴിഞ്ഞതും അവൾ വന്നു. അവളുടെ കൈയിൽ ഒരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് എനിക്ക് തന്നു. എന്നിട്ട് എൻ്റെ കൈയിൽ നോക്കി. ഞാൻ എന്ത് പറയണം എന്നറിയാതെ വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു. അത് കേട്ട് അവളുടെ മുഖം ചുവന്ന് വന്നു. ദേഷ്യത്തോടെ എന്നോട് ചോദിച്ചു ""എവിടെ എൻ്റെ ഗിഫ്റ്റ്..?
ബർത്ത് ഡേക്കും ഒന്നും തന്നില്ല. ഇപ്പോഴും നീ എന്നെ പറ്റിച്ചു ....""
ഞാൻ പറഞ്ഞു ""നിനക്ക് ഗിഫ്റ്റ് വാങ്ങാനായി വരുന്ന വഴി ഒരാളെ കണ്ടു അയാൾക്ക് വളരെ അത്യാവശ്യമായതിനാൽ കാശ് കൊടുക്കേണ്ടി വന്നു."" പെട്ടെന്ന് ഒരു കാൾ വന്നു. ഞാൻ എടുത്തതും പോലീസ് സ്റ്റേഷനിൽ നിന്നുമാണ്. എന്നോട് അത്യാവശ്യമായി സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞു. ഞാൻ അവളോട് പറഞ്ഞു. ""എനിക്ക് പോലീസ് സ്റ്റേഷനിൽ പോകണം. നമ്മുടെ പ്രോഗ്രാം പിന്നെ ഒരു ദിവസത്തേക്ക് മാറ്റം എന്ന്."" പക്ഷേ അവൾ പറഞ്ഞു. ""നീ ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം. എനിക്ക് നീ പോയിട്ട് വരുന്നത് വരെ ടെൻഷൻ അടിച്ചിരിക്കാൻ വയ്യ ...""
അങ്ങനെ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തി. ചെന്നപ്പോൾ ആ ഭിക്ഷക്കാരി സ്ത്രീയും ഉണ്ട് അവിടെ. ഒരു പോലീസ്കാരൻ ഞങ്ങളോട് പറഞ്ഞു.. ഇവർ രണ്ടായിരത്തിൻ്റെ നോട്ടുമായി കടയിൽ സാധനം വേടിക്കാൻ ചെന്നു. അപ്പോൾ ആ പോലീസ്കാരൻ അവിടെ ഉണ്ടായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോൾ സ്ത്രീയുടെ കൈയിൽ വേറേയും നോട്ടുകൾ. എവിടുന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് ചോദിച്ചപ്പോൾ ഞാൻ കൊടുത്തതാണ് എന്ന് പറഞ്ഞു. കൂടാതെ എൻ്റെ നമ്പറും കൊടുത്തു. അങ്ങനെയാണ് എന്നെ വിളിച്ചത്.
അപ്പോൾ ഞാൻ ആ പോലീസ്‌കാരനോട് നടന്ന സംഭവം എല്ലാം പറഞ്ഞു. അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. എനിക്ക് ഒരു സല്യൂട്ട് തന്നിട്ട് അയാൾ പറഞ്ഞു. ജീവിതത്തിൽ ആദ്യമായി ഒരാൾക്ക് താൻ മനസ്സ്നിറഞ്ഞു സല്യൂട്ട് കൊടുക്കുന്നത് എനിക്ക് ആണെന്ന്. ആ സ്ത്രീയെ പോലീസ്കാരൻ തന്നെ കൊണ്ടാക്കാം എന്നും പറഞ്ഞു.
അങ്ങനെ ഞാനും ശ്രേയയും സ്റ്റേഷനിൽ നിന്നും പുറത്ത് ഇറങ്ങി. ഞാൻ നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നെ കെട്ടിപ്പിടിച്ചിട്ട് അവൾ പറഞ്ഞു. ""ലോകത്തുള്ള എല്ലാവരേയും രക്ഷിക്കാൻ ദൈവത്തിന് ചിലപ്പോൾ കഴിയില്ല. പകരം ചില ആളുകൾക്ക് ദൈവത്തിന്റെ മനസ്സ് കൊടുക്കും മറ്റുള്ളവരെ സഹായിക്കാനായിട്ട്. നിന്നെ ഓർത്ത് ഞാൻ ഒരുപാട് അഭിമാനിക്കുന്നു. ഞാൻ എന്ത് മാത്രം സന്തോഷിക്കുന്നു ഇപ്പോൾ എന്നറിയാമോ. ഇതിലും വലിയ ഒരു സമ്മാനം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല."""
എന്നിട്ട് ഞങ്ങൾ രണ്ട് പേരും പാർട്ടി നടത്താൻ വച്ചിരുന്ന കാശ് എടുത്തു കുറച്ച് ഡ്രസ്സും വാങ്ങി നേരെ ആ സ്ത്രീയുടെ വീട്ടിൽ പോയി ആ കുട്ടികൾക്ക് കൊടുത്തു. പുതിയ വസ്ത്രങ്ങൾ കണ്ടതും കുട്ടികൾ ഒരുപാട് സന്തോഷിച്ചു. എന്നിട്ട് അവർക്ക് താമസിക്കാൻ ഒരു ചെറിയ വാടക വീടും റെഡിയാക്കി കൊടുത്തു.
അങ്ങനെ പിരിയാൻ നേരം ഞാൻ ശ്രേയയോട് ഇന്നത്തെ പ്രോഗ്രാം നശിപ്പിച്ചതിന് സോറി പറഞ്ഞു. പക്ഷേ അവൾ പറഞ്ഞു.
""എന്തിനാണ് സോറി. ശരിക്കും ഞാൻ നന്ദിയാണ് പറയേണ്ടത്. കാരണം എനിക്ക് ജീവിതത്തിൽ മനസ്സിന് ഇത്രയും സംതൃപ്തി കിട്ടിയ ഒരു ദിവസമില്ല... മനസ്സിന് എന്ത് സന്തോഷമാണ് എന്നറിയാമോ... എല്ലാം നീ കാരണമാണ്... സാധാരണ ഞാൻ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കുമ്പോൾ അവരുടെ മുഖത്ത് യാന്ത്രികമായ ഭാവങ്ങൾ ആണ് കാണുക. അവർ സന്തോഷം അഭിനയിച്ച് കാണിക്കുന്നു. പക്ഷേ ഇന്ന് ആ ഡ്രസ്സ് കൊടുക്കുമ്പോൾ ഞാൻ കണ്ടു ആ കുട്ടികളുടെ മുഖത്ത് ആത്മാർത്ഥമായ നിഷ്കളങ്കമായ സന്തോഷം...""
അവസാനമായി ഒന്നു കൂടി അവൾ ചോദിച്ചു...
"""ഇനി വരുന്ന എല്ലാ വാലൻ്റൈൻസ് ഡേയും നിനക്ക് എൻ്റെ കൂടെ ആഘോഷിച്ചു കൂടെ ജീവിതാവസാനം വരെ....?""
---------------------------------------------------------
© MUCHESH

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot