നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

* *എന്റെ യാത്ര* *

* *എന്റെ യാത്ര* *
ഞാൻ അതിശയത്തോടെ ചുറ്റിനും നോക്കി.... ഞാനിതെവിടെയാണ്.. എത്ര മനോഹരമായ സ്ഥലം .... എങ്ങും ... പഞ്ഞിക്കെട്ടു പോലെ വെള്ള മേഘങ്ങൾ .. അതാ ഒരു പാലരുവി നിറഞ്ഞു കവിഞ്ഞൊഴുകുന്നു .. അതിന്റെ തീരത്തതാ പച്ചപ്പ് നിറഞ്ഞ ഒരു മരം ... അതിൽ പല നിറത്തിലുള്ള പഴങ്ങൾ ... എനിക്കാ പാലരുവി യിൽ നിന്നും കുറച്ച് വെള്ളം കൈകുമ്പിളിൽ കോരിയെടുത്ത് കുടിക്കണമെന്ന് തോന്നി.
പിന്നെയും ഞാൻ ചിന്തിച്ചു .. ഞാനിതെവിടെയാണ്...
" ചിത്ര... നീയെന്നെ അറിയുമോ ?"
ആ ഒരു ചോദ്യമാണ് എന്നെ ചിന്തയിൽ നിന്ന്‌ ഉണർത്തിയത്...
ഞാൻ തിരിഞ്ഞു നോക്കി.. ഒരു കൊച്ചു പെൺകുട്ടി..
"നിനക്ക് എന്നെ മനസിലായില്ലേ.. ഞാൻ സൗമ്യ നിന്റെ വല്യച്ചന്റെ മകൾ "
ശരിയാണ്... സൗമ്യ.. അമ്മ പറഞ്ഞ് കേട്ടിട്ടേയുള്ളൂ... കാണുന്നത് ആദ്യമായിട്ടാണ് ..അതും ഒരുപാട് വർഷങ്ങൾക്ക് ശേഷം .... പിന്നെ എങ്ങനെ എനിക്ക് മനസിലാകും?
" എന്റെ അമ്മയും പാപ്പമാരും ചേച്ചിയും പിള്ളേരുമൊക്കെ സുഖമായിരിക്കുന്നോ "
അവളെന്നോടു ചോദിച്ചു.
ഞാൻ പറഞ്ഞു..
"എല്ലാവരും സുഖായിരിക്കുന്നു.. എല്ലാവരുടേം കല്യാണമൊക്കെ കഴിഞ്ഞ് രണ്ടും മൂന്നും പിള്ളേര് വീതമായി .. നീയറിഞ്ഞോ കുട്ടനാണ് തറവാട്ടിൽ താമസിക്കുന്നത് ."
അങ്ങനെ അവളുടെ വീട്ടിലെ ഓരോ കൊച്ചു വിശേഷങ്ങളും പറഞ്ഞു കേൾപ്പിച്ചു... മൂളി കേൾക്കുമ്പോഴും അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. അവൾക്ക് നഷ്ടപ്പെട്ടു പോയ ആ വർഷങ്ങളെ കുറിച്ച് ഓർത്താവാം...
ആരെക്കെയോ സംസാരിക്കുന്ന ശബ്ദം ... ഞാൻ നോക്കിയപ്പോൾ പരിചയമുള്ള മുഖങ്ങൾ ... ലളിത ചേച്ചിയും ,മുണ്ടീലെ റീജേഷും, പത്മജൻ ചേട്ടനും എന്റെ വല്യച്ചനും വടക്കേലെ അപ്പാപ്പനും ഒക്കെ നിൽക്കുന്നു...
എന്നെ കണ്ടതും റീജേഷ് ഓടി വന്ന് എന്റെ കൈയിൽ പിടിച്ചു...
"ചേച്ചി മമ്മിയേം പപ്പായേം കാണാറുണ്ടോ? അവർക്ക് സുഖമാണോ .."
അവൻ ചോദിച്ചു...
" നിന്റെ മമ്മി സുഖമായിരിക്കുന്നു ..പപ്പായ്ക്ക് ഈയിടെ വയ്യ.. ഓർമ്മയ്ക്ക് ഒരു കുറവ് പോലെ ... ഇപ്പോഴങ്ങനെ ജോലിയൊന്നും ചെയ്യുന്നില്ല ... ഞങ്ങൾ നിന്റെ കാര്യം പറയാത്ത ഒരു ദിവസം പോലുമില്ല... അജീവിന്റെ കല്യാണത്തിനും നീയില്ലാതെ പോയി... അവനൊരു കുഞ്ഞുമായി ... നിന്റെ കല്യാണവും ഇപ്പോ കഴിയേണ്ടതായിരുന്നു"
ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു നിർത്തി...
ഇതൊക്കെ കേട്ടിട്ടും അവനൊന്നും പറയാതെ തിരിച്ചു നടന്നു പോയി..
ഓരോരുത്തരും എന്റെയടുത്ത് വന്ന് വിശേഷങ്ങൾ തിരക്കി... അവർക്കറിയേണ്ടത് എല്ലാം .പിന്നെ എന്റെ വിശേഷങ്ങളും....
ലളിത ചേച്ചിക്ക് അറിയാനുണ്ടായിരുന്നത് മകൻ കണ്ണനെ കുറിച്ചായിരുന്നു ... ചേച്ചിക്ക് സംശയമായിരുന്നു ഞാൻ ചേച്ചിയെ തിരിച്ചറിയുമോന്ന്...
വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലാണെങ്കിലും ഞാൻ ഓർത്തു വച്ചിരുന്നു ആ മുഖം ... ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഖം ..
കണ്ണൻ ഫോട്ടോഗ്രാഫറായി ജോലി ചെയ്തതും ... പിന്നീട് അവന് റെയിൽ വേയിൽ ജോലി കിട്ടിയതും ... ഒരു വർഷം മുൻപ് കണ്ണന്റെ കല്യാണം കഴിഞ്ഞതും ഞാൻ ചേച്ചിയോട് ഞാൻ പറഞ്ഞു...
ഇതെല്ലാം കേട്ടപ്പോൾ ചേച്ചിയുടെ മുഖത്ത് കുറ്റബോധം നിറഞ്ഞു ... തിരിച്ചെന്തെങ്കിലും പറയാൻ കഴിയാതെ വിഷമിച്ചു നിന്നു... തികട്ടി വന്ന കരച്ചിൽ അമർത്തി പിടിച്ച് ചേച്ചി നിന്നു... ഒന്നും പറയാനാവാതെ ഞാനും...
ഇതിലൊന്നും പങ്കു ചേരാതെ .... ഒന്നും മിണ്ടാതെ ...എന്നെ തന്നെ നോക്കി ഒരാൾ അങ്ങ് ദൂരെ മാറി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ സൂക്ഷിച്ചു നോക്കി..
"അച്ഛൻ"
എന്റെ "അച്ഛൻ"....
ഞാൻ അച്ഛന്റെ അരികിലേക്ക് ചെന്നു ... ആ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു .. എനിക്കും കണ്ണു നിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യെന്നായി..
"ചീനൂ ... " അച്ഛൻ വിളിച്ചു.. ഞാനപ്പോൾ അച്ഛന്റെ പുന്നാരമോളായി.. അച്ഛന്റെ ചീനുവായി ....
"നിന്റെ സങ്കടമൊക്കെ മാറിയോ ചീനൂ.. "
അച്ഛൻ എന്നോട് ചോദിച്ചു...
"എന്നെയോത്ത് അച്ഛൻ ഒത്തിരി സങ്കടപ്പെട്ടല്ലോ എന്നാണ് എന്റെ സങ്കടം"...ഞാൻ പറഞ്ഞു...
പീന്നീട് ഞങ്ങൾ വീട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പങ്കു വച്ചു...അമ്മയുടെ കൊച്ചുവളളത്തിന്റെ പണി തീരാത്തതും ... അനിയന്റെ കുഞ്ഞ് ഓടി നടക്കുന്നതും അവൻ അച്ഛനെപ്പോലെയാണെന്നും ഒക്കെ ഞാൻ അച്ഛനോട് പറഞ്ഞു ..
പേരക്കിടാവിന്റെ ഓരോ കുസൃതികളും അച്ഛനെന്നോട് വീണ്ടും വീണ്ടും ചോദിച്ചു.... ഒരിക്കൽ പോലും കാണാൻ കഴിയാത്ത അവന്റെ കൊഞ്ചലും കുസൃതികളും ... കേട്ടിട്ടും കേട്ടിട്ടും മതിയാകാത്തതു പോലെ ...
നമ്മുടെ ജില്ലയ്ക്ക് പുറത്ത് പോകാത്ത ഞാൻ സൗദിക്ക് പോയതും,എന്റെ ജോലിയും അവിടുത്തെ വിശേഷങ്ങളുമൊക്കെ ഞാൻ അച്ഛനെ പറഞ്ഞു കേൾപ്പിച്ചു.
അച്ഛൻ നിറകണ്ണുകളോടെ എല്ലാം കേട്ടിരുന്നു..
അപ്പോഴാണ് എന്റെ വല്യച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്...എന്നെ കാണുമ്പോ എപ്പോഴും തമാശ പറയുന്ന കുട്ടപ്പൻ വല്യച്ചൻ പതിവ് ശൈലിയിൽ എന്നോട് ചോദിച്ചു... ചുമ്മാ ഞാൻ കെറുവിക്കുന്നത് കാണാൻ ...
" നീയെന്തെങ്കിലും കഴിച്ചിട്ടാണോടീ മകനേ വന്നത്?"
"കഴിച്ചില്ല " എന്ന് ഞാൻ പറഞ്ഞാൽ
"കഴിച്ചില്ലെങ്കിൽ നീ പോയി കഴിച്ചിട്ട് വാ... ഞങ്ങളും എന്തെങ്കിലും കഴിക്കട്ടെ " എന്നാവും വല്യച്ചന്റെ മറുപടി ... അതിന്നും ആവർത്തിച്ചു...
അപ്പാപ്പൻ മാത്രം ഒന്നും ചോദിക്കാതെ എല്ലാം കേട്ടു നിന്നു.. അല്ലെങ്കിലും അന്നും ഇന്നും അപ്പാപ്പന് ഒരു മാറ്റവുമില്ല. "നീ എപ്പോ വന്നു " എന്നൊരു ചോദ്യവും സൗമ്യമായൊരു ചിരിയും... അത്ര തന്നെ...
പത്മജൻ ചേട്ടന്റെ മുഖത്ത് ഞാനൊരു ചമ്മൽ കണ്ടു... പണ്ട് മിനിച്ചേച്ചിയുടെ കല്യാണത്തിന് തലേന്ന് എന്നോടു വന്ന് "നിന്നെ എനിക്ക് ഇഷ്ടമാണ് " എന്നു പറഞ്ഞതും, ചേട്ടന്റെ സഹോദരിയും എന്റെ കൂട്ടുകാരിയുമായ വിനീതയോട് ഞാൻ പറയുമെന്ന് പറഞ്ഞപ്പോൾ, ഞാൻ വെറുതെ പറഞ്ഞതാണ് "നീ അവളോട് പറയരുത്" എന്നു പറഞ്ഞ് കുറെ ദിവസം എന്റെ പുറകെ നടന്നതും ഒക്കെ എനിക്ക് ഓർമ്മ വന്നു...
അങ്ങനെ കളിയും, ചിരിയും, കാര്യങ്ങളുമൊക്കെയാ യി അങ്ങനെ സമയം കടന്നു പോയി... പിന്നീട് എല്ലാവരും അവരവരുടെ വഴിക്ക് തിരിഞ്ഞു .... ഒടുവിൽ ഞാൻ മാത്രമായി ...
ഇനി എന്റെ കാത്തിരിപ്പാണ്.
എന്റെ പ്രീയപ്പെട്ടവരുടെ വിശേഷങ്ങളറിയാൻ....
അകാലത്തിൽ പൊലിഞ്ഞു പോയ ഈ ആത്മാക്കളോടൊപ്പം ....
മറ്റൊരു ആത്മാവായ ഞാനും....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot