നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരേ തൂവല്പക്ഷികൾ

ഒരേ തൂവല്പക്ഷികൾ

മറൈൻ ഡ്രൈവിൽ പതിവുപോലെ ജനത്തിരക്ക്.മഴക്കോളുണ്ടെങ്കിലും
ജനത്തിന് അതൊന്നും പ്രശ്നമേയല്ല. കായലിനഭിമുഖമായി പണിതീർന്ന പൊക്കം
കുറഞ്ഞ പുതിയ മാർബിൾ മതിലുകളിൽ മുട്ടിയുരുമ്മി ചെറുപ്പക്കാർ;യുവമിഥുനങ്ങൾ
,തലനരച്ചതും, നരക്കാത്തതുമായ ഒരുപാടുപേർ.
കായലിലൂടെ പായ വഞ്ചികളിൽ ചെറിയ വലയുമായിമീന്പിടുത്തക്കാർ.
പതിവുനടത്തക്കാർ വേഗത്തിൽ
ഹൈകോർട് ജെട്ടിയിലേക്കു ആഞ്ഞുനടന്നു. മഴയെങ്ങാൻ വന്നാൽ നടപ്പു
നിർത്തേണ്ടിവരും. ടൂറിസ്റ്റ് ബോട്ടിൽ നിന്ന്
കാതടപ്പിക്കുന്ന ബാൻഡ്മേളം. ഏതോ വിദേശികൾ എത്തിയെന്നു തോന്നുന്നു.
സൂര്യൻ മനസ്സില്ലാമനസ്സോടെ അസ്തമനത്തിനു തയ്യാറെടുക്കുന്നു.
ഒന്നിരിക്കാൻ ഒരു ഗ്യാപ് നോക്കി നിൽപ്പ് തുടങ്ങിയിട്ട് കുറച്ചായി.
ഞാൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലം ഒരു ഇടിവെട്ടുപാർട്ടി കയ്യടക്കിയിരിക്കുന്നു.
എവിടുന്നോ എറണാകുളം കാണാൻ വന്നവരാരോ ആണ്. ആണും പെണ്ണും കുട്ടികളും
ഒക്കെ കൂടി ബഹളമയം. എന്നും ഞാനവിടെ ഇരിക്കാറുള്ളത് സ്ഥിരമായി
വരുന്നവർക്കല്ലേ അറിയൂ. കപ്പലണ്ടി വിൽക്കുന്ന സജി എനിക്കുള്ള സീറ്റ്
നേരത്തെതന്നെ കരുതിവയ്ക്കാറുള്ളതാണ്. ഒരുപൊതി കപ്പലണ്ടിയും.
ഇന്നെന്തോ അയാളെയും കാണുന്നില്ല. പതിവ് നടപ്പുകാർ ഹൈക്കോർട്ട് ജെട്ടി
വരെ നടന്ന് തിരിച്ചെത്തിയിരിക്കുന്നു.
ഇനി കുറച്ചുസമയം മഴവിൽപ്പാലത്തിൽ
ചാരിനിന്ന്‌ സൂര്യൻ അസ്തമിക്കുംവരെ കൊച്ചുവർത്തമാനം.ഇരുൾ പരന്നാൽ
ഓരോരുത്തരായി സ്ഥലം വിടാറാണ്‌ പതിവ്. അവസാനക്കാരൻ ഭാസിച്ചേട്ടൻ
കുറച്ചുനേരം എന്നോടൊപ്പം ഇരിക്കും.
എന്നെപ്പോലെതന്നെ ഭാസിച്ചേട്ടനും അവിവാഹിതൻ.
മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടുകിട്ടാത്തതുകൊണ്ടു
വിവാഹം കഴിച്ചില്ല എന്ന്
തമാശ പറയുന്ന ഭാസി. പക്ഷെ കാരണം അതൊന്നുമല്ല.
ഇളയ പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചയക്കുന്നതുവരെ
കാത്തുനിൽക്കാനുള്ള സന്മനസ്സില്ലായിരുന്നു സഹപ്രവർത്തകയായ
കാമുകിക്ക്. എന്റെ അവസ്ഥ അതൊന്നുമല്ല. അമ്മയുടെ ഒറ്റ മോനായതുകൊണ്ടു
രണ്ടോ മൂന്നോ പെൺകുട്ടികൾ ഒഴിഞ്ഞുമാറി. അമ്മായിഅമ്മ പോരെടുക്കുമത്രേ.
എന്നെവേണ്ടാത്തവരെ എനിക്കും വേണ്ട എന്ന് ഞാനും തീരുമാനമെടുത്തു. ഞാനും
ഭാസിച്ചേട്ടനും ഈ മറൈൻഡ്രൈവിൽ സായാഹ്‌നങ്ങൾ ആഘോഷിച്ചു കഴിഞ്ഞു കൂടുന്നു.
എന്നും കാണുന്ന ഒരുകൂട്ടം ആളുകൾ,പുതിയതായി വരുന്ന ഒരുപാടു പേർ;സ്വർണം പൂശിയ
പടിഞ്ഞാറൻ മാനം,തുടുതുടുത്ത മുഖവുമായി കടലിന്റെ വിരിമാറിൽ ചാഞ്ഞിറങ്ങുന്ന
സൂര്യൻ. ഇരുൾ മൂടുമ്പോൾ മറൈൻ ഡ്രൈവ് അപരിചിതയാവുന്നു. വീട്ടിലെത്തുമ്പോൾ,
എന്നെയും കാത്തിരിക്കുന്ന,"ഞാൻ ഇല്ലായിരുന്നെങ്കിൽ നിനക്ക് പെണ്ണ് കിട്ടുമായിരുന്നു അല്ലെ"
എന്ന് മൂകം വിലപിക്കുന്ന അമ്മയുടെ മുഖം ഒരു ജ്വാലയായ് മനസ്സിൽ നിറയാറാണ് പതിവ്.
................................ ........................... .......................
.......ഇന്ന് അമ്മയുടെ മുഖത്തൊരു പ്രസന്നതയുണ്ടല്ലോ. എന്നും ഭക്ഷണം വിളമ്പുമ്പോൾ
"എന്റെ കാലം കഴിഞ്ഞാൽ ആരാ എന്റെ മോന് ഇതൊക്കെ ചെയ്തുകൊടുക്കുക".എന്നൊരു
ഭാവമാണ് കാണാൻ കഴിയുക. " ഇന്നെന്താ ഒരു സന്തോഷം" ഉള്ളിൽനിന്നും വന്ന ചിരി പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു
" ഉം. അതൊക്കെയുണ്ട്.
നീ ഊണ് കഴിക്കു"
കാര്യം അറിയാനുള്ള തിടുക്കം കൊണ്ട് വേഗം ഉണ്ടെഴുനേറ്റു..."
"ഇന്ന് നിന്റെ അമ്മാവൻ ഇവിടെ വന്നിരുന്നു".
"എന്തിന്?
"അങ്ങേരുടെ മോളെ..കല്യാണം ആലോചിച്ചതിനല്ലേ ..നമ്മളെ അപമാനിച്ചു പുറത്താക്കിയത്."
"അതൊക്കെ പഴയ കഥയല്ലേ മോനെ. അവൾക്കിതുവരെ കല്യാണമൊന്നും ശരിയായില്ല. അതുകൊണ്ടു മോൻ അവളെ കല്യാണം കഴിക്കണമെന്നു പറയാൻ കൂടിയ അദ്ദേഹം വന്നത്"..."
"വേണ്ടമ്മേഒരിക്കൽഅവളെഒരുപാടിഷ്ട്ടപെട്ടുവെന്നത് ശരിയാ."
." ഇനി ഈ പ്രായത്തിൽ എനിക്കൊരു വിവാഹം വേണ്ടമ്മേ".
അമ്മയുടെ കണ്ണുകളിലെ പ്രതീക്ഷ കെടുന്നത് കണ്ടില്ലെന്നു നടിച്ചു.
............................
മറൈൻ ഡ്രൈവിൽ പതിവ് ജനത്തിരക്ക്.......സജിയുടെ കയ്യിൽ നിന്നും
വാങ്ങിയ കപ്പലണ്ടി കൊറിച്ചുകൊണ്ടു ഞാനും ഭാസിയും പതിവ് സിമന്റ് ബെഞ്ചിൽ
പടിഞ്ഞാറൻ മാനത്തു പ്രകൃതിയൊരുക്കിയ ചായക്കൂട്ടുകളും നോക്കി വെറുതെ ഇരുന്നു.
പെട്ടെന്നാണ് മഴ ഇരുണ്ടുവന്നത്. ..എങ്ങോട്ടു പോകുമെന്നാലോചിച്ചു തിരിയുമ്പോൾ..
നിറയെ പൂക്കൾ തുന്നിയപോലൊരു കുട എനിക്ക് തുണയായി;
...പകപ്പോടെ തിരിഞ്ഞു നോക്കി.നിറഞ്ഞ ചിരിയോടെ അവൾ.
"ആരാ"
എന്ന് കണ്ണുകൊണ്ടുള്ള ഭാസിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ
അനുവദിക്കാതെ എന്നെയും കൂട്ടിയവൾ നടന്നു
."എന്റെ അമ്മാവന്റെ മകൾ"

Bhanu Mohan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot