#ഇടവഴിയിലെ പ്രണയം
'ജാസ്മിൻ, നിൽക്കെടീ ഞാനും വരുന്നു. '
കുർബാന കഴിഞ്ഞു പള്ളിയുടെ താഴേയ്ക്കുള്ള നടയിറങ്ങുകയായിരുന്ന ജാസ്മിൻ ആൽവിന്റെ വിളി കേട്ട് തിരിഞ്ഞു.
'എന്താടാ പതിവില്ലാതെ രാവിലെ പള്ളിയിൽ ? '
വീട് വരെ തനിക്കൊരു കൂട്ടായല്ലോ എന്ന് സന്തോഷിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
'ഏയ്... സോഫി ഇന്നു കുർബാന കൂടാൻ വരുമെന്ന് രഹസ്യമായി ഒരു ഇൻഫർമേഷൻ കിട്ടിയെടീ.. '
'അവൾ വന്നില്ലല്ലോ... '
ജാസ്മിന് ചിരി വന്നു .
'കൊല്ലം കൊറേ ആയില്ലേടാ നീ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.. വല്ല ഗുണമുണ്ടോ അതുമില്ല. നിർത്തികൂടേ ഇത്... '
'അല്ല നിന്റെ കല്യാണകാര്യമെന്തായി ? '
അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ മറുചോദ്യമിട്ടു.
'എന്നാ ആവാനാടാ... ആർക്കും കാശ് പോരാ. വരുന്നോന്മാർക്കൊക്കെ ചായ കൊടുത്തു പഞ്ചാരേം ചായപൊടീം തീർന്നത് മെച്ച൦. '
വരുന്ന വിവാഹാലോചനകളൊക്കെയും സ്ത്രീധനത്തിൽ തട്ടി തെറിച്ചു പോവുകയാണെന്ന് എത്ര നിസാരമായിട്ടാണ് അവൾ പറഞ്ഞു നിർത്തിയതെന്ന് അവനതിശയിച്ചു.
റബ്ബർ തോട്ടത്തിലൂടെ ഉള്ള ചെറിയ നടവഴിയിലാരുന്നു ഇരുവരുമപ്പോൾ.
'ജാസ്മിൻ.. '
ആൽവിൻ പതിയെയാണ് വിളിച്ചത്.
അവന്റെ വിളി കേട്ട് എന്താണെന്നുള്ള ഭാവത്തിൽ അവൾ മുഖമുയർത്തി നോക്കി.
'ഞാനിന്ന് ഉറക്കം കളഞ്ഞു പള്ളിയിൽ വന്നത് സോഫിയെ കാണാനല്ല. '
'പിന്നെ ? '
ചോദ്യഭാവത്തിൽ പുരികമുയർത്തി നോക്കുമ്പോൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഭാവം അവന്റെ മുഖത്ത് കണ്ടു.
'നിന്നെ കാണാനാ.. '
അവൻ ഉദ്ദേശിച്ചത് എന്താണെന്നുള്ള വ്യക്തതയില്ലാതെ അവൾ കുറച്ചു നേരം കൂടി അവന്റെ മുഖത്തേയ്ക്ക് തന്നെ മിഴിയർപ്പിച്ചു നിന്നു. തന്നെ നോക്കി നിൽക്കുന്ന ആൽവിന്റെ കണ്ണുകളിലെ ദീപ്തമായ ഭാവം അവളെ വിസ്മയിപ്പിക്കുന്നുണ്ടായിരുന്നു.
'നീ... നീയെന്താ ഉദ്ദേശിച്ചത് ?'
'നിനക്ക് മനസിലായതെന്താണോ അത് തന്നെ. '
'ആൽവിൻ നീ തമാശ പറയരുത്. '
'തമാശയല്ലെടീ, കാര്യമായിട്ടും. ഒരുപാട് നാളായി പറയണമെന്ന് കരുതിയിരുന്നു, കഴിഞ്ഞില്ല. ഒന്നിച്ചു കളിച്ചു വളർന്ന എന്നോട് നിനക്ക് അങ്ങനെയൊരു വികാരം ഉണ്ടായേക്കുമോ എന്ന് പേടിച്ചിട്ട് തന്നെയാ പറയാതെയിരുന്നത്. പക്ഷേ ഇനിയും പറയാതെയിരുന്നാൽ ചിലപ്പോ എനിക്ക് നിന്നെ നഷ്ടമായേക്കുമെന്നു തോന്നി. '
പറഞ്ഞു നിർത്തിയിട്ടെന്നോണം അവൻ ജാസ്മിന്റെ മുഖത്തേക്ക് നോക്കി.
എല്ലാം കേട്ട് നിശബ്ദയായി നിൽക്കുന്നെങ്കിലും അവളുടെ ഹൃദയം ഇപ്പോൾ പിടിയ്ക്കുകയായിരിക്കുമെന്ന് അവനൂഹിക്കാമായിരുന്നു.
എല്ലാം കേട്ട് നിശബ്ദയായി നിൽക്കുന്നെങ്കിലും അവളുടെ ഹൃദയം ഇപ്പോൾ പിടിയ്ക്കുകയായിരിക്കുമെന്ന് അവനൂഹിക്കാമായിരുന്നു.
'സത്യത്തിൽ സോഫിയെ കാണാനെന്നു പറഞ്ഞു നിന്റെ ഒപ്പം ഓരോ തവണ പള്ളിയിൽ വന്നതും നീയൊരിക്കലും എന്നെ സംശയിക്കാതിരിക്കാനായിരുന്നു. '
കുറ്റസമ്മതത്തിന്റെ സ്വരത്തിൽ പറഞ്ഞു നിർത്തുമ്പോഴും ജാസ്മിന്റെ മൗനം തുടർന്നതേയുള്ളു. താൻ പറഞ്ഞതൊക്കെയും അവൾക്ക് മനസ്സിലായോ എന്ന് നേരിയ ഒരാശങ്ക അവനു തോന്നി.
'അല്ലെങ്കിലും എനിക്ക് എന്താടീ ഒരു കുറവ് ? നല്ലൊരു ജോലി, നിറം, പൊക്കം... പോരാത്തതിന് നല്ലൊന്നാന്തര൦ ക്രിസ്ത്യാനിയു൦'
'മതി '
ജാസ്‌മിൻ കൈയെടുത്ത് വിലക്കി.
'നിനക്ക് സ്ത്രീധനം എത്ര വേണം ?'
'എന്താ?'
'ഞങ്ങളെ കൊണ്ട് പറ്റാത്തതാണെങ്കിൽ വെറുതെ ചായപ്പൊടിയും പഞ്ചസാരയും കളയണ്ടല്ലോന്ന് കരുതി. '
അവൾ ഉദ്ദേശിച്ചത് എന്താണെന്നു വ്യക്തമായി മനസിലാവാൻ രണ്ടു നിമിഷമെടുത്തു.
റബ്ബർ തോട്ടത്തിലെ രണ്ടു ചെറുവഴികൾ ഒന്നു ചേർന്ന് ഒരൊറ്റവഴിയായി മാറുന്നിടത്തായിരുന്നു അവരപ്പോൾ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക