അപ്പച്ചിടെ മോളായിരുന്നു അശ്വതി. ആറ്റു നോറ്റു കിട്ടിയ കൺമണിയായതിനാൽ ഒരുപാട് കൊഞ്ചിച്ചാണ് അവളെ അവർ വളർത്തിയത്. അവളെന്തു പറഞ്ഞാലും അപ്പച്ചി അതു സാധിച്ചു കൊടുക്കും. അതുകൊണ്ടു തന്നെ ഒരൽപം വാശിക്കാരിയാണവൾ . ഇഷ്ടപെട്ടതെന്തും വിട്ടുകൊടുത്തല്ല പിടിച്ചടക്കിയാണ് അവൾ ശീലിച്ചത്.
ആ വാശി തന്നെയാണ് ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചതും
ചെറുപ്പം മുതലേ എന്നെ അവൾക്കു ജീവനാണ്. ഒരു പക്ഷേ ജീവനേക്കാൾ ഒരു പിടി കൂടുതൽ എന്നു പറയാതെ വയ്യ. അപ്പച്ചീടെ മോളായതിനാൽ അച്ഛനു കുറച്ചു താൽപര്യ കുറവായിരുന്നു ഈ വിവാഹത്തിന് . ഇപ്പഴ്ത്തെ കാലത്ത് മുറപ്പെണ്ണിനെ തന്നെ വിവാഹം കഴിക്കുന്നത് വളരെ അപൂർവ്വമായിട്ടാണല്ലോ .. പിന്നെ അവളുടെ വാശിയിൽ അച്ഛനും സമ്മതം മൂളി.
എനിക്കും അവളെ ഇഷ്ടമാണ്. അവളുടെ ചിരിയിലും ദേഷ്യത്തിലുമെല്ലാം വല്ലാത്തൊരു നിഷ്കളങ്കതയാണ്. ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ടമാവും .ഒരു പച്ച പാവം... ന്നാലും ആളൊരു കാന്താരിയാണട്ടോ....
എല്ലാവരുടേയും ആശീർവാദങ്ങളോടെ ഞങ്ങളുടെ വിവാഹം മംഗളമായി തന്നെ നടന്നു. വിവാഹ ശേഷം ജീവിതം സന്തോഷത്തിന്റെ വർണ്ണ പ്രപഞ്ചം തീർത്തു.
കൃഷ്ണനു രാധയെന്ന പോലെ, നളന് ദമയന്തിയെന്ന പോലെ ,മിക്കപ്പോഴും അച്ചു എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു.
ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വന്നു. അച്ചുവാണ്
എന്തേ അച്ചൂ...?
നിക്ക് അനന്തുവേട്ടനെ കാണണം..
ഇപ്പഴോ...
ഞാനൽപം തിരക്കിലാണ്...
പ്ലീസ് അനന്ദുവേട്ടാ...
ആ... ഞാൻ നോക്കട്ടെ...
ഓഫീസിലേക്ക് ഒരു കാരണവുമില്ലാതെ അവൾ വിളിക്കാറില്ല.
ഫയലൊക്കെ വേഗത്തിൽ റെഡിയാക്കി മേനേജറുടെ ക്യാബിനിൽ കൊടുത്തു.ഉച്ചക്കു ശേഷം ലീവുമെടുത്തു. അവളെ തിരിച്ചുവിളിച്ചു...
ഇല്ല .. കിട്ടണില്ല ...
എനിക്കു പേടിയായി.. വീട്ടിലാണെങ്കിൽഅവളൊറ്റയ്ക്കേയുള്ളു ..
ഞാൻ വേഗം വീട്ടിലേക്കു പാഞ്ഞു..
വാതിൽ ചാരിയിട്ടേ ഉള്ളൂ ഞാൻ വെപ്രാളപ്പെട്ട് അകത്തേക്ക കയറി
പെട്ടന്ന് പിന്നിൽ കൂടി രണ്ടു കൈകൾ എന്നെ ചുറ്റിവരിഞ്ഞു. അച്ചുവാണ്..
പേടിപ്പിച്ചു കളഞ്ഞല്ലോ അച്ചൂ...
ഞാൻ പേടിച്ചതുകണ്ട് അവളുംചിരിച്ചു.
അതുപോട്ടെ എന്താ വിളിച്ചത്
അതു പിന്നെ... അവൾ നിന്നു പരുങ്ങി
ന്താച്ചൂ...
എനിക്കൊരു മസാല ദോശ വേണം
ന്ത്....
മസാല ദോശ...
ഈ നട്ടുച്ചക്കോ....?
വേണം... അവൾ വാശി പിടിച്ചു
ഈ പെണ്ണിനെന്താ ഇപ്പോ ഇങ്ങനെയൊരാഗ്രഹം.... അതും ഈ നട്ടുച്ചക്ക് ..വട്ടായോ....?
പെട്ടന്നാണ് എന്റെ തലയിൽ 'ട്യൂബ് ലൈറ്റ് 'കത്തിയത്..
ഞാൻ പെട്ടന്നവളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു
ശരിക്കും.....?
അവളുടെ മുഖഭാവം അതു സമ്മതിച്ചിരുന്നു.
സിനിമയിലൊക്കെ കാണുന്ന പോലെ ഞാനവളെ പൊക്കിയെടുത്ത് വട്ടംചുറ്റി.
ന്നെ താഴെയിറക്ക് അനന്ദുവേട്ടാ...
അവൾ ചിണുങ്ങി...
ഞാൻ വാങ്ങി കൊടുത്ത മസാലദോശ സ്വാദോടെ അവൾ കഴിച്ചു.
മാസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല.
ആദ്യമായി അച്ഛനാകാൻ പോകുന്നതിന്റെ ആവേശവും അച്ചുവിന്റെ വിഷമം കണ്ടുള്ള ആധിയും എല്ലാം കൊണ്ട് വല്ലാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ
എല്ലാത്തിന്നും വിരാമമിട്ടു കൊണ്ട് അവൻ വന്നു. ഞങ്ങളുടെ നന്ദൂട്ടൻ.വെളുത്ത ഒരു പഞ്ഞി കെട്ടിനുള്ളിൽ അവൻ ഉറങ്ങുകയാണ്.
നന്ദൂട്ടൻ വന്നതിനു ശേഷം ഞങ്ങളുടെ ജീവിതം കൂടുതൽ ആഹ്ലാദഭരിതമായിരുന്നു. ആരേയും മോഹിപ്പിക്കുന്ന, കുശുമ്പു തോന്നിപ്പിക്കുന്ന വിധം മനോഹരമായിരുന്നു. അതു കണ്ട് ദൈവങ്ങൾക്കും ഒരു പക്ഷേ അസൂയ തോന്നിയിട്ടുണ്ടാകും.
നന്ദൂട്ടന്റെ ഒന്നാം പിറന്നാളാണന്ന് .അച്ഛനും അമ്മയും എല്ലാവരേയും ക്ഷണിച്ചിരുന്നു.എല്ലാവരും വന്നു.
അത് ആഘോഷങ്ങളുടെരാവായിരുന്നു.
പക്ഷേ ആ രാവിന്റെ ആഘോഷം തല്ലി കെടുത്താൻ വിധി വില്ലന്റ വേഷമണിഞ്ഞിരുന്നു.
ഒരു പല്ലുവേദന....
ആദ്യമൊക്കെ നിസ്സാരമായി തള്ളിക്കളഞ്ഞെങ്കിലും ക്യാൻസറെന്ന മഹാരോഗത്തിന്റെ പിടിയിലവളമർന്നിരുന്നു.
കീമോയും റേഡിയേഷനും അവളുടെ ശരീരം ദുർബലപ്പെടുത്തി. മിക്കപ്പോഴും കൗണ്ട് കുറവായതുകൊണ്ട് അതിനുള്ള ഇഞ്ചക്ഷനും മരുന്നും കൊടുക്കേണ്ടി വന്നു. എങ്കിലും മരണത്തെ നോക്കി അവൾ വെല്ലുവിളിച്ചു കൊണ്ട് പൊരുതാൻ ഉറച്ചു നിന്നു.
സഹിക്കാനാവാത്ത വേദനയിലും എന്നെ ഞെട്ടിച്ചത് എന്റെ അച്ചുവായിരുന്നു . രോഗം അതിന്റെ അവസാന സ്റ്റേജുകളിലേക്ക് എത്തി നോക്കുമ്പോൾഎനിക്കു ധൈര്യം പകർന്നു തന്നത് അവളുടെ വാക്കുകളായിരുന്നു.
''ജനിച്ചാ എന്തായാലും ഒരിക്കൽ മരിക്കണം .അപ്പോ പിന്നെ ഓരോ സെക്കൻറും എനിക്ക് ഏറ്റവും സുന്ദരമാക്കണം അതാണെന്റെ ആഗ്രഹം ''.
അച്ചുവിന്റെ ആ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തു. അവളുടെ ഓരോ സെക്കന്റും അവളാഗ്രഹിച്ചതു പോലെ തന്നെ സുന്ദരമാക്കി.കാണാവുന്നതൊക്കെ കാണിച്ചു, കൊണ്ടുപോകാൻ പറ്റുന്നിടത്തെല്ലാം കൊണ്ടുപോയി.
കീമോയുടെ കടുത്ത വേദനയിലും ഉമിനീരു പോലും ഇറക്കാനാവാതെ അവളെല്ലാം സഹിച്ചപ്പോഴും മരണത്തെ തോൽപ്പിക്കാനുള്ള ആവേശം ഞാനവളിൽ കണ്ടിരുന്നു. പക്ഷേ വിധിയെ തോൽപ്പിക്കാൻ അവൾക്കു കഴിഞ്ഞില്ല. മരണം എഴുതപ്പെട്ടു കഴിഞ്ഞപ്പോൾ രോഗത്തിന്റെ വേദനയല്ല നന്ദൂട്ടനേയും എന്നെയും വിട്ടുപിരിയാനുള്ള സങ്കടം അതായിരിക്കും അവളെ അതിനെയൊക്കാളേറെ വേദനിപ്പിച്ചത്.
നന്ദൂട്ടന്റെ കുഞ്ഞു മുഖത്തു നോക്കുമ്പോൾ അച്ചുവിന്റെ കണ്ണു നിറഞ്ഞത് ഞാനന്നു കണ്ടു. അവസാനമായി അവളെന്നോട് ഒരാഗ്രഹം പറഞ്ഞു.
''അനന്ദുവേട്ടാ ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് അനന്ദുവേട്ടന്റ അച്ചുവായി, നന്ദൂട്ടന്റെ അമ്മയായി
മതി വരുവോളം ജീവിക്കണം.''
BY: Anupriya Shibu
BY: Anupriya Shibu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക