നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

°°°°നിഴലായുള്ള തണൽ°°°°


°°°°നിഴലായുള്ള തണൽ°°°°
======================
"മേരി ജോസഫ്
ജനനം:16 ഡിസംബർ 1967
മരണം:27 മെയ് 1995"
ഇതെന്റെ ഭാര്യയുടെ കല്ലറയാണ്,ഇന്ന് ഈ ദിവസത്തിന് പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഇല്ല.പക്ഷേ ഈ ഭൂമിയിൽ ഇന്ന് ഞാൻ അനുഭവിക്കുന്ന അസ്വസ്ഥതയുടെ സത്യം അറിയാവുന്ന ഒരാൾ ഇവളും കൂടെയാണ്.നല്ല പ്രായത്തിൽ എനിക്കൊപ്പം ജീവിതം തുടങ്ങിയ ഇവൾ എനിക്കൊപ്പം എന്ന് മാത്രമല്ല ഞങ്ങളുടെ ഏക മകൾക്കൊപ്പവും ജീവിച്‌ മതിയാകും മുൻപേ പൊടുന്നനെയുള്ള ഉണ്ടായ ഒരു അപകടത്തിൽ മകളെ എന്നെ എൽപിച് പറയാതങ്ങ് പോയി.
അന്ന് മുതൽ ഇന്ന് വരെ എന്റെ മകൾക്ക് ഒരു അമ്മ കൂടി ആകാൻ ഞാൻ ശ്രമിച്ചു ഞാൻ. എന്റെ ശ്രമങ്ങൾ എത്രയും വിജയം കണ്ടാലും അവൾക്ക് ഒരമ്മയാകാൻ അച്ഛനായ എനിക്ക് കഴിയില്ലെന്നറിഞ്ഞിട്ടും ഞാൻ ആ വേഷം എടുത്ത് അണിയാൻ ശ്രമിച്ച് കൊണ്ടിരുന്നു.
അതൊക്കെ അറിഞ്ഞിട്ടും ഇന്നലെ വരെ അവൾടെ ഉള്ളിലും ഞാൻ അങ്ങനെ തന്നെയായിരുന്നു,പക്ഷെ ഇന്നലെ രാത്രി ഏറെ വൈകിയും എന്നോട് കയർത്ത് സംസാരിച്ച എന്റെ മകൾ അത് എനിക്ക് ഓർക്കാൻ കൂടി വയ്യ.
എന്നാലും ഇന്നാൾ വരെ ഒരു പനി വന്നാൽ,എന്തിനേറെ ഒരു ചെറിയ തുമ്മൽ വന്നാൽ പോലും എന്റെ മടിയിൽ തല വെച്ചുറങ്ങുന്ന എന്റെ പൊന്നുമോൾ എങ്ങിനെ
എന്നോട് ഇങ്ങനൊക്കെ സംസാരിക്കുന്നു.
എന്റെ ഉള്ളിലെ ഉരുക്കം എന്റെ മേരി അറിയുന്നുണ്ടാകും,അത് കൊണ്ടാകണം വഴി തെറ്റി വരുന്ന കാറ്റിലും അവളുടെ കല്ലറയ്ക്ക് മുകളിൽ ഞാൻ കൊളുത്തി വെച്ച മെഴുകുതിരിയെ അവൾ അണയാതെ ചേർത്ത് പിടിക്കുന്നത്.
എല്ലാം മകളോട് തുറന്ന് പറയണം.അവൾ അവധി കഴിഞ്ഞ് മടങ്ങും മുൻപേ അവളെല്ലാം അറിയണം.ഇന്നാൾ വരെ പറയാൻ മടിച്ചതെല്ലാം ഇപ്പോഴെങ്കിലും അവൾ അറിഞ്ഞേ മതിയാകൂ....
വീട്ടിലെത്തിയ ഞാൻ അവളുടെ അടുക്കലേക്ക് നടന്നു, ഉറങ്ങുകയാണ് എന്റെ മോൾ അവളുടെ മേൽ കിടക്കുന്ന വിരിപ്പ് തെന്നി കിടക്കുന്നുണ്ടായിരുന്നു.അതൊന്ന് നേരെയാക്കാൻ ഞാൻ കൈ നീട്ടിയതും അവൾ ഞെട്ടി ഉണർന്നു.
"നിങ്ങളിലെ ചെകുത്താൻ എന്റെ ശരീരവും കീഴടക്കാൻ ഒരുങ്ങുകയാണല്ലേ????"
വലിയൊരു അലർച്ചയ്ക്ക് ശേഷമുള്ള അവളുടെ ഈ വാക്കുകൾ എന്റെ കൈകളെ മാത്രമല്ല എന്റെ ശരീരത്തെ പോലും ഒരു നിമിഷം നിശ്ചലമാക്കി കളഞ്ഞു.
വാക്കുകൾ തൊണ്ടയിൽ നിന്നും പുറത്ത് വരാതെ ഞെട്ടി തരിച്ച എന്റെ കാലുകളെ ഞാൻ പുറകോട്ട് വലിച്ചു.
മുറിയ്ക്ക് പുറത്തിറങ്ങിയ ഞാൻ മുൻ വശത്തുള്ള കസേരയിൽ ചെന്നിരുന്നു.
ഇന്നലെ ഏറെ വൈകിയും ഫോണിൽ വന്നോണ്ടിരുന്ന മെസ്സേജുകൾ എന്റെ മടിയിൽ ഉറങ്ങുകയായിരുന്ന അവളെ ഉണർത്തി. ഉണർന്നിരുന്ന അവളിൽ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങോട്ട് ശ്രദ്ധിക്കാതെ പുറത്ത് ഇറങ്ങിയതും. ഒരു സിഗരറ്റ് വലിച്ച് തിരികെ വരും നേരമാണ് അവളെ ഞാൻ കണ്ടത്.
എനിക്ക് നേരെയുള്ള അവളുടെ നോട്ടം അതിലെന്തോ അവൾ ഒളിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവളോട് ഞാൻ എന്തെന്ന് ചോദിക്കും മുൻപേ അവൾ എന്നോട് ചോദിച്ചു.
"ആരാ മീര???,പപ്പയ്ക്ക് അവളോട് എന്ത് ബന്ധമാണ്, ഈ വീടുമായും പപ്പയുമായും ഞാനുമായും ഉള്ള എല്ലാം അവളോട് പറയാൻ മാത്രം എന്ത് ബന്ധമാണ് അവർക്ക് നമ്മളോട് ഉള്ളത്????"
അപ്പോഴേ അവളോട് എല്ലാം ഞാൻ പറയാൻ ഒരുങ്ങിയതാണ്.പക്ഷേ അപ്പോഴേക്കും അവൾ........
"മമ്മ മരിച്ചിട്ട് ഇത്രേം കാലമായിട്ടും എന്റെ പ്രായമുള്ള ഒരു കുട്ടിയോട്...... എങ്ങനെ പപ്പ ഇത്രക്ക് താഴ്ന്നു പോയി"
ഈ വാക്കുകൾ എന്നെ വല്ലാതെ തളർത്തി കളഞ്ഞു,പിന്നീട് തിരിച്ചൊരു അക്ഷരം മിണ്ടാൻ കഴിയാതെ ആയെനിക്ക്, അത് കൊണ്ടാണ് എല്ലാം അവളെ നേരിൽ കാണിക്കാമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതും.
അവൾ മുറിയ്ക്ക് പുറത്ത് ഇറങ്ങിയെന്ന് തോന്നുന്നു. കയ്യിലെ ബാഗ് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി തിരിച്ച് കോളേജിലേക്ക് തന്നെയാണ് അവളുടെ യാത്രയെന്ന്. ഇറങ്ങാൻ നേരം അവൾ എന്നോട് ചോദിച്ചു.
"എന്നെയൊന്ന് റെയിൽവേ സ്റ്റേഷനിൽ വിടാമോ" എന്ന്‌.
കാറെടുത്ത് അവളേം കൊണ്ട് യാത്ര തിരിച്ചു.വഴിയിൽ ഉള്ള കാഴ്ചകൾ അവിടെ മാത്രമാണ് അവളുടെ ശ്രദ്ധ.എന്നിലെ ധൈര്യം എല്ലാം ചോർന്നിരിക്കുന്നു,അവളോട് ഒരക്ഷരം മിണ്ടാനുള്ള ധൈര്യം എനിക്കില്ല. ഒരുവിധം അവളോട് ഞാൻ പറഞ്ഞൊപ്പിച്ചു.
"മോളെ,നിന്റെ ഇപ്പോഴുള്ള ഈ തീരുമാനത്തിൽ ഒന്നെനിക്ക് ഉറപ്പാണ്, ഇനി ഒരു തിരിച്ചുവരവ് നിനക്കില്ലെന്ന്. എന്നാൽ പോകും മുൻപ് നമുക്കൊരിടം വരെ പോകാം, എനിക്കൊപ്പം വരാമോ???"
തിരിച്ചുള്ള അവളുടെ മറുപടി ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
"ഈ ഒരു യാത്ര തന്നെ നിങ്ങൾക്കൊപ്പം എനിക്ക് ഭയമാണ്,എന്നിട്ടും എന്റെ ഗതികേട് ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ നിങ്ങൾക്കൊപ്പം പോന്നത്."
ഈ വാക്കുകൾ അവസാനിക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.
നിറഞ്ഞ മിഴികളെ തുടക്കാൻ ഒരുങ്ങവേ അവളോടായി ഞാൻ പറഞ്ഞു.
"ഓർമ്മ വെച്ച അന്ന് മുതൽ ഇന്നലെ ഒരു രാത്രി വരെ എന്നെ വിശ്വസിച്ച നിനക്ക് കുറച്ച് മണിക്കൂറുകൾ കൂടെ എന്നെ വിശ്വസിച്ച് കൂടെ"
അവളോടുള്ള ഒരു അപേക്ഷ, അത്രയധികം താഴ്ന്ന് കൊണ്ടാണ് ഞാൻ ആ വാക്കുകൾ പറഞ്ഞ് അവസാനിപ്പിച്ചത്.
ഒരുപക്ഷേ,അത് കൊണ്ടാകണം പാതിമനസ്സോടെ ആണെങ്കിലും അവൾ അതിന് സമ്മതം മൂളിയതും.
വഴിയിലെ വാഹനങ്ങളെ എല്ലാം മറി കടന്ന് ഞാൻ അവളേം കൊണ്ട് യാത്ര തുടർന്നു.റോഡിന് ഒരു വശമുള്ള മലനിരയ്ക്ക് താഴെയുള്ള നാട്ടുവഴിയിലൂടെ ഉള്ള യാത്രയിൽ അവളിപ്പോഴും മൗനമാണ്. നാളിത് വരെ എനിക്കൊപ്പമുള്ളത് ഒരു നിമിഷം ആണെങ്കിൽ പോലും പൊട്ടിച്ചിരിയിലൂടെയും,കൊച്ചു കൊച്ചു കുസൃതിയിലൂടെയും എന്നെ വിസ്മയിപ്പിച്ച എൻറെ മകളുടെ ഈ മൗനം എന്നിലെ ഏകാന്തതയുടെ ആഴം കൂട്ടി.
അധികം വൈകാതെ തന്നെ ഞാൻ അവളേം കൊണ്ട് അവിടെത്തി. ഒരുപാട് കുട്ടികളുള്ള ഒരു ഓർഫനേജ് ആണ് ഇത്.മീരയെ തിരഞ്ഞുള്ള യാത്രയുടെ അവസാനം ഇങ്ങനെ ഒരു സ്ഥലം അത് അവൾ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.അവളുടെ മുഖഭാവത്തിൽ അത് വ്യക്തമാണ്.
അവിടുത്തെ മദറിന്റെ മുറിയിലേക്ക് ഞാൻ അവളേം കൂട്ടി നടന്നു. അകത്തേക്ക് കയറിയ ഞാൻ മദറിനോട് പറഞ്ഞു.
"ഇവൾ മീരയെ കാണാൻ വന്നതാണ്, വിരോധമില്ലെങ്കിൽ ഒന്ന് കാണിക്കാമോ???"
രാവിലെ തന്നെ ഞാൻ മദറിനെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു.അവിടെ ഉള്ള രണ്ട് ആളുകൾ അവളെ കൂട്ടാൻ വന്നു.തൃപ്തിയുള്ള ഒരു മനസ്സോടെ അല്ലെങ്കിക് അവൾ അവർക്കൊപ്പം പോയി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും മക്കൾ ഇല്ലാതെ ഞാനും മേരിയും ഏറെ വിഷമിച്ച് ഇരിക്കുമ്പോഴാണ് എന്റെ ഒരു സുഹൃത്ത് എന്നോട് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെ കുറിച്ച് പറയുന്നത്. ദൈവ വിധിയിൽ സമാധാനിച്ച് ജീവിക്കാൻ ഒരുങ്ങിയ എനിക്കും മേരിക്കും അത് വലിയൊരു ആശ്വാസമായിരുന്നു.അങ്ങനെയാണ് വർഷങ്ങൾക്ക് മുൻപ് ഞാനും മേരിയും ഇവിടെ എത്തുന്നത്.
ഞങ്ങളിലെ ആഗ്രഹത്തിന്റെ തീവ്രത ദൈവം അറിഞ്ഞത് കൊണ്ടാകണം,അന്ന് ഇവിടെ ഉണ്ടായിരുന്ന മീനയെ ഞങ്ങൾക്ക് മകളായി ലഭിക്കുന്നത്. അന്ന് ഈ മദർ മീനയെ ഞങ്ങൾക്ക് കൈമാറി ഇവിടുന്ന് ഇറങ്ങാൻ നേരം ഞങ്ങളോടായി പറഞ്ഞു.
"ഇരട്ടകുട്ടികളിൽ ഒരുവളാണ് ഇവൾ"
കേട്ടത് അല്പം ഞെട്ടലോടെയാണെങ്കിലും മേരി അന്നേരം അവരോട് ചോദിച്ചു.
"അപ്പോൾ ഇവളുടെ തുണയെവിടെ????"
അന്നേരമാണ് മദർ ഞങ്ങളോടായി ആയി ആ സത്യം തുറന്ന് പറയുന്നത്.
അന്യ മതത്തിൽപ്പെട്ട ഒരു യുവാവും ഇവിടുത്തെ ഒരു മകളും തമ്മിൽ നാളുകൾക്ക് മുൻപ് പ്രണയത്തിലായി.ആ യുവാവിന്റെ വീട്ടിൽ നിന്നും വന്ന എതിർപ്പുകളെ തട്ടി മാറ്റി ആ ബന്ധം ഒരു വിവാഹത്തിൽ തന്നെ കലാശിച്ചു.
ശേഷം,അവർക്ക് പിറന്ന കുഞ്ഞുങ്ങൾ ആണിത്.ആദ്യമൊക്കെ എതിർത്ത ആ യുവാവിന്റെ വീട്ടുകാർ ഈ കുഞ്ഞുങ്ങളുടെ ജന്മത്തോടെ ഇവരെ അംഗീകരിച്ച് തുടങ്ങി.
പക്ഷെ,ആദ്യമൊന്നും പ്രശ്‌നങ്ങൾ ഇല്ലാതിരുന്ന ആ കുടുംബത്തിൽ പിന്നെ പിന്നെ പ്രശ്നങ്ങൾ ഉയർന്ന് വന്നു, മറ്റൊന്നും അല്ല പ്രശ്നം, യുവാവിന്റെ അച്ഛനിൽ ഇരട്ടകുട്ടികളായ ഈ മക്കളെ സ്വീകരിക്കാനുള്ള ഒരു മനസ്സില്ലായിരുന്നു. രണ്ട് പെണ്മക്കൾ അതും ഒരേ പ്രായത്തിൽ ഉള്ള വളർച്ച അതായിരുന്നു അയാളിലെ പ്രശ്നം.
അയാളുടെ ഈ നിലപാടിനോട് ശക്തമായി പ്രതികരിച്ച ഈ കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ഒരുനാൾ ഉണ്ടായ സംഭവത്തിൽ പാടെ തളർന്നു, ഉറങ്ങി കിടന്ന രണ്ട് മക്കളിൽ ഒന്നിനെ കൊല്ലാനുള്ള ശ്രമം വരെ നടത്തിയ ആ യുവാവിന്റെ അച്ഛനെ ഭയന്ന് ആ ദമ്പതികൾ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവളെ ഇവിടെ കൊടുന്ന് ഏല്പിച്ചത്.
മദറിന്റെ വാക്കുകൾ മേരിയും ഞാനും സങ്കടത്തോടെ ആണെങ്കിലും കേട്ട് നിന്നു.
സ്വന്തം മകന്റെ കുഞ്ഞുങ്ങൾ പെണ്ണായി പിറന്നതിന്റെ പേരിൽ കൊന്ന് കളയാൻ ഒരുങ്ങിയ ആ പിതാവിനെ മനസ്സിൽ ശപിച്ച് കൊണ്ട് ഞങ്ങൾ അവിടുന്ന് ഇറങ്ങി.
മീന ഞങ്ങൾക്കൊപ്പം തന്നെ സുഖമായി തന്നെ വളർന്നു ഇതിനിടയിൽ മേരിയുടെ മരണം.അതെല്ലാം തന്നെ എന്നെയും മകളെയും ആകെ തളർത്തി.അങ്ങനെ ഇരിക്കെ ഒരു നാൾ വീട്ടിലേക്ക് ഒരു ഫോൺ വന്നു.
ഓർഫനേജിൽ നിന്ന് മദർ ആയിരുന്നു വിളിച്ചത്. മീനയുടെയും മീരയുടെയും മാതാപിതാക്കൾ ഒരു അപകടത്തിൽ മരിച്ചെന്നും മീരയെ അവളുടെ അച്ഛന്റെ വീട്ടുകാർ ഇവിടെ തിരികെ എലിപ്പിച്ചെന്നും പറഞ്ഞു.പക്ഷെ ഇതൊന്നും മീര അറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഫോൺ കട്ട് ചെയ്ത് അധികം വൈകാതെ തന്നെ ഞാൻ ഓർഫനേജിൽ ചെന്നു.
മദറിന്റെ സമ്മതത്തോടെ തന്നെ അവളിലെ എല്ലാ കാര്യങ്ങളും ഞാൻ ഏറ്റെടുത്തു. മീനയ്ക്ക് ഞാൻ ഇപ്പൊ അവളുടെ വളർത്തച്ഛൻ അല്ല അവൾക്ക് ജന്മം നൽകിയ പിതാവാണ്.ആ ഒരവസ്ഥയിൽ മീരയെ കൂടെ കൂട്ടാൻ എനിക്ക് ധൈര്യമില്ലായിരുന്നു. അത് കൊണ്ട് തന്നെ മീരയെ കൂടെ വീട്ടിലേക്ക് കൂട്ടാൻ എനിക്ക് കഴിഞ്ഞില്ല.
പക്ഷേ, അന്ന് തൊട്ട് ഇന്ന് വരെ അവളിലെ എല്ലാ കാര്യങ്ങളും അവൾക്ക് ഒരച്ഛനായി തന്നെ ഞാൻ ചെയ്ത് കൊടുത്തു. ഇടയ്ക്ക് ഒരുനാൾ മീരയോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞിരുന്നു.
എല്ലാത്തിനോടും പൊരുത്തപ്പെട്ട് തുടങ്ങിയ മീര ഇതിനെയും അങ്ങനെ തന്നെ സ്വീകരിച്ചു.
പക്ഷേ, ഈ അടുത്തായി മീരയ്ക്ക് മീനയെ കാണാനുള്ള ആഗ്രഹം വല്ലാതെ വർധിച്ചിരുന്നു. അവളുടെ വാശിക്ക് വഴങ്ങി മീനയുടെ ഈ അവധിക്ക് ഞാൻ അവളേം കൂട്ടി ചെല്ലാം എന്ന് പറഞ്ഞതായിരുന്നു.
അതിനിടയിലാണ് മീനയുടെ കയ്യിൽ ഫോൺ എത്തുന്നതും അവളിൽ ഞാനൊരു ചെകുത്താൻ ആയി മാറുന്നതും.
കുറച്ച് നേരത്തേക്ക് ആണെങ്കിലും മീനയ്ക്ക് എന്നൊടുണ്ടായിരുന്ന വിശ്വാസം അത് നഷ്ടപ്പെട്ടപ്പോൾ എന്നിലെ അച്ഛന്റെ മനസ്സൊന്ന് വേദനിച്ചു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മദറിന്റെ മുന്നിലുള്ള മേശയിൽ തലയ്ക്ക് കൈ വെച്ചുള്ള ഇരിപ്പിൽ കഴിഞ്ഞ കാലത്തിലേക്കുള്ള എന്റെ തിരിഞ്ഞ് നോട്ടം, മുൻപ് ഇത് പോലെ ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചത് മീരയ്ക്ക് മുന്നിലായിരുന്നു.
മീനയിപ്പോൾ മീരയിൽ നിന്ന് എല്ലാം അറിഞ്ഞിട്ടുണ്ടാകും.അവളുടെ ഉള്ളിൽ വലിയൊരു പൊട്ടിത്തെറി തന്നെ സംഭവിച്ചേക്കാം,എന്നാലും അവളിനിയും ഒന്നും അറിയാതിരുന്ന് കൂടാ.
വരാന്തയിലൂടെ മീരയുടെ കൈ പിടിച്ച് വരുന്ന മീനയെ ഞാൻ കണ്ടു.കണ്ണ് നീർ മായാത്ത പാടുകൾ തീർത്ത അവളുടെ മുഖത്തെ ഒരിക്കൽ കൂടെ എന്റെ ചുമലുകൾ ഏറ്റ് വാങ്ങി.
ഒരു പിതാവിന്റെ എല്ലാ വത്സല്യത്തോടെയും അവളെ ഞാൻ ആശ്വസിപ്പിച്ചു.
മദറിനോട് യാത്ര പറഞ്ഞ് മീരയേയും കൂടെ കൂട്ടി ഞാൻ മീനയോടൊപ്പം പുറത്തിറങ്ങി. തിരികെ വീട്ടിലേക്കുള്ള യാത്രയാണ്.
ഇന്നലെ മുതലുള്ള സംഭവങ്ങളാകാം മീനയിൽ വല്ലാത്ത ക്ഷീണം തീർത്തിരിക്കുന്നു.മീരയുടെ തോളോട് ചേർന്ന് ഉറങ്ങുകയാണ് മീന.
ജന്മം കൊണ്ട് ഒന്നായ ഇവരെ ജീവിതം കൊണ്ട് ഒന്നിപ്പിക്കാൻ ദൈവം ഇങ്ങനൊരു സാഹചര്യം ഒരുക്കിയത് എന്തിനാകും എന്ന് എനിക്ക് അറിയില്ല.
എങ്കിലും മീനയെ തന്നിലേക്ക് ഏറെയും ചേർത്ത് പിടിച്ച മീരയുടെ മിഴികളിൽ കൂടപിറപ്പിനോടുള്ള സ്നേഹത്തിന്റെ എല്ലാ ഭാവങ്ങളും അപ്പോഴും തെളിഞ്ഞ് നിൽപ്പുണ്ടായിരുന്നു.
സ്നേഹത്തോടെ,,,,,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot