Slider

അനിയത്തി

0
കൂട്ടിന് ഒരു കുഞ്ഞാവ വരുന്നെന്നു കേട്ടപ്പോഴേ സന്തോഷത്തിനു പകരം ഒരിത്തിരി കുശുമ്പും പേടീമാണ് മനസ്സിൽ തോന്നീത്... അഛൻ കൊണ്ട്വരുന്ന പലഹാരപ്പൊതിയ്ക്ക് ഇനിയൊരവകാശികൂടി ...
വെള്ള ടൗവ്വലിൽ പഞ്ഞിക്കെട്ടുപോലെ വെളുത്ത് കവിളത്തൊരു സുന്നരി മറുകും ഉള്ള കുഞ്ഞുവാവയെക്കാട്ടി അവർ പറഞ്ഞു "ഇതാ മോൾടെ അനിയത്തിക്കുട്ടീന്ന്".. !!
മൂത്ത കൊച്ചിനേപ്പോലാവില്ല ഇതു വളരുമ്പോ സുന്ദരിയാവും കാണാൻ ന്ന് കേട്ടപ്പോൾ കുശുമ്പിന്റെ ഗ്രാഫ് ആകാശത്തോളമുയർന്നു.
കാലം കഴിയുന്നതിനൊപ്പം എനിക്ക് കിട്ടിയിരുന്ന സ്നേഹവും ലാളനയുമൊക്കെ അഛന്റെയടുക്കൽ നിന്ന് കാന്തം കണക്കെ വലിച്ചെടുത്തിരുന്ന കൊച്ചു കിളുന്തിനെക്കാളും മിടുക്കിയായി പഠിച്ചുയരണം എന്നൊരു വാശി മാത്രമായി..
വളർന്നു വലുതായപ്പോൾ "ആ എളേ പെണ്ണ് തന്റെടീം മൂത്തത് പാവോമാന്ന്" മറ്റുള്ളോർടെ വായിൽ നിന്ന് കേട്ടപ്പൊഴേ ആത്മാഭിമാനം കൊടുമുടിയോളമെത്തി.
ശേഷം പഠിച്ചു ഉദ്യോഗക്കാരിയായി വിവാഹമിങ്ങെത്തി...
അവിടെ ....എന്റെ പലഹാരപ്പൊതി തട്ടിപ്പറിച്ചെടുത്തവളാണിന്ന് അഛന്റെ കുറവു നികത്തി ഒരാങ്ങളയ്ക്കു പകരം കൂടെ നിൽക്കുന്നത് ...
"ചേച്ചി പോകുന്നതിൽ നിനക്കു വിഷമമില്ലേന്നു" കല്യാണത്തലേന്ന് കട്ടിലേൽ കെട്ടിപ്പിടിച്ചു കിടക്കുന്നതിനിടയിൽ ചോദിച്ചപ്പോൾ ...
"നിനക്ക് പ്രാന്താണോ ?? കെടന്നൊറങ്ങാൻ നോക്കെന്ന്" ആ തന്റെടി പെണ്ണെന്നെ ശാസിച്ചു...
പിന്നെ രാത്രീലെപ്പോഴോ അവളുടെ ഏങ്ങലടി ശബ്ദം കാതിൽ വീണതു കേട്ട് "നീ കരയുവാ അല്ലേ "?? എന്ന ചോദ്യത്തിന്
"ഞാനെന്തിന് കരയണം .. ഒരു ശല്യം പോന്നതോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത് .. വല്ല പല്ലീം ചിലച്ചതായിരിക്കുമെന്നു" പറഞ്ഞ് പുതപ്പ് തലവഴി മൂടി തിരിഞ്ഞു കിടന്ന് അവളെന്നെ വീണ്ടും തോൽപിച്ചു ...
കെട്ടു കഴിഞ്ഞ് ഭർത്താവിന്റെ കൈ പിടിച്ച് കാറിൽ കയറും മുൻപേ ഞാനൊന്നു തിരിഞ്ഞു നോക്കി ... അവളുടെ കണ്ണുനിറഞ്ഞിട്ടുണ്ടാവും .. മനസ്സു പറഞ്ഞു ....
ഇല്ല ... ഒരു തുള്ളിക്കണ്ണുനീർ പോലും പൊടിഞ്ഞില്ല എന്നതു മാത്രമല്ല .. നല്ല വെളുക്കെച്ചിരിച്ച് കൈ വീശി ആൾ ബന്ധുക്കളുടെ നടുവിൽ നിൽപുണ്ടായിരുന്നു.
ഭർത്തൃഗൃഹത്തിൽ വലതു കാലുവച്ചു കയറിയതിനു പിറ്റേന്നു തന്നെ "നിങ്ങളെന്നാ വീട്ടിലോട്ടു വരികയെന്ന്" കൂടെക്കൂടെയവൾ ഫോൺ വിളിച്ചന്വേഷിച്ചപ്പൊഴും ...
"നീയെന്നെ മിസ്സ് ചെയ്യുന്നുണ്ടല്ലേന്ന്" അബദ്ധത്തിലൊന്നു ചോദിച്ചു പോയി ... അപ്പോഴും ...
"അയ്യടീ .. എനിക്ക് കാണാൻ കൊതിയൊന്നൂല്ല.. നാട്ടുകാരൊക്കെ ചോയ്ക്കുന്നു എന്നാ പെണ്ണും ചെക്കനും വിരുന്നിനു വരുന്നേന്ന് ??? അതു കൊണ്ടാട്ടോ" ..
ഇവിടെയും നീ തന്നെ ജയിക്കട്ടെന്റെ സുന്നരി മറുകുള്ള കൂടപ്പിറപ്പേ ... നാട്ടുകാർടെ മൊരടത്തീ...
സ്നേഹം കൊണ്ട് നീയെന്നെ തോൽപിക്കുകയാണ് ഓരോ നിമിഷവും... ഇപ്പോളസൂയ നിന്നോടല്ല ...
നിന്നെക്കെട്ടി കടലുകടക്കാൻ എവിടെ നിന്നോ വരുന്ന നിന്റെ രാജകുമാരനോടാണ്...
കൂടപ്പിറപ്പായി ഒരനിയത്തിയുള്ളത് ഭാഗ്യമാണ് ..എല്ലാവർക്കുമൊന്നും ലഭിക്കാത്ത ഭാഗ്യം ..

Anju Sujith
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo