Slider

സായാഹ്നചിന്തകൾ

0
"സായാഹ്നചിന്തകൾ"

******
ഫോർട്ട്കൊച്ചി ബീച്ചിലെ സ്വർണ്ണനിറമുള്ള മണൽത്തരികളിൽ സൂര്യവെളിച്ചംചിതറിക്കിടന്നു.
കാലിൽവെള്ളിക്കൊലുസണിഞ്ഞ കുഞ്ഞിത്തിരകൾ കുണുങ്ങിച്ചിരിച്ചുകൊണ്ട് കരയെ തൊട്ടുതലോടി.
തലയിൽ തട്ടമിട്ട ഒരുപറ്റം പെണ്ണുങ്ങൾക്കൊപ്പം തൊപ്പി വച്ച ആൺപിറന്നോൻമാരും മുടി പറ്റെവെട്ടിയ
കൊച്ചുമിടുക്കന്മാരും കടൽക്കരയിൽ വട്ടമിട്ടിരിക്കുന്നു.
ഈ നാട്ടുകാരല്ലെന്നു ഒറ്റനോട്ടത്തിലറിയാം.
കൊച്ചി കാണാനെത്തിയവരാവാം.കുട്ടികൾ കടൽത്തീരത്തു വിരലുകളാൽ എന്തൊക്കെയോ എഴുതിയത് കടലമ്മ ഓടി വന്നു മായ്ച്ചുകൊണ്ടേയിരുന്നു. തിരകൾ ഓടി വരുമ്പോൾ പൊട്ടിചിരിച്ചുകൊണ്ട് കുട്ടികൾ ഓടി മാറി.
**************

കടലിലൂടെ ചരക്കുകളുമായി വലിയ ബാർജുകൾ ശരവേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുന്നു. മീൻ നിറച്ച ബോട്ടുകളിൽ പക്ഷിക്കൂട്ടങ്ങൾ പറന്നടുക്കുന്നു. ഫോർട്ട്കൊച്ചിയിൽനിന്നും നിറയെ യാത്രക്കാരുമായി ബോട്ടുകൾ വൈപ്പിൻ ജെട്ടിയിലേക്ക് അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു. കടൽ കരയിലേക്ക് കയറാതിരിക്കാൻ കെട്ടിയ വലിയ കരിങ്കൽഭിത്തിയിൽ ഇടയ്ക്കിടെവലിയതിരമാലകൾഅടിച്ചുകയറുന്നുണ്ട്.കടൽക്കരയിലേക്കുള്ള നടപ്പാതകളിൽ കച്ചവടക്കാർ,പാകം ചെയ്ത കടൽമൽസ്യം പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു വച്ച് ടുറിസ്റ്റുകളെയും പ്രതീക്ഷിച്ചു അക്ഷമരായി നിലകൊള്ളുന്നു.
************
ഞാൻ വാച്ചിൽ നോക്കി. മണി നാലാവുന്നതേയുള്ളു. നിരനിരയായിനിൽക്കുന്ന അക്കേഷ്യ മരങ്ങളുടെ നിഴൽ കിഴക്കോട്ടു ചാഞ്ഞിരിയ്ക്കുന്നു.എല്ലാവരും എത്തുന്ന സമയമാവുന്നതേയുള്ളു. വെയിലിന്റെ തീക്ഷ്‌ണത
കുറഞ്ഞാലേ ഫോർട്ട്കൊച്ചിക്കു ഊർജ്ജം വരൂ.ഞങ്ങളെന്നും ഒത്തുകൂടാറുള്ള സ്ഥലമാണിത്. കൊച്ചിക്കാരായ ഞങ്ങൾ രണ്ടു കിലോമീറ്ററിനുള്ളിൽ താമസക്കാരാണ്. വെക്കേഷനായാൽ മാത്രമേ എന്നും ഞങ്ങളീ കടപ്പുറത്തു സമ്മേളിക്കാറുള്ളു. ഇടയ്ക്കു ഫോണിലൂടെ വിശേഷങ്ങൾ തിരക്കും.
" ഉറക്കെയുള്ള സംസാരം കേട്ടുതുടങ്ങി.എല്ലാവരും എത്തി എല്ലാവരുമെന്നു പറഞ്ഞാൽ ഞാൻ എന്ന കണ്ണൻ,തോമ്സചാണ്ടിയെന്ന തൊമ്മിച്ചൻ,ജഗന്നാഥ ശർമയെന്ന ശർമ്മാജി,ഏറ്റവും പ്രായം കുറവെങ്കിലും
കാഴ്ചയിൽ വലിയ മനുഷ്യനായ ഉദയനെന്ന വല്യേട്ടൻ,പിന്നെ ക്‌ളീറ്റ്‌സ് എന്ന കിളി.ഞങ്ങളെല്ലാം പല ലാവണങ്ങളിലിരുന്നു
റിട്ടയർ ചെയ്തവർ. ഗസറ്റഡ് ഓഫീസറും ക്ലാസ് ഫോറും ഒക്കെ ഒരൊറ്റ ചരടിലാവുന്ന പെൻഷനേഴ്‌സ്
എന്ന ഒറ്റ ലാവണം.
ഞങ്ങൾ പെൻഷനേഴ്സ് എന്ന ആർക്കും വേണ്ടാത്ത ഒരുവിഭാഗമെന്ന്ഞങ്ങൾതന്നെഅവകാശപ്പെടുന്നു.വാകമരങ്ങളും,അക്കേഷ്യമരങ്ങളും, ഞങ്ങളുടെ സായാഹ്നങ്ങൾക്കു തണലേകുന്നു.
ബീച്ചിന്റെ തെക്കെ അററത്തെ സിമൻറ് ബഞ്ചിൽ ചാരിയിരുന്ന് സർവ്വീസിലിരുന്ന കാലത്തെ മധുരിയ്ക്കുന്നതും
കയ്ക്കുന്നതുമായ കൊച്ചു വിശേഷങ്ങൾ,നിത്യരോഗിയായ ഭാര്യയെ കുറിച്ചുള്ള വ്യാകുലതകൾ,വല്ലപ്പോഴും വിരുന്നു
വരുന്ന കൊച്ചുമക്കളുടെ കാര്യങ്ങൾ,ഇവയൊക്കെയായി ഞങ്ങളുടെ ദിവസങ്ങൾ കടന്നുപോകുന്നു.
****** ****** *******
ഇന്ന് മെയ് 31. ഇനി എല്ലാദിവസങ്ങളിലുമുള്ള കൂടിക്കാഴ്ച നടക്കില്ല. നാളെ സ്കൂൾ തുറന്നാൽ പിന്നെ ഞങ്ങളിൽ ചിലർ വീട്ടുകാവൽക്കാരാവും. കുട്ടികളെ സ്കൂളിൽ വിടുക; കാത്തുനിന്നു കൂട്ടിക്കൊണ്ടുവരിക.ഇതൊക്കെയാണിനി ഞങ്ങൾ വയസ്സന്മാരുടെ ജോലി. "55 വയസ്സ് കഴിഞ്ഞാൽ പിന്നെ നമ്മളൊക്കെ വെറും പാഴ്‌വസ്തുക്കൾഎന്നാണ് മക്കളുടെ വിചാരം. അസുഖം വന്നുകഴിഞ്ഞാൽ പിന്നെ ഏതെങ്കിലും വൃദ്ധഭവനങ്ങളിൽ സീറ്റ് ബുക്ക് ചെയ്തിരിക്കും;ചോര നീരാക്കി വളർത്തി വലുതാക്കിയ മക്കൾ." ..ഇങ്ങനെയൊക്കെ പറയുമ്പോൾ ശർമ്മാജിയുടെ കണ്ണുകളിൽ ദൈന്യത.
****** ******* *******
പടിഞ്ഞാറൻ ചക്രവാളം ചുകന്നുതുടുത്തിരിക്കുന്നു. പകൽമുഴുവൻ നട്ടപ്ര വെയിലത്ത് എല്ലുമുറിയെ
പണിയെടുത്ത് വിയർത്തുകുളിച്ചു തുടുത്ത മുഖവുമായി കതിരോൻ കടലിലേക്കൂളിയിട്ടു കഴിഞ്ഞു.ബീച്ച് കാണാനെ
ത്തിയവരും,സ്ഥിരം ഇരുപ്പുകാരും പതിയെപ്പതിയെ സ്ഥലം വിട്ടുതുടങ്ങി. കടലിനുള്ളിലേക്കിറക്കി നാട്ടിയിരിക്കുന്ന ചീനവലകളിൽ പാനീസുവിളക്കുകൾ ഉയർന്നു.
"ഇരുൾ വീഴുംമുമ്പേ" .....നമുക്ക് മടങ്ങാം....ഇനി ഇവിടം സുരക്ഷിതമല്ലായെന്ന് ഞങ്ങൾക്കറിയാം.
ജീവിച്ചിരിപ്പുണ്ടെങ്കിൽ വീണ്ടും വരാനായി ഞങ്ങളും ബൈ പറഞ്ഞു പിരിയുന്നു.
.......
അങ്ങ് പടിഞ്ഞാറേ ആകാശച്ചെരുവിൽ മേഘങ്ങൾക്കിടയിലൂടെ എത്തിനോക്കിയ ചന്ദ്രക്കലയുടെ കവിളത്തു നറുപുഞ്ചിരി പൂത്തു നിന്നു.
**************

ഭാനുമോഹൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo