നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇടവേളകളിലെ പ്രേമം😍

"അലഞ്ഞിട്ടുണ്ട് അയലും ഉണക്കാനിട്ട ഓൾടെ യൂണിഫോമും തേടി"
ഇടവേളകളിലെ പ്രേമം😍
(ഹയർ സെക്കണ്ടറി രണ്ടാം വർഷത്തിലെ ചില വികൃതികൾ )
.
ഫിലോസഫി സാറിനെ കൊണ്ട് കൗമാരത്തിലെ പ്രണയത്തെ പുകഴ്ത്തി കൊണ്ട് ക്ലാസ്സ് എടുപ്പിച്ചാണ് ഞാൻ എന്റെ ഇഷ്ടം അവളെ അറിയിച്ചത്..നേരിട്ട് ഒരിക്കലും പറയാത്ത അല്ലെങ്കിൽ ഒരു പൂവു കൊണ്ടോ ഒളിഞ്ഞു നോട്ടം കൊണ്ടോ പ്രകടിപ്പിക്കാത്ത ഒരു കുഞ്ഞ്യ ഇഷ്ടം -അതായിരുന്നു അവളോട് .
സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയും , ഒരു വ്യക്തിയെന്ന നിലയിലേക്ക് വളരുകയുമൊക്കെ ചെയ്യുന്ന 16 -17 വയസ്സ് കാലഘട്ടം. .ആ പ്രായത്തിൽ നടന്ന ഈ ഇഷ്ടത്തെ വെറുമൊരു കുട്ടിക്കളിയായി കാണാൻ എനിക്ക് എന്തോ കഴിഞ്ഞിരുന്നില്ല , പ്രായത്തിന്റെ കുസൃതികളും വികൃതികളും കൊണ്ട് അന്നേരം കൊണ്ട് പല പെൺകുട്ട്യോളേം വളക്കുകയും ഒടിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.
.
ഒരു പരാജയം ഈ വിഷയത്തിൽ നേരിട്ടത് അന്നും ഇന്നും ഇവളുടെ കാര്യത്തിൽ മാത്രമാണ്, അത് കൊണ്ട് തന്നെ എത്ര കാലം കഴിഞ്ഞാലും ഈ ഓർമ്മകൾക്കും അവൾക്കും മനസ്സിൽ ചിരിപ്പിക്കുന്ന ,കൊതിപ്പിക്കുന്ന ഒരു സ്ഥാനം ഉണ്ടാവും ...
സാറ് ക്ലാസ്സ് എടുക്കാൻ വരുന്നതിനു മുൻപ് ഞാൻ അവളോട്‌ പോയി പറഞ്ഞു അടുത്ത പിരിയഡ് എടുക്കുന്ന ക്ലാസ് നീ ശ്രദ്ധിച്ചു കേൾക്കണം എനിക്ക് പറയാനുള്ളത് അതിലുണ്ടെന്നു , പ്രണയത്തിന്റെ സുന്ദര ഭാവങ്ങളെ തന്റെ അറിവ് കൊണ്ട് രഞ്ജിത്ത് മാഷ് വരച്ചു കാണിച്ചപ്പോൾ എല്ലാ കുട്ടികളുടെ മുഖത്തും മനസ്സിലും പുഞ്ചിരിയും സന്തോഷവും ഞാൻ കണ്ടപ്പോ ഇവളുടെ മുഖത്ത് എന്നോടുള്ള വെറുപ്പിന്റെ രക്താണുക്കൾ നിറഞ്ഞോടുകയാണ് .
.
എല്ലാവര്ക്കും വന്നു മാഷോട് ഇങ്ങനെ ഒരു ക്ലാസ് എടുക്കാൻ പറഞ്ഞതിനുള്ള നന്ദിയും എന്റെ ധൈര്യത്തെയും പുകഴ്തുമ്പോ മനസ്സ് കൊണ്ട് ഞാൻ ഡസ്കിൽ തല ചായ്ച്ചു കരയുകയായിരുന്നു. പ്രായം എന്താണെന്നും അതിന്റെ ഭാഗമായാണ് ഇങ്ങനെ ഒക്കെ തോന്നുന്നതും എന്ന് മനസ്സിലാക്കാനുള്ള പക്വതയും എനിക്കുണ്ട് എങ്കിലും മനസ്സിലെ നൊമ്പരത്തിന് അണയിടാൻ കഴിഞ്ഞിരുന്നില്ല..
എന്നെ വിളിച്ചു അവൾ ചീത്ത പറഞ്ഞിരുന്നെങ്കിലോ ,ഞാൻ ഒരു ശല്യമാണെന്ന രീതിയിൽ പരാതി കൊടുത്തിരുന്നെങ്കിലോ ഇത്രയും വിഷമം ഈ വിഷയത്തിൽ ഉണ്ടാവുമായിരുന്നില്ല .കാരണം ഞാൻ അതുവരെ അവളെപ്പോലെ ഒരു പെണ്ണിനെ കണ്ടിട്ടില്ല . 
അവളുടെ ശാന്തതയാണ് അവളുടെ ഭംഗി ..നിശബ്ദധയിൽ അവളോളിപ്പിച്ച എന്നോടുള്ള പ്രതികാരം മറ്റെതിനെക്കളും എന്നെ പോലെ ഒരാളെ തകർത്തു കളയുന്നതയിരുന്നു,
വെറുമൊരു കളിയല്ല ഈ ഇഷ്ടം എന്നും അതിന്റെ സത്യസന്ധത തെളിയിക്കാൻ ഒന്നും ഇനി അവരസമില്ല എന്ന തിരിച്ചറിവിൽ ഭാവിയെ പറ്റി അന്നത്തെ പൊട്ട ചിന്തയിൽ എടുത്ത ഒരു തീരുമാനം ആയിരുന്നു പെണ്ണ് കെട്ടണ കാലത്ത് ഓള് അവിടെ ഉണ്ടേൽ ഞാൻ പോയി പെണ്ണ് ചോദിക്കും .ഒരുപക്ഷെ അവൾ എതിർത്താലും എന്റെ സ്നേഹം അവിടെ വിജയിക്കും അത് മതിയായിരുന്നു. ഇക്കാര്യങ്ങൾ എല്ലാം അറിയാവുന്നതും , ക്ലാസ്സിലെ ലീഡറും അവളുടെ അതെ സ്ഥലത്ത് നിന്ന് വരുകയും ചെയ്തിരുന്ന കൂട്ടുകാരാൻ നിധിനെ വിളിച്ചു എനിക്ക് അവളുടെ വീട് കാണിച്ചു തരണം .കണ്ടാൽ മാത്രം മതി വഴി അറിഞ്ഞിരിക്കാൻ വേണ്ടി മാത്രം, വീട് കറക്റ്റ് ആയി അവൻ അറിയില്ല . അവള് പോണ ബസിൽ പോവാമെന്നും അങ്ങനെ കണ്ടു പിടിക്കാമെന്നും പറഞ്ഞത് അവനാണ്.ഏകദേശം സ്ഥലം അവനറിയാം.
.
തീരുമാനിച്ച പോലെ കളർ ഡ്രസ്സ്‌ ഇടാൻ അവസരമുള്ള ദിവസവും ആ നാട്ടിലെ ഉത്സവം കൂടെ ആയ ഒരു ശനിയഴ്ച തിരഞ്ഞെടുത്ത് അവളുടെ കൂടെ ഞങ്ങളും 10 കിലോമീറ്റർ അകലെയുള്ള പുത്തൻപള്ളി എന്ന സ്ഥലത്തേക്ക് ബസ് കയറി .കാണാതിരിക്കാൻ തല ചെരിച്ചും മറഞ്ഞു നിന്നും അവളിറങ്ങുന്ന സ്റ്റോപ്പ്‌ നോക്കി ഞാൻ നിന്നു .ഉൽസവ ദിവസം ആയതിനാൽ ബസിൽ നല്ല തിരക്കായിരുന്നു . ലാസ്റ്റ് സ്റൊപ്പിലെക്ക് ഇനി 3 സ്റ്റോപ്പ്‌ കൂടെ ബാക്കിയുള്ളൂ എന്നവൻ പറഞ്ഞത് കേൾക്കുന്നതിനിടയിൽ , ആ ഒരു നിമിഷത്തെ അശ്രദ്ധയിൽ അവളെ ഞാൻ കണ്ടില്ല . അവൾ നിന്ന സ്ഥലത്ത് ഒരു കേട്ട് നിറയെ കുപ്പിവള നിറച്ചു ഒരു സ്ത്രീ നില്ക്കുന്നു. ആ കുപ്പിവളകൾ എന്റെ നെഞ്ചിൽ വീണുടഞ്ഞു മുറിവേൽപ്പിക്കുന്ന പോലെ തോന്നി.
നീ വിഷമിക്കണ്ട ,നമുക്ക് തിരയാം എന്നവൻ പറഞ്ഞു. ആകെ അറിയാവുന്നത് ഓടു മേഞ്ഞ ഒരു ചെറിയ വീട് ആണെന്നുള്ളതാണ്. അതൊരു ആശ്വസം ആയിരുന്നെനിക് , സ്വന്തമായി വീട് ഇല്ലാത്ത ഞാൻ പെണ്ണ് ചോദിക്കാൻ ചെല്ലണതു വല്ല്യ വീട്ടിലെക്കണേൽ തീർന്നില്ലേ എല്ലാം. വർഷങ്ങൾക്ക് ശേഷം നടക്കാൻ പോണ നല്ല കാര്യങ്ങളെ ഓർത്ത് ക്ലാസ് ലീഡറെ പിൻപറ്റി ആ വെയിലും കൊണ്ട് ഞാൻ നടന്നത് കിലോമീറ്ററുകൾ ആയിരുന്നു.വിചാരിച്ച ഒന്നും നടന്നില്ല, ശനിയാഴ്ച ആയോണ്ട് വെള്ളിയാഴ്ച അവളിട്ട യൂണിഫോം അലക്കി ഇട്ടിടുണ്ടാവും എന്നൊരു ചിന്ത വെയില് കൊണ്ട് തലച്ചോറ് തിളച്ചപ്പോ തോന്നി . പിന്നീട് അങ്ങോട്ട്‌ അലയുകയായിരുന്നു ..മനസ്സ് നിറയെ സ്നേഹവും വെറുപ്പ്‌ കൂടിയ അവളുടെ മുഖവും ധ്യാനിച്ച് കൊണ്ട് അലച്ചിൽ ..
.
ഒരു അയലും ഉണങ്ങാൻ ഇട്ട അവളുടെ യൂണിഫോമും തേടിയുള്ള അലച്ചിൽ .
.
പോയ വഴികൾ വീണ്ടും വീണ്ടും വന്നു കൊണ്ടേ ഇരുന്നു, പുത്തൻപള്ളി മൊത്തം സർവേ എടുക്കാൻ പോയവര് പോലും കാണാത്ത വഴികൾ ..
അവസാനം വീട് കാണിച്ചു തരാം എന്ന് പറഞ്ഞ ക്ലാസ് ലീഡറിന്റെ കാശു കൊണ്ട് തന്നെ ഉത്സവ പറമ്പിൽ നിന്ന് ഐസ്ക്രീം വാങ്ങിപ്പിച്ച് അതും കഴിച്ചു ഞാൻ തിരിച്ചു ബസ് കയറി ..
അവൾ ഇറങ്ങിയ സ്റ്റോപ്പും അന്നവൾ പോയത് സ്വന്തം വീടിലെക്കല്ല മാമന്റെ വീട്ടിലേക്ക് ആണെന്നും കുറച്ചു ദിവസമായി അവൾ അവിടെയാണ് നിന്നിരുന്നത് എന്നും പിന്നീടു അവളുടെം എന്റെയും ഒരു പ്രിയ കൂട്ടുകാരി വഴി അറിഞ്ഞു .
.
ആ വീടിലേക്കുള്ള വ്യക്തമായ വഴി പിന്നീട് എനിക്ക് അവള് തന്നെ പറഞ്ഞു തന്നു ,പെണ്ണ് ചോദിക്കാൻ ചെല്ലാനല്ല ഓൾടെ കല്യാണത്തിന് ബിരിയാണി തിന്നാനും പറ്റിയാൽ കുറച്ചു അച്ചാറു വിളമ്പാനും കൂടിയുള്ള ഒരു ക്ഷണമായി .......
ആ വഴികളിലൂടെ ഞാൻ ഒരിക്കൽ കൂടെ നടന്നു പോവും ,...എന്റെ കുഞ്ഞ്യ ഇഷ്ടത്തിന്റെ നിഷ്കളങ്കത ആ മണ്ണിനെ ഒരിക്കൽ കൂടെ ബോധിപ്പിക്കാൻ..........
അൻവർ മൂക്കുതല
.
(കുറച്ചു മാസം മുൻപ് അവളും ഭർത്താവും ഈ കഥ വായിച്ചു ഒരുപാട് ചിരിച്ചെന്നു അവൾ തന്നെ മെസേജ് ചെയ്തിരുന്നു .എഴുതി വെക്കാൻ ഓർമ്മ നൽകിയ നല്ല നിമിഷങ്ങളെ നിങ്ങൾക്കൊരു സ്‌കൂൾ വിദ്യർത്ഥിയുടെ പ്രണയ ചുംബനങ്ങൾ )


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot