Slider

ഉറക്കം

0
രാത്രി ജോലി ചെയ്തു തുടങ്ങിയ കാലം മുതൽ ഉറക്കവുമായി ബന്ധപ്പെട്ടുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ട്രോളുകൾക്കും ഉപദേശങ്ങൾക്കും സ്‌ഥിരമായി വിധേയനാകേണ്ടി വരാറുണ്ട്.
അവനെ ഒരാവശ്യത്തിന് വിളിച്ചാൽ കിട്ടില്ല, നട്ടുച്ചയ്‌ക്കാണോടാ കിടന്നുറങ്ങുന്നത്?, അവനല്ലേ..അവൻ നിന്നൊക്കെ ഉറങ്ങിക്കോളും, ഉച്ചയ്‌ക്കുറങ്ങുന്നത് ശരീരത്തിന് നല്ലതല്ല തുടങ്ങി പല രൂപത്തിലും ഭാവത്തിലും ഇവ പ്രത്യക്ഷപ്പെടാം.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കല്യാണത്തിനോ മരിപ്പിനോ വീടുകയറി താമസത്തിനോ ഒക്കെ വരുന്നവരും പിരിവിനായി വരുന്നവരും നമ്മൾ ഉറങ്ങുവാണെന്നു പറഞ്ഞാൽ അയ്യോ വിളിക്കണ്ട എന്ന് ഭംഗി വാക്കു പറയുകയും (ഉറക്കെ) അതു കേട്ടു നമ്മൾ ഞെട്ടി എഴുന്നേറ്റു കഴിയുമ്പോൾ അയ്യോ എണീറ്റോ...എന്നു പറയുകയും ഒരുതരം ഗൂഢാനന്ദത്തോടെ തിരിച്ചു പോകുകയും ചെയ്യുക പതിവുണ്ട്.
പിന്നെ, അപ്പുറത്തെ ചേട്ടത്തിയുടെ പശു, സേവന കറിപൗഡറുകാർ, എം ബി എ പഠനത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് പല സാധനങ്ങൾ വിൽക്കുന്നവർ, പിന്നെ എന്റെ വീടിനു മുകളിലുള്ള ഒരു ജനവാതിലിൽ കൊക്കു കൊണ്ട് ടക് ടക് എന്ന് കൊട്ടി ആരോ വാതിലിൽ മുട്ടുന്നു എന്ന തോന്നലുണ്ടാക്കുന്ന രണ്ടു മൈനകൾ ഇവരൊക്കെ എന്റെ ഉറക്കത്തെ സ്‌ഥിരമായി ബാധിക്കുന്നവരാണ്.
ചുരുക്കിപ്പറഞ്ഞാൽ വല്ലപ്പോഴും കിട്ടുന്ന പകൽ ഷിഫ്‌റ്റുകളിലോ അവധി ദിവസങ്ങളിലോ ആണ് ഇത്തരം എല്ലാ പ്രശ്‌നങ്ങൾക്കും അവധി കൊടുത്ത് വാതിലും അടച്ച് ഉറക്കം കോംപൻസേറ്റ് ചെയ്യാറുള്ളത്.
അങ്ങനെ ഒരു അവധി ദിവസം..
പകൽ ഞാൻ മുറി അടച്ച് ബന്ദവസ്സാക്കി മൂടിപ്പുതച്ച് പിടി വിട്ട് കിടന്നുറങ്ങുകയാണ്.
ഉറങ്ങിക്കിടക്കുന്ന എന്റെ അടുത്ത് ഭാര്യ വന്ന് എന്തോ പറഞ്ഞു.
ഒരു ജാതി കലിപ്പോടെ നേരത്തെ പറഞ്ഞ കാറ്റഗറിയിലെ എല്ലാവരെയും മനസ്സിൽ തെറി വിളിച്ച് ഞാൻ എഴുന്നേറ്റു. പിന്നെ, പതുക്കെ വലിച്ച് വലിച്ച് നടന്ന് പ്രധാന വാതിൽ തുറന്നു പുറത്തിറങ്ങി. ചുറ്റും നോക്കി. ആരെയും കാണുന്നില്ല. പിന്നെ മുറ്റത്തേക്കിറങ്ങി. വീടിന്റെ ഇരുവശത്തും നോക്കി.ആരെയും കാണുന്നില്ല.
ഉറങ്ങിക്കിടന്ന എന്നെ വിളിച്ചെഴുന്നേൽപ്പിച്ച് പുറത്തു വന്ന ആളെ കൈകാര്യം ചെയ്യാൻ വിട്ട, രാത്രി മുഴുവൻ പോത്തു പോലെ കിടന്നുറങ്ങിയ ഭാര്യയെ, ഇന്നു ഞാൻ ശരിയാക്കിയിട്ടു തന്നെ കാര്യം എന്ന മട്ടിൽ മുറിക്കകത്തു തിരിച്ച് കയറി.
എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ ശേഷം ഞാൻ ഒച്ചയുയർത്തി ചോദിച്ചു. പുറത്ത് ആരു വന്നൂന്നു പറഞ്ഞാ നീ ഉറങ്ങിക്കിടന്ന എന്നെ കുത്തിയെണീപ്പിച്ച് വിട്ടത്?
ഇതിനിടെ അവധി ദിവസത്തിന്റേതായ എല്ലാ പണികളും ഒതുക്കി ആകെ ക്ഷീണിതയായി ഒന്നു റസ്‌റ്റ് എടുത്തേക്കാം എന്നു കരുതി മുറിയിലേക്ക് വന്ന് ഞാൻ എഴുന്നേറ്റ ഒഴിവിൽ കട്ടിലിൽ കിടന്ന ഭാര്യ ചെറുതായി ഒന്നു തലപൊക്കി പറഞ്ഞു.
ആരു പറഞ്ഞു? ആരു വന്നു? ഞാൻ ഒരിത്തിരി നീങ്ങിക്കിടക്കാൻ പറഞ്ഞതാ....
പ്ലിംഗ്!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo