നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രഹേളിക


പ്രഹേളിക
--------
നീ യൂക്കാലിയിലകൾ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ വൈദേഹി? രുദ്രൻ മുഖമുയർത്തി ചോദിച്ചു. മുഖത്ത് തെളിഞ്ഞ ആശ്ചര്യം മറയ്‌ക്കാതെ തന്നെ ഇല്ല എന്ന് അവൾ മറുപടിയും പറഞ്ഞു.
വാ പെണ്ണെ, നിനക്ക് ഞാൻ കേൾപ്പിച്ചു തരാം, നീയത് കേൾക്കണം. അത്രമേൽ മനോഹരമാണത്!! വൈദേഹിയുടെ കൈ പിടിച്ച് ദൃശ്യയുടെ ഒന്നാം നിലയിറങ്ങി രുദ്രൻ ഓടുകയായിരുന്നു. കിൻഫ്രയുടെയുള്ളിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെയിടയിൽ വൈദേഹിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞപ്പൂക്കൾ വിരിയുന്ന ആ മരത്തിന് താഴെയെത്തിയപ്പോളേക്കും അവൾ തളർന്നിരുന്നു.
രുദ്രാ!! എനിക്കാവില്ലയിനിയോടാൻ, Give me a moment. വൈദേഹി പറഞ്ഞു. രുദ്രൻ കാൽമുട്ടിൽ കൈകൾ വെച്ച് കുനിഞ്ഞു നിന്ന് അണക്കുന്നുണ്ടായിരുന്നു.
വൈദേ, വേഗം വാ, സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ യൂക്കാലിയിലകളെ കേൾക്കണം അല്ലെങ്കിൽ അവ ഉറക്കത്തിലിറങ്ങും. ഇന്നുറങ്ങുന്ന ഇലകൾ നാളെയെഴുന്നേൽക്കില്ല, പിന്നീടൊരിക്കലും അവ സംസാരിക്കില്ല. ജീവനും മരണത്തിനുമിടയിലുള്ള നൂൽപ്പാലമാണ് അവർക്കീ വെയിലൊളിക്കാൻ തുടങ്ങുന്ന വൈകുന്നേരങ്ങൾ. ആശ്ചര്യത്തോടെ വൈദേഹി എല്ലാം കേട്ടിരുന്നു. എന്നിട്ട് ചെറിയൊരു ചിരിയോടെ ചോദിച്ചു.
രുദ്രാ ആരാ നിനക്കീ കെട്ടുകഥകളൊക്കെ പറഞ്ഞു തന്നത്? യൂക്കാലിയിലകൾ രാത്രിയിൽ മരിക്കും പോലും!! അവറ്റകൾ മരിക്കുമ്പോളല്ലേ നിലത്ത് വീഴുന്നത്? എന്നിട്ടും കെട്ടുകഥകൾ വിശ്വസിക്കാൻ നിനക്കെങ്ങനെ കഴിയുന്നു?
വൈദേ എനിക്കീ കഥ പറഞ്ഞു തന്നത് അമ്മയാണ്. അതുകൊണ്ട് അതങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പൊഴിയുന്ന ഇലകൾ പ്രണയിച്ചും കലഹിച്ചും മണ്ണിൽ കിടക്കുമത്രേ വെളിച്ചം ചായുന്ന ഏതോ നാഴികയിൽ മരണത്തിന്റെ വാതിൽ കടന്ന് പോകുമത്രേ!!
ഏകാന്തത മനസിനെ തളർത്തുമ്പോൾ ഞാനീ യൂക്കാലിക്കാട്ടിൽ വന്ന് കിടക്കും, മണ്ണിനോട് ചേർന്ന് കിടക്കുന്ന ഇലകളിൽ ചെവി ചേർത്താൽ എനിക്ക് ഇലകൾ പരിഭവവും, പ്രണയവും, വിരഹവും, സ്നേഹവും പങ്കിടുന്നത് കേൾക്കാം.
ഇരുട്ട് വീണ് തുടങ്ങുമ്പോൾ പ്രണയിനിയെ തനിച്ചാക്കി ഏതോ ഒരില യാത്ര പറയുമ്പോളുയരുന്ന ഏങ്ങലടി കേൾക്കാം. നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡം ഇറക്കി വെച്ച് ആ ഇലയുടെ പ്രണയിനിയും യാത്രയാവുമ്പോൾ അവരുടെ സ്വപ്നങ്ങളിൽ ഒരുനാൾ കൊണ്ട് ഗർഭം ധരിച്ച് പ്രസവിക്കപ്പെടാതെ പോകുന്ന ചാപിള്ളകളുടെ കരച്ചിൽ കേൾക്കാം.
രുദ്രാ നിനക്ക് ഭ്രാന്താണ്, അത് കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത് നിനക്ക്.
വൈദേ നീ മുകളിലേക്ക് നോക്കൂ, കുറച്ച് മുമ്പ് വരെയുണ്ടായിരുന്ന മഞ്ഞപ്പൂക്കൾ ഇപ്പോൾ ചുവപ്പായിരിക്കുന്നത് കണ്ടോ നീ? എന്നിട്ട് പറ എനിക്ക് ഭ്രാന്താണോ എന്ന്.. വൈദേഹി മുകളിലേക്ക് നോക്കി, ചുവന്നിരിക്കുന്ന പൂക്കൾ കണ്ട് അന്താളിച്ച് രുദ്രനെ നോക്കി നമുക്ക് യൂക്കാലിയിലകളെ കേൾക്കാൻ പോകാമെന്ന് പറഞ്ഞെഴുന്നേറ്റു.
കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു വീണയിലകളിൽ അവരുടെ കാലുകൾ പതിയുമ്പോൾ ഉണങ്ങാത്ത ഇലയസ്ഥികൾ ഒടിയുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് ദൂരെയായി ഒറ്റക്ക് നിൽക്കുന്ന പ്രായം കൂടിയൊരു യൂക്കാലി മരത്തെ ചൂണ്ടിക്കാണിച്ച്‌ രുദ്രൻ അങ്ങോട്ട് നടന്നു. ചെറുവിരലിൽ ചെറുവിരൽ കോർത്ത്‌ പിടിച്ച് വൈദേഹിയും.
ആ യൂക്കാലിയുടെ അരികിൽ അവർ എത്തിയപ്പോൾ വൈദേഹിയുടെ കൈയിൽ നിന്ന് വിട്ട് രുദ്രൻ കമിഴ്ന്നു കിടന്നു. വൈദേ വേഗം കിടക്ക്, അടുത്ത നാഴിക പുലരാൻ ബാക്കിയില്ലാത്ത ഒരു ഇല കാമുകനോട് കൊഞ്ചുന്നത് കേൾക്കാം.
" പ്രിയനേ, കാരണം കണ്ടെത്താൻ കഴിയാത്ത സന്തോഷം കൊണ്ട് മനസ്സാകെ നിറയുന്നു, നമ്മൾ കോർത്ത്‌ പിടിച്ചിരിക്കുന്ന ഈ കൈകൾ എന്നുമിങ്ങനെയുണ്ടാവും അല്ലെ? നീയില്ലാതെയെനിക്ക് ജീവിക്കാനാവില്ലെന്ന് തോന്നുന്നു. "
"പ്രിയപ്പെട്ടവളെ നിന്നെ തനിച്ചാക്കി ഞാനൊരിക്കലും എങ്ങും പോ........." പറഞ്ഞു തീർക്കാൻ അനുവദിക്കാതെ സൂര്യൻ മറഞ്ഞു തുടങ്ങിയിരുന്നു. നീണ്ടയൊരു ഏങ്ങലടിയുടെ അവസാനം ആ പ്രണയിനിയും മരണത്തിന്റെ കയത്തിലേക്ക് താണ് പോയി.
രുദ്രാ, ഞാൻ കേട്ടു, അവരുടെ പ്രണയം ഞാൻ കണ്ടു. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് വൈദേഹിയത് പറയുമ്പോൾ രുദ്രൻ ഒന്നും പറയാതെ കമിഴ്ന്ന് കിടന്നു.
എത്ര മനോഹരമാണല്ലേ രുദ്രാ അവരുടെ പ്രണയം? ഒരു പകലിന്റെ ദൂരം പോലുമില്ലാത്ത ജീവിതത്തിൽ പ്രണയം നിറച്ച് ഒന്നുമറിയാതെ മരണത്തെ സ്വീകരിക്കുന്നവർ. ഇതൊന്നും കെട്ടുകഥകളല്ല രുദ്രാ, അങ്ങനെ കരുതിയ ഞാനാണ് സത്യത്തിൽ ഭ്രാന്തി.
രുദ്രൻ പതിയെ താടിയുയർത്തി അവളെ നോക്കി ചിരിച്ചു. എന്നിട്ട് ആ ചിരി മായാതെ തന്നെ പറഞ്ഞു.
"വൈദേ, മരണം വിരുന്നു വിളിക്കുന്നത് വരെ നീയെന്റെ കൂടെക്കാണുമോ? പ്രപഞ്ചത്തിലെ പ്രണയത്തെ മുഴുവൻ സാക്ഷിയാക്കി രുദ്രൻ ജോൺ വൈദേഹി വാര്യരോട് ചോദിക്കുന്നു Will you marry me, can you happily tolerate my insanity for the rest of your life?"
അതെ കിടപ്പിൽ കിടന്നു കൊണ്ട് തന്നെ വൈദേഹി നിറമിഴികളോടെ സമ്മതം പറഞ്ഞു.
വൈദേ, എന്റെ കൈയിൽ കോർത്ത് പിടിച്ച് മണ്ണിനോട് ചെവി ചേർത്ത് ശ്രദ്ധിച്ച് കേൾക്കൂ യൂക്കാലിയിലകൾ പ്രണയത്തെ കുറിച്ച് കവിത പാടുന്നത് കേൾക്കാം. വെള്ളം വലിഞ്ഞുണങ്ങാൻ തുടങ്ങുന്ന ഞരമ്പുകളിൽ പ്രണയത്തിന്റെ നോവുകൾ പെയ്തൊഴിയുന്നത് കേൾക്കാം.
എത്ര നേരമെങ്ങനെ അവർ കിടന്നു എന്നറിയില്ല, അത്രയും നേരം അവർ പ്രണയത്തിന്റെ ലോകത്ത് പറന്നു നടക്കുന്ന ശലഭങ്ങളായിരുന്നു.
പെട്ടെന്നെഴുന്നേറ്റ രുദ്രൻ വൈദേഹിയെ വിളിച്ചെഴുന്നേല്പിച്ചു പോകാമെന്നു പറഞ്ഞത് കേട്ട് കണ്ണ് തുറന്നപ്പോൾ ആരൊക്കെയോ അവളെ കുലുക്കി വിളിക്കുന്നുണ്ടായിരുന്നു.
വൈദേ, നിന്നെ ഞങ്ങൾ എവിടെയൊക്കെ തിരഞ്ഞു!! നീയിവിടെ വന്നു കിടക്കുകയാണോ? ആരുമില്ലാതെ ഈ കാട്ടിൽ കിടക്കാൻ പേടിയില്ലേ വൈദേ നിനക്ക്? ആരാ നിന്റെ നെറ്റിയിൽ സിന്ദൂരമിട്ടത് ?? കണ്ണുകൾ തുടച്ചു കൊണ്ട് വൈദേഹി മറുപടി പറഞ്ഞു.
ഞാനിവിടെയൊറ്റക്ക് അല്ലല്ലോ എന്റെ രുദ്രനും അവന്റെ ഭ്രാന്തുകളും പിന്നെ പ്രണയത്തിന്റെ കാവൽ മാലാഖമാരായ യൂക്കാലിയിലകളുമുണ്ടല്ലോ!! സിന്ദൂരം, അതെന്റെ രുദ്രന്റെ കൈവിരലുകൾ മുറിഞ്ഞൊഴുകിയ ചോരയിൽ അണിയിച്ചതാണ് !!
ഇവളെന്തൊക്കെ ഭ്രാന്തുകളാണീ പറയുന്നത്. വൈദേ എണീറ്റ്‌ വാ അവിടെ പരുപാടി തുടങ്ങി. തീവ്രമായ പ്രണയം നിറഞ്ഞ കണ്ണുകളിൽ കിനിഞ്ഞിറങ്ങിയ ജലകണം വീണ്ടും തുടച്ച്‌ വൈദേഹി അവരുടെയൊപ്പം നടന്നു.
ആ വലിയ ഹാളിൽ വലിയൊരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. ഈ വർഷത്തെ പെർഫോമൻസ് അവാർഡ് സമ്മാനിക്കുന്ന ദിവസമാണിന്ന്. പ്രകാശം നിറഞ്ഞ ആ മുറിയിൽ നിന്ന് അവതാരിക
ഈ വർഷത്തെ " ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ " അവാർഡ് ഗോസ് റ്റു എന്ന് പറഞ്ഞപ്പോളേക്കും ആ നീണ്ട ഹാളിന്റെ അങ്ങേയറ്റത്ത് വലിയ സ്‌ക്രീനിൽ രുദ്രൻ ജോണിന്റെ ചിരിച്ച് നിൽക്കുന്നൊരു ചിത്രം തെളിഞ്ഞു. അടുത്തതായി തെളിഞ്ഞ യൂക്കാലിയിലകളുടെ നടുവിൽ നിൽക്കുന്ന രുദ്രന്റെ ചിത്രത്തിന് താഴെ
" Bon voyage tree lover, we won't miss you until the eucalyptus are alive " എന്നെഴുതിയിരുന്നു .
നീണ്ട നിശ്ശബ്ദതക്ക് ശേഷം അവാർഡ് സ്വീകരിക്കുന്നതിനായി വൈദേഹിയെ ക്ഷണിക്കുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണീരു കൊണ്ട് മുറിവേറ്റവൾ ആ ചുവന്ന പരവതാനിയെ കടന്നു നടക്കാൻ തുടങ്ങി.
ഒരു വാക്ക് പോലും പറയാതെ വൈദേഹി അവാർഡ് വാങ്ങി തിരിച്ച് നടന്നപ്പോൾ ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്ന് യൂക്കാലിയിലകൾ വെറുതെ പൊഴിഞ്ഞിരുന്നു.
ഫിബിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot