Slider

നഷ്ടപ്പെട്ട ഹൃദയം

0
നഷ്ടപ്പെട്ട ഹൃദയം
------------------------------
പ്രിയമുള്ളവനേ..
എവിടെയാണ് നീ..?
എന്തിനാണ് നീയെന്നെ തനിച്ചാക്കിയത്?
നീ എന്നെ വിട്ടു പോയതിനു ശേഷം
എൻ്റെ ഹൃദയം എവിടെയോ നഷ്ടമായിരിക്കുന്നു..
അത് തിരഞ്ഞു ഞാൻ എത്തിയത് വെെകുന്നേരങ്ങളിൽ നമ്മളെപ്പോഴും പോകാറുള്ള പുഴയോരത്തെ പാർക്കിലാണ്..
നമ്മൾ തോളുരുമ്മി ചേർന്നിരിക്കാറുള്ള ആ സിമൻ്റ് ബെഞ്ചിൽ പുഴയിലേക്ക് മിഴികൾ ഞാൻ തനിച്ചിരുന്നു..
പുഴയിലെ കുളിരുമായി എൻ്റെ മുടിയിഴകളെ തലോടാനെത്തിയ കാറ്റ്, ചെവിയ്ക്കടുത്തെത്തിയപ്പോൾ പതിയെ ചോദിച്ചു ..
'''എവിടെ നിൻ്റെ പ്രിയൻ''?
ഉത്തരം കൊടുക്കാനാവാത്തതിനാൽ ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് നടന്നു..
കാരണം എനിക്കറിയില്ലല്ലോ നീ എവിടെയാണെന്ന്..
പിന്നീട് ഞാൻ ചെന്നത് ആ കുന്നിൻ ചരിവിലേക്കാണ്.. നീ ഓർക്കുന്നില്ലേ.. കെെകൾ കോർത്തു പിടിച്ചു നാം പോകാറുള്ള ആ സ്ഥലം..?
അവിടെ എപ്പോഴും കൊക്കുരുമ്മിയിരിക്കാറുള്ള ആ ഇണക്കുരുവികളില്ലേ.. അവ ഇന്നും അവിടെയുണ്ടായിരുന്നു..
എന്നെ തനിച്ചു കണ്ടതിനാലാവണം രണ്ടുപേരും പെട്ടെന്ന് സ്നേഹപ്രകടനങ്ങൾ നിർത്തിയിട്ട് ചുറ്റും നോക്കി.. അവർ നിന്നെ തിരയുകയായിരുന്നു.. കാണാത്തതിനാലാവണം പിന്നെയവർ എൻ്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ ഉറ്റു നോക്കി..
അവരുടെ ചോദ്യം നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തിക്കളഞ്ഞു..
പിന്നെയും മുൻപോട്ട് നടന്നു ഞാൻ എത്തിയത് നിറയെ പൂക്കളുള്ള ആ വലിയ വാകമരച്ചുവട്ടിലാണ്.. അവിടെ വെച്ചാണല്ലോ നീയെന്നെ ആദ്യമായി ചുംബിച്ചത്..
അന്ന് ഒളികണ്ണാലേ നോക്കി കളിയാക്കി ചിരിച്ച അണ്ണാറക്കണ്ണൻ എന്നെ കണ്ടപ്പോൾ താഴേക്ക് ചാടി വന്നു.. അവനും നിന്നെ അന്വേഷിക്കുകയായിരുന്നു..
പിന്നെ എനിക്ക് അവിടെ നിൽക്കാനായില്ല..
ഞാൻ ഉടനെ അമ്പലത്തിലേക്ക് നടന്നു..
നീ എന്നെ കാത്തു നിൽക്കാറുണ്ടായിരുന്ന ആൽത്തറയ്ക്കരികിൽ ഞാൻ ചെന്നു നോക്കി.. എൻ്റെ ഹൃദയം അവിടെയെങ്കിലും വീണു കിടപ്പുണ്ടോയെന്ന്..
പക്ഷേ അവിടെയും എനിക്കത് കണ്ടെത്താനായില്ല..
അവിടെ നിന്നും ഞാൻ ഇറങ്ങിയത് മഞ്ഞ കോളാമ്പി പൂക്കൾ തലയാട്ടി നിൽക്കുന്ന ആ നാട്ടു വഴിയിലേക്കായിരുന്നു..
അതിലൂടെ ഞാൻ നടന്നപ്പോൾ ആ കോളാമ്പി പൂക്കളും നിന്നെ തിരക്കി.. കാരണം അവിടെ വെച്ച് ആ പൂക്കൾ പറിച്ച് എൻ്റെ മുടിയിൽ തിരുകി നീയെന്നെ ചൊടിപ്പിക്കാറുണ്ടായിരുന്നല്ലോ..
അവിടെയും എൻ്റെ ഹൃദയം കണ്ടു കിട്ടാത്തതിനാൽ ഞാൻ കടൽക്കരയിലേക്ക് പോയി.. അതായിരുന്നല്ലോ നിനക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം.. ആ മണലിലൂടെ ഞാൻ വെറുതേ നടന്നു..
അപ്പോൾ തിരമാല വന്ന് എൻ്റെ കാലിൽ തൊട്ടുകൊണ്ട് ചോദിച്ചു ..
''എന്തേ നീ തനിച്ചു വന്നത്''?
ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നപ്പോൾ അസ്തമയ സൂര്യൻ കടലിൽ അലിഞ്ഞു ചേരാൻ തുടങ്ങിയിരുന്നു..
എന്നിട്ടും എനിക്ക് എൻ്റെ ഹൃദയം കണ്ടെത്തൊനായില്ല..
അപ്പോഴാണ് ഞാൻ ഓർത്തത്.. എൻ്റെ ഹൃദയം നിൻ്റെടുത്താണല്ലോ എന്ന്..
അതും കൊണ്ടാണല്ലോ നീ പൊയ്ക്കളഞ്ഞത്..
എൻ്റെ ഹൃദയവുമായി നീ തിരികെ വരുന്നതു വരെ ഞാനിങ്ങനെ അലഞ്ഞു കൊണ്ടേയിരിക്കും..
നമ്മളൊരുമിച്ച് നടന്നു പോയിരുന്ന വഴികളിലൂടെയൊക്കെ ഞാൻ തനിച്ചു നടന്നു കൊണ്ടേയിരിക്കും...
തിരികെ വരുമോ നീ എന്നെങ്കിലും? അതോ എൻ്റെ ഹൃദയം നീ വല്ലിടത്തും ഉപേക്ഷിച്ചുവോ?..
അങ്ങനെയെങ്കിൽ ഹൃദയമില്ലാതെ നീറി നീറി ഞാൻ ഇല്ലാതെയാകും..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo