നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

**** ജേക്കബ് തരകന്റെ മകൻ ഏലിയാസ് തരകൻ ***** (ഭാഗം എട്ട്)

**** ജേക്കബ് തരകന്റെ മകൻ ഏലിയാസ് തരകൻ *****
(ഭാഗം എട്ട്)
നാലുവർഷങ്ങൾ വളരെ വേഗം പിന്നിട്ടെന്നു ഏലിയാസിനു തോന്നി നാലുർഷത്തിനിടയിൽ മൂന്നു സ്ഥലം മാറ്റങ്ങൾ... തലശ്ശേരിയിലേക്കാണാദ്യം കിട്ടിയത് സബ് കളക്ടറായി അവിടെ രണ്ട് വർഷം മികച്ച രീതിയിൽ സേവനം ചെയ്യവെ പട്ടാമ്പിയിലേക്ക് ആർ ഡി ഒ ആയി ഒരുപാടു കാര്യങ്ങൾ ചെയ്തു തീർത്തെന്ന ചാരിതാർത്ഥ്യത്തോടെ തിരൂരങ്ങാടിയിൽ എ ഡി എം ആയി ഒരു വർഷം.. ജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി അവിടെ നിന്നും കോട്ടയം ജില്ലാ കളക്ടർ ആയി പ്രമോഷനോടുകൂടിയ ട്രാൻസ്ഫർ. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം തിരുവനന്തപുരം ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും ഒപ്പിട്ടു വാങ്ങുമ്പോൾ അവന്റെ കൈയ്കൾ വിറച്ചിരുന്നു. സബ് കളക്ടർ ആയി ചുമതലയേറ്റ നാൾ തുടങ്ങിയുള്ള ആഗ്രഹമായിരുന്നു കളക്ടർ ആയാൽ അത് തന്റെ ജന്മനാട്ടിൽത്തന്നെ ആവണമെന്ന്. അത് തന്റെ ആഗ്രഹം പോലെ സാധിച്ചു.മൂന്നു ദിവസത്തെ അവധിയും വാങ്ങി കളക്ടർ അധികാരം സ്വീകരിക്കുന്നതു വരെ ജില്ല മജിസ്ട്രേട്ടിന്റെ അധിക ചുമതല ചീഫ് സെക്രട്ടറി എ ഡി എം ന് നൽകിയിരുന്നു. നേരെ തിരൂരങ്ങാടിയിലെത്തി. തന്റെ ഒദ്യോധികവസതി ഒഴിഞ്ഞു. മടിക്കേരിയിലേക്ക് വിളിച്ച് അപ്പാജിയോടും, അമ്മയോടും,ചിന്നപ്പ ഗൗഡരോടും വിളിച്ചു തന്റെ സന്തോഷ വാർത്ത അറിയിച്ചു. അവരോടെല്ലാവരോടും താൻ കളക്ടറായി ചുമതലയേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ എത്തണമെന്നും അറിയിച്ചു. എല്ലാവർക്കും സന്തോഷമായി.തന്റെ ബന്ധുക്കളെക്കുറിച്ച് അന്വഷിക്കുന്നതിനും, അമ്മയുടെ കല്ലറയിൽ പ്രാർത്ഥിക്കുന്നതിനും അടുത്ത രണ്ടു ദിവസങ്ങൾ ചിലവഴിക്കാൻ തീരുമാനിച്ചുകൊണ്ടവൻ അന്നു രാത്രി പ രപ്പനങ്ങാടിയിൽ നിന്ന് കോട്ടയത്തേക്കു ട്രൈയിൻ കയറി.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവൻ പഴയ കൗമാരക്കാരനായ ഏലിയാസായി മാറി. ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിനുള്ളിലെ ടിക്കറ്റ് കൗണ്ടറിലെ തിരക്കിനിടയിൽ ക്യൂ നിന്ന് മറിയമ്മച്ചി നൽകിയ പഴയ അഞ്ചിന്റേയും, രണ്ടിന്റേയും, ഒന്നിന്റേയും, പത്തിന്റേയും നോട്ടുകളെണ്ണിയതും തികയാതെ വന്നപ്പോൾ ചില്ലറ പെറുക്കിക്കൊടുത്തതും ഓർമ്മകളിൽ നിറഞ്ഞു. അപ്പോൾ മറിയമ്മച്ചിയേയും ,കേശു നായരേയും ഓർമ്മ വന്നു രണ്ടു പേരും തന്നെ സ്നേഹിച്ചിരുന്നു അവരെ കാണണമെന്ന ആഗ്രഹം അവനുണ്ടായി. സ്റ്റേഷന്റെ പുറത്ത് കടന്നപ്പോഴേക്കും വണ്ടികളുടെ തിരക്ക് ഓട്ടോറിക്ഷ വിളിച്ചു ഗവർമെന്റ് സ്റ്റാന്റിലേക്കുപോയി. അവിടെ നിന്നും ആനവണ്ടി കയറി രാമപുരത്തേക്കു യാത്രയായി.ചെറുപ്പത്തിൽ പല പ്രാവിശ്യം വന്നിട്ടുണ്ടെങ്കിലും പതിനൊന്നു വർഷങ്ങൾ അവനിൽ വരുത്തിയ മാറ്റങ്ങൾപ്പോലെ കോട്ടയവും ഒരുപാട് വളർന്നു വലിയ നഗരമായിരിക്കുന്നു. ബസ് അവനേയും കൊണ്ട് കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. സീറ്റിന്റെ സൈഡിലെ ടാർപ്പായ മെല്ലെ ചുരുട്ടി മുകളിൽ തൂക്കി.പുറത്തു നിന്നും തണുത്ത കാറ്റ് ശക്തിയിൽ ബസ്സിനകത്തേക്ക് കയറിക്കൊണ്ടിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ തണുക്കാൻ തുടങ്ങി ടാർപ്പായ താഴ്ത്തി മെല്ലെ കണ്ണുകളടച്ച് സീറ്റിൽ ചാരിയിരുന്നു ദീർഘശ്വാസമെടുത്തു പതിയെ അവന്റെ കണ്ണുകളിൽ നിദ്രയുടെ കരസ്പർശം പതിഞ്ഞു. കണ്ടക്ടർ തട്ടിയുണർത്തിയപ്പോഴാണ് ഞെട്ടിയെണീറ്റത് കടവായിലൂടെ ഒലിച്ചിറങ്ങിയ 'ഈത്ത 'പുറംകൈ കൊണ്ട് തുടച്ചു കൊണ്ടവൻ ചോദിച്ചു.
"രാമപുരമെത്തിയോ...?"
കണ്ടക്ടർ തലയാട്ടിക്കൊണ്ട് എത്തി എന്നറിയിച്ചു. സമയം എന്തായെന്ന് വാച്ചിൽ നോക്കിയപ്പോൾ ആറു മണി മെല്ലെ പുറത്തിറങ്ങി എൻക്വയറി കൗണ്ടറിൽ ചെന്ന് നോക്കിയപ്പോൾ അവിടെ ആരുമില്ല രാവിലെ ട്രിപ്പിനു പോകുന്ന 'പാല - കൂത്താട്ടുകുളം, കുനിഞ്ഞി- മറിക- വഴിത്തല, തൊടുപുഴ- മൂലമറ്റം, എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളിലെ കണ്ടക്ടർമാർ വിളിച്ചു പറഞ്ഞ് ആളുകളെ കയറ്റുന്നു. ലോട്ടറി വിൽപ്പനക്കാരും പത്രവിതരണക്കാരും തട്ടുകടക്കാരും, പൂക്കച്ചവടക്കാരും അവരുടെ കച്ചവടത്തിന് തിരക്ക് കൂട്ടുന്നു.രാമപുരം തിരക്കിന്റെ ലോകത്തേക്ക് കുതിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതോ തോട്ടത്തിൽ പണിയെടുക്കുന്ന തമിഴൻമാരായ തൊഴിലാളികൾ അവരുടെ പണിയായുധങ്ങളുമായി ചുറ്റും കൂടിയിരുന്നു സൊറപറയുന്നു അങ്ങനെ നീണ്ടുപോകുന്ന നിത്യ കാഴ്ചകൾ കണ്ട് ഏലിയാസ് ബസ്റ്റാന്റ് മുഴുവൻ കറങ്ങി. രാമപുരവും വികസനത്തിന്റെ പാതയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. കൃഷിയുടെ വരുമാനത്തിലൂടെ മാത്രമല്ലെന്നും വിദേശ പണത്തിന്റെ ഒഴുക്കുകൂടിയുണ്ടെന്നും മനസ്സിലായി. അടുത്തു കണ്ട പെട്ടിക്കടക്കാരനോട് ഒരു ചായ വാങ്ങിക്കുടിച്ചു. പൂക്കടയിൽ കയറി ഒരു നല്ല റീത്തും പൂക്കളും വാങ്ങിയിട്ടവൻ ബസ്റ്റാന്റിന് പുറത്തു് കടന്നു സിറ്റി ലക്ഷ്യമാക്കിയവൻ നടന്നു. അടുത്തുകണ്ട പ്രഭാത് ലോഡ്ജിൽ കയറി ഒരു റൂം ബുക്കുചെയ്തു അവന്റെ കൈയ്യിലെ ചെറിയ ബാഗ് വാങ്ങിപ്പിടിച്ചു കൊണ്ട് തമിഴ്നാട് സ്വദേശിയായ റൂം 'ബോയ് സറ്റെയർകേസിന്റെ നേരേ നടന്നു അവനെ പിന്തുടർന്നു. റൂമിന്റെ മുന്നിലെത്തിയപ്പോൾ ഏലിയാസിന്റെ കൈകളിലേക്ക് ബാഗ് കൊടുത്തിട്ട് വാതിൽ തുറന്നുകൊടുത്തുകൊണ്ടവനോട് പറഞ്ഞു
" വാങ്കോ...ശാർ "
ഏലിയാസ് അകത്ത് കയറിയിട്ട് റൂംബോയിയുടെ നേരെ ഇരുപത് രൂപ വച്ച് നീട്ടി. അവനത് സന്തോഷത്തോടെ വാങ്ങിയിട്ട് പുറത്തിറങ്ങിവാതിലടച്ചു.പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞ് കുളിച്ചു റെഡിയായി പുറത്തിറങ്ങി വഴിയിൽ കണ്ട 'ഹോട്ടൽ മേരിമാത'യിൽ നിന്നും ഭക്ഷണം കഴിച്ചു. തൊട്ടടുത്തുള്ള പലചരക്ക് കടയിൽ നിന്നും രണ്ട് കൂട് മെഴുകുതിരിയും തീപ്പെട്ടിയും വാങ്ങിക്കൊണ്ട് തന്റെ പഴയ ഇടവക പള്ളിയായ സെയിന്റ്. അഗസ്റ്റ്യൻ ഫോറോനോ പള്ളിയിലേക്ക് പോയി. അവിടെയെത്തിയപ്പോൾ അയാൾ അത്ഭുതപ്പെട്ടു പോയി പഴയ പള്ളിയുടെ സ്ഥാനത്തിപ്പോൾ മനോഹരമായ പുതിയ പള്ളി. രാവിലേയുള്ള കുർബ്ബാന കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു രണ്ടാം കുർബ്ബാനയ്ക്കുള്ള കുട്ടികളും സൺഡേ സ്ക്കൂൾ 'അദ്ധ്യാപകരും, തൊട്ടടുത്ത അഡോറേഷൻ കോൺവെന്റിലെ സിസ്സ്റ്റേഴ്സും അവിടവിടെയായി ചിതറി നിൽക്കുന്നു. ചില വികൃതി കുട്ടികൾ പള്ളിമുറ്റത്തെ 'രാജമല്ലി' മരത്തിന്റെ കുരു കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു തിന്നുന്നു. ഏലിയാസ് പള്ളിയ്ക്കു മുന്നിൽ നിന്ന് നെറ്റിയിൽ കുരിശു വരച്ചുപിന്നീട് നേരെ സെമിത്തേരിയിലേക്കു പോയി. പന്ത്രണ്ട് വർഷത്തിനു ശേഷം തന്റെ അമ്മയുടെ കല്ലറയ്ക്കരുകിൽ നിന്നപ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകി. താൻ കാണാത്ത തന്റെയമ്മ മനസ്സിൽ വെട്ടുകാട്ടിൽ തറവാടിന്റെ പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന അമ്മയുടെ ചിത്രം തെളിഞ്ഞു. റീത്തും പൂക്കളും കല്ലറയുടെ മുകളിൽ വച്ചവൻ തിരികൾ കത്തിച്ചു പ്രാർത്ഥിച്ചു. എത്ര നേരം അവിടെ നിന്നെന്നറിയില്ല മനസിലെ ദു:ഖവും,സന്തോഷവും, പരാതിയും, പരിഭവങ്ങളും പറഞ്ഞു കഴിഞ്ഞപ്പോൾ അല്പം ആശ്വാസമായി തിരിച്ചു പള്ളിമേടയിലെത്തുമ്പോൾ രണ്ടാം കുർബ്ബാന പകുതിയാകാറായിരുന്നു. പള്ളിയിൽ കയറിയപ്പോൾ വികാരിയച്ചൻ മദ്യപാനത്തേക്കുറിച്ചും മദ്യ വർജ്ജനത്തിന്റെ ആവശ്യകതയേക്കുറിച്ചും ഘോര, ഘോരം പ്രസംഗിക്കുന്നു പുറകിലെ വരികളിൽ ഇരിക്കുന്ന ചില വയസ്സൻന്മാർ നെറ്റി ചുളിച്ചുകൊണ്ട് പരസ്പരം അടക്കം പറയുന്നു, കുടിക്കാത്തവൻമാരായ ചേട്ടന്മാരുടെ മക്കൾ കുടിക്കുന്ന ആൾക്കാരുടെ മക്കളെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു. കുട്ടികൾ തങ്ങൾക്കിത് ബാധകമല്ല എന്ന മട്ടിൽ വായും തുറന്നിരിക്കുന്നു.പ്രസംഗവും കുർബ്ബാനയും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ സമയം പതിനൊന്നരയോളം ആയിരുന്നു.ഏലിയാസ് രാമപുരം സിറ്റിയിൽക്കൂടി മെല്ലെ നടന്നു. (തുടർച്ച)
ബെന്നി ടി ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot