നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറുദീസയിലെ കാറ്റ്

പറുദീസയിലെ കാറ്റ്
***********************
ഇതൊരു നാടകമാണ്….
ക്ലാര എന്ന പെൺകുട്ടിയുടെയും, പിന്നെ അവളുടെ ജീവിത വഴിത്താരയിൽ കണ്ടുമുട്ടിയ അഞ്ചു പുരുഷൻമാരുടെയും കഥ…
ഒരു പാഞ്ചാലിയും പിന്നെ പഞ്ച പാണ്ഡവരും.. ഈ കഥയിൽ അവർ അവളുടെ ഭർത്താക്കന്മാർ അല്ല,, പക്ഷെ…… അവർക്കവൾ ഒരുപാടൊരുപാട് വേണ്ടപെട്ടവൾ ആണ്…
ഈ നാടകത്തിന്റെ രംഗപടം വരച്ചിരിക്കുന്നത്. 'വിധി' എന്ന പ്രശസ്തനായ ചിത്രകാരൻ.
നിങ്ങൾ സ്റ്റേജിൽ കാണുന്ന ആ ഹോസ്പിറ്റൽ റൂം തന്നെ നോക്കൂ, എത്ര മനോഹരമായാണ് അദ്ദേഹം അത് ചിത്രീകരിച്ചിരിക്കുന്നത്.. അല്ലേ….
ആ കിടക്കയിൽ -ആരെയോ പ്രതീക്ഷിച്ചു തന്റെ ജീവൻ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീയാണ് ഈ നാടകത്തിൽ പാഞ്ചാലിയുടെ വേഷത്തിൽ..
അവൾ നഗരത്തിലെ ഒരു കാൾ ഗേൾ… ഒരു അഭിസാരിക. പേര് ക്ളാര …
ക്ലാരക്കു വേണ്ടി മാത്രമായ് "വിധി" എന്ന ചിത്രകാരൻ ഇതുവരെ ഒരു രംഗപടവും ഒരുക്കിയിരുന്നില്ല. ഇന്നാണ് ആദ്യമായി ഒന്ന് ഒരുക്കുന്നത്..
അതാണീ ഹോസ്പിറ്റൽ റൂം.
ഇത്രയും നാൾ അവൾ മറ്റുള്ളവരുടെ ജീവിത പാതകളുടെ ഓരങ്ങളിലൂടെ മാത്രം സഞ്ചരിക്കുകയായിരുന്നു.. അതുകൊണ്ടായിരിക്കാം ഒരു പക്ഷെ അദ്ദേഹമത് ചെയ്യാൻ മറന്നു പോയത്..
ഈ നാടകത്തിന്റെ അവസാന രംഗം അഭിനയിക്കുവാനായി അവൾ തയാറെടുക്കുന്നു.. മുഖത്തു നിതാന്ത ശാന്തതയുടെ ചായം അണിഞ്ഞിട്ടുണ്ട്..
ഇനി മറ്റു കഥാപാത്രങ്ങൾ...
************************
ആ നിൽക്കുന്ന ആറടി പൊക്കവും വിരിഞ്ഞ നെഞ്ചുമുള്ള ആളെ കണ്ടില്ലേ,
അതെ - കിടക്കയുടെ അരുകിൽ അവളുടെ തലയിൽ തലോടി കൊണ്ടിരിക്കുന്ന ആൾ തന്നെ.
ഏകദേശം അമ്പത്തിയഞ്ചു വയസുള്ള അദ്ദേഹമാണ് യുധിഷ്ഠിരന്റെ വേഷം കൈകാര്യം ചെയ്യുന്നത്.. കോട്ടയംകാരനായ ഒരു പ്ലാന്റർ - മാത്തച്ചൻ, എന്നറിയപ്പെടുന്ന മാത്യു ജേക്കബ്..
വര്ഷങ്ങള്ക്കു മുമ്പേ ഭാര്യ മരിച്ചു.. രണ്ടു മക്കൾ ഉണ്ടായിരുന്നു - മകൻ അമേരിക്കയിൽ സെറ്റൽഡ് വിത്ത് ഫാമിലി. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം അപ്പനെ വിളിക്കും - ജീവനോടെ ഉണ്ടോ എന്നറിയാൻ..
മകൾ ജെസ്സി മാത്തച്ചന്റെ പൊന്നോമന. പതിനെട്ടാം വയസിൽ ഒരു അപകടത്തിൽ മരിച്ചു..
അഞ്ചു വര്ഷം മുമ്പ് ഒരിക്കൽ ക്ലബ്ബിലെ കൂട്ടുകാരോടൊത്തു ഒരു വിനോദ യാത്രയിൽ വെച്ചാണ് ക്ലാരയെ ആദ്യം കാണുന്നത്..
കൂട്ടുകാരിലൊരാൾ ഏർപ്പാട് ചെയ്ത സർപ്രൈസ്-അഞ്ചു റൂമിലേക്കും ഓരോ പെൺ തുണ.. അതിൽ മാത്തച്ചന്റെ മുമ്പിൽ അന്ന് ക്ലാരയും..
അരണ്ട വെളിച്ചത്തിൽ മുമ്പിൽ വന്നു നിന്ന പെൺകുട്ടി -
മാത്തച്ചന് ഒരു മാത്ര അവൾ തന്റെ മരിച്ചുപോയ ജെസ്സി മോളാണെന്നു തോന്നി.. അവൾക്ക് ഇങ്ങനെ ഒരു ഗതി വന്നിരുന്നെങ്കിൽ..
മനസ്സിൽ ഒരു വല്ലാത്ത നീറ്റൽ..
അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി,
"കുട്ടീ ക്ഷമിക്കൂ ഇങ്ങനെ ഒരു ഏർപ്പാട് ഞാനറിഞ്ഞിരുന്നില്ല, നിന്നെ കണ്ടപ്പോൾ മരിച്ചു പോയ എന്റെ ജെസ്സി മോളെ എനിക്കോർമ്മ വരുന്നു.. –
കുറച്ചു നേരം അവളെ നോക്കി നിന്ന മാത്തച്ചൻ മടിച്ചു മടിച്ചവളോട് ചോദിച്ചു..
"എന്നെ പപ്പാ എന്ന് ഒന്ന് വിളിക്കാമോ".. . കുറെ നാളായി ആ വിളി കേട്ടിട്ട്.. പ്ളീസ്" . വിശ്വസിക്കാനാകാതെ ക്ളാര മാത്തച്ചനെ നോക്കി ,,
അദ്ദേഹത്തിന്റെ കൈകൾ ചേർത്ത് പിടിച്ചു. വിറയ്ക്കുന്ന അധരങ്ങളാൽ ജീവിതത്തിൽ ആദ്യമായി അവൾ വിളിച്ചു
" പപ്പാ" ….
ആരോ എവിടെയോ പാകിയ വിത്തിൽ മുളച്ച ആ പനിനീർ പുഷ്പം - ക്ളാര തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരാളെ പപ്പാ എന്ന് വിളിക്കുന്നത്..
ആ വിറയ്ക്കുന്ന കൈ വിരലുകളുടെ തലോടലിൽ, ആദ്യമായി ഒരു പിതാവിന്റെ സ്നേഹം അനുഭവിച്ചറിയുകയായിരുന്നു… അവളുടെ പുഴുക്കുത്തേറ്റ ഭൂതകാല പുറമിതളുകൾ കൊഴിഞ്ഞു വീണു,, നറു വെണ്മയിൽ വെട്ടി തിളങ്ങുന്ന ഒരു ചെറു പൂ മൊട്ടായ് അവൾ തലകുനിച്ചു...
കഴ്ഞ്ഞ അഞ്ചു വർഷമായി മാത്തച്ചൻ അവളെ മകളായി സ്നേഹിക്കുന്നു ... തന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ അവൾ അദ്ദേഹത്തെ പിതാവായും.. പല തവണ അവളെ തന്റെ വീട്ടിലേക്കു കൂട്ടികൊണ്ടു പോകാൻ തുനിഞ്ഞതാണ്.. അവൾ നിരസിച്ചു..
താൻ മൂലം അദ്ദേഹത്തിന് സമൂഹത്തിൽ ഉണ്ടായേക്കാവുന്ന അപമാനക്ഷതങ്ങൾ ഓർത്തു അവൾ തന്റെ അകലം കാത്തു സൂക്ഷിച്ചു... മാസത്തിൽ അഞ്ചോ ആറോ തവണ അവൾ ജെസ്സി എന്ന വേഷം ധരിച്ചു... ഒരു പിതാവിന് നഷ്ടമായ സ്നേഹം ആവോളം നൽകുന്ന മകളായി മാറി..
അവളും അതാഗ്രഹിച്ചു...
*******************************************
അടുത്തത് ഭീമൻ,
ആ കട്ടിലിന്റെ ഇടതു വശത്തു നിൽക്കുന്ന ഒരു മാസിൽമാനെ ശ്രദ്ധിച്ചിരിക്കുമല്ലോ,, ആരും ശ്രദ്ധിച്ചു പോകും..കാരണം അദ്ദേഹം ധരിച്ചിരിക്കുന്ന ടീ ഷിർട്ടിന് വെളിയിലേക്കു ത്രസിച്ചു നിൽക്കുന്ന മസിലുകൾ തന്നെ. പേര് നിസാം.. നമ്മുടെ നാടകത്തിൽ ഭീമൻ.. കൊച്ചിയിലെ ഒരു ഹെൽത്ത് സെന്ററിൽ ട്രെയ്നർ, ചില നിശാ പാർട്ടികളിൽ ബൗൺസർ ആയും കണ്ടിട്ടുണ്ടാവും ഇദ്ദേഹത്തെ... ചെറു പ്രായത്തിൽ അർണോൾഡിനെയും, സിൽവേർസ്റ്റീൻ സ്റ്റാലിനെയും ആരാധിച്ചു ഒരു ലോക്കൽ ജിമ്മിലെത്തിയ ആ മെലിഞ്ഞ പയ്യൻ തന്നെ ഇന്നത്തെ നിസാം.. അവിടുത്തെ ചില ട്രെയ്നർമാർ അത്യാഗ്രം മൂലം വിറ്റുകൊണ്ടിരുന്ന ചില മരുന്നുകൾ ഉണ്ടായിരുന്നു.. ദേഹം പുഷ്ടിക്കാൻ.. ഉപദേശിക്കാൻ ആളില്ലാത്ത പ്രായത്തിൽ നിസാം കുറച്ചധികം വാങ്ങി കഴിച്ചു ആ മരുന്നുകൾ... കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ പെട്ടെന്ന് വീർത്ത മസിലുകൾ അവനെ വളരെയേറെ സന്തോഷിപ്പിച്ചു..
ഒടുവിലൊരുനാൾ ആ സ്റ്റിറോയിഡുകൾ തന്നെ ഒരു ഷണ്ഡൻ ആക്കി എന്ന ഞെട്ടിക്കുന്ന തിരിച്ചറിവ് ഉണ്ടാകുന്നത് വരെ.... നിസാമിന് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു ബന്ധുവായി.. അവർ ഒരു പാട് ആഗ്രഹിച്ചു മകൻ ഒരു പെണ്ണ് കെട്ടി കാണുവാൻ. പക്ഷെ തന്റെ കഴിവില്ലായ്മ തിരിച്ചറിഞ്ഞ നിസാം തയ്യാറായില്ല.. ഒടുവിൽ ആഗ്രഹം ബാക്കിയാക്കി ഉമ്മയും ഓർമയായി..
ഒരു നിശാ പാർട്ടിയിൽ വെച്ചാണ് നിസാം ക്ലാരയെ കണ്ടു മുട്ടുന്നത്.. കഞ്ചാവിന്റെയും ഹാഷിഷിന്റെയും മൂത്ത ലഹരിയിൽ മുമ്പിൽ നിന്ന സ്ത്രീ ശരീരത്തിൽ ആഞ്ഞു കടിക്കുകയും സിഗരറ്റു കൊണ്ട് പൊള്ളിക്കുകയും ചെയ്ത ഒരു സിനിമാക്കാരനെ ആളറിയിക്കാതെ പുറകിൽ നിന്നു തല്ലി വീഴ്ത്തിയിട്ടു നിസാം ക്ലാരയെ പുറത്തെ ഇരുട്ടിലെത്തിച്ചു..
"നിനക്കൊക്കെ വീട്ടിലിരുന്നു കൂടെടി" എന്ന അമർച്ചയോടെ..
“സൂക്കേട് മൂത്ത നിന്നെ പോലുളളവരാണ് ഈ നാടിന്റെ ശാപം..”
തിരിഞ്ഞു നടന്ന നിസാമിന്റെ കയ്യിൽ കടന്നു പിടിച്ചിട്ടവൾ പറഞ്ഞു
“ ഞാനൊരു കാൾ ഗേൾ ആണ്.. ഇതെന്റെ സൂക്കേടല്ല, തൊഴിലാണ്.. രക്ഷിച്ചതിനു നന്ദി.. “
അവൾ നടന്നകന്നപ്പോൾ നിസാം തന്റെ കൈയിൽ അവൾ അവശേഷിപ്പിച്ചിട്ടു പോയ അവൻ ഒരിക്കലും അടുത്തറിഞ്ഞിട്ടല്ലാത്ത സ്ത്രീയുടെ ഗന്ധം, ആസ്വദിച്ചു - അത് അവനെ അവളുടെ പിന്നാലെ നയിച്ചു..
ഒടുവിൽ അവളുടെ വീടെത്തും വരെ അവനവളെ പിന്തുടർന്നെത്തി.
"എത്രയാ നിന്റെ ഒരു രാത്രിയുടെ വില” പെട്ടന്ന് അവനെ വാതിൽക്കൽ കണ്ടപ്പോൾ ക്ലാര ഒന്ന് ഞെട്ടി..
“ഇവിടെ വീട്ടിൽ ഞാൻ അതിഥികളെ സത്കരിക്കാറില്ല, പിന്നെ ഇന്ന് നിങ്ങൾ എന്നെ ഒരു മൃഗത്തിന്റെ കയ്യിൽ നിന്നും രക്ഷിച്ചു - അത് കൊണ്ടുമാത്രം ഒരിളവ് നൽകാം"
നിസാം ഉള്ളിലെത്തി.. അവൾ ആദ്യമായി സ്പർശിച്ച തന്റെ കയ്യിൽ വീണ്ടും മണപ്പിച്ചു..
എന്നിട്ടു ചോദിച്ചു " ശരിക്കും ഇതാണോ ഒരു സ്ത്രീയുടെ ഗന്ധം"
അവൾ അവനോടു ചേർന്ന് നിന്നു എന്നിട്ടു ചോദിച്ചു
"എന്തേ കണ്ടിട്ട് തനിക്കു മുപ്പതു വയസിൽ കൂടുതൽ ഉണ്ടല്ലോ, ഇതുവരെ അറിയില്ലേ"
വരിയുടച്ച കാള സുന്ദരിയായ പശുവിനെ എന്ന പോലെ അവൻ അവളുടെ ശരീരം മുഴുവനും മണപ്പിച്ചു കൊണ്ടിരുന്നു .. ജീവിതത്തിൽ ആദ്യമായി ഒരു സ്ത്രീയുടെ ഗന്ധം - അവനതാവോളം ആസ്വദിച്ചു
അവന്റെ കണ്ണുനീർ അവളുടെ ദേഹത്തു വീണപ്പോൾ അവൾ ചോദിച്ചു
" എന്തേ നീ കരയുകയാണോ "..
ഒടുവിൽ അവൻ മനസില്ലാ മനസോടെ അവളുടെ മുമ്പിൽ തന്റെ ഷണ്ഡത്വം ഏറ്റു പറഞ്ഞു..
അവൾ പൂർണ നഗ്നയായി അവനെ തന്റെ ശരീരത്തിൽ ചേർത്ത് പിടിച്ചു എന്നിട്ടവനോട് പറഞ്ഞു
“നിനക്ക് എന്നെ ആവോളം പുണരാം, എന്റെ ഗന്ധം നിന്നിലെ ഞരമ്പുകളെ ഉണർത്തുമെങ്കിൽ ഞാനൊരു വാസന തിരിയായി എരിഞ്ഞു തീരാം"
അവളുടെ നെഞ്ചിലെ ചൂടിൽ അന്ന് സ്വയം മറന്നുറങ്ങിയ നിസാം അറിഞ്ഞു തനിക്കുള്ളിൽ എവിടെയോ പൊട്ടുന്ന ചില വികാരത്തിന്റെ ഉറവകൾ. അവൻ ചോദിച്ചു
"വരുന്നോ എന്റെ കൂടെ എന്റെ ജീവിതത്തിലേക്ക് " -
അവൾ നിരസിച്ചു കൊണ്ട് തലയാട്ടി
" നിനക്ക് നിന്റെ ശക്തി തിരികെ ലഭിക്കുമ്പോൾ ദയവായി എന്നെ മറക്കുക എന്നിട്ടു ഒരു പുതിയ ജീവിതം തുടങ്ങൂ. പുഴുക്കുത്തേൽക്കാത്ത നല്ല പുഷ്പങ്ങൾ നിനക്കായി ധാരാളം പുറത്തുണ്ട്.."..
. ആറ് മാസങ്ങൾക്കു മുമ്പ് തന്റെ മുമ്പിലവതരിച്ച ക്ലാരയെന്ന പെൺകുട്ടി.. അവൾക്കായി അവൻ ഏതു കല്യാണ സൗഗന്ധികങ്ങളും കൊണ്ട് വരാൻ തയ്യാറായിരുന്നു, പക്ഷെ അവൾ അവനോടു ഒന്നും ആവശ്യപ്പെട്ടില്ല,, ഇന്നുവരെ..
*********************
സ്വാഭാവീകമായും അടുത്ത ഊഴം അർജ്ജുനന്റേതാണ്. നിങ്ങൾ പ്രേക്ഷകർ അല്പം ക്ഷമിക്കണം, വേറൊന്നുമല്ല അദ്ദേഹം ഇപ്പോൾ ഈ റൂമിലില്ല...
ഡോക്ടർ വിപിൻ (ഈ നാടകത്തിൽ നകുലൻ) അദ്ദേഹത്തെ ( അർജുനൻ എന്ന വേഷം ചെയ്യുന്ന ജയകൃഷ്ണനെ) - ഈ നാടകത്തിന്റെ അന്ത്യ രംഗം പൂർണമാക്കുവാൻ വേണ്ടി കൂട്ടി കൊണ്ട് വരുന്നുണ്ട്. അവർ ഒരു കാറിൽ ഹോപിറ്റലിലേക്കു വന്നു കൊണ്ടിരിക്കുന്നു...
****************************
അവരിലേക്ക് പോകും മുമ്പ് നിങ്ങൾ കണ്ടുവോ ആ ഹോസ്പിറ്റൽ റൂമിനു വെളിയിൽ നിൽക്കുന്ന ഒരു ഒരു പാവം മനുഷ്യനെ.. അല്പം മുഷിവുള്ള ലുങ്കിയും പഴയ ഒരു ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്..
ആശുപത്രീയുടെ ഇടനാഴിയിലൂടെ ആകുല ചിത്തനായി നടക്കുകയും ഇടയ്ക്കു ICU വിനുള്ളില്ലേക്ക് എത്തിനോക്കുകയും ചെയ്യുന്ന അദ്ദേഹമാണ് സഹദേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്- പേര് രാമൻകുട്ടി..
മൂന്നു വര്ഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നാല് വയസുള്ള മകൾ മായയുടെ മെഡിക്കൽ ടെസ്റ്റ് റിപ്പോർട്ട് കൈയിൽ കിട്ടുമ്പോൾ രാമൻ കുട്ടി എന്ത് ചെയ്യണം എന്നറിയാതെ തളർന്നു പോയിരുന്നു . ദിവസ കൂലിക്കാരനായ തനിക്കു താങ്ങാനാകാത്ത ചികിത്സ ചിലവുകൾ ഓർത്തു വിതുമ്പി കൊണ്ടാണ് അന്ന് വീട്ടിലേക്കു തിരിച്ചത്..
ട്രെയിനിൽ തനിക്കെതിരെ ഉള്ള സീറ്റിൽ ഇരുന്ന സുന്ദരിയായ യുവതിയുമായി മകൾ പെട്ടെന്നിണങ്ങി.. അവളുടെ കൊഞ്ചലുകൾക്കു മറു കൊഞ്ചലും കഥകളുമായി ആ ആന്റി മായമോളുമായി വളരെവേഗം കൂട്ടുകൂടി..
ട്രെയിൻ ഇറങ്ങാൻ നേരം തന്റെ കണ്ണുകളിലെ ദൈന്യത കണ്ടു ആ യുവതി കാരണം ചോദിച്ചു. ഒന്നും മിണ്ടാതെ മെഡിക്കൽ റിപോർട്ടുകൾ അവളെ കാണിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ദൈവം അയച്ച മാലാഖയാണ് ക്ലാര എന്ന് പേരുള്ള ആ യുവതി എന്ന്.
മകളുടെ ആരോഗ്യം പൂർണമായി വീണ്ടെടുക്കുവാൻ ക്ലാര എത്ര ലക്ഷങ്ങൾ ചിലവാക്കിയിട്ടുണ്ടെന്നു രാമൻകുട്ടി പലപ്പോഴും അത്ഭുതത്തോടെ ഓർക്കാറുണ്ട്.
മാത്രമല്ല കഴിഞ്ഞ മൂന്നു വർഷമായി അവളുടെ പഠന ചിലവുകളും ക്ലാര തന്നെയാണ് വഹിക്കുന്നത്.. എന്തിനു വേണ്ടി നീ ഇതെല്ലാം ചെയ്യുന്നു എന്നൊരിക്കൽ ചോദിച്ചു, അപ്പോഴവൾ പറഞ്ഞു
" മായമോൾ ആദ്യമായി അന്ന് ട്രെയിനിൽ വെച്ച് എന്നെ ആന്റി എന്ന് വിളിച്ചപ്പോൾ മുതൽ അവൾ എന്റെ ജേഷ്ഠന്റെ കുട്ടിയാണ്. അവളെ സ്നേഹിക്കാൻ ദൈവം എന്നൊക്കൊരു അവസരം തരുന്നു - അത് ഞാൻ പാഴാക്കണോ ?"
രാമൻകുട്ടിക്ക് ICU വിനുള്ളിൽ ക്ലാരയുടെ അടുത്ത് തന്നെ നിൽക്കണം എന്നുണ്ട്, പക്ഷെ തന്റെ മുഷിഞ്ഞ വേഷം കണ്ടു അകത്തുണ്ടായിരുന്ന നേഴ്സ് മുഖം ചുളിച്ചപ്പോൾ പുറത്തിറങ്ങി നിന്നു. പക്ഷെ ഇടയ്ക്കിടയ്ക്ക് ഗ്ലാസ് ഡോറിനുള്ളിലേക്കു എത്തി നോക്കികൊണ്ടിരിക്കും, തന്റെ അനുജത്തി ക്ലാര ജീവനോടെ തന്നെ ഉണ്ട് എന്ന് തീർച്ചയാക്കാൻ..
******************************************
ഇനി നമ്മൾ വീണ്ടും അർജുനന്റെയും നകുലന്റെയും അടുത്തേക്ക് പോകാം..
വളരെഏറെ കഷ്ടപ്പെട്ടാണ് ഡോക്ടർ വിപിൻ ജയകൃഷ്ണനെ കണ്ടു പിടിച്ചത് ഒരുപാടലഞ്ഞു.. ഒടുവിൽ നെല്ലിയാമ്പതിയിൽ ഉള്ള ഒരു ഫാം ഹൌസിൽ നിന്നും.. ഇന്ന് വൈകിട്ടോടെ കണ്ടെത്തി ..
വിപിൻ കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.. ഇടയിൽ താൻ ക്ലാരേച്ചിയെ കാണാൻ ഇടയായ സന്ദർഭം ജയകൃഷ്ണനുമായി പങ്കു വെച്ചു.
ഒരു മാനേജ്മന്റ് സ്കൂളിൽ പ്രധാനാദ്ധ്യാപകൻ ആയിരുന്നു അച്ഛൻ. 'അമ്മ കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് മരിച്ചു പോയി .. പഠിക്കാൻ മിടുക്കനായിരുന്ന വിപിൻറെ ഏറ്റവും വലിയ മോഹം ഒരു ഡോക്ടർ ആകണം എന്നായിരുന്നു.. നിർഭാഗ്യവശാൽ എൻട്രൻസ് എക്സാം പാസ്സാകാൻ കഴിഞ്ഞില്ല.
അച്ഛൻ തന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും മുടക്കി വിപിന് കർണാടകയിലെ ഒരു മെഡിക്കൽ കോളജിൽ അഡ്മിഷൻ തരപ്പെടുത്തി. താൻ മൂന്നാം വര്ഷം MBBS പരീക്ഷക്ക് തയ്യാർ എടുക്കുമ്പോൾ ആണ് ജീവിതം ആകെ മാറ്റി മറിച്ച ആ ദുരന്തം സംഭവിക്കുന്നത്.. ഒരു ദിവസം വൈകിട്ട് ന്യൂസ് കണ്ടു കൊണ്ടിരിക്കെ, ഒരു സ്കൂളിലെ പ്രിൻസിപ്പൽ പീഡന കേസിൽ പോലീസ് അറസ്റ്റു ചെയ്ത വാർത്ത. തന്റെ നിരപരാധിത്യം ആരോട് പറയേണ്ടു എന്ന വ്യാകുലതയോടെ പോലീസ് ജീപ്പിലേക്കു നടന്നു നീങ്ങുന്ന അച്ഛൻ... അച്ഛനെ പറ്റി നന്നായറിയാവുന്ന വിപിൻ നാട്ടിലേക്കോടിയെത്തി. പക്ഷെ ആ രാത്രി തന്നെ , വിഷമം താങ്ങാനാകാതെ അച്ഛൻ ഹ്രദയ സ്തംഭനം മൂലം യാത്രയായി.
പിന്നീടറിഞ്ഞു, മാനേജ്മെന്റിലെ ഒരു പ്രമുഖ വ്യക്തി - അയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാവും കൂടി ആയിരുന്നു- ചെയ്ത ചില അഴിമതികൾ തെളിവ് സഹിതം അച്ഛൻ കണ്ടു പിടിച്ചതിനുള്ള പ്രതികാരം ആയിരുന്നു വ്യാജ ആരോപണത്തിന് കാരണം ആയത് എന്ന്..
പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നു..
ബാംഗ്ലൂരിൽ ഉള്ള ഒരു ഹോട്ടലിൽ റൂം ബോയ് ആയി ജോലി ചെയ്ത നാളുകൾ. ഒരിക്കൽ ഒരു ഗസ്റ്റ് രുചി ഇല്ലെന്നു പറഞ്ഞു മുഖത്തേക്ക് വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ട്ടം തുടച്ചുകൊണ്ട് ഇടനാഴിയിലിരുന്നു കരഞ്ഞ തന്റെ തോളിൽ പതിഞ്ഞ മൃദുലമായ കരങ്ങൾ. ക്ലാരേച്ചി...
താനിന്നൊരു ഡോക്ടർ ആകാൻ കാരണം അന്നത്തെ ആ കണ്ടുമുട്ടൽ ആയിരുന്നു.. തനിക്ക് ഒരു താങ്ങും തണലുമായി.. ഇത്രകാലം...
രണ്ടു മാസം മുൻപാണ് വിപിൻ കൊച്ചിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ Oncologist ആയി ചാര്ജടുക്കുന്നത്..
ഇവിടെ ജോയിൻ ചെയ്ത കാര്യം ക്ലാരേച്ചിയെ അറിയിക്കാൻ വേണ്ടി ഒരുപാട് തിരഞ്ഞു.. മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല..
അങ്ങനെ ഇരിക്കെ ഒരു ദിവസം തന്റെ പേഷ്യന്റ് ലിസ്റ്റിൽ ക്ലാരയെന്ന പേര് കണ്ടു .
ഉടനെ നഴ്സിനെ വിളിച്ചു ആ ഫയൽ വാങ്ങി നോക്കി. ഏകദേശം ഒരു വർഷത്തോളമായി gliomas നു ചികിത്സ തേടുന്നു.. ബ്രെയിൻ കാൻസർ അതിന്റെ മൂര്ധന്യാവസ്ഥയിൽ എത്തിഇരിക്കുന്നു. ഇനി കൂടി വന്നാൽ ഒരുപക്ഷെ ദിവസങ്ങൾ മാത്രമേ ആയുസ് കാണുകയുള്ളു.. ക്ലാര എന്ന പേഷ്യന്റിനെ അകത്തേക്ക് വിളിക്കാൻ നഴ്സിനോട് പറയുമ്പോൾ വിപിൻ ഒരു മാത്ര ഉള്ളുരുകി പ്രാർത്ഥിച്ചു -- അത് തന്റെ ക്ലാരേച്ചി ആകരുതേ എന്ന്..
ഡോക്ടറുടെ ചെയറിൽ വിപിനെ കണ്ട ക്ളാര ഒരു ഒന്ന് പകച്ചു... പിന്നെ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു..
" നീ ഇവിടെ ?..എപ്പോ ജോയിൻ ചെയ്തു.. എനിക്കൊന്നുമില്ല ഒരു ചെറിയ തല വേദന.. ഇവിടുത്തെ ഡോക്ടറെ ഇടയ്ക്കു കാണും, മരുന്ന് കഴിച്ചാൽ മാറുകയും ചെയ്യും"
ക്ലാരയെ അറിയിക്കാതെ തന്നെ വിപിൻ അവളെ അവിടെ അഡ്മിറ്റാക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു.. ഒരു ചെറിയ സെഡേഷൻ കൊടുത്തു മയക്കി റൂമിലേക്ക് മാറ്റി.. ഈ ജീവൻ തനിക്കൊരുപാട് വിലപ്പെട്ടതാണ്... ഇത് നിലനിർത്താൻ തന്നാലാകുന്നതെന്തും ചെയ്തേ പറ്റൂ..
പക്ഷെ.. വളരെ പെട്ടന്നാണ് ക്ളാരയുടെ നില തീർത്തും മോശമാകാൻ തുടങ്ങിയത്.. ക്ലാരയെ കുറിച്ച് കൂടുതലൊന്നും വിപിന് അറിയില്ലായിരുന്നു.. അവളുടെ വീടെവിടെയാണെന്നും ബന്ധുക്കൾ ആരെല്ലാം ഒന്നും.. മുമ്പൊക്കെ പലപ്പോഴും അങ്ങനെയുള്ള ചോദ്യങ്ങളിൽ നിന്നും അവൾ ബോധപൂർവം ഒഴിഞ്ഞുമാറിയിരുന്നു..
നിവർത്തിയില്ലാതെ വിപിൻ അവളുടെ ബാഗിൽ കണ്ട ഒരു ചെറിയ ഡയറി എടുത്തു നോക്കി.. അതിൽ ആദ്യം കണ്ട പേര് ജയകൃഷ്ണന്റേതായിരുന്നു . ആ പേരിനു താഴെ രണ്ടേ രണ്ടു വരികൾ ...
“മരണമെന്റെ പടിവാതിലിൽ മുട്ടുന്നു പ്രിയനേ - എങ്കിലും
നിന്നെ ഒരു നോക്ക് കാണാതെ ഞാനാ വാതിൽ തുറക്കില്ല.. സത്യം”
പിന്നെ ഉണ്ടായിരുന്ന പേരുകൾ ജേക്കബ് മാത്യു എന്ന മാത്തച്ചൻ..നിസാം , രാമൻകുട്ടി പിന്നെ തന്റെ പേരും..അതിൽ കുറിച്ചിരുന്ന ഫോൺ നമ്പറുകൾ മറ്റു മൂന്നു പേരെയും കണ്ടെത്താൻ സഹായിച്ചു..
ജയകൃഷ്ണനെ കണ്ടെത്താൻ ഒരു മാർഗ്ഗവുമില്ലാതെ വിഷമിച്ചരിക്കുമ്പോൾ ആണ് ഒരു അനാഥാലയത്തിന്റെ അഡ്രസ് ഡയറിയിൽ കോറിയിരിക്കുന്നത് കണ്ടത്... ഒരു പ്രതീക്ഷയുമില്ലാതെ ആ അനാഥാലയത്തിൽ ചെന്ന് ക്ലാരയെ കുറിച്ചും ജയകൃഷ്ണനെ കുറിച്ചും അന്വേഷിച്ചു.. അവിടെ നിന്നും കിട്ടിയ സൂചനകൾ ഒടുവിൽ തന്നെ ക്ലാരേച്ചി ഒരിക്കൽ കൂടി കാണുവാൻ അഗാധമായി ആഗ്രഹിക്കുന്ന ജയകൃഷ്ണന്റെ മുമ്പിലെത്തിച്ചു..
****************************************
ക്ലാര ജീവനോടെ ഉണ്ടെന്നുള്ളത് ജയകൃഷ്ണനെ സംബന്ധിച്ചോളം അവിശ്വനീയമായ ഒരു അറിവായിരുന്നു. .. പക്ഷെ അവളുടെ ജീവൻ അപകടത്തിലാണെന്നത് അവനെ തളർത്തി.. എത്രെയോ വർഷങ്ങൾ താനവളെ തേടി എവിടെയെല്ലാം അലഞ്ഞിരിക്കുന്നു..
കാറിനു വേഗം പോരെന്നു ജയകൃഷ്ണന് തോന്നി.. തന്റെ ക്ലാരയെ കാണാൻ അവനു തിടുക്കമായി ... അവളെ അവസാനമായി കണ്ടിട്ട് പതിമൂന്നു വർഷങ്ങൾ കടന്നുപോയിരിക്കുന്നു.. അന്ന് പിരിയുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ട ദൈന്യത തന്നെ ഇത്രയും കാലം വേട്ടയാടുകയായിരുന്നു ..
വീടിനടുത്തുള്ള കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയം, അവിടുത്തെ അന്തേവാസിയായിരുന്നു ക്ലാര.. ഒരു പനിനീര്പുഷ്പം പോലെ സുന്ദരി.
എന്നും രാവിലെ വീടിനു മുമ്പിലൂടെ കന്യാസ്ത്രീകൾക്കൊപ്പം അവൾ പള്ളിയിലേക്ക് പോകുന്നത് ഒളിച്ചു നിന്നു താൻ കാണുമായിരുന്നു..
ഒരു വെളുത്ത മാടപ്രാവ്.. അവൾ തന്റെ മനസ്സിൽ കൂടു കെട്ടി.
ഒരു മാടമ്പി തറവാട്ടിൽ ജനിച്ച തനിക്ക് ഒരിക്കലും ചേരാത്ത ബന്ധം..
പക്ഷെ അവളുടെ നിർമലമായ സൗന്ദര്യം തനിക്കു അത്രമേൽ ഇഷ്ടമായിരുന്നു.. ക്ലാരയല്ലാതെ വേറൊരു പെണ്ണിന് തന്റെ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല എന്ന ഉറച്ച തീരുമാനം..
ദിനവും അവളെ പള്ളി വരെ അനുഗമിക്കാനും തുടങ്ങി.. ചിലപ്പോൾ പള്ളിക്കുള്ളിൽ ചെന്നിരുന്ന് അവളെ കൺ ചിമ്മാതെ നോക്കിയിരിക്കും.. ..
വളരെ കഷ്ടപ്പെട്ടാണ് ക്ലാരയെ ഒരു നാൾ തനിയെ കാണുന്നതും തന്റെ പ്രണയം തുറന്നു പറയുന്നതും ..
അരുതാത്തത് എന്തോ കേട്ടത് പോലെ ഞെട്ടിതരിച്ചു നിന്നു ക്ലാര,.. അവൾ ഒരു ദൈവദാസി ആകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു, കർത്താവിന്റെ മണവാട്ടി ആയി പാവങ്ങളുടെ ഇടയിൽ പ്രവർത്തിക്കണം എന്ന ആഗ്രഹമേ കുഞ്ഞുനാൾ മുതലേ അവൾക്കുണ്ടായിരുന്നുള്ളു..
പിന്നെയും പല നാൾ അലഞ്ഞു അവളുടെ പുറകെ..
ഒടുവിൽ ഒരു നാൾ അവൾ തന്റെ പ്രേമം സ്വീകരിച്ചു..
ഒരു അനാഥ പെണ്ണുമായി മകൻ അടുപ്പത്തിലാണെന്നറിഞ്ഞപ്പോൾ അച്ഛനും അമ്മാവന്മാരും പൊട്ടിത്തെറിച്ചു.. ഒരിക്കലും അവളെ വിവാഹം കഴിക്കാൻ അവർ സമ്മതിക്കില്ല എന്ന് തീർച്ചയായപ്പോൾ - ഒരു ഒളിച്ചോട്ടം.. മൂകാംബികാ ക്ഷേത്രത്തിലേക്കും, പിന്നവിടെ നിന്ന് കുടകിലേക്കും..
കുടകിലെ ഒരു ഹോട്ടലിൽ ഒരുമിച്ചുറങ്ങിയ രണ്ടാം രാവിൽ... വാതിലിൽ ഉച്ചത്തിൽ തട്ടുന്ന ശബ്ദം... അമ്മാവന്മാരും അവരുടെ ഗുണ്ടകളും ആയിരുന്നു..
തന്നെ വലിച്ചിഴച്ചു അവിടെ നിന്നും കൊണ്ട് പോരുമ്പോൾ ആ മുറിയുടെ മൂലയിൽ പേടിച്ചരണ്ട് നിന്ന ക്ലാര ... അവളുടെ നിസ്സഹായമായി തേങ്ങുന്ന കണ്ണുകൾ ... താൻ അന്ന് വാവിട്ടു കരഞ്ഞു, കാലിൽ വീണപേക്ഷിച്ചു .. പക്ഷെ ക്ലാരയെ കൂടെ കൂട്ടാൻ അവർ തയ്യാറായില്ല...ബന്ധനസ്ഥൻ ആക്കി തന്നെ അവർ വീട്ടിലെത്തിച്ചു... അച്ഛന്റെ മുമ്പിൽ..
അവിടെ നിന്നും രക്ഷപെട്ടു തിരിച്ചു ആ ഹോട്ടലിൽ എത്താൻ തനിക്കു മൂന്നു ദിവസം വേണ്ടി വന്നു.. പക്ഷെ അവിടെ ക്ലാര ഉണ്ടായിരുന്നില്ല.. തന്നെ പിടിച്ചു കൊണ്ടുപോയതിന്റെ രാണ്ടാം നാൾ അവളെ ഹോട്ടലിൽ നിന്നും ഇറക്കി വിട്ടു... താൻ കൊടുത്ത അഡ്വാൻസ് തുക തീർന്നിരുന്നു,, അനാഥയായി വളർന്ന അവളുടെ കൈയ്യിൽ പണമോ പണ്ടമോ ഉണ്ടായിരുന്നില്ല പിടിച്ചു നില്ക്കാൻ... ഒരു ചെറിയ തുണി സഞ്ചിയുമായി തെരുവിലേക്കിറങ്ങി മറഞ്ഞ ക്ലാര.....
വീണ്ടുമൊരു വിവാഹം കഴിക്കാൻ ബന്ധുക്കൾ ഒരുപാട് സമ്മർദ്ദങ്ങൾ ചെലുത്തി,, വേണ്ട എന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു.. തറവാട് ഭാഗം വച്ചപ്പോൾ കിട്ടിയ സ്ഥലം വിറ്റു നെല്ലിയാമ്പതിയിലെ ഒരു ചെറിയ എസ്റ്റേറ്റ് വാങ്ങി അവിടെ ക്ലാരയുടെ ഓർമകളുമായി കഴിഞ്ഞ പതിമൂന്നു വര്ഷം ഏകനായി പുസ്തകങ്ങളും വായനയുമായി ജീവിച്ചു…….
****************************************
ഇനിയാണ് നാടകത്തിലെ അവസാന രംഗം .അതിലേക്കു നിങ്ങളെ സദയം ക്ഷണിക്കുന്നു..
വിപിനും ജയകൃഷ്ണനും ICU വിന്റെ മുമ്പിലെത്തുമ്പോളും രാമൻകുട്ടി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. അവരുടെ കൂടെ രാമന്കുട്ടിയും അകത്തേക്ക് കടന്നു..
ക്ലാരയുടെ അടുക്കലേക്കു ഒരു മരണദൂതനെയും കടന്നുവരാൻ അനുവദിക്കില്ല എന്ന പോലെ ജാഗരൂകനായി നിസാം അവളുടെ കാൽക്കൽ ഒരു പടയാളിയെ പോലെ കാവൽ നിൽക്കുന്നു.
അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മാത്തച്ചൻ തറയിൽ മുട്ടുകുത്തിയിരുന്നു പ്രാർത്ഥിക്കുന്നു..
ക്ലാരാ...
പതിഞ്ഞ ശബ്ദത്തിൽ ജയകൃഷ്ണൻ അവളെ വിളിച്ചു,
ആ ഇമകൾ പതുക്കെ തുറന്നു... ജയകൃഷ്ണനെ കണ്ട അവൾ ആത്മ സംതൃപ്തിയോടെ മന്ദഹസിച്ചു..
ജയകൃഷ്ണൻ തന്റെ കയ്യിൽ കരുതിയിരുന്ന ചിമിൽ തുറന്ന് അവളുടെ സീമന്തരേഖയിൽ കുങ്കുമം ചാർത്തി.. അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു ..
വിട വാങ്ങുന്ന രാത്രി, പുലരിക്കു വേണ്ടി പൂക്കളിൽ കാത്തു വെക്കുന്ന പനി നീർ തുള്ളികൾ പോലെ .. ക്ലാരയുടെ മിഴിയോരങ്ങളിൽ രണ്ടിറ്റു കണ്ണുനീർ തുള്ളികൾ.....
അവർ അഞ്ചു പേരും ക്ലാരക്ക് വേണ്ടി മനമുരുകി പ്രാർത്ഥിക്കുമ്പോൾ അവരെ തഴുകി ഒരു ഇളം തെന്നൽ കടന്നു പോയി..
രാവിന്റെ അന്ത്യ യാമങ്ങളിൽ,
പറുദീസയിൽ നിന്ന് ഭൂമിയിലേക്കൊരു കാറ്റ് വീശും,
മൂറിന്റെയും കുന്തിരിക്കത്തിന്റെയും സുഗന്ധം വഹിച്ചു കൊണ്ട്,
അത് ഭൂമിയെ തഴുകി പറുദീസയിലേക്കു തിരിച്ചു പോകുമ്പോൾ
ഭൂമിയിൽ നന്മകൾ ചെയ്തു വിടവാങ്ങിയ ചിലരുടെ ആത്മാക്കളും കാണും കൂടെ…..
ഇന്ന് ക്ളാരയുടെ ആത്മാവും……
By Saji.M.Mathews
29/07/17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot