Slider

ചില തിരിച്ചറിവുകൾ..

0
ചില തിരിച്ചറിവുകൾ..
----------------------------------------------------------
കട്ടപ്പനയിൽ നിന്നും വരുന്ന ആന്റിയുടെ മകളെ കൂട്ടാനായി വന്നതായിരുന്നു ഞാനും, വൈഫും, ആറു വയസ്സുള്ള മോൻ ആൽബിനും. ഞാൻ വാച്ചിൽ നോക്കി ഇനിയും അരമണിക്കൂർ ഉണ്ട് ബസ്സ് വരാൻ. നമ്മുടെ ksrtc ആയതിനാൽ സമയം ഒന്നും കറക്ട് പറയാൻ പറ്റില്ലല്ലോ.അതിനാൽ ഇച്ചിരി നേരത്തെ വന്നതാണ്.
"പപ്പാ ബസ്സ് വരാറായോ".. ?
ആൽബിൻ എന്നോട് ചോദിച്ചു.
ഇപ്പോൾ വരും.. ഞാൻ പറഞ്ഞു.
"എന്നാൽ ഒരു ചായ കുടിച്ചാലോ".. ?എനിക്ക് വിശക്കുന്നു.
അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഞാനും വൈഫും ഒരുമിച്ചു ചിരിച്ചു.
"ചായ കുടിച്ചാൽ വിശപ്പു പോകുമോടാ".. ?
വൈഫ്‌ മോനോട് ചോദിച്ചു.
"പോകും. ഇല്ലേ പപ്പാ.. ?"
പോകുമായിരിക്കും. നമ്മുക്ക് നോക്കാം.
അടുത്തുള്ള ചായക്കടയിലേക്ക് ഞങ്ങൾ കയറി. പുറത്ത് പോകുമ്പോളൊക്കെ അവൻ പറയും എനിക്ക് വിശക്കുന്നു എന്ന്. ഹോട്ടലിൽ നിന്നും എന്തെങ്കിലും കഴിക്കാനുള്ള പറച്ചിലാണ്. കുഞ്ഞു നാളിലെ ചായക്കട പലഹാരത്തോടുള്ള കൊതി അറിയാവുന്നതിനാൽ എന്തെങ്കിലും ഒക്കെ മേടിച്ചു കൊടുക്കാറുണ്ട്.
ഞാൻ ചായക്ക് ഓർഡർ ചെയ്തു. ആൽബിനോട് ചോദിച്ചു.
"മോന് എന്തെങ്കിലും കഴിക്കാൻ വേണോ. ?"
അവൻ തല കുലുക്കി. പിന്നെ പതിയെ പറഞ്ഞു.
"പൊറോട്ട വേണം."
ചായ കുടി കഴിഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി.
അടുത്തുള്ള പെട്ടിക്കടയിൽ നോക്കിക്കൊണ്ടു ആൽബിൻ എന്നോട് ചോദിച്ചു.
"പപ്പാ ഒരു ലെയ്സ് മേടിച്ചു തരാമോ". ?
"ഇപ്പോൾ ചായ കുടിച്ചതേ ഉള്ളൂ. ഇനി ലെയ്സ് ഒന്നും മേടിക്കണ്ട".
വൈഫ് കണ്ണുരുട്ടി മോനോട് പറഞ്ഞു.
"എനിക്ക് ഇപ്പോൾ കഴിക്കാനല്ല. വീട്ടിൽ ചെല്ലുമ്പോൾ കഴിക്കാനാ".
"അതിനാ ഞാൻ ചോറും, കറിയും ഉണ്ടാക്കി വെച്ചിരിക്കുന്നേ. അത് കഴിച്ചാൽ മതി. മിണ്ടാണ്ട് അടങ്ങിയിരുന്നോ.!!!"
മോന്റെ മുഖത്തു ഒരു സങ്കടം വരുന്നത് ഞാൻ കണ്ടു. കയ്യിലെ നഖം കടിച്ചു എന്നെ പ്രതീക്ഷയോടെ നോക്കി. എന്റെ മനസ്സലിഞ്ഞു.
"വീട്ടിൽ ചെന്നിട്ടേ കഴിക്കാവുള്ളൂ കേട്ടോ."
ഞാൻ പറഞ്ഞത് കേട്ട് മോൻ പുഞ്ചിരിയോടെ തല കുലുക്കി.
"ഈ പപ്പായുടെ ഒരു കാര്യം. പിള്ളാര്‌ പറയുന്നതിന് അനുസരിച്ചു തുള്ളിക്കോളും".
വൈഫ് എന്റെ കയ്യിൽ ഒരു നുള്ള് തന്നുകൊണ്ട് പറഞ്ഞു.
ഞാൻ ഒരു ചിരിയോടെ മോനെയും കൊണ്ട് പെട്ടിക്കടയിൽ ചെന്നു ഒരു ലെയ്സ് മേടിച്ചു കൊടുത്തു.
ഞാൻ വാച്ചിലേക്ക് നോക്കി. ഇനിയും ഉണ്ട് പത്ത്‌ മിനിറ്റ് ബസ്സ് വരാൻ.
അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രെദ്ധിച്ചത്. ഞങ്ങൾ നിൽക്കുന്നതിന്റെ തൊട്ടടുത്ത്‌ ഒരു കുട്ടി നിൽപ്പുണ്ട് . മോന്റെ അതേ പ്രായമാണെന്നു തോന്നുന്നു. മുഷിഞ്ഞ സ്കൂൾ യൂണിഫോം ആണ് വേഷം. തോളിൽ ഒരു പഴകിയ ബാഗുമുണ്ട്. അവൻ ഇടക്കിടക്ക് ആൽബിനെ ഒന്ന് നോക്കും. നോട്ടം മാറ്റും. വീണ്ടും നോക്കും. അവന്റെ നോട്ടം ആൽബിന്റെ കയ്യിലെ ലെയ്സ് പാക്കറ്റിലേക്കാണെന്നു എനിക്ക് മനസ്സിലായി.ആൽബിനും അവനെ നോക്കുന്നുണ്ട്. എന്നിട്ട് ഞങ്ങളെ നോക്കുന്നു. ഞാൻ അത് കാണാത്തതു പോലെ നിന്നു. വൈഫിനേ പതിയെ ഒന്ന് തട്ടി കണ്ണ് കൊണ്ട് ശ്രെദ്ധിക്കാൻ ആഗ്യം കാണിച്ചു.
അവിടെ എന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷ എന്റെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. ഞങ്ങൾ പറഞ്ഞു കൊടുത്തതൊക്കെ ആൽബിന്റെ കുഞ്ഞു മനസ്സിൽ പതിഞ്ഞിട്ടുണ്ടോന്നു ഇപ്പോൾ അറിയാം.നമ്മുടെ കയ്യിൽ രണ്ടു മിഠായി ഉണ്ടങ്കിൽ ഒന്ന് ഇല്ലാത്തവർക്ക് കൊടുത്തിട്ടേ കഴിക്കാവുള്ളൂ എന്ന് ഞങ്ങൾ ആൽബിനോട് പലപ്പോഴും പറഞ്ഞു കൊടുത്തിരുന്നു. പക്ഷേ ഇപ്പോൾ ആൽബിന്റെ കയ്യിൽ ഒരു പാക്കറ്റ് മാത്രമേ ഉള്ളൂ.
ഞങ്ങൾ നേരെ അവരെ നോക്കുന്നില്ലങ്കിലും ഞങ്ങളുടെ മുഴുവൻ ശ്രെദ്ധയും അവരിലായിരുന്നു.
ആൽബിൻ ഇടക്ക് ഞങ്ങളെ നോക്കുന്നുണ്ട്. ആ കുട്ടിയും ഞങ്ങളെ നോക്കും, ആ ലെയ്സിലേക്കു നോക്കും. നോട്ടം മാറ്റും.
വൈഫ് എന്റെ കയ്യിൽ പിടിച്ചമർത്തി.കൊടുക്കില്ലേ അവൻ.. ?
അവളുടെ കണ്ണുകൾ അങ്ങനെയാണ് എന്നോട് ചോദിച്ചത്. ഞാൻ ഉത്തരമില്ലാതെ നിന്നു.
തിരിഞ്ഞു ഞാൻ നോക്കുമ്പോൾ ആൽബിൻ ആ കുട്ടിയുടെ അടുത്ത് ചെന്ന് ലെയ്സ് അവന്റെ നേരെ നീട്ടുന്നു. അവൻ മേടിക്കാതെ വേണ്ട എന്ന രീതിയിൽ തലയാട്ടുന്നു. ആൽബിൻ വീണ്ടും അവനു നേരെ പാക്കറ്റ് നീട്ടുന്നു.
എന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞോ. വൈഫിനേ നോക്കുമ്പോൾ അവൾ കണ്ണുകൾ തുടക്കുന്നു. ഞങ്ങൾ പറഞ്ഞു കൊടുത്തതിൽ എന്തൊക്കെയോ ആൽബിന് മനസ്സിലായി എന്നുള്ളതാണ് ഞങ്ങളെ സന്തോഷിപ്പിച്ചത്.
"ഇന്നാന്നേ .ഞാൻ ഇപ്പോൾ ചായ കുടിച്ചതാ."
"എനിക്ക് വേണ്ട"..
ആ കുട്ടി പറഞ്ഞു.
ആൽബിൻ തിരിഞ്ഞു ഞങ്ങളെ നോക്കി.
"മേടിച്ചോ മോനെ."
ഞാൻ ആ കുട്ടിയോട് പറഞ്ഞു.
"അമ്മ പറഞ്ഞിട്ടുണ്ട് അറിയില്ലാത്തവർ തരുന്നത് ഒന്നും മേടിക്കല്ലന്ന്.അമ്മ അറിഞ്ഞാൽ വഴക്ക് പറയും. "
എനിക്ക് അവനോടു ബഹുമാനം തോന്നി. ഒരു പക്ഷേ ആൽബിൻ ആയിരുന്നങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു എന്നെനിക്കു തോന്നി.
"എനിക്ക് അമ്മയേ അറിയാമല്ലോ. ഞാൻ അമ്മയോട് പറഞ്ഞോളാം."
ഞാൻ പറഞ്ഞിട്ടും മേടിക്കാതെ നിന്ന അവന്റെ കയ്യിലേക്ക് ആൽബിൻ ആ പാക്കറ്റ് വെച്ചുകൊടുത്തു. അവൻ ഞങ്ങളെ നോക്കി ഒന്ന് വിഷമിച്ചു ചിരിച്ചു.
"തിന്നുന്നില്ലേ.. ?പൊട്ടിച്ചു തരണോ".. ?
ആൽബിൻ അവനോടു ചോദിച്ചു.
"വീട്ടിൽ ചെന്നിട്ടേ ഉള്ളൂ. കുഞ്ഞു വാവ ഉണ്ട് വീട്ടിൽ. അവന് ഇഷ്ട്ടമാ ഇത്".
ആ കുട്ടിക്ക് അനിയനെക്കുറിച്ചുള്ള കരുതലിൽ ഞങ്ങൾക്ക് സന്തോഷം തോന്നി.
ആൽബിൻ ഞങ്ങളെ നോക്കി ചിരിച്ചു.
എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു.
"ആ കൊച്ചിന്റെ വീട്ടിൽ ഒരു കുഞ്ഞുവാവ ഉണ്ട് പപ്പാ. ഒരു ലെയ്സും കൂടി മേടിച്ചു കൊടുക്കുമോ കുഞ്ഞു വാവക്ക് തിന്നാൻ".
എനിക്ക് എന്തുകൊണ്ട് അങ്ങനെ തോന്നിയില്ല. ഞാൻ എന്റെ മോന്റെ മുൻപിൽ അവനോളം ചെറുതായി.
ആ കുട്ടിക്ക് കുറേ പാക്കറ്റ് ലെയ്സ് മേടിച്ചു കൊടുത്തപ്പോൾ അവന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നെങ്കിലും എത്ര നിർബന്ധിച്ചിട്ടും അവൻ പഴയ പോലെ മേടിക്കാതെ നിന്നു.
അവൻ അനുസരണയുള്ള ഒരു മകൻ ആണന്നു എനിക്ക് മനസ്സിലായി.ഒരുമാതിരിപ്പെട്ട കുട്ടികളൊക്കെ വീണുപോയേക്കാവുന്നിടത്തു അവന്റെ കുഞ്ഞ് മനസ്സിന്റെ ഉറപ്പ് ഞങ്ങളെ അത്ഭുതപ്പെടുത്തി.
ഇതു വരെ അവന്റെ പേരുപോലും ചോദിച്ചില്ല.
"മോന്റെ പേരെന്താ".. ?
"അഭിഷേക്"..
"അഭിഷേകിന്റെ അച്ഛന് എന്താ ജോലി".. ?
"അച്ഛന് ജോലിക്ക് പോകാൻ പറ്റില്ല. അച്ഛൻ തളർന്നു കിടക്കുവാ".
അത് പറഞ്ഞപ്പോൾ അവന്റെ മുഖത്ത്‌ ഒത്തിരി സങ്കടമുണ്ടന്ന് എനിക്ക് തോന്നി.
"അഭിഷേകിന്റെ വീടെവിടെയാ".. ?
"പെരിങ്ങാശ്ശേരി"..
"പെരിങ്ങാശ്ശേരിക്കുള്ള ബസ്സ്‌ ഇപ്പോൾ പോയല്ലോ. എന്നിട്ട് എന്താ അഭിഷേക് അതിൽ പോകാതിരുന്നേ".. ?
"ആ ബസ്സ് എന്റെ വീടിന്റെ അതിലേ പോകില്ല. സലൂജയാ എന്റെ വീടിന്റെ അതിലേ പോകുന്നത്".
എനിക്ക് വിഷമം തോന്നി. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി തനിയേ ബസ്സിൽ കയറി പോകണമെങ്കിൽ അവന്റെ വീട്ടിലെ അവസ്ഥ എത്ര കഷ്ട്ടമായിരിക്കും എന്ന് ഞാനോർത്തു.
എനിക്ക് തോന്നി അവന്റെ വീട്ടിൽ ഒന്ന് പോകണമെന്ന്. പതിവില്ലാതെ കൃത്യത പാലിച്ച ksrtc ബസ്സിൽ വന്നിറങ്ങിയ ആന്റിയുടെ മോളെയും കൂട്ടി, അഭിഷേകിനെയും കൊണ്ട് ഞങ്ങൾ അവന്റെ വീട്ടിലേക്കു തിരിച്ചു. കാറിനകത്ത്‌ കേറിയതിന്റെ ആണന്നു തോന്നി. അഭിഷേകിന്റെ മുഖത്തു നല്ല സന്തോഷം ആയിരുന്നു. ആൽബിനും, അഭിഷേകും കൂട്ടായി കഴിഞ്ഞു. എന്തൊക്കയോ രണ്ടുപേരും സംസാരിക്കുന്നുണ്ട്. ഓരോ സ്വിച്ചുകളും എന്തിനെയാണന്നൊക്കെ ആൽബിൻ അഭിഷേകിന് പറഞ്ഞു കൊടുക്കുന്നു.പാട്ടു വെച്ചു കൊടുക്കുന്നു.
അഭിഷേക് പറഞ്ഞിടത്ത്‌ ഞാൻ വണ്ടി നിർത്തി.
"എവിടെയാ വീട്.". ?
"അവിടെ"..
ചെറിയ ഒരു കുന്നിന്റെ മുകളിലേക്ക് അഭിഷേക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അഭിഷേക് മുന്നിൽ ഞങ്ങൾക്ക് വഴികാട്ടി നടന്നു. കഷ്ട്ടിച്ചു ഒരാൾക്ക് മാത്രം നടക്കാൻ പാകത്തിൽ ഒരു ഇടുങ്ങിയ വഴി. ചെറിയ ഉരുളൻ കല്ലുകൾ ഉള്ളതിനാൽ അതിൽ ചവിട്ടി കയറ്റം കയറാം.ഇറങ്ങി വരുമ്പോൾ മണ്ണിൽ തെന്നി പോകാതിരിക്കാൻ ഈ ഉരുളൻ കല്ലുകൾ നല്ലതാണ്. ഞങ്ങളെല്ലാം മടുത്തു. അഭിഷേക് മാത്രം നിത്യ അഭ്യാസിയേപ്പോലെ ഒരു മടുപ്പുമില്ലാതെ കയറ്റം കയറുന്നു. വഴി സൈഡിൽ ഉള്ള വീടുകളിൽ നിന്നും ആളുകൾ ഞങ്ങളെ ആരാണെന്നുള്ള ഭാവത്തിൽ നോക്കുന്നുണ്ട്.
ഒരു ചേടത്തി ചോദിക്കുവേം ചെയ്തു.
"ആരാടാ അഭിഷേകേ ഇവരൊക്കെ".. ?
അഭിഷേക് ഒന്ന് നിന്നു. ഞങ്ങൾ വന്നതിന്റെ എല്ലാ സന്തോഷവും അവന്റെ മുഖത്തു ഞാൻ കണ്ടു.
ഇത് എന്റെ കൂട്ടുകാരൻ ആൽബിൻ. പിന്നെ ഞങ്ങളെ ഓരോരുത്തരേ അവൻ ചേടത്തിക്ക് പരിചയപ്പെടുത്തി.
പിന്നെയും അഞ്ചുമിനിറ്റ് എടുത്തു അഭിഷേകിന്റെ വീട്ടിൽ ചെല്ലാൻ. അവിടെ നിന്ന് ഞാൻ താഴോട്ട് നോക്കി.ഈ വഴി മുഴുവൻ നടന്നാണല്ലോ അഭിഷേക് ദിവസവും സ്കൂളിൽ വരുന്നത്.
തങ്ങളുടെ വീടിന്റെ ഒരു അൻപതു മീറ്റർ അപ്പുറത്ത്‌ ആണ് സ്കൂൾ ബസ്സ് നിർത്താറുള്ളത്. അവിടെ ഒരു കവല പോലെയാണ്. അടുത്തുള്ള വീട്ടിലെ കുട്ടികൾ എല്ലാം അവിടെ വന്നാണ് ബസ്സ് കയറുന്നത്. അവിടെ പോയി കയറാതെ വീടിന്റെ മുൻപിൽ സ്കൂൾ ബസ്സ് നിർത്തിപ്പിച്ചു ആൽബിനെ കയറ്റിവിടുന്ന എന്റെ വൈഫിനെ ഞാൻ ഒന്ന് നോക്കി. എല്ലാം മനസ്സിലായവളെപ്പോലെ അവൾ തല കുനിച്ചു.
"ഇങ്ങോട്ട് കയറി ഇരിക്ക് സാറേ".
ഞാൻ തിരിഞ്ഞു നോക്കി.
"ഞാൻ അഭിഷേകിന്റെ അമ്മയാ".
ഒരു ഓടിട്ട കുഞ്ഞ് വീട്. തറയിൽ സിമന്റ് ഇട്ടതൊക്കെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഭിത്തിയിലെ പെയിന്റും അതുപോലെ. എല്ലാം അടർന്നു പോയിരിക്കുന്നു.
മുറ്റത്ത്‌ നിന്ന് ഞങ്ങൾ അകത്തേക്ക് കയറി.
അഭിഷേക് ഉടനെ രണ്ടു കസേര വലിച്ചു കൊണ്ടുവന്നു. ഓടിപ്പോയി ഒരു തോർത്ത്‌ എടുത്തിട്ട് വന്ന് കസേര തുടച്ചു.
"ചേച്ചിയും, ആൽബിനും ഇവിടെ ഇരുന്നോ".
എനിക്കും, വൈഫിനും ഉള്ളതാണ് ആ കസേര എന്ന അർത്ഥത്തിൽ അവിടെ കിടന്ന കട്ടിലിലേക്ക് ചൂണ്ടി അഭിഷേക് പറഞ്ഞു.
"അമ്മേ കാപ്പി എടുക്ക്".
അഭിഷേക് അവന്റെ അമ്മയോട് പറഞ്ഞത് കേട്ട് ഞാൻ അവനെ അത്ഭുതത്തിൽ നോക്കി.
അവൻ ഞങ്ങൾക്കൊരു അതിശയമായിരുന്നു.
വെറും രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അവന്റെ ആതിഥ്യമര്യാദ, ഓരോന്നും കണ്ടറിഞ്ഞു ചെയ്യുന്ന അവന്റെ മുന്നിൽ മകനേ വളർത്തിയത് എല്ലാം പറഞ്ഞുകൊടുത്താണ് എന്നഹങ്കരിച്ചിരുന്ന ഞങ്ങളുടെ തല ഒത്തിരി വട്ടം അവന്റെ മുൻപിൽ
താഴ്ന്നുപോയി.
തളർന്നു കിടക്കുന്ന അച്ഛനോടുള്ള അഭിഷേകിന്റെ സ്നേഹവും, കരുതലും, ഞങ്ങളുടെ കണ്ണുകൾ ഈറനണിയിച്ചു.
പഞ്ചസാര ഇല്ലാത്തതിന് ക്ഷമ പറഞ്ഞ് അഭിഷേകിന്റെ അമ്മ തന്ന കട്ടൻ കാപ്പിക്ക് ഇന്നുവരെ കുടിച്ചിട്ടില്ലാത്ത രുചി ആയിരുന്നു..
പേഴ്സിൽ നിന്നും എണ്ണി നോക്കാതെ കൊടുത്ത നോട്ടുകൾ വാങ്ങി ആ അമ്മ കൈ കൂപ്പിയപ്പോൾ, അഭിഷേകിന്റെ കുഞ്ഞു കണ്ണുകൾ നക്ഷത്രശോഭയോടെ മിന്നുന്നതു കണ്ടപ്പോൾ.. ഇതുവരെയുള്ള ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആത്മസംതൃപ്തിയുടെ നിറവിലായിരുന്നു ഞാനും, വൈഫും.
അവരോടു യാത്ര പറഞ്ഞ് ഞങ്ങൾ ആ കുന്നിറങ്ങിയപ്പോൾ അറിവില്ലാതെ നിറച്ചുവെച്ചിരുന്ന അഹങ്കാരവും ഞങ്ങൾ ഇറക്കിക്കളഞ്ഞിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ വെറും വട്ടപൂജ്യം ആണന്നു മനസ്സിലാക്കി തന്ന.. കുന്നിൻ മുകളിലെ വീട്ടിലേ അഭിഷേകിന് മനസ്സുകൊണ്ട് ഒരു ബിഗ് സല്യൂട്ട് കൊടുത്തു ഞാൻ വണ്ടി തിരിച്ചു.
By.. ബിൻസ് തോമസ്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo