അമ്മയുടെ മടിയിൽ ഇത്തിരിനേരം.
കഴിയുന്നില്ല അടക്കി നിർത്താൻ മനസ്സിനെ. കടിഞ്ഞാൺ നഷ്‌ടമായ കുതിരയെ പോലെ അതിർത്തികൾ ലംഘിച്ചു സമ്മതം കൂടാതെ അലയുന്ന ചിന്തകൾ ഉറക്കം നഷ്ടപ്പെടുത്തുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നീളുന്ന ചിന്തകൾ തുടങ്ങുന്നത് അവളിൽ നിന്നാണ്. ജീവിതത്തിൽ ഏറേ സ്‌നേഹിച്ച,മോഹിച്ച, ആഗ്രഹിച്ച ആര്യയെ നഷ്ടമായത് മുതൽ ഒറ്റപ്പെട്ടുപോയി.എത്രയൊക്കെ അടക്കി വെച്ചാലും അവളുടെ ഓർമ്മകൾ ഉണരും. ആ ഓർമകൾ പലവഴിക്ക് സഞ്ചരിച്ചു സമാധാനവും സന്തോഷവും നഷ്ടപെടുത്തുന്നു.ഓർമ്മകളിൽ നിന്നും ഈ സങ്കടത്തിൽ നിന്നും ഇനിയൊരു പുനർജ്ജന്മം വേണം അതിന് വേണ്ടിയാണ് ഗുരുവിനെ കാണാൻ ആശ്രമവാതിൽക്കൽ അനിൽ അവന്റെ ഊഴവും കാത്ത് നിൽക്കുന്നത്.
ഗുരുവിനോട് പറയാൻ ഏറേ ഉണ്ട്. ഇഷ്ടമില്ലാത്ത ജോലി. ഒന്നിനും തികയാത്ത വരുമാനം. അച്ഛനെയും അമ്മയെയും അനുജന്മാരെയും ഇഷ്ടത്തിനൊത്തു സംരക്ഷിക്കാൻ കഴിയാതെ പോകുന്നോ എന്ന തോന്നൽ. പിന്നെ എല്ലാ ചിന്തകളുടെയും മൂലകാരണം എന്റേതാവണമെന്ന് സ്വപ്‍നം കണ്ട പെണ്ണ് കാശുള്ള ചെക്കന്റെ മുൻപിൽ താലി കെട്ടാൻ തല കുനിച്ചു കൊടുത്ത സമ്മാനിച്ച മുറിവ്. ഏത് സങ്കടത്തിലും കൂടെ ഉണ്ടാകുമെന്ന് കരുതിയിട്ട് കൈവിട്ടുപോയ സ്‌നേഹ മിത്രം. അങ്ങനെ അവന്റെ മനസ്സ് ഗുരുവിന് മുൻപിൽ തുറന്ന് വെച്ച് ഗുരുവിന്റെ ഉപദേശത്തിനായി കാതോർത്തു.
"നീ എന്നോട് പറഞ്ഞപോലെ നിന്റെ വിഷമങ്ങൾ ഒരു ദിവസം അമ്മയുടെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് പറയുക. നിന്റെ സങ്കടങ്ങൾ അമ്മ ഏറ്റു വാങ്ങും. നിന്റെ മനസ്സ് ചിന്തകളിൽ നിന്നും മുക്തി നേടി. നീ പുനർജനിക്കും. "
എല്ലാം അമ്മയോട് തുറന്ന് പറയണം. അമ്മയുടെ മടിയിൽ തലവെച്ചു ചെരിഞ്ഞു കിടന്ന് മനസ്സിൽ ഉള്ളതൊക്കെ പറയണം. അമ്മയുടെ കൈകൊണ്ട് തലമുടിയിൽ തലോടിയാൽ ആർത്തിരമ്പി അലയടിക്കുന്ന തിരമാലകൾ പോലെ ഉറക്കം കെടുത്തുന്ന ചിന്തകൾ ഇല്ലാതെയാകും.ദിശയറിയാതെ ഓളത്തിനൊപ്പം നീങ്ങുന്ന മനസ്സിനെ വരുതിയിലാക്കാൻ ഇനി അമ്മയുടെ സ്‌നേഹമന്ത്രം.
വീട്ടിൽ ചെന്ന് അമ്മയെ നോക്കി. അമ്മ തിരിക്കിലാണ്. രാത്രി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്നു. ഭക്ഷണം കഴിച്ച് കാത്തിരുന്നു. അമ്മ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നു. നാളെ രാവിലേക്കുള്ളത് ഒരുക്കുന്നു. കാത്തിരുന്ന് അവൻ ഉറങ്ങിപ്പോയി. അമ്മ എപ്പോഴാണാവോ ഉറങ്ങിയത്. രാവിലെ ഉണർന്നപ്പോൾ അമ്മ തിരക്കിൽ മുറ്റമടിയും അടുക്കളയിലെ പല ജോലികളും ഓടി നടന്ന് എടുക്കുന്നു. അനിൽ പോകുന്നതിന് മുമ്പ് രണ്ട് നേരത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കണം. പശുവിനു വെള്ളം കൊടുക്കണം. അച്ഛനും അനിയന്മാർക്കും വേണ്ടത് ചെയ്തു കൊടുക്കണം. അനിൽ നോക്കുന്ന നേരത്തെല്ലാം അമ്മ ഓരോരോ ജോലിയിൽ. രാത്രിയും പകലും ഒരുപോലെ. അമ്മ എപ്പോഴാ ഭക്ഷണം കഴിക്കുന്നത്..എപ്പോഴാ ഉറങ്ങുന്നത്. അമ്മ ഇത്തിരി നേരം വെറുതെ ഇരിക്കാറുണ്ടോ..
ഒരാഴ്ചയോളം അനിൽ അമ്മയെ ശ്രദ്ധിച്ചു. മാറ്റമില്ലാതെ എന്നും മടുപ്പും പരാതിയും പരിഭവും ഇല്ലാതെ സന്തോഷത്തോടെ മക്കൾക്കും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന അമ്മ സ്വന്തം വിശപ്പും ദാഹവും ഉറക്കവും ആരോഗ്യം പോലും നോക്കാതെ ഓടി നടക്കുന്നു.
"ഇത്രയും നാളുകൾ കഴിഞ്ഞുപോയി ഇപ്പോഴാണ് ഗുരുവേ ഞാൻ അമ്മയെ മനസ്സിലാക്കുന്നത്. രാവിലെ മുതൽ ഞങ്ങൾക്ക് വേണ്ടി ഭക്ഷണമുണ്ടാക്കി വസ്ത്രങ്ങൾ കഴുകി വീട് വൃത്തിയാക്കി അതിനിടയിൽ ചെറിയ പിഴവുകളിൽ ശകാരിക്കുന്ന അച്ഛനെ പോലും വിഷമിപ്പിക്കാതെ അയൽവാസികളോടും വിരുന്നുകാരോടും ചിരിച്ച മുഖത്തോടെ സംസാരിച്ചും അനിയന്മാരുടെ പഠിപ്പിൽ പോലും സൂക്ഷ്‌മതയോടെ കൊണ്ടുപോകാൻ എന്റെ അമ്മക്ക് എങ്ങിനെ കഴിയുന്നുവെന്ന് ചിന്തിച്ച് തുടങ്ങിയപ്പോൾ എന്റെ ചിന്തയിൽ അമ്മ എന്ന രണ്ടക്ഷരത്തിൽ പുതിയൊരു അറിവ്. ഒരു ദിവസമോ ഒരു മാസമോ അല്ല. വർ്ഷങ്ങളായി കുടുംബത്തിന് വേണ്ടി പണിയെടുക്കാൻ അമ്മക്ക് മടുപ്പില്ല.എനിക്ക് ഇപ്പൊ തോന്നുന്നുണ്ട് എന്റെ അമ്മയുടെ മടിയിൽ ഇത്തിരി നേരം തലവെച്ചു കിടക്കാൻ.അത് എന്റെ സങ്കടങ്ങളെ ഇറക്കി വെക്കാനല്ല... ആ കൈകൾ കൊണ്ടുള്ള ഒരു തലോടൽ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഗുരു എന്റെ അമ്മ തിരക്കിലാണ്. "
ഒറ്റ ശ്വാസത്തിൽ ഗുരു പറഞ്ഞത് ചെയ്യാൻ കഴിയാത്ത കാരണം പറഞ്ഞ് കഴിഞ്ഞപ്പോൾ ഗുരു അവന്റെ കൈപിടിച്ച് പറഞ്ഞ വാക്കുകൾ അനിലിന്റെ മനസ്സിൽ മാറ്റങ്ങൾക്കു തുടക്കമായി.
"കാര്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് കൂട്ടി ആ അമ്മ നിനക്ക് തന്ന ആരോഗ്യവും സമയവും നഷ്ടപ്പെടുത്തുന്നു. അമ്മ ജീവിച്ചു കാണിച്ചു തരുന്നു മക്കൾക്ക്. നീ അമ്മയിൽ നിന്ന് പഠിക്കു "
ഗുരുവിന്റെ വാക്കുകൾ മനസ്സിൽ ഏറ്റി അനിൽ അന്ന് വീടിന്റെ പടികൾ കയറി. പൂമുഖത്ത് ഏഴ് തിരിയിട്ട വിളക്ക് പോലെ അമ്മയുണ്ട്.
"കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. എന്റെ മോൻക്ക് എന്താ പറ്റിയത്. എന്തോ സങ്കടം ഉള്ളപോലെ... ?"
"ഒന്നും ഇല്ല.... അമ്മെ... അമ്മക്ക് തോന്നിയതാണ്... "
"അമ്മയോട് നിനക്ക് എന്തെങ്കിലും പറയാനുണ്ടോ... ?"
"ഇല്ല.... അമ്മെ "
മറുപടി കൊടുത്ത് മുറിയിലേക്ക് കയറുമ്പോൾ മനസ്സിൽ അമ്മയെന്ന മഹാത്ഭുതത്തെ ഓർത്ത് കണ്ണ് നിറയുകയായിരുന്നു. ഈ ജോലികൾക്കിടയിലും മകന്റെ മുഖത്തെ, മനസ്സിലെ സങ്കടം അമ്മ തിരിച്ചറിയുന്നു.അമ്മ ദൈവം തന്നെയാണ്.
"ഇനി ഒന്നിനെ ഓർത്തും എനിക്ക് സങ്കടമില്ല ഗുരോ.. അവൾക്ക് എന്നെ വേണ്ടങ്കിൽ പിന്നെ എന്തിന് അവളെ ഓർത്ത് ഞാൻ കരയണം. പിന്നെ ജോലി അത് ഇപ്പൊ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. വരുമാനം കൂടി വരാൻ ഞാൻ ശ്രമിക്കും. ഞാൻ അടുത്താൽ എന്നിലേക്കും അടുക്കാൻ കൂട്ടുകാർ ഉണ്ടാകും. പോകുന്നവർക്ക് വേണ്ടിയല്ല കൂടെ നിൽക്കുന്നവർക്ക് വേണ്ടിയേ ഇനി ചിന്തയും സമയവും ഞാൻ ഉപയോഗിക്കു "
അമ്മയുടെ മടിയിൽ ഇത്തിരി നേരം കിടക്കാൻ കൊതിക്കുന്ന മക്കളാവണം നമ്മൾ. അമ്മയുടെ മടയിൽ കിടക്കാനും ആ കൈകൾ കൊണ്ട് തലമുടിയിൽ ഒന്ന് തലോടിയിരുന്നങ്കിലെന്ന് അനിൽ ആഗ്രഹിക്കുന്ന പോലെ ഞാനും കൊതിച്ചു പോകുന്നൂ ഈ സമയം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക