നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇടവേളകളിലെ പ്രേമം Part 2

Image may contain: 1 person

NB -രണ്ടിൽ കൂടുതൽ പാർട്ട് ആയി മുൻപ് എഴുതിയതാണ് ,ഓർമ്മകൾ അടക്കി വെച്ചത് അടുത്തടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം )
.
ഓർമയിൽ എല്ലാ കാലത്തും നമ്മൾ ആരാധിക്കുന്ന ഒരു അധ്യാപകൻ- അദ്ധ്യാപിക ഉണ്ടാവും .അങ്ങനെ ഒരാളിലൂടെ ആദ്യം .......
.
പ്ലസ് വൺ കാലം .അതിത്തിരി സുഖം കൂടുതലായിരുന്നു .കാരണം പ്ലസ് ടു വരെയുള്ള സ്കൂൾ ആയോണ്ടും 5 മുതൽ അവിടെ തന്നെ പഠിച്ചു എന്നുള്ളത് കൊണ്ടും കുറച്ചു ഗമയും ഒക്കെ ആയി വിലസി നടക്കുന്ന സമയം .പ്ലസ് വണ്ണിലാണ് ആദ്യമായി ഫിലോസഫി ,പൊളിടിക്സ് എന്നൊക്കെ ഉള്ള വിഷയങ്ങളെ കുറിച്ച് പഠിച്ചു തുടങ്ങുന്നത്. ഫിലോസഫി എന്നുള്ള വാക്ക് തമാശക്ക് ഉപയോഗിച്ചിട്ടുണ്ട് പലപ്പോഴും അല്ലാതെ വേറെ അടുപ്പമൊന്നുമില്ല , 
.
ഒരു വട്ടു വിഷയമാണ്‌ അതിന്റെ സാറും വട്ടൻ തന്നെയാവും എന്നൊക്കെ പലരും പറഞ്ഞിരുന്നു . ആയിടക്കാണ്‌ ഇന്റർവെൽ കഴിഞ്ഞു വരണ സമയത്ത് ഫിലോസഫി എടുക്കാൻ പുതിയ സാറ് വന്നിട്ടുണ്ടെന്ന് നൻപൻ പറഞ്ഞത്. സ്റ്റാഫ്‌ റൂമിൽ പോയി പരിചയപ്പെട്ട് നല്ല ഒരു ഇമ്പ്രഷൻ ഉണ്ടാക്കാമെന്ന് കരുതി കാണാൻ പോയി . ഒരുപാട് പേര് അവിടെ ഉണ്ടായിരുന്നെങ്കിലും സാറിനെ കണ്ടപ്പോ തന്നെ മനസ്സിലായി .
.
രഞ്ജിത്ത് മാഷ് - 
കണ്ണൂർകാരൻ , തോള് വരെ നീണ്ടു നിക്കണ മുടി , അതുവരെ ഉള്ള തടിയും , വെളുത്ത ഷർട്ടും ഗ്രേ കളറ് പാന്റും , ഹവായി ചെരുപ്പും വേഷം . കണ്ടപ്പോ വാത്സല്യം നിറഞ്ഞ ചിരി നൽകി അടുത്ത് വന്നു പരിചയപ്പെടാൻ ആണെന്നറിയിച്ചപ്പോൾ സാറിന് അത് കേട്ടില്ല .രണ്ടു തവണ പറഞ്ഞപ്പോ ആള് ചെവി മൂടിക്കിടക്കുന്ന മുടി സൈഡിലേക്ക് മാറ്റി വെച്ചു കേട്ടു ,ആദ്യ ക്ലാസ്സിനു വന്നു തന്നെ സാറ് ഞെട്ടിച്ചു , വന്നപാട് എല്ലാരോടും ഒരു ചോദ്യം നിങ്ങൾക്കിപോ കഴിക്കാൻ തോന്നുന്നത് എന്താന്ന് വെച്ചാൽ പറയാൻ.
ബാക്കിൽ ഇരുന്ന ഒരുത്തൻ സാറേ ലഡ്ഡു എന്ന് വിളിച്ചു പറഞ്ഞു . 
പോക്കറ്റിൽ നിന്നും പൈസ തന്നു അവനെ തന്നെ കടയിൽ വിട്ടു എല്ലാർക്കും ലഡ്ഡു വാങ്ങിച്ചു തന്നു . അത്രേം കാലത്തേ സ്കൂൾ ലൈഫിൽ ഇതുപോലെ ഒരു മനുഷ്യനെ ആദ്യമായി കാണായിരുന്നു . അടുത്ത വാക്ക് മാഷ് പറഞ്ഞത് , 
എന്നെ അധികം സ്നേഹിക്കരുത് . തിരിച്ചു നൽകാൻ എനിക്ക് ഇവർ സമയം തരില്ല .കൂടിയാൽ 6 മാസം അത് മാത്രമാണ് എന്നെ ഈ സ്കൂൾ സഹിക്കു ,
എന്റെ രീതികളങ്ങനെയാണ് . 
പറഞ്ഞത് പോലെ തന്നെയായിരുന്നു കാര്യങ്ങൾ അധിക കാലം ആ മനുഷ്യനെ അവര് അവിടെ നിർത്തിയില്ല . ആ ചുരുങ്ങിയ കാലം കൊണ്ട് അധ്യാപകൻ എന്ന വാക്ക് അർത്ഥപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളും സമീപനങ്ങളുമായി ഒരു മനുഷ്യൻ . സ്വന്തമായി ഫോണോ ലപ്ടോപോ ഒന്നുമില്ലാത്ത നടക്കുന്ന വഴിയിലെ കല്ലിനോട് പോലും സംസാരിക്കുന്ന ഒരു മനുഷ്യൻ. 
.
മനുഷ്യൻ എന്ന പേരാണ് മാഷിനു ചേരുന്നത്.. ക്ലാസ്സിൽ ഉറങ്ങിയാൽ ചോക്ക് എടുത്തെറിഞ്ഞു പരിഹസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന അദ്ധ്യാപകരിൽ നിന്ന് വ്യത്യസ്തമായി ഉറങ്ങുന്നവനെ ശല്യം ചെയ്യരുത് എന്ന് മറ്റു കുട്ടികളോട് പറയുന്ന ഒരു അദ്ധ്യാപകൻ ..
കല്യാണം കഴിച്ചു ജീവിക്കാൻ എന്റെ രീതികൾ സമ്മതിക്കില്ല എന്ന് പറഞ്ഞു അലഞ്ഞു നടക്കുന്ന ഒരാളെ ഞാൻ ആദ്യമായി കാണായിരുന്നു ..
പലപ്പോഴും ക്ലാസ് റൂമിലെ ഉഷ്ണങ്ങളിൽ നിന്ന് മരച്ചുവട്ടിലെ തണലിലേക്ക്‌ നടന്നു നീങ്ങിയിരുന്നു സാറിന്റെ ക്ലാസ്സുകൾ, PTA മീറ്റിഗിനോ മറ്റു ഔദ്യോഗിക ചർച്ചകൾക്കോ സാറ് പോവാറില്ലായിരുന്നു. അതും അദേഹത്തെ അവിടുന്ന് ഒഴിവാക്കുന്നതിൽ കാരണമായി.
.
ഉച്ചക്കുള്ള ഇടവേളകളിൽ മറ്റു അധ്യാപകർ ഊണും കഴിച്ചു പരധൂഷണവും ഉറക്കവും എല്ലാമായി സമയം കൊല്ലുമ്പോൾ ഈ മനുഷ്യൻ നടക്കാൻ ഇറങ്ങും . അനുവദിച്ചു നൽകിയ ക്ലാസ്സുകളിൽ ഏതെങ്കിലും കുട്ടികൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നുണ്ടോ എന്നറിയാൻ . ഒരു നാൾ ഞാൻ അടക്കം കുറച്ചു പേര് ഭക്ഷണം കഴിക്കാതെ ക്ലാസ്സിൽ ഇരിക്കായിരുന്നു . ചോദിച്ചപ്പോൾ കഴിച്ചില്ല എന്ന് പറഞ്ഞു . പണം വേണോ എന്ന് ചോദിച്ചു വേണ്ടാന്നു പറഞ്ഞപ്പോ ചിരിച്ചു ഇറങ്ങി നടന്നു .പിന്നെ വന്നത് ഒരു വലിയ പാത്രം നിറയെ ചോറും പയറു കറിയും കൊണ്ടായിരുന്നു . നിയമപ്രകാരം ഹയർ സെക്കണ്ടറി കുട്ടികൾക്ക് ഉച്ചക്കഞ്ഞി ഇല്ല . സാറിന്റെ ഇടപെടൽ പല കാരണങ്ങളാൽ ഭക്ഷണം കഴിക്കതിരുന്നവർക്ക് ഒരു അനുഗ്രഹം ആയിരുന്നു ....
(ഇടവേളകളിലെ പ്രേമം രണ്ടാം ഭാഗം എന്ന പേരിൽ തുടരും )
.
അൻവർ മൂക്കുതല

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot