നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നിലൂടെ.........

എന്നിലൂടെ.........
ബാഗും തൂക്കി വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി കാണുന്നത് ഒരു ധൈര്യം ആണ് പെണ്ണെ.. എന്തിനേയും അതിജീവിച്ചു തിരിച്ചു വരുമെന്നുള്ള ആത്മവിശ്വാസം... ആ വിശ്വാസത്തിൽ തന്നെയാണ് ഈ പ്രാവിശ്യം ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചത്....
മുൻപൊരിക്കലും ഇല്ലാത്ത ഒരു മനംപുരട്ടൽ ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ട്.. അടുത്ത മാസം ആണ് അവളുടെ പ്രസവത്തിനു ദിവസം പറഞ്ഞിരിക്കുന്നത്.. ആ സമയം ഞാൻ അവളോടൊപ്പം ഇല്ലാതെ പോകുന്നു..
പട്ടാളക്കാരനു പെണ്ണ് കൊടുക്കില്ല എന്നായിരുന്നു പെണ്ണുകണ്ടു നടന്ന സമയത്ത് ഓരോ പെൺവീട്ടുകാരും പറഞ്ഞത്.....അങ്ങനെ നടന്നു നടന്നു ചെന്നെത്തിയത് തീവ്രവാദികളുടെ ആക്രമത്തിൽ മരിക്കപ്പെട്ട ഒരു വീരയോദ്ധാവിൻറെ വീട്ടിൽ..അദ്ദേഹത്തിന്റെ മകളെ എനിക്ക് തരുമോ എന്ന ചോദ്യത്തിനു ഉത്തരം ആയിരുന്നു ഞങ്ങളുടെ കല്യാണം....
ഈ പ്രാവിശ്യം നാട്ടിലേക്ക് ഓടിപെടച്ചു വന്നത് അടുക്കള വാതിലിൽ കാലുവഴുതി വീണ അമ്മയെ കാണാൻ ആയിരുന്നു.. സംഭവം നടന്നറിഞ്ഞ ദിവസം അവിടെ നിന്നും ലീവ് കിട്ടിയില്ല.... എത്തിയപ്പോൾ അമ്മയ്ക്ക് സുഖം ആയി, എന്നെ കണ്ടപ്പോൾ ആൾക്ക് പാതി ജീവൻ തിരികെ കിട്ടിയ ആശ്വാസം.. എനിക്കും....
പൂർണ്ണ ഗർഭിണിയായ ഭാര്യയുടെ അടുത്തു അധിക നേരം ഇരിക്കാൻ ഒരുപാട് ആഗ്രഹിച്ചെങ്കിലും അതിനു സാധിച്ചില്ല... ഓരോ ദിവസവും മാറ്റി നിർത്താൻ കഴിയാത്ത ഓരോ തിരക്കുകൾ... അവൾക്കു നല്ല വിഷമം ഉണ്ടാകും. എന്റെ സാമീപ്യം ഏറെ അവളിൽ നിറയേണ്ട നിമിഷങ്ങൾ..
അവളുടെ പ്രസവം കഴിഞ്ഞു പോകാം എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ, ലീവ് നീട്ടി കിട്ടിയില്ല.. കുടുംബത്ത് നടക്കുന്ന ഓരോ സന്തോഷ നിമിഷവും ദൂരെ നിന്നു മാത്രം കാണാൻ വിധിക്കപെട്ടു... അവളുടെ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് ഒരു കുഞ്ഞു പിറക്കാൻ പോവുകയാണ്... അവന്റെ മുഖം ആദ്യം കാണാൻ യോഗം ഇല്ലാതായി.....
ട്രെയിൻ പാലക്കാടിന്റെ നരച്ച വെയിലിനെ നെടുകെ കീറി കുതിച്ചു പായുകയാണ്.. തിരിച്ചു വീട്ടിലേക്കു പോയാലോ എന്ന് മനസ്സ് പറയുന്നു...... എന്തേലും കാരണം പറഞ്ഞു ജോലി സ്ഥലത്തു നിന്നും ഒഴിയാം.. ഞാൻ തീർച്ചയായും അവളോടൊപ്പം വേണം. എന്റെ കുഞ്ഞിനെ ആദ്യം എന്റെ കൈയ്കളിൽ ഏറ്റു വാങ്ങണം..
അൽപ്പ സമയത്തിനകം ട്രെയിൻ കോയമ്പത്തൂർ എത്തും.. അവിടെ ഇറങ്ങി തിരിച്ചു കായംകുളത്തേക്ക് ട്രെയിൻ കയറണം.. അവളുടെ അരുകിലേക്ക്‌ ഓടി എത്തണം...ഞങ്ങളിലെ സന്തോഷം ഞങ്ങൾ പരസ്പരം കണ്ടറിയണം... എന്നെ വിശ്വസിച്ചു കഴുത്തു നീട്ടി തന്നവളെ എന്റെ നെഞ്ചിലേക്ക് ചേർത്തു പിടിക്കണം.....
തീരുമാനം ഇടമുറിഞ്ഞിഴകിയ നേരത്തായിരുന്നു താഴത്തെ ബെർത്തിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്...കുഞ്ഞിന്റെ കൂടെ അതിന്റെ അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും എല്ലാവരും ഉണ്ട്...കുഞ്ഞിനെ അവർ പരസ്പരം കയ്യ്മാറി താലോലിച്ചു അതിന്റെ കരച്ചിൽ നിർത്താൻ ഉള്ള ശ്രമം...എന്ത് സന്തോഷത്തിൽ ആണവർ... അത് കാണുമ്പോൾ എനിക്ക് എന്റെ ഭാര്യയും ജനിക്കാൻ പോകുന്ന കുഞ്ഞിനേയും ഓർമ്മ വരുന്നു...
മേലത്തെ ബെർത്തിൽ നിന്നും ഞാൻ മെല്ലെ എണീറ്റു.... പകൽ സമയം ആയതു കൊണ്ടു സ്ലീപ്പറിൽ നല്ല തിരക്കുണ്ട്.... താഴേക്കു ഇറങ്ങി നിന്നു..
" മോൻ പട്ടാളത്തിലാ ??"
പ്രായം ചെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു ഞാൻ മറുപടി നൽകി...
" അതെ അച്ഛാ,, ലീവ് കഴിഞ്ഞു തിരികെ പോവുകയാണ് "...
കോയമ്പത്തൂർ ഇറങ്ങി വീട്ടിലേക്കു എത്താൻ ഉള്ള ശ്രമം ആണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ.....
" മോനെ, ഞാനും ഉണ്ടായിരുന്നു.. 99-ൽ റിട്ടയേർഡ് ആയി.. മൂത്ത മോൾ ചെന്നൈയിൽ ഉണ്ട്, ഞങ്ങൾ ഇപ്പോൾ അവിടേക്ക് പോവുകയാ, ഇതെന്റെ ഭാര്യയും ഇളയമകളും മരുമകനും ചെറുമകളുമാ "...
വീട്ടുകാരെ ചൂണ്ടി കാണിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് എല്ലാവർക്കും ഒരു ചിരി നൽകി ബാത്ത്റൂമിലേക്ക് നടന്നു,കളിയും ചിരിയും കാത്തിരിപ്പും യാത്രാ മയക്കവും നിറഞ്ഞ ട്രയിനിലെ തിരക്കുകളിലൂടെ.... ബാത്ത്റൂമിന്റെ വശത്ത് നിന്നു ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നുണ്ട്.. അയാളുടെ സംഭാഷണം ഇങ്ങനെയാണ്,,,
" നീ പറയുന്നത് കേൾക്ക് സിന്ധു, കുഞ്ഞിനേയും കൂട്ടി നീ സന്ധ്യ ആകുമ്പോൾ ടി നഗറിലെ ചെറിയമ്മയുടെ വീട്ടിലേക്കു പോകൂ, ഞാൻ എത്താൻ വൈകും, നിങ്ങളെ അവിടെ വന്നു കൂട്ടി കൊണ്ടു പോകാം, വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കേണ്ട.. മോളോട് പറയൂ അച്ഛൻ കരടി പാവ വാങ്ങിച്ചിട്ടുണ്ട് കരയാതെ ഇരിക്കണം എന്ന്.... "
അയാളുടെ സംഭാഷണത്തെ മുറിച്ചു കടന്നു ഞാൻ ബാത്ത്റൂമിലേക്ക് കയറി... പൈപ്പ് തുറന്നു വെള്ളം ഒഴിച്ച് വിയർപ്പു പൊടിഞ്ഞ മുഖം കഴുകി.. ആ അച്ഛന്റെ ഫോൺ സംഭാഷണം ആയിരുന്നു എന്റെ മനസ്സിൽ... അദ്ദേഹത്തിന്റെ കരുതൽ, സ്നേഹം......... വീട്ടുകാരുടെ കാത്തിരിപ്പ്..... അതെ കാത്തിരിപ്പ്,, ഈ യാത്രയിൽ എന്നോടൊപ്പം ഉള്ള എത്രയോപേർ, അവരെയെല്ലാം കാത്തിരിക്കാൻ സ്നേഹിക്കുന്ന ചിലർ ഉണ്ട്.. എത്രയോ അച്ഛനമ്മമാർ, മക്കൾ.......
എന്നെപോലുള്ള ഓരോ പട്ടാളക്കാരനും തന്റെ സന്തോഷവും സുഖവും മറന്നു അദൃശ്യമായ ഒരു കരവലയത്താൽ ഇവരെയെല്ലാം ചുറ്റി വരിഞ്ഞു സംരക്ഷിച്ചു കൊണ്ടിരിക്കുന്നു.... ഞാൻ അൽപ്പം മുൻപ്പ് വരെ ചിന്തിച്ചത് എന്റെ തെറ്റ്, എന്റെ സ്വാർത്ഥത..... ഇതാണ്, ഇവരിൽ ഞങ്ങൾ നൽകുന്ന കരുതൽ ആണ് ശരി..എത്രയോപേർ ഞങ്ങളിലൂടെ ഇന്നിവിടെ ജീവിത യാത്ര തുടരുന്നു.. അവരുടെ ആ സന്തോഷത്തിൽ ഇപ്പോൾ എന്റെ ഉള്ളിൽ ഒരു നനുത്ത സ്പർശം അറിയുന്നു......
ഈ യാത്ര എന്റെ ജോലി സ്ഥലത്തേക്ക് ആണ്... ഞങ്ങൾക്ക് ഒന്നല്ല ഈ ഇന്ത്യയിൽ ഉള്ള ഓരോ കുടുംബവും ഞങ്ങളുടേത് കൂടിയാണ്....... നിങ്ങൾ സുഖമായി ഉറങ്ങിക്കോളുക, ഞങ്ങൾ ഉണ്ട് ഉറക്കമൊഴിച്ചു നിങ്ങളുടെ കാവലായി, കരുതലായി..... ഞാൻ അഭിമാനത്തോടെ പറയുന്നു ...... ഞങ്ങൾ പട്ടാളക്കാർ.....
- ഷിബു കൊല്ലം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot