Showing posts with label Nandan. Show all posts
Showing posts with label Nandan. Show all posts

ഒരു കല്യാണക്കഥ!

ഒരു കല്യാണക്കഥ!
ചേലക്കരയുടെ ഹരിത മനോഹാരിതയിൽ ഒരു പാവം ബാലന്റെ മൂന്നാമത്തെ മകനായിട്ടാണ് എന്റച്ഛൻ ജനിച്ചത്.ബാലൻ. കെ.നായരൊന്നുമല്ലെങ്കിലും രണ്ടു ഭാര്യമാരിലായി ഏഴുമക്കളായിരുന്നു അച്ഛാച്ഛന്റെ സമ്പാദ്യം.മൂന്നാണും നാലു പെണ്ണും.സഹ്യപർവ്വതവും എവറസ്റ്റും മനസ്സുവെച്ചാൽ ഒന്നിച്ചു ചേർക്കാമെങ്കിലും രണ്ടു പെണ്ണുങ്ങൾ പ്രത്യേകിച്ചും രണ്ടു ഭാര്യമാരെ ഒരിക്കലും ഒന്നിച്ചു ചേർക്കാനാവില്ല എന്നു നന്നായിയറിയുന്ന അച്ഛാച്ഛൻ ദശരഥൻ രണ്ടു ഭാര്യമാർക്കു രണ്ടു നാട്ടു രാജ്യങ്ങൾ പകുത്തു നൽകി.ചേലക്കരദേശം ആദ്യ പട്ടമഹിഷിക്കും കട്ടിലപ്പൂവ്വം ദേശം രണ്ടാമത്തെ രാജ്ഞിക്കും നൽകി മഹാരായാവ് മികച്ച ഭരണകർത്താവായി.അങ്ങനെ അച്ഛനും രണ്ടു പെങ്ങന്മാരും അച്ഛമ്മയടക്കം കട്ടിലപ്പൂവ്വം രാജ്യത്തേക്കു പാലായനം ചെയ്തു.സാമാന്യം നല്ല കുരുത്തക്കേടുകളും രാഷ്ട്രീയവുമൊക്കെയായി അച്ഛൻ അവിടെ വളർന്നു വളർന്നു മോന്തായമടക്കം വളഞ്ഞു തുടങ്ങിയപ്പോ അപ്പോത്തന്നെ പിടിച്ച് കൂച്ചു വിലങ്ങിട്ടു.പിന്നേം കുട്ടിക്കളി തീരാഞ്ഞതിനാല് ആ രാജ്യത്ത് നിന്ന് അച്ഛനെ രാജകുടുംബം തുരത്തിയോടിച്ചു.അങ്ങനെ തെക്കു ദേശത്തെത്തി പുള്ളി ജീവിതം തുടങ്ങി.
അങ്ങനെ ഞാനും അനിയനും ജനിച്ചു അംഗ സംഖ്യ വർദ്ധിപ്പിച്ചുവെങ്കിലും ഞങ്ങളു മക്കള് പഴയ ആ നാട്ടു രാജ്യം കാണണതു മുതിർന്നതിനു ശേഷമാണ്.ഞങ്ങള് കഷ്ടപ്പെട്ട് കണ്ടു പിടിക്കേണ്ടി വന്നത് ചരിത്രത്താളുകളിൽ എഴുതിയിടാൻ എന്നേ പഠിപ്പിച്ച ചരിത്രാദ്ധ്യാപകനും സാധിക്കാതെ പോയി.
അങ്ങനെ ആ സുദിനം വന്നെത്തി.അച്ചന്റെ മൂത്ത ചേച്ചിയുടെ മകന്റെ കല്യാണം.ഹരിച്ചേട്ടനും മാലതി ചേച്ചിയും.അച്ഛൻ കുടുംബത്തിലെ ആകെ അടുത്തറിയാവുന്നതവരും വലിയച്ഛന്റെ മകൾ ശാലുവും മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ.പൈങ്കുളത്താണ് അവരുടെ വീട്.ചേട്ടൻ കല്യാണം കഴിക്കുന്നത് കോഴിക്കോടു നിന്നാണ്.ചെറുപ്പത്തിൽ ചെരിപ്പു കുത്താനായി കോഴിക്കോടെത്തിയ ചേട്ടനവിടെ ചെരുപ്പു കുത്തിനൊപ്പം ഒരു തിരുവാതിര ഞാറ്റുവേലയ്ക്കൊരു പ്രണയക്കമ്പൊടിച്ചും കുത്തി.കുത്തിയ കമ്പ് വളർന്ന് വൈദ്യുത കമ്പിയില് തട്ടാതിരിക്കാനവരു പിടിച്ചു കെട്ടിയിടുന്ന ചടങ്ങിനാണ് ഞാനും എന്റനിയനും സാക്ഷിയാവാൻ പോയത്.ചെറുതുരിത്തിയില് ഗേയ്റ്റടവുണ്ടാവുമെന്ന് പറഞ്ഞു ചേലക്കര വഴി ഞങ്ങൾ കോഴിക്കോടേക്കു പുറപ്പെട്ടു.ഇന്നത്തേപ്പോലെയല്ല അന്നൊക്കെ താലികെട്ടെന്ന കർമ്മം കാണാനുള്ള ശക്തിയുണ്ടായിരുന്നതു കൊണ്ട് മുൻ നിരയിലിരുന്നു വീഡിയൊ പിടിച്ചു.കെട്ടു കഴിയുന്നതിനുമുമ്പ് തന്നെ വയറിനകത്തു വിശപ്പിന്റെ വിളി കേട്ടു ഞാനും അനിയനും വലിയച്ഛനും മകളും കൂടി കസേര കളിക്കോടി.കുറച്ചു നേരത്തെ വാശിയേറിയ മത്സരത്തിനൊടുവിൽ ഞങ്ങൾ നാലുപേരും കൂടി ഒരു മേശയ്ക്കു ക്വാറം തികച്ചു.
നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ടാവും ഇലയിട്ടിട്ടും അര മണിക്കൂറ് കഴിഞ്ഞിട്ടും വിളമ്പലു കാരെ ഒരാളേയും ആ ഭാഗത്തേക്കു കാണാനില്ല.ഇതെന്തര് ഭാരത് ഹോട്ടലില് പോയാലിതിലും നേരത്തേ കിട്ടുമല്ലോന്നോർത്ത് ഞാൻ വിളമ്പുന്നവരുടെ മാതാപിതാക്കളെ നന്ദി പുരസ്സരം മനസ്സില് സ്മരിച്ചു.സ്മരണകള് തരംഗരൂപേണ അവരു കേട്ടതു കൊണ്ടാണോ എന്നറിയില്ല ഏറ്റുമീൻ കയറുന്നപോലെ ഒന്നിനു പുറകേ അവരവിടേക്കു വന്നു.ആവി പറക്കുന്ന കോഴി ബിരിയാണി വിളമ്പിയവര് ദൈവങ്ങളായ് മറഞ്ഞു.ആക്രാന്തം കൊണ്ടാണോ വിശപ്പു കൊണ്ടാണോ എന്നൊന്നുമറിയില്ലെങ്കിലും എന്റെ കണ്ണുകള് തള്ളി പുറത്തേക്കു വന്നു.മുന്നിലിരിക്കണത് അനിയനാ വിശന്നാലവന് കണ്ണു കാണില്ല കണ്ണാണെന്നൊന്നും നോക്കൂലാ മുട്ട പുഴുങ്ങിയത് വിഴുങ്ങുന്നപോലവനിതും വിഴുങ്ങുമെന്ന ഭയം മൂലം ഞാൻ മുഖമൊന്നു വെട്ടിച്ചു പിടിച്ചു.എനിക്കു മണിച്ചേട്ടനേപ്പോലെ അന്ധനാവാൻ അറിഞ്ഞൂടെന്നവനറിയില്ലല്ലോ.അങ്ങനെ ഇടതു കൈയ്യില് താലവുമേന്തി മുമ്പേ മറഞ്ഞ ദൈവങ്ങള് പിന്നേം അവിടവിടെയായി പ്രത്യക്ഷപ്പെട്ടു.ഇതുവരേയും കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനു പോലും കാണാത്ത കനത്ത പോളിംഗ്! 
അങ്ങനെ ഞങ്ങളുടെ അടുത്തേക്കും ഒരു തമ്പാച്ചനെത്തി പ്ലേറ്റില് റൈസ് മലകൾ വീണ്ടുമുയർന്നു.വിളമ്പിയ തമ്പാച്ചനോട് അനിയൻ സവിനയം മൊഴിഞ്ഞു.ചേട്ടാ ഇത്തിരി സർല്ലാസ്...
സർല്ലാസോ? ??
അയിനെന്താണ് മ്വാനേ ജ്ജ് ബെസ്മിക്കണ്ടാ ഇനീം അനക്ക് ചോറ് തരൂന്ന് ...
മൂപ്പര് പിന്നേയും അവന്റെ റൈസ് മല വലുതാക്കാനൊരുങ്ങി.
അയ്യോ ചേട്ടാ ഇതല്ല സർല്ലാസ്,,, സർല്ലാസാ വേണ്ടേ അനിയൻ പിന്നേയും അവന്റെ നയം വ്യക്തമാക്കി. ആ തമ്പാച്ചൻ മുഖം പുച്ഛപാത്രത്തിലേക്കു തട്ടിയിട്ട് വലിച്ചു വെച്ചു നടന്നു.പുറകിലെത്തിയ അച്ചാറു പാത്രക്കാരനോടും അനിയൻ തിരുവായ്കൊണ്ടു മൊഴിഞ്ഞു ചേട്ടാ ഇത്തിരി സർല്ലാസ്...
കഥകളിക്കാരന് വേഷം കെട്ടിയ ഭാവത്തോടെ ആ പാവം മുമ്പേ പോയ തമ്പാച്ചനെ വിളിച്ചു ടാ സുകോ ഈടെ കൊർച്ച് റൈസേയ്...
ആ തമ്പാച്ചൻ ഞങ്ങളുടെ മാതാപിതാക്കളെ സ്മരിച്ചോന്നൊരു സംശയമില്ലാതില്ല കടിച്ചാൽ പൊട്ടാത്ത കഠിനമായ എന്തോ വായിലിട്ട് ചവച്ചുകൊണ്ട് അനിയനു നേരെ കൈ നീട്ടി ഓന് ഞാനൊരു തവണ കൊടുത്തേനീ പിന്നേം ഓനിതു തന്ന്യാ പറേന്നേ ഓനെന്താ ആളെ മക്കാറാക്കാണോ...
അനിയന്റെ കണ്ണ് നിറുകയിൽ കയറി ഒളിച്ചിരിക്കുവാണോ എന്നൊരു സംശയം.ഞാനൊരു വലിയ സഹായം ചെയ്യുന്ന ഭാവത്തില് ഒരു അഞ്ചാറു കിലോയുടെ കട്ടിയെടുത്ത് തൊണ്ടയില് കുരുക്കി ചേട്ടാ സാലഡില്ലേ അതാ അവൻ ചോദിച്ചേ...😏😏😏 
പാവങ്ങൾ ഒന്നുമറിയില്ല.ആ തുലാസിന്റെ ആണിയൂരി ഒരു ചേട്ടൻ എന്റെ മുഖത്തേക്കരുളി അതെന്താ ??
എന്താണ് ആ സാനം അതൊന്നും ഇവ്ടെ ഇല്ല..
തേവ്യേ!!
ആരേലും വന്ന് ഈ മാറാല വലിച്ചൂരണേ!!
ആളുകള് ഞങ്ങളുടെ മേശയ്ക്കു ചുറ്റും കൂടി തുടങ്ങി.ഞങ്ങളെ രക്ഷിക്കാൻ വലിയച്ഛൻ കയറി പറഞ്ഞു.അതെ നമ്മുടെ കച്ചമ്പറേ കച്ചമ്പറ്!
!!!കച്ചമ്പറോ!!!
അകത്ത് വീണ കൈ കമ്പനിക്കടിച്ചപോലെ അവിടുള്ള നാലഞ്ച് പേര് കോറസ്സുപാടി...
ഞാൻ മെല്ലെ തിരിഞ്ഞു ഓടാനുള്ള വട്ടം കൂട്ടി വെടിയൊച്ച കാത്തു ജാഗരൂഗരനായി. കോഴിക്കോട്ടുന്ന് ആർക്കോ ഉഴിഞ്ഞു വെച്ച തല്ല് വാങ്ങേണ്ടി വരുമല്ലോ എന്തായാലും അടി ഉറപ്പ് എന്നാലും ഒന്നോടി നോക്കുന്നതില് തെറ്റില്ലാലോ എന്ന ചിന്തയില് വെടിശബ്ദം ശ്രദ്ധിച്ച് ഞാനിരുന്നു.ഓടിവയറിലൊളിച്ച നാവ് പുറത്തേക്ക് വലിച്ചിട്ട് അനിയൻ അവതരിപ്പിച്ചു തുടങ്ങി.അതേ ചേട്ടാ ഈ തൈരില്ലേ തൈര് ,ആ തൈരില് സബോളയൊക്കെ അരിഞ്ഞിട്ടിട്ട് തരില്ലേ അത്...
അതിനു കോറസ്സായി അവിടെ കൂടിയ ചെട്ടന്മാര് ശ്രുതിയിട്ട് ഒരഞ്ചരക്കട്ടിക്ക് ആശ്വാസ ശബ്ദത്തില് ആഞ്ഞു പാടി...
ആഹ്! തൈര് !!!
അതാണോ അതനക്ക് ബാ തൊർന്ന് ചോയ്ച്ചൂടാർന്നൊ പഹയാ!
ബെർതേ മനുശ്ശേനെ മക്കാറാക്കാന്...
ഇതു കേട്ടപ്പോഴാണ് എവിടേക്കോ പറന്നു പോയെന്റെ കിളികള് മെല്ലേ തിരിച്ചു വന്നത്.അഞ്ചു പത്തുമിനിട്ട് ഒരുരുള കയ്യിൽ പിടിച്ച് അണ്ണാക്കില് തള്ളണോ അതോ എഴുന്നേറ്റോടണോ എന്നു ചിന്തിക്കുന്നവന്റേ വേദന നിങ്ങൾക്കു മനസ്സിലാവില്ല സൂർത്തോളേ! വേദന മനസ്സിലാവില്ല.അതു മനസ്സിലാവണമെങ്കിൽ സെൻസസ് വേണം. അതിൽപിന്നെ എപ്പോൾ ബിരിയാണി കഴിച്ചാലും തൈര് !
അത് ഞാനിനി കഴിക്കൂലാ...
നഹീന്ന് പറഞ്ഞാ നഹീഹേ!
നന്ദൻ...

1982..


1982.. 
ഈ വർഷം എന്റച്ഛന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷമായിരുന്നിരിക്കണം.ആ വർഷം അദ്ദേഹത്തിനാദ്യം കിട്ടിയ എട്ടിന്റെ പണി എന്റെ രൂപത്തിലായിരുന്നു.ആ വർഷത്തിലെ കുംഭമാസത്തില് ഈ പാവം ഭൂജാതനായി.അതിന്റെ സന്തോഷത്തില് അച്ഛൻ ആകെയുള്ള പത്തു സെന്റ് പുരയിടത്തില് രണ്ടു തെങ്ങു വെച്ചു.സാധാരണ വാഴയാണ് വെയ്ക്കേണ്ടത് ഒരു ട്വിസ്റ്റിനു വേണ്ടി തെങ്ങു വെച്ചു.ഇന്നുവരെ ഒരു തേങ്ങയുടെ ഉപകാരം ആ തെങ്ങുകൊണ്ടോ ഒരു പൊതി കാജയ്ക്കുള്ള ഉപകാരം എന്നേക്കൊണ്ടോ ആ പാവത്തിനുണ്ടായിട്ടില്ല.ഇനിയും തോൽവികളേറ്റുവാങ്ങാൻ അച്ഛന്റെ ജിവിതം പിന്നേയും ബാക്കി.ഈ സംഭവവും ഞാൻ പറയാൻ പോകുന്ന സംഭവവുമായി പ്രത്യക്ഷത്തിലൊരു ബന്ധവുമില്ല പിന്നെയെന്തിനാണിതിവിടെ പറയുന്നതെന്നു ചോദിച്ചാൽ ഒരു കാര്യവുമില്ല.വെറുതെ! വെറും വെറുതേ!
അങ്ങനെ ഈയുള്ളവൻ ഉന്തിത്തള്ളി പ്രീ ഡിഗ്രിയും കഴിഞ്ഞ് കഴുത്തില് പട്ടിനാക്കും കെട്ടി മാർക്കറ്റിംഗ് എക്സിക്യൂട്ടീവും കളിച്ച് മൂന്നും ഇഞ്ചിയും ഒരുമിച്ചായി നട്ടം തിരിഞ്ഞു വീട്ടിലിരിപ്പായി.വിയർപ്പിന്റസുഖമുള്ളതോണ്ട് ആ നാട്ടിലെ പ്രധാന ആർട്ട്സ് ഏന്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ ഭാരവാഹിത്വവും കുറച്ച് രാഷ്ട്രീയവുമായി കാലം കഴിച്ചു കൊണ്ടിരുന്നു.പിന്നെ എനിക്കാവശ്യമുണ്ടായിട്ടല്ല പട്ടിണി കിടക്കണ്ടല്ലോന്നു കരുതി ഒരു സർവ്വീസ് സെന്ററില് ജോലിക്ക് കയറി.
പാപി ചെന്നിടം പാതാളം എന്ന ചൊല്ലന്വർത്ഥമാക്കികൊണ്ട് സാമാന്യം നല്ല രീതിയില് പ്രവർത്തിച്ചിരുന്ന സർവ്വീസ് സെന്റർ എന്റെ തൃക്കാലു കുത്തിയ അന്നു മുതല് പൂച്ചയ്ക്കു പ്രസവിച്ചു കിടക്കാവുന്നൊരിടമായി തീർന്നു.അങ്ങനെ ഒരു തൊഴിലാളി ദിനത്തിൽ എന്റെ ജീവിതത്തിന് അടുത്ത ട്വിസ്റ്റേറ്റു നടുവുളുക്കി.പതിവുപോലെ പല്ലിനിട വലുതാക്കിയിരിക്കുന്ന സാധാരണ ദിവസത്തില് എന്റെ അയൽക്കാരനായ കണ്ണൻ ചേട്ടനതാ അദ്ദേഹത്തിന്റെ ഇരുചക്ര വാഹനം കാലിന്നിടയിൽ തിരുകി സർവ്വീസ് സെന്ററിലേക്ക് വലതു കാൽ കുത്തി നിന്നു.വിശന്നിരിക്കണ കുട്ടിക്ക് ചക്കകൂട്ടാൻ കിട്ടിയ ആക്രാന്തം പോലെ ഞാനങ്ങട് ചാടിവീണു.കണ്ണേട്ടാ ദിപ്പ ശര്യാക്ക്യരാം എന്നു പറഞ്ഞു ഞാനതിൽ കൈ വെച്ച നേരം കണ്ണേട്ടൻ പുസ്തകത്താളുകളിലച്ചടിച്ചു വെച്ചതു പോലെ എന്നോടു പറഞ്ഞു.മോനേ നീ വേഗം വസ്ത്രം മാറൂ, നിന്റമ്മൂമ മരിച്ചു.
സത്യത്തില് ഒരു പൊട്ടിക്കരച്ചില് പ്രതീക്ഷിച്ച പുള്ളി കേട്ടത് എന്റന്തിച്ച ചോദ്യമായിരുന്നു.കണ്ണേട്ടന്റെ ആ ശൈലി കേട്ട് ചിരിയാണ് സത്യത്തില് വന്നത്.
അങ്ങനെ അമ്മൂമയുടെ ശവസംസ്കാരം കഴിഞ്ഞു.സംസ്കാരത്തിന് നേരിട്ടുപോയി ക്ഷണിച്ചില്ല എന്ന കാരണത്താലൊരകന്ന ബന്ധു കൂടിയായ കുഞ്ഞുമോനമ്മാവൻ പിണങ്ങി.പിണങ്ങുവാണേ അങ്ങ് പിണങ്ങട്ടെ എന്നു കരുതിയ എനിക്ക് പതിനാറിന്റെ പണിയാണതെന്ന് മനസ്സിലാക്കിയത് പിറ്റേന്ന് കാലത്തായിരുന്നു.ബലിപീഠം മൂടുന്നതിന് പച്ച ഓല വേണമത്രെ!.
എന്റെ നാട്ടിലെ ആസ്ഥാന തെങ്ങു കയറ്റക്കാരനായിരുന്നു പുള്ളി.ഞാൻ, അമ്മാവന്റെ വീട്ടിലേക്കു സാമാന്യം ഒത്തിരി നന്നായി തന്നെ വലിഞ്ഞു കയറിചെന്നു.സകല കുരുത്തക്കേടുകളും പൂട്ടിക്കെട്ടി ഭവ്യതയോടെ ഞാനമ്മാവന്റെ കാൽക്കല് വീണു.എന്റയല്ലേ അമ്മാവൻ എങ്ങനെ നന്നാവും.പുള്ളി കേശവകണിയാന്റെ വെറ്റിലയില് പോലും വന്നില്ല.തെങ്ങുകയറി ശീലമുള്ള അച്ഛനും ആ ഭാഗത്തേക്കു വരുന്നുമില്ല.പിറ്റേ ദിവസം വരെ കാത്തിരുന്നിട്ടു ഇവരാരും ആ ഭാഗത്തേക്കു ചിന്തിക്കുന്നതു കൂടിയില്ല.ചോരത്തിളപ്പിന്റെ പ്രായമായതോണ്ടാവും ഇത്തിരി ചോര തിളച്ചെന്റെ പുറത്തേക്കു ചാടി.അതോടെ അത്രയും നേരം പിടിച്ചു നിന്ന എന്റെ കുരുവും പൊട്ടി.എന്നാലതു കാണണമല്ലോ, എവിടെ തെങ്ങ് ഇപ്പ ഓല ഞാനിട്ടു തരാം എന്നും പറഞ്ഞു ഞാൻ കയറു ചുറ്റി' തളപ്പുണ്ടാക്കി ഇറങ്ങി.തെങ്ങുകയറാനറിയാത്തതു കൊണ്ട് ഏറ്റവും ചെറിയ തെങ്ങു നോക്കിയ ഞാൻ കണ്ടത് എന്റച്ഛൻ എനിക്കൊപ്പം വെച്ച പ്രസ്തുത തെങ്ങുകളിലൊന്നായിരുന്നു.ഞാനതില് കയറാൻ വരും എന്നു മുൻകൂട്ടികണ്ടതു കൊണ്ടാണെന്നു തോന്നുന്നു അതറ്റമെത്തും തോറും വളഞ്ഞു തിരിഞ്ഞു കോക്രി കാണിക്കുന്നു.പോരാത്തതിന് അടുത്ത പറമ്പിലെ പറങ്കിമാവ് പുതുമണവാളൻ നവവധുവിനെ പുണരുന്ന മാതിരിതെങ്ങിനെ കെട്ടിപുണർന്നു നിൽക്കുന്നു.
സകലമാന ചെത്തുതൊഴിലാളികളെ നിങ്ങൾക്കഭിവാദ്യങ്ങൾ എന്നും ചൊല്ലി മെല്ലെ തളപ്പു കാലുകളിൽ ചാർത്തി മന്ദം മന്ദമങ്ങനെ ഞാൻ മുകളിലേക്കു കയറിത്തുടങ്ങി.മുക്കാൽ ഭാഗമെത്തിയപ്പോൾ ഭീമസേനന്റെ മാർഗ്ഗം മുടക്കിയ ഹനുമാൻ വാലുപോലെ അതാ പറങ്കി മാവിന്റെ ചില്ല എന്റെ മുന്നില് വട്ടം കിടക്കണൂ. ഇതാരാ ഇവിടെ കൊണ്ടു വെച്ചേ എന്ന് പുച്ഛം വാരി വിതറി ഞാനാ ചില്ല വകഞ്ഞുമാറ്റി ഞാൻ മുകളിലേക്ക് കയറി.വാരി വിതറിയ പുച്ഛം അല്പം കൂടിപോയതുകൊണ്ടാണെന്നു തോന്നുന്നു അത് ആ ചില്ലയ്ക്കിഷ്ടായില്ല.അതാരോടും മിണ്ടാതെ കാലിലെ തളപ്പിനുള്ളിലേക്കു കയറി.ഞാൻ മെല്ലെ ഒരു ചുവട് മുകളിലേക്ക് കയറി.അതും ആ തെണ്ടി'' ചില്ലയ്ക്കിഷ്ടായില്ല.അവനെന്നെ ഒരു ചുവട് താഴേക്കു വലിച്ചിറക്കി.ഞാൻ പിന്നേയും മുകളിലേക്കു കയറും അതെന്നെ താഴേക്കു വലിച്ചിറക്കും.അങ്ങനെ കേറിയിറങ്ങി കേറി കൈകളു കഴച്ചു പൊട്ടി ഞാനവശനായി.അപ്പോഴാ നടുക്കുന്ന സത്യം ഞാനറിഞ്ഞു.ഇനി സിവിലാശുപത്രിയിലെ ബഡെനിക്കു സ്വന്തമാകാൻ പോകുവാണെന്ന്.എന്തായാലും വരുന്നിടത്തു വെച്ചു കാണാം എന്നു കരുതി തളപ്പൂരി ഞാൻ താഴെ ഓല വരുന്നതു കാത്തുനിന്നവരുടെ മുന്നിലേക്ക് തെങ്ങിനരികിലൂടെ ഊർന്നിറങ്ങി ഞാൻ തെങ്ങിന്റടിയിലെ മണ്ണിന്റെ ഗുണമേന്മ പരിശോധിച്ചു.ഒപ്പം ശരീരത്തിലെ അവയവങ്ങളു കൂടിയോ എന്നും നോക്കി അഞ്ചാറിടത്ത് കുറച്ചു കോറലുകളും മൂന്നു നാലിടങ്ങളിൽ ഇച്ചിരെ പെയ്ന്റും പോയിട്ടുണ്ട്.അത്രേള്ളൂ.വെർതേ ഹോസ്പത്രീലെ മൊട്ടേം പാലും പാഴായിപോവൂലോന്നോർത്തു ഒന്നും മിണ്ടാതെ ഞാൻ വീട്ടിലെത്തി കിടന്നു.അപ്പോഴാണൊരു ചൊല്ല് എന്നെയൊരമ്മായി ചൊല്ലി കേൾപ്പിച്ചത്.ആന മുക്കണ കണ്ട് ആടുമുക്കിയാ കൂടൂല മോനേന്ന്.ഇതൊക്കെ എന്താ ഇവിടെ പറയുന്നേന്ന് നിങ്ങൾക്കു തോന്നും.ഒന്നുമില്ല വെറുതേ പറഞ്ഞതാ വെറും വെറുതേ!
വെറുപ്പിക്കാനൊന്നും കിട്ടിയില്ല അതാ...😜😜
നന്ദൻ...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo