നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുല്ലപ്പൂവ്

മുല്ലപ്പൂവ്
*************
''മോളേ.. ശ്രുതീ... ഒന്നവിടെ നിന്നേ...''
കോളേജിലേക്ക് പോവാനിറങ്ങിയ എന്നെ പിന്നിൽ നിന്ന് വിളിച്ചത് അപ്പുറത്തെ വീട്ടിലെ റസിയാത്തയായിരുന്നു.
''എന്താ റസിയാത്താ...?''
''മോള് ക്ലാസ്സ് കഴിഞ്ഞ് വരുമ്പോ നിക്ക് ഒരു സാധനം കൊണ്ടുവര്വോ...?''
''എന്ത് സാധനം...?''
ആകാംക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ നാണത്താൽ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടു..
''പറയ് ഇത്താ... എന്താ കൊണ്ടു വരണ്ടേ...?''
''നാണിത്തള്ളയുടെ കടയിൽ നിന്ന് നിക്ക് കുറച്ച് മുല്ലപ്പൂവ് കൊണ്ട് വന്ന് തര്വോ...?''
''ഇത്രേയുള്ളൂ... കൊണ്ടു വന്ന് തരാല്ലോ... എന്താണ് ഇപ്പൊ ഒരു മുല്ലപ്പൂവ് ചൂടാനൊക്കെ ഒരു കൊതി...?''
അവരെ കളിയാക്കിയ മട്ടിലുള്ള എന്റെ ചോദ്യം കേട്ടപ്പോൾ നാണിച്ച് തലതാഴ്ത്തിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
''ഇന്നെന്റെ ഇക്കാക്ക ഗൾഫിൽ നിന്ന് വരാണ്..''
''ഇക്കാക്ക വരുന്നുണ്ടെന്നോ...? ആരാ റസിയാത്താനോട് ഇത് പറഞ്ഞത്...?''
'' ന്റെ വാപ്പ പറഞ്ഞ്.. ഇന്ന് രാത്രി എത്തുമെന്ന്... അപ്പൊ ഇക്കാക്ക വരുമ്പോ ഞാൻ സുന്ദരിയായിരിക്കണ്ടേ... ദാ... പെെസ...
മോള് വരുമ്പോ മറക്കാതെ കൊണ്ടു വരണേ...?''
പെെസയും കയ്യിൽ തന്ന് മുഖത്ത് മായാത്ത ചിരിയുമായി അവർ തിരിച്ചു നടന്നു...
ദെെവമേ... എന്തൊരു പരീക്ഷണമാണിത്..?
വർഷം അഞ്ചു കഴിഞ്ഞിട്ടും എന്തേ റസിയാത്ത ആ സത്യത്തെ ഉൾകൊള്ളാത്തത്...?
ഒരിക്കലും തിരിച്ചു വരാത്തിടത്തേക്കാണ് അവരുടെ ഭർത്താവ് പോയിരിക്കുന്നത് എന്ന് അറിയാതെ തന്റെ ഇക്ക ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ആ പാവം...
ബസ്റ്റോപ്പിലേക്കുള്ള നടത്തതിനിടയിലും എന്റെ മനസ്സ് നിറയെ റസിയാത്തയുടെ നിഷ്കളങ്കമായ ചിരിയായിരുന്നു..
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് റസിയാത്താടെയും നിസാറിക്കാടെയും കല്യാണം...
ഒത്തിരി കാലം പ്രണയിച്ച് നടന്ന് വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിച്ചവരായിരുന്നു ആ ഇണക്കുരുവികൾ...
ആരും കണ്ടാൽ അസൂയപ്പെട്ട് പോയിരുന്ന ജീവിതമായിരുന്നു അവരുടേത്..
ഉമ്മയില്ലാത്ത റസിയാത്താക്ക് ഉപ്പയായിരുന്നു എല്ലാം...
തന്റെ മകളുടെ ഏതൊരാഗ്രഹത്തിനും കൂടെ നിന്നിരുന്ന ആ ഉപ്പയുടെ മോളായി ജനിച്ചതിൽ റസിയാത്ത ഭാഗ്യം ചെയ്തവളാണെന്ന് അച്ഛമ്മ എപ്പോഴും പറയുന്നത് ഞാൻ എത്രയോ തവണ കേട്ടിട്ടുണ്ട്...
കല്യാണം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുന്നേ ഗൾഫിലേക്ക് പോകാനുള്ള ഒരവസരം വന്നപ്പോൾ തന്റെ നല്ല പാതിയെ നാട്ടിൽ തനിച്ചാക്കി മരുഭൂമിയിലേക്ക് വിമാനം കയറിയതാണ് നിസാറിക്ക...
അവിടുത്ത സാഹചര്യങ്ങളുമായി ഒരു വിധം പൊരുത്തപ്പെട്ടു വരുമ്പോഴാണ് താൻ ഓടിച്ചിരുന്ന വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞത്...
പോലീസ് എത്തി ഹോസ്പിറ്റലിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു...
അവരുടെ ബോഡി നാട്ടിലേക്ക് കൊണ്ടുവന്ന സമയത്ത്
എല്ലാവരും കരയുമ്പോൾ പൊട്ടിച്ചിരിക്കുന്ന റസിയാത്തയുടെ മുഖം ഇന്നും എന്റെ ഓർമ്മയിൽ മായാതെ തെളിഞ്ഞ് നിൽക്കുന്നുണ്ട്...
താൻ പ്രാണനേക്കാളധികം സ്നേഹിച്ച പൊന്നിക്കാക്കയുടെ മരണ വാർത്തയറിഞ്ഞ അന്ന് തൊട്ട് ഇന്ന് വരെ അവരുടെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല...
എല്ലാം കണ്ടും കേട്ടും മനസ്സ് വേദനിക്കുന്നൊരു ഹൃദയമുണ്ടായിരുന്നു ആ വീട്ടിൽ...
അവരുടെ ഉപ്പ... തന്റെ മകളൊന്ന് പൊട്ടിക്കരയാൻ വേണ്ടി ദെെവത്തോട് മനം നൊന്ത് പ്രാർത്ഥിച്ചിരുന്ന ആ ഉപ്പയുടെ പ്രാർത്ഥന ഇതുവരെ ദെെവം കേട്ടിട്ടില്ല...
മകളുടെ മാനസിക നില ശരിയാക്കിയെടുക്കാൻ തന്നാൽ കഴിഞ്ഞിരുന്ന എല്ലാ ചികിത്സയും ചെയ്തതുമാണ്...
പക്ഷേ ഒന്നും ഫലിച്ചില്ലെന്ന് മാത്രമല്ല നിസാർക്ക ഗൾഫിൽ നിന്ന് വരുന്ന നാളുകളെണ്ണി കാത്തിരിക്കുകയാണ് ആ പാവം...
ഭ്രാന്തിയെന്ന് നാട്ടുകാർ അവരെ മുദ്ര കുത്തിയപ്പോഴും തന്റെ മകളുടെ ഒരിക്കലും നടക്കാത്ത പ്രതീക്ഷക്ക് കൂട്ടു നിൽക്കുന്ന ആ ഉപ്പയുടെ ദയനീയവസ്ഥ കണ്ടു നിൽക്കാൻ കഴിഞ്ഞിരുന്നില്ല...
തീരെ നിവൃത്തിയില്ലാതായപ്പോഴാവും ഇങ്ങനൊരു നുണ അവരോട് പറഞ്ഞിട്ടുണ്ടാവുക..
കോളേജ് വിട്ടു വരുന്ന വഴിക്ക് നാണിത്തള്ളയുടെ കടയിൽ നിന്ന് അഞ്ചു മുഴം മുല്ലപ്പൂവും പൊതിഞ്ഞ് വാങ്ങി നേരെ റസിയാത്താടെ വീടും ലക്ഷ്യമാക്കി ധൃതിയിൽ നടന്നു...
ആ വലിയ വീടിന്റെ പടി കയറുമ്പോൾ ഉള്ളിലൊരു വിങ്ങലായിരുന്നു...
വാതിൽ തുറന്നിട്ടത് കണ്ട് ഉള്ളിലേക്ക് കയറിച്ചെന്നപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് അണിഞ്ഞൊരുങ്ങുകയാണ് അവർ...
ദെെവമേ... മനസ്സിനെ പിടിച്ചാൽ കിട്ടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അവരെ വിളിച്ചു...
''റസിയാത്താ...''
''ആഹ... ഇയ്യ് വന്നോ...? മുല്ലപ്പൂവ് കിട്ടിയില്ലേ...? ഇൗ സാരി എങ്ങനുണ്ട്...?
മോൾക്കിഷ്ടായില്ലേ...?
ഇക്കാക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളറാണ് നീല..
ഇനി മുല്ലപ്പൂവ് കൂടി വെച്ചാൽ ഇക്കാക്ക് ഒരുപാടിഷ്ടാവും അല്ലേ ശ്രുതീ...?''
''ഉം''
ഒന്നും പറയാനില്ലാത്തോണ്ടായിരുന്നു വെറുമൊരു മൂളലിൽ ഒതുക്കിയത്...
ശരിക്കും ഒരു കല്യാണപ്പെണ്ണ് അണിഞ്ഞൊരുങ്ങി നിൽക്കുന്നതു പോലേയുള്ള ആ നിൽപ് അധിക നേരം നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല...
''വീട്ടില് അന്വേഷിക്കുന്നുണ്ടാവും.. ഞാൻ പോവാ ഇത്താ... നാളെ കാണാം...'' എന്നു അവരോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ റോഡിലേക്ക് കണ്ണും നട്ടിരിക്കുന്ന ഉപ്പയെ ഞാൻ കണ്ടത്...
''ഉപ്പാ...''
''ആ .. മോളോ... ക്ലാസ്സ് കഴിഞ്ഞോ...?''
''ഉം.. എന്താണുപ്പാ ഇതൊക്കെ...? റസിയാത്താടെ ഒരുക്കം കണ്ടില്ലേ ഇങ്ങള്... എന്തിനാ അവരോട് ഇങ്ങനൊരു നുണ പറഞ്ഞത്..?''
എന്റെ ചോദ്യം കേട്ട് ഇരിക്കുന്നിടത്തു നിന്നും എണീറ്റ് വന്ന് എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു...
''മോളേ.. ഞാനൊരു ഉപ്പയാണ്... ഒരു വാപ്പയും തന്റെ മകളെ ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല...
എന്റെ മകളൊന്ന് പൊട്ടിക്കരയുന്നത് കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാണ് ഞാൻ...
അത് വരെ പടച്ചോൻ എന്റെ റൂഹെടുക്കരുതെന്ന് അഞ്ചു നേരവും നിസ്കാരപ്പായയിലിരുന്ന് കരഞ്ഞു പ്രാർത്ഥിക്കുന്നുമുണ്ട്...
ദിവസം ഓൾടെ ഒരിക്കലും തിരിച്ചു വരാത്ത ഇക്കാക്കാടെ വിശേഷങ്ങൾ കൊണ്ട് ഈ വീട് അവളുടെ കളി ചിരികൾ കൊണ്ട് നിറഞ്ഞിരിക്കാണ്...
ഇന്ന് വരും നാളെ വരും അന്റെ ഇക്കാക്ക എന്ന് പറഞ്ഞ് ഞാൻ മടുത്തു...
ഇന്നത്തെ ഈ ഒരുക്കത്തിനുള്ള കാരണവും ഞാൻ തന്നെയാണ്...
ഞാൻ പറഞ്ഞിട്ടാണ് അവളിങ്ങനെ അണിഞ്ഞൊരുങ്ങുന്നത്...
ഇന്നൊരു ദിവസം ഇരുട്ടി വെളുത്താൽ എന്താവുമെന്ന് ഒരു പിടിയും ഇല്ല...
ഈ രാത്രി പുലരാതിരുന്നെങ്കിൽ ആഗ്രഹിച്ചു പോവാണ് മോളേ ഞാൻ...''
ഇത്രയും പറഞ്ഞ് കണ്ണുകൾ തുടച്ച് അവർ അകത്തേക്ക് പോയി...
അത്രയും നേരം കടിച്ചു പിടിച്ചിരുന്ന എന്റെ സങ്കടം അണപൊട്ടിയൊഴുകി... ഒരിക്കലും തിരിച്ചു വരാത്ത തന്റെ മാരനു വേണ്ടിയുള്ള കാത്തിരിപ്പ് എന്നാണ് ഒന്ന് അവസാനിക്കുക...!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot