***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ *****
(ഭാഗം പത്ത് )
(ഭാഗം പത്ത് )
" ആരാ... ചാച്ചയീക്കല്ലറേലു തിരീം റീത്തെക്കെവെച്ചത്....?"
മകൾ തരകനോട് ചോദിച്ചു. കരച്ചിലിന്റെ ശബ്ദം സെമിത്തേരിക്കുള്ളിലുള്ളവർ കേൾക്കാതിരിക്കാൻ അരയിൽ ഉടുമുണ്ടിന്റെ സൈഡിൽ കുത്തിവച്ചിരിക്കുന്ന കർച്ചീഫെടുത്തു വായിക്കുള്ളിൽ വച്ചുപൊത്തിപ്പിടിച്ചു കൊണ്ട് ആകാശത്തേക്കു നോക്കി.കടമിഴികളിൽ നിന്നും കണ്ണുനീർ ധാരയായ് ചെന്നിയിൽക്കൂടൊഴുകി.ഗ്ദ്ഗദത്തോടയാൾ പറഞ്ഞു.
"എന്റെ മൂത്ത മോൻ വന്നിരിക്കുന്നവന്റമ്മയേക്കാണാൻ... അവനീയപ്പനെ വേണ്ടതായി..... എല്ലാം ഞാനൊറ്റൊരുത്തൻ വരുത്തി വച്ചതാ.. നിന്റമ്മേടേം അവട തള്ളേടേം വാക്ക്കേട്ടെന്റെ മോനെ പട്ടിയെ തല്ലുമ്പോലെയല്ലേ തെങ്ങേക്കെട്ടിചതച്ചത്... അവനും വാശി കാണും, എന്റെ ചോര തന്നെയല്ലേ...? വാശി കാണാതിരിക്കുമോ.. "
"ആര് ഏലിയാസുകുഞ്ഞാഞ്ഞയോ.... എപ്പോ...? എന്നിട്ടു ഞാങ്കണ്ടില്ലല്ലോ...നോരാണോ..?"
അവൾ ചോദിച്ചു കെണ്ടമ്മയുടെ നേരേ നോക്കി. അവർ മറുപടി പറയാതെ മുഖം കുനിച്ചു കല്ലറയിലേക്ക് നോക്കി നിന്നു. അൽപ്പം ശ്വാസമെടുത്തു കൊണ്ടവർ തരകന്റെ മുഖത്തു നോക്കിപ്പറഞ്ഞു.
"എന്ററിവില്ലായ്മയും ബുദ്ധിമോശോം കൊണ്ടങ്ങനെയൊക്കെ സമ്പവിച്ചു. അവനെങ്ങാനും വന്നാൽ അവന്റെ കാലുകഴുകിയ വെള്ളങ്കുടിച്ചു ഞാക്ഷെമ ചോദിച്ചേക്കാം..."
തരകൻ മറുപടി പറയാതെ നെറ്റിയിൽ കുരിശു വരച്ചു കൂടെയുള്ളവരും. അയാൾ മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർത്ഥനയുറക്കെ ചൊല്ലി.
" മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരാനിടയുണ്ടാകട്ടേ ...''
ബാക്കി ഭാഗം അമ്മയും മകളും ചേർന്ന് ഉറക്കെച്ചൊല്ലി
"നിത്യ പിതാവേ ഈശോ മിശിഖ കർത്താവിന്റെ വില പിടിയാത്തതിരുമുറിവുകളാൽ ... മരിച്ച വിശ്വാസികളുടെ ആത്മാക്കളുടെ മേൽ കനിവുണ്ടാകണമേ..."
തുടർന്നുള്ള പ്രാർത്ഥനകളും കഴിഞ്ഞ് അവർ കാറിനടുത്തേക്ക് പോയി. പാർക്കിംഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കന്യാമറിയത്തിന്റെ ഗ്രോട്ടോയ്ക്കരികിൽ അല്പനേരം നിന്നു പ്രാർത്ഥിച്ചു. ഡ്രൈവർ ചാക്കോ അക്ഷമനായ് കാത്തുനിൽക്കുന്നുണ്ട്. സന്തോഷത്തോടെ പള്ളിയിലേക്കു വന്നവർക്കെന്ത് പറ്റിയെന്നയാൾ ചിന്തിച്ചു. എന്നാലും ചോദിച്ചില്ല ചിലപ്പോൾ ദേഷ്യപെട്ടെങ്കിലൊ എന്നു കരുതി . അയാൾ വണ്ടിയിൽ കയറി തന്റെ സീറ്റിലിരുന്നു. ഇതിനോടകം തന്നെ ജാനമ്മയും മകളും കാറിൽ കയറിയിരുന്നു. രണ്ടു പേരും ഒന്നും മിണ്ടുന്നില്ല അല്ലെങ്കിൽ പള്ളിയിൽ വരുമ്പോൾ പ്രമാണിമാരുടെ ഭാര്യമാർ പറയുന്ന പൊങ്ങച്ചത്തേക്കുറിച്ചും,അച്ചന്റെ പ്രസംഗത്തേക്കുറിച്ചും വാതോരാതെ സംസാരിക്കുന്നതാണ് എന്തു പറ്റിയോ ആവോ...ചാക്കോയിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് തരകൻ വണ്ടിക്കരുകിലെത്തിയത്. ചുവന്ന തുടുത്ത മുഖം മ്ലാനമായിരിക്കുന്നു കണ്ണുകൾ കലങ്ങിയും കാണുന്നുണ്ട് എന്ത് പറ്റി എന്നു ചോദിക്കുവാൻ അയാളുടെ അന്തരംഗം തുടിച്ചെങ്കിലും ചോദിച്ചില്ല. തരകൻ ഡോർ തുറന്നതും അല്പമകലെ കിടന്ന ജീപ്പിൽ നിന്നും നീട്ടിയുള്ള ഹോണടി കേട്ടു .കറിയാച്ചനാണ് ജീപ്പ് മുന്നോട്ടോടിച്ചു കൊണ്ടയാൾ തരകന്റെ അടുത്തു നിർത്തിയിട്ടു ചോദിച്ചു.
" അതു ശരി....! അപ്പോളാ ചെറക്കനെ നടത്തിയേച്ചും അപ്പനുമമ്മേം, പെങ്ങളും കൂടി കാറിലാണ് സവാരി....പഷ്ട്....! ഞാൻ പറഞ്ഞതാ തന്റെ മോനോട് വീടിന്റെവിടെ ഇറക്കാന്ന്... അപ്പോളവൻ പറയുവാടോ... കൊറേയായില്ലേ നാടു കണ്ടിട്ട് നടന്നു പൊയ്ക്കൊളാന്നു.... തന്റെയല്ലേ വിത്ത് നിർബന്ധിച്ചിട്ടു കാര്യമുണ്ടോ.... ഞങ്ങളൊരു ദിവസം അങ്ങോട്ടിറങ്ങുന്നൊണ്ട് തന്റെ മോനേ ഒന്ന് മര്യാദയ്ക്കു കാണാലോ... മിടുക്കനാടാേ തന്റെ മോൻ.... എന്നാൽ പിന്നെക്കാണാം...!!"
കറിയാച്ചന്റെ ജീപ്പ് പൊടിയും പറത്തി പാഞ്ഞു പോയി. കാലുകളുടെ ചലനമറ്റ് തരകനവിടെ നിന്നു പോയി. നിറകണ്ണുകളോടയാൾ കാറിൽക്കയറി ഡോറടച്ച് ചിന്താമ്ഗനനായി കണ്ണുകളടച്ചു സീറ്റിലേക്കു ചാരിക്കിടന്നു.ചാക്കോ വണ്ടി വിട്ടു വണ്ടിയോടുമ്പോൾ അവർ മൂവരും വഴിയുടെ ഇരുവശവും അപരിചിതനെന്നു തോന്നുന്ന എല്ലാവരേയും ശ്രദ്ധിച്ചു കൊണ്ടിരുന്നു എങ്കിലും ആരേയും ആ വഴിയരുകിൽ കണ്ടില്ല.ചാക്കോയ്ക്ക് ഒന്നും മനസ്സിലായില്ല. ആരുടെ കാര്യമാണിവർ പറയുന്നത്. ഇനിയെങ്ങാനും ഒളിച്ചു പോയവനെങ്ങാനും തെണ്ടിത്തിരിഞ്ഞു വന്നോ.... ഏയ് അവൻ വരുവായിരുന്നെങ്കിലെപ്പോളേ... വന്നേനേ എവിടെയെങ്കിലും തെണ്ടി നടക്കുവായിരിക്കും. അയാളുടെ ചിന്തകൾ അങ്ങനെ കാടുകയറിപ്പോയി. വീടെത്തിയിട്ടും ആരുമൊന്നും മിണ്ടിയില്ല. തരകൻ പൂമുഖത്തുള്ള തന്റെ ചാരു കസാരയിൽ അഭയം തേടി. കോട്ടയം മെഡിക്കൽ കോളേജിൽ മെഡിസിന് രണ്ടാം വർഷം പഠിക്കുന്ന പീറ്റർ ഉറക്കമെണീറ്റ് പുറത്തേക്കു വരുന്നതേയുണ്ടായിരുന്നുള്ളു. എല്ലാ ശനിയാഴ്ചകളിലും അവനോട് വീട്ടിലെത്തണമെന്ന് തരകൻ നിർബന്ധപൂർവ്വം പറഞ്ഞിട്ടുണ്ട് . പതിവുള്ള കാര്യങ്ങളൊന്നും നടക്കുന്നത് കാണാത്തതു കൊണ്ടവൻ മെല്ലെ അടുക്കളയിലേക്ക് കയറി. അവിടെ വേലക്കാരി അച്ചാമ്മ ചേച്ചി തകൃതിയിൽ കാര്യങ്ങൾ ഓടി നടന്നു ചെയ്യുന്നു. അടുപ്പത്തൊരു കലത്തിൽ വെള്ളം കിടന്നു തിളയ്ക്കുന്നു. തേങ്ങ ചിരകിയതും, കൊത്തിയരിഞ്ഞതും ഓരോ പ്ലേറ്റുകളിൽ വച്ചിരിക്കുന്നുണ്ട്. അല്പം തേങ്ങ ചിരവിയതെടുത്തു വായിലിട്ടവൻ പുറത്തോട്ടിറങ്ങിയപ്പോൾ റബ്ബർ ടാപ്പിംങ്ങ് ചെയ്യുന്ന വർഗ്ഗീസ് ഒരു താറാവിനെ കൊന്ന് തൊലി പൊളിക്കുന്നു. രണ്ടു പേരും ഭാര്യയും ഭർത്താവുമാണ്. പണ്ട് മറിയത്തള്ള പോയപ്പോൾ വന്നതാണ് മൂലമറ്റം സ്വദേശികളാണ്, മക്കൾ രാമപുരത്ത് സ്ക്കൂളിലും കോളേജിലും പഠിക്കുന്നു.
"നിങ്ങളൊന്നു വേഗം നുറുക്കിത്താമനുഷാ... ഉച്ചയാകാറായി. ആ ജാനമ്മച്ചിയിപ്പോവന്നാലേ...വായിലൊള്ളത് മുഴുവൻ കേക്കേണ്ടി വരും... ഞാമ്പറഞ്ഞേക്കാം....''
വർഗ്ഗീസ് താറാവിനെ വെട്ടിനുറുക്കി കഴുകിക്കൊടുത്തു. അച്ചാമ്മ അതു വാങ്ങി അടുക്കളയിലേക്കു നടന്നു. കൂടെ കുശലങ്ങൾ പറഞ്ഞു കൊണ്ട് പീറ്ററും .
"പീറ്ററുകുഞ്ഞിനിപ്പോ ചായ വേണോ.. അതോ പാലു മതിയോ..?"
"പാലും വേണ്ട, ചായേം വേണ്ട നല്ലൊന്നാന്തരം റെഡ് വൈൻ ചാച്ചെന്റെ മുറീലൊണ്ട് അതിനാത്തുനിന്നല്പം എടുത്തു തന്നാൽ എല്ലാം ശരിയാവും അച്ചാമ്മ ചേച്ചി..."
പീറ്റർ അവരുടെ അടുത്തുചെന്നു ചെവിയിൽ പറഞ്ഞു.
അതു കണ്ടു കൊണ്ടുവന്ന വർഗ്ഗീസ് ചെറുപുഞ്ചിരിയോടെ അവരുടെ സംസാരം മനസ്സിലായതു മാതിരി തലയാട്ടിക്കൊണ്ടു പറഞ്ഞു.
അതു കണ്ടു കൊണ്ടുവന്ന വർഗ്ഗീസ് ചെറുപുഞ്ചിരിയോടെ അവരുടെ സംസാരം മനസ്സിലായതു മാതിരി തലയാട്ടിക്കൊണ്ടു പറഞ്ഞു.
" പീറ്ററേ... എനിക്കും കൂടിയല്പം കിട്ടുവോ...? ഇല്ലെങ്കിൽ ഞാമ്പറയും മൊതലാളിയോട്... നീയിവളെ ദീക്ഷിണിപ്പെടുത്തി വൈനെടുപ്പിച്ചെന്നും കുടിച്ചെന്നും ... "
അവരതു പറഞ്ഞു ചിരിച്ചു കൊണ്ട് നില്ക്കുമ്പോൾ ജാനമ്മ അടുക്കളയിലേക്കു വന്നു പെട്ടന്നവരുടെ ചിരി നിലച്ചു. ഒന്നും മിണ്ടാതെ ഫ്രിഡ്ജുതുറന്ന് തണുത്ത വെള്ളത്തിന്റെ ഒരു കുപ്പി എടുത്ത് തുറന്നല്പം കുടിച്ചു എന്നിട്ടവരെ നോക്കി ഒന്നും പറയാതെ അകത്തേയ്ക്കു കയറിപ്പോയി. അവരുടെ മുഖഭാവത്തിൽ നിന്നും കാര്യമായതെന്തൊ സംഭവിച്ചുവെന്നവർക്കു മനസ്സിലായി.. പീറ്റർ അമ്മയുടെ കിടപ്പുമുറിയിലേക്കു ചെന്നു. മുറിയിലെ തിരുഹൃദയത്തിന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അമ്മച്ചിയെ കണ്ടവനത്ഭുതമായി.ഇത് പതിവില്ലാത്തതാണല്ലോ വല്ലാത്തൊരസ്വസ്ത തോന്നി. നേരെ പൂമുഖത്തേക്കു ചെന്നു .ചാരുകസേരയിൽ ചാരിയിരുന്ന് മച്ചിൻ മുകളിലേക്കു നോക്കിയിരുന്ന് എന്തോ കാര്യമായി ചിന്തിക്കുന്ന ചാച്ചനെക്കണ്ടവന്റെ നെറ്റി ചുളിഞ്ഞു. താനടുത്തെത്തിയതൊന്നും അറിഞ്ഞിട്ടില്ല.മെല്ലെയവൻ അകത്തേയ്ക്കു പോയി പെങ്ങളുടെ അടുത്തുചെന്നു കാര്യം ചോദിച്ചു. അവൾ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു പെട്ടന്നവനകത്തു നിന്നും തരകന്റെ അരികിലെത്തി വിളിച്ചു.
" ചാച്ച... ചാച്ചനെണീക്ക്... നമ്മക്കാ മറിയത്തള്ളേടടുത്തെങ്ങാനും കുഞ്ഞാഞ്ഞ എത്തീട്ടൊണ്ടോന്നു നോക്കാം... വാ... കുഞ്ഞാഞ്ഞയ്ക്കവരെന്നു വച്ചാ ജീവനാ...."
പെട്ടന്നു തരകൻ ചാടിയെണീറ്റു... ആ കാര്യമയാളോർത്തില്ല കാറിന്റെ കീ പൂമുഖത്തു തൂക്കിയിട്ടിരിക്കുന്നുണ്ട്. ഡ്രൈവർ ചാക്കോ വീട്ടിൽ പോയിരിക്കുന്നു. ഇനി ഇന്ന് വരില്ല നാളെ രാവിലെയേ എത്തുകയുള്ളു. അതെടുത്തു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്നു ഹോണടിച്ചു.അപ്പനു വേണ്ടി ഡോർ തുറന്നവൻ കാത്തിരുന്നു. മുണ്ടു മുറുക്കിയുടുത്തു കൊണ്ടയാൾ കാറിൽ കയറി അവർ പോകുമ്പോഴേയ്ക്കും പെങ്ങളും അമ്മയും പൂമുഖത്തെത്തിയിരുന്നു. ഒന്നു കൈയ് വീശിക്കാണിച്ചിട്ടവൻ കാർ മുന്നോട്ടെടുത്തു മറിയത്തള്ളയുടെ വീട് ലക്ഷ്യമാക്കി ആകാർ ഓടിക്കൊണ്ടിരുന്നു.(തുടർച്ച)
ബെന്നി ടി ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക