Showing posts with label BeemaMS. Show all posts
Showing posts with label BeemaMS. Show all posts

ഇരുൾ വീണ നന്മ


വണ്ടി ഗേറ്റിനരികിലേക്ക് അടുത്തതും മാധവൻ കണ്ടു വൃദ്ധസദനം എന്ന ബോർഡ്‌. അരികിലിരുന്ന് ഡ്രൈവ് ചെയുന്ന മകനെ ഒന്നുനോക്കി. തന്നെ ശ്രദ്ധിക്കുന്നേയില്ല... അതിനു കഴിയാത്തകൊണ്ടാണല്ലോ ഈ യാത്ര പോലും.
ഹൃദയം വല്ലാതെ പിടയുന്നുണ്ട് എങ്കിലും കരയുന്നില്ല
മക്കൾക്ക് ഭാരം എന്നുതോന്നിയാൽ പിന്നെ അവര് പറയുന്നത് അനുസരിക്കുക
"അച്ഛാ... എന്നോട് ദേഷ്യമൊന്നും തോന്നരുത്.. എന്റെയും മോന്റെയും കാര്യങ്ങൾ നോക്കാൻപോലും ദിവ്യക്ക് നേരമില്ല. അവൾക്ക് ഒരു ജോലിയുള്ളതല്ലേ. അതെല്ലാം വേണ്ടാന്ന് വച്ച് ജീവിക്കാൻ അവൾക്കും ബുദ്ധിമുട്ടാണ്.. അതുകൊണ്ട് അച്ഛൻ ഞാൻ പറയുന്നത് അനുസരിക്കണം ".
മകന്റെ മുഖത്തേക്ക് നിർവികാരതയോടെ ഒന്നുനോക്കി. ഒന്നും മിണ്ടാതെ തലയാട്ടി സമ്മതം നൽകി
"അച്ഛാ... ഇറങ്ങ്.. "
തന്റെ കൈപിടിച്ചു ഇറക്കുമ്പോൾ മകനെയൊന്നു നോക്കി. ചെറുപ്പത്തിൽ
വീഴാൻ പോകുമ്പോൾ
വഴിതെറ്റി തനിച്ചായിപോകും എന്ന പേടി തോന്നുമ്പോൾ അവൻ ഇതുപോലെ തന്റെ കൈയിൽ മുറുകെ പിടിക്കും. ഇന്ന് താൻ തനിച്ചായി വീഴാൻ തുടങ്ങുമ്പോൾ അവനെന്റെ കൈവിട്ടു ദൂരെക്ക് പോകുന്നു. എന്തൊരു വിധിയാണ്
"ഇതാ അച്ഛന്റെ മുറി "
ബാഗ് മുറിയിൽ ഇരിക്കുന്ന അലമാരയിൽ വച്ചുകൊണ്ട് അവൻ പറഞ്ഞു
നല്ല വിശാലമായ മുറിയാണ്. അകത്തേക്ക് കയറിയപ്പോൾ തന്നെ ഒരു ശാന്തത. ഇനിയാർക്കും ഭാരം ആവേണ്ടതില്ല
"അച്ഛാ... ഞാൻ ഇറങ്ങുവാ.. ഇടക്ക് വരാം "
കാണാൻ വരുവാണെങ്കിൽ അപ്പുനെ കൂടെ കൂട്ടരുതെന്ന് പറയാൻ തോന്നി... വേണ്ട അതൊരു തിരിച്ചറിവ് ആണ് സ്വയം തോന്നേണ്ടത്
തലയാട്ടി സമ്മതം അറിയിച്ചു. വാതിൽ കടക്കുന്നതിനുമുൻപ് ഒരിക്കൽകൂടി എന്നെയൊന്നു തിരിഞ്ഞു നോക്കി.
മകൻ ഗേറ്റ് കടന്നുപോകുന്നത് നോക്കി നിറമിഴികളോടെ മാധവൻ ജനലരികിൽ നിന്നു.

**********************
"അമ്മേ ദേ അച്ഛൻ വന്നു "
അകത്തേക്ക് കയറിയതും അപ്പു സോഫയിൽ നിന്ന് എഴുനേറ്റുവന്ന് ജിത്തുനെ ചുറ്റിപിടിച്ചു
"ഇതെന്താ ഇന്ന് നേരത്തെ പൊന്നോ "
ദിവ്യ അവന്റെ ബാഗ് വാങ്ങി
"ഉം ഉച്ചകഴിഞ്ഞ് ഓഫ്‌ ആരുന്നു "
"എന്തുപറ്റി മുഖം വല്ലാണ്ടിരിക്കുന്നേ "
"ഒന്നുമില്ല "
പറഞ്ഞിട്ട് സോഫയിലേക്ക് കിടന്നു. അപ്പു അവന്റെ നെഞ്ചിലേക്ക് കയറി കിടന്നു
"അപ്പു താഴെയിറങ്ങ് അച്ഛന് വയ്യാ "
ദിവ്യ അവനെ പിടിച്ചിറക്കാൻ നോക്കി. അവൻ ഒന്നുകൂടി അച്ഛനെ കെട്ടിപിടിച്ചു
"അവൻ കിടന്നോട്ടെടി എന്റെ ചക്കരകുട്ടൻ അല്ലേ "
ജിത്തു അപ്പുന്റെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു
"മം.. ഇപ്പൊ അച്ഛൻ നോക്കുന്നപോലെ വലുതായി കഴിയുമ്പോൾ ഞങ്ങളെയും നോക്കിയാൽ മതി "
ദിവ്യ ചിരിയോടെ പറഞ്ഞു.
അപ്പു ജിത്തുന്റെയും ദിവ്യയുടെയും മുഖത്തേക്ക് നോക്കി
"ഇല്ലല്ലോ.... മോൻ വലുതായി കഴിയുമ്പോൾ മുത്തച്ഛനെ പുതിയ വീട്ടിൽ കൊണ്ടാക്കിയപോലെ അച്ഛനെയും കൊണ്ടാക്കും ".
അതും പറഞ്ഞ്
അപ്പു ജിത്തുന്റെ നെഞ്ചിൽനിന്നിറങ്ങി ചിരിച്ചോണ്ട് മുറിയിലെക്ക് ഓടി
ജിത്തുവും ദിവ്യയും പരസ്പരം നോക്കി. അഞ്ചുവയസ് ആയതേയുള്ളൂ അവന്...
എന്നും തന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്നവൻ ആണ്
ഞാൻ വരുന്നത് വരെ തന്നെ നോക്കി ഇരിക്കും
എവിടെപോയാലും തന്റെ കൈയിൽനിന്ന് പിടി വിടില്ല.
അവന്റെ എല്ലാ ആഗ്രഹങ്ങളും എനിക്ക് കഴിയുന്നപോലെ ചെയ്തുകൊടുക്കും.
ഇല്ലെങ്കിൽ എന്റെ ഉറക്കമാണ് നഷ്ടപെടുന്നത്
അവന്റെ നാവിൽ നിന്നാണ് ഇപ്പൊ ഇതു വീണത്..
അവനെ തെറ്റുപറയാൻ കഴിയില്ല..
കാരണം വഴികാട്ടിയായത് ഞങ്ങൾ തന്നെയാണ്
അച്ഛൻ എപ്പോഴും പറയും ഞാനും ചെറുപ്പത്തിൽ അപ്പുന്റെ അതേ സ്വഭാവമാരുന്നുന്ന്...തന്നെ ഇത്രേം സ്നേഹിച്ച അച്ഛനെ വൃദ്ധസദനത്തിലാക്കാൻ തനിക്ക് ഒരു മടിയും തോന്നിയില്ല എങ്കിൽ തന്റെ മകന് അങ്ങനെ തോന്നിയില്ലെങ്കിലെ ഉള്ളു...
അച്ഛനോട് കൊണ്ടാക്കുന്ന കാര്യം പറയുമ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല മൗനം ആരുന്നു മറുപടി
ആ മൗനത്തിന്റെ അർത്ഥം ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ട് അടർന്നുവീണ ഓരോ കണ്ണീർതുള്ളിയും അതിന്റെ ആഴം കാട്ടിതരുന്നുണ്ട്

Beema

തടവറയിൽ


"നിനക്കു ഭ്രാന്തായോ ഫൈസി... തലക്ക് സ്ഥിരതയില്ലാത്ത പെണ്ണിനെ കെട്ടി ജീവിതം നരകമാക്കാൻ.. "
കണ്ണാടി നേരെ വച്ച് ഫൈസി ഉപ്പാന്റെ മുഖത്തേക് നോക്കി. നല്ല ചൂടിലാണ്
"അവളൊരു മുഴുഭ്രാന്തിയല്ല. ശരിയാണ് ഇടക്ക് ചില മാനസികപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ഒരർത്ഥത്തിൽ എല്ലാ മനുഷ്യർക്കും അങ്ങനൊരു ഭ്രാന്തുണ്ട് "
"നീയി പറയുന്നതൊന്നും എനിക്ക് മനസിലാവില്ല. ഇങ്ങനെയൊരു ബന്ധത്തിനു സമ്മതിച്ചു നിന്റെ ജീവിതം ഇല്ലാതാക്കാൻ ഞാൻ അനുവദിക്കില്ല "
"ഉപ്പാ അവൾക്കങ്ങനെയൊരു അസുഖം ഉണ്ടെന്നറിഞ്ഞു തന്നെയാണ് ഞാൻ അവളെ സ്നേഹിച്ചത്. എന്ത് പ്രശ്നം ഉണ്ടായാലും ഞാൻ സഹിച്ചോളാം.
ഒരുദിവസം എങ്കിൽ ഒരുദിവസം ഞങ്ങൾക്ക് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കണം ഉപ്പ. അതു ഞാൻ അവൾക്കും എന്റെ മനസാക്ഷിക്കും കൊടുത്ത വാക്കാണ്".
പറഞ്ഞിട്ട് ഫൈസി മുറിയിൽ കയറി വാതിലടച്ചു. കസേരയിലേക്ക് ഇരുന്നു പഠിക്കുന്നകാലത്തു തുടങ്ങിയ ഇഷ്ടം ആണ്. എന്റെ ഇഷ്ടം അറിയിച്ചപ്പോ മറുപടിക്ക് പകരം കൈയിൽ വച്ചു തന്നത് കുറെ മരുന്നിന്റെ കവർ ആണ്. എല്ലാം അറിഞ്ഞുകൊണ്ട് സ്നേഹിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് അവളെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ചു. ഇനിയൊരിക്കലും കൈവിട്ടു കളയില്ല എന്നുറപ്പോടെ
ചെറിയ വിഷമങ്ങൾപോലും അവൾക്കു സഹിക്കാൻ കഴിയില്ല. പിന്നെ ആരോടും ഒന്നും മിണ്ടാതെ മുറിയുടെ ഒരു മൂലയിൽ പോയിരിക്കും. ആരെങ്കിലും അടുത്ത് ചെല്ലുന്നത് പോലും ഭയം ആണ്. പരിസരബോധം ഇല്ലാതെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുക.
എന്തു ചോദിച്ചാലും പരസ്പരവിരുദ്ധമായി മറുപടി പറയുക
അവളുടെ ഉമ്മിക്കും അതേ അസുഖം തന്നെയായിരുന്നു. അവൾക്കു ആറുവയസ്സ് ഉള്ളപ്പോൾ ആണ് ഉമ്മി മരിക്കുന്നത്. അതും ആന്മഹത്യ. ആ ഷോക്കിൽ ആണ് അവൾക്കും....
എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് നെസിയെ എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടുമ്പോൾ ഇനിയൊരിക്കലും അവൾക്കാ രോഗം വരരുതേ റബ്ബേ എന്ന് മാത്രമേ ഞാൻ പടച്ചോനോട് തേടിയുള്ളൂ
സ്വർഗംപോലെ ഒരു വർഷം കടന്നുപോയി. അതിനിടയിൽ ഒരു തവണപോലും അവൾക്കാ രോഗം വന്നില്ല. ഉപ്പാക്കും ഉമ്മാക്കും അവളോടുള്ള എതിർപ്പ് പാടെ മാറി. മരുമകളിൽ നിന്ന് മകളിലേക്ക് അവൾ മാറുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതു ഞാൻ ആണ്.
ആ സന്തോഷത്തിൽ ഇരട്ടിമധുരമായി ഞങ്ങടെ മോളു വന്നത്
അതോടെ അവൾ മറ്റൊരു ലോകത്തു ആയിരുന്നു. അസുഖം ഭേദമായി എന്നോർത്ത് ഞാനേറെയാശ്വസിച്ചു.
ഒരു രാത്രി എന്നെ ചുറ്റിപിടിച്ചു കിടക്കുമ്പോൾ നെഞ്ചിൽ ഒരു നനവ് ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി. കണ്ണുനിറഞ്ഞു ഇരിക്കുകയാണ്
"എന്തുപറ്റി മോളെ എന്തിനാ കരയുന്നെ ".
"ഇക്കാ... മോളു വളർന്നുകഴിഞ്ഞു ഉമ്മി ഒരു ഭ്രാന്തി ആണെന്നറിഞ്ഞാൽ അവളെന്നെ വെറുക്കുവോ ഇക്കാ... ഭ്രാന്തിടെ മോളെന്നു വിളിച്ചു എന്റെ മോളെ ആരെങ്കിലും കളിയാക്കിയാലോ... എന്നെ പോലെ എന്റെ മോൾക്കും... എനിക്ക് പേടിയാണ്...
എന്റെ മോളെന്നെ വെറുക്കും ഇക്കാ.. "
എന്നെ ചുറ്റിപിടിച്ചു പൊട്ടികരയുന്ന അവളോട്‌ എന്താ പറയണ്ടത്
ആ വേദന ഏറെ അറിഞ്ഞത് ആണവൾ
"ഇല്ല മോളെ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല..അതിന് നിനക്കിപ്പോ ഒരു കുഴപ്പവും ഇല്ലല്ലോ നെസി പിന്നെന്തിനാ പേടിക്കുന്നെ "
"അറിയില്ല എനിക്ക് ഒന്നും അറിയില്ല "
"ഒക്കെ നിന്റെ തോന്നലാ... വെറുതെ ഓരോന്ന് ആലോചിച്ച് ടെൻഷൻ അടിച്ചോളും"
ഒന്നും മിണ്ടാതെ എന്നെ ചേർന്ന് കിടന്നു.
രാവിലെയെന്നെ പറഞ്ഞയക്കുമ്പോൾ തലേന്നത്തെ സങ്കടം ഒന്നും മുഖത്ത് കണ്ടില്ല. പതിവുപോലെ സന്തോഷം തന്നെയായിരുന്നു മുഖത്ത്
കുറച്ചു നേരത്തെ ഇറങ്ങാം എന്നുകരുതി പെട്ടന്ന് ജോലിയൊക്കെ തീർക്കുന്നതിനിടയിലാണ് ഫോൺ അടിച്ചത്. ഉപ്പയാണ്
"എന്താ ഉപ്പ "
"മോനോന്ന് പെട്ടന്ന് വീടുവരെ വാ "
അത്രയും പറഞ്ഞു call കട്ടായി.
നെസിക്ക് പഴയപോലെ.. പടച്ചോനെ അങ്ങനെ ഒന്നും ഉണ്ടാവല്ലേ. വണ്ടി എത്ര സ്പീഡിൽ ആണ് വിട്ടതെന്ന് അറിയില്ല.
മുറ്റം നിറയെ ആളുകൾ
ഉപ്പ ഉമ്മറത്ത് തളർന്നിരിക്കുന്നു
ഉമ്മിയുടെ കൈയിൽ ഇരുന്നു കുഞ്ഞും കരയുകയാണ്.. ഉമ്മാടെ കണ്ണും നിറഞ്ഞു ഒഴുകുവാണ്
വിറക്കുന്ന കാലുകളോടെ അകത്തേക്ക് കയറി. മുറി തുറന്നതും എന്റെ ശരീരത്തിന്റെ മുഴുവൻ ബലവും നഷ്ടപ്പെട്ടു. ഒരു മുഴം കയറിൽ എന്റെ മോള്...
എല്ലാം കഴിഞ്ഞു ഇരുൾ നിറഞ്ഞ മനസുമായി സോഫയിലേക്ക് തളർന്നിരുന്നു... ചുറ്റും ഇരുട്ടാണ് തടവറയിൽ ഇരിക്കുന്നപോലെ തോന്നി
സമനില തെറ്റി ചെയ്താന്ന് കൂടിനിന്ന ആളുകൾ മുഴുവൻ പറയുമ്പോഴും എനിക്ക് അറിയാം അവൾ ഓടിയോളിച്ചതാണ് ഞങ്ങടെ പോന്നുമോൾക്ക്‌ വേണ്ടി
അവൾ അനുഭവിച്ചത് ഞങ്ങളുടെ മോൾ അനുഭവിക്കാതിരിക്കാൻ...

beema

നിശബ്ദ

"രാവിലെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു നിയെന്താ അനു ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നെ "
അവൾ എന്റെ തോളിലേക്ക് ചാഞ്ഞു. അതുകണ്ട് കാർത്തുവും ദിവ്യയും അടുത്തേക്ക് വന്നു.
"എന്തുപറ്റി... എന്താ ഇങ്ങനെ ഇരിക്കുന്നെ "
"ഞാനിനി ലേറ്റ് ആയ സ്പെഷ്യൽ ക്ലാസിനു ഇരിക്കുന്നില്ല.. നേരത്തെ പോകും ". കരഞ്ഞു കൊണ്ടാണ് പറയുന്നത്.
"അതെന്താ സാദാരണ നീ ലേറ്റ് ആയി പോകറുള്ളതാണല്ലോ.. വീട്ടിൽ വഴക്ക് പറഞ്ഞോ "
"ഇല്ല "
"പിന്നെ "
"ഇന്നലെ ഓടി ചെന്നപ്പോൾ ഒരു ഓർഡിനറി കിട്ടി. "
"അതു ഞങ്ങൾ കണ്ടാരുന്നു.. എന്താ ബസിൽ വല്ല പ്രശ്നം ഉണ്ടായോ "
"എനിക്ക് കുറച്ചു പിറകിലേ സീറ്റ്‌ ആണ് കിട്ടിയത്.
അവിടെയിരുന്നു. അടുത്ത് ഒരു ചേച്ചിയും ഉണ്ടാരുന്നു
ഞാൻ ഫോൺ എടുത്ത് അതിൽ കുത്തികൊണ്ട് ഇരുന്നു. പെട്ടന്ന് പുറത്ത് എന്തോ തടയുന്നപോലെ തോന്നി
ഒരു മധ്യവയസ്ക്കൻ
ആണ്. അയാൾ ഇരിക്കുന്ന സീറ്റിൽ നിന്നും മുന്നോട്ടു ആഞ്ഞു വന്ന ഇരിക്കുന്നെ എന്റെ പുറത്താണ് തല ഇരിക്കുന്നത് എന്നുതോന്നും.
മദ്യത്തിന്റെ മണവും ഉണ്ടാരുന്നു
കണ്ടക്ടർ ഒരു സ്ത്രീയാണ്. അയാളുടെ കോപ്രായങ്ങൾ കണ്ടിട്ട് ആവണം അവർ ഞങ്ങടെ അടുത്തേക്ക് വന്നു
"താൻ എന്തിനാ ഇത്രയും മുന്നോട്ട് ആഞ്ഞു ഇരിക്കുന്നെ...മുന്നിൽ ആളിരിക്കുന്നത് കണ്ടില്ലേ. മര്യാദക്ക് ഇരിക്ക്. " അങ്ങനെ എന്തൊക്കെയോ ചൂടായി
അവരത് പറഞ്ഞിട്ടുപോയിട്ടും അയാൾക്കൊരു കൂസലും ഇല്ല. വീണ്ടും അതെ പ്രവർത്തി.
കുറച്ചുകഴിഞ്ഞപ്പോൾ എന്റെ അടുത്ത് ഇരുന്ന സ്ത്രീയും എഴുനേറ്റു പോയി. ഞാൻ സൈഡിലേക്ക് ഇരുന്നു. അയാൾ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി കണ്ണിൽ ഒരുതരം ആസക്തി ഉള്ളപോലെ കണ്ടിട്ട് അറപ്പ് തോന്നി.
എങ്ങനെയെങ്കിലും സ്റ്റോപ്പ്‌ എത്തിയിരുന്നുവെങ്കിൽ എന്ന് പ്രാർത്ഥിച്ചുകൊണ്ടാ ഇരുന്നേ.
മുന്നിൽ ഒന്നും വേറെ ഒഴിഞ്ഞസീറ്റും ഇല്ലായിരുന്നു
എന്റെ സ്റ്റോപ്പ്‌ അടുത്ത് വന്നപ്പോൾ ഞാൻ എഴുന്നേറ്റു. അയാളും എന്റെ ഒപ്പം എഴുനേറ്റു വന്നു. ഞാൻ ഡോറിന്റെ അടുത്ത് വന്നു ഇറങ്ങാൻ തുടങ്ങിയതും അയാൾ എന്റെ ചെവിക്ക് അരികിൽ എത്തി... "നിന്റെ മാറിടം സൂപ്പർ ആണു കേട്ടോ ".ന്നു ശബ്ദം താഴ്ത്തി പറഞ്ഞിട്ട് പുറകിലേക്ക് പോയി.
എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി. ആകെ മൊത്തത്തിൽ ഒരു പേടി
മുന്നോട്ടു നടക്കുമ്പോഴും ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി നോക്കിയാ പോയേ അയാൾ എന്നെ പിന്തുടരുന്നുണ്ടോന്ന്...
ചെറിയ ഒരനക്കം പോലും കേട്ട് ഞാൻ ഞെട്ടിപോയി
എങ്ങനെ വീട്ടിൽ എത്തിയെന്നു അറിയില്ല. ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളം എടുത്തു ഒറ്റയടിക്ക് കുടിച്ചു തീർത്തു
ഞാൻ ആകെ പേടിച്ചു പോയെടി ".
പറഞ്ഞു നിർത്തി ഞങ്ങളെ നോക്കി. ഇപ്പോഴും കണ്ണിൽ ഭയം ഉണ്ട്
"കണ്ടക്ടർ ഒരു സ്ത്രീ ആയിരുന്നില്ലേ പിന്നെ എന്തുകൊണ്ട് നിയിത് അവരോടു പറഞ്ഞില്ല ".
"പേടിയാരുന്നു.. അപ്പൊ എന്റെ തലയിൽ അതൊന്നും വന്നില്ല. ഓടി രക്ഷപെടാനാ തോന്നിയെ "
അവളെ തെറ്റുപറയാൻ കഴിയില്ല. ഞങ്ങളിൽ ആരായിരുന്നാലും ഇതൊക്കെ തന്നെ സംഭവിക്കു...കാരണം ഈ സമൂഹം ഞങ്ങളെ പ്രതികരണശേഷി ഇല്ലാത്തവരായിട്ടാണ് വളർത്തിയത്
"എനിക്ക് അയാളോട് ചൂടാവണം എന്നുണ്ട്. പക്ഷെ ശബ്ദം പോലും പുറത്തു വന്നില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഒരുപക്ഷെ ഒടുക്കം ഞാൻ തന്നെ തെറ്റുകാരിയാവുമോന്നുള്ള ഭയം ".
കുറ്റം ചെയ്തവർ തല ഉയർത്തി പിടിച്ചും ഇരയായവൾ തലമറച്ചു നടക്കുകയും ചെയുന്ന നാട്ടിൽ ഞങ്ങളെപോലെയുള്ള പെൺകുട്ടികൾ അങ്ങനെ ചിന്തിച്ചില്ലേലെ അത്ഭുതം ഉള്ളു.
"നിയിനീ അതോർത്തു ടെൻഷൻ ആവണ്ട. ഇനിയും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ കണ്ടക്ടറോടു കാര്യം പറയുക. ആരെയും പേടിക്കണ്ട. വണ്ടിയിൽ തന്നെ വിമൻസ് സെൽ നമ്പർ കാണും. അവർ വേണ്ടത് ചെയ്തോളും ".
ഞാൻ ധൈര്യത്തോടെ പറഞ്ഞതുകേട്ട് മൂന്നുപേരും എന്നെയൊന്നു നോക്കി
"ഇതൊക്കെ ഇവിടെ ഇരുന്നു പറയുകയെ ഉള്ളു... കാര്യത്തോട് അടുക്കുമ്പോൾ നമ്മൾ എല്ലാം നിശബ്ദരാ.. ആരോ വാ മൂടി കെട്ടിയപോലെ "
" നേരാടി എനിക്കാണെങ്കിൽ 8 മണി കഴിഞ്ഞു ബസിൽ ഇരിക്കുമ്പോൾ തീയാ നെഞ്ചിൽ..."
"എനിക്കും "
"എനിക്കും "
"എനിക്കും "
നാലുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.
അതെ ശരിയാണ് ഇരുട്ട് വീണാൽ ഭയം ആണ് ഞങ്ങൾക്ക് ഈ നാടിനെ പകൽ വെളിച്ചത്തിലും

Beema

അതെന്താമ്മേ തെറ്റിന് ശിക്ഷ ഇല്ലേ

അതെന്താമ്മേ തെറ്റിന് ശിക്ഷ ഇല്ലേ
സ്കൂൾ ബസിൽ നിന്നിറങ്ങി മിന്നു എല്ലാവർക്കും ടാറ്റാ കൊടുത്തു. ചെറിയ മഴയുണ്ട്. അവൾ കുട എടുത്തു. ബസ് നിർത്തുന്ന സ്റ്റോപ്പിൽ ഇടത്തോട്ടുള്ള വഴിയിൽ ആറാമത്തേ വീട് ആണ് മിന്നുന്റെ .
അവൾ പതിയെ നടന്നു. പെട്ടന്ന് ശക്തിയായി മഴ പെയ്തു. നല്ല കാറ്റും. കുട കൈയിൽ നിൽക്കുന്നില്ല.
അവൾ ഓടി ക്യാപ്റ്റൻ അങ്കിളിന്റെ കാർപോർച്ചിലേക്ക് കയറി. അവിടെയിപ്പോ ആരും ഇല്ല. അങ്കിളും ആന്റിയും മക്കളുടെ അടുത്ത് പോയിന്നു അമ്മ പറഞ്ഞത് ഓർത്തു.
ഒരു സ്കൂട്ടർ ഇരിപ്പുണ്ട്. പഴയതാ.
"മിന്നുമോൾ എന്താ ഇവിടെ നിൽകുന്നെ... "
മിന്നു ഞെട്ടി തിരിഞ്ഞു നോക്കി. സ്കൂട്ടറിന്റെ പിന്നിൽ നിന്ന ശബ്ദം. ഒരാൾ അവിടുന്നു എഴുനേറ്റു.
ദാസൻ അങ്കിൾ. വീട്ടിൽ പാലുകൊണ്ടുവരുന്നത് അങ്കിൾ ആണ്.
"മഴേലു കുട പറന്നു പോകുന്നങ്കിൾ... "
"മോളിങ്ങു വന്നേ ചോദിക്കട്ടെ ".
അങ്കിൾ സ്കൂട്ടറിന്റെ മേലെ ഇരിക്കുവാണ്. അവൾ മടിക്കാതെ അടുത്തേക്ക് ചെന്നു.
"മോളിപ്പോ ഏതു ക്ലാസ്സിലാ പഠിക്കുന്നെ "
"3rd സ്റ്റാൻഡേർഡ് "
"ആഹാ... മിടുക്കി ".
അയാൾ അവളെ ചേർത്തുനിർത്തി. അയാളുടെ കൈകൾ അവളെ തൊട്ടും തലോടിയും കൊണ്ടിരിന്നു. മിന്നു അനങ്ങുന്നില്ലന്ന് കണ്ട് കൈകൾ പതുക്കെ അവളുടെ പാവാടയുടെ ഉള്ളിലേക്ക് കടന്നു. കൈ മേലേക്ക് ഇഴഞ്ഞു കയറിയതും മിന്നു ആ കൈയിൽ ശക്തിയായി കടിച്ചു. കുതറിമാറി അയാളെ പിന്നിലേക്ക് തള്ളിയിട്ടു. സ്കൂട്ടറും അയാളും ഒരുമിച്ച് താഴെ വീണു.
മിന്നു പെട്ടന്ന് ഓടി. ഓടി വീടിന്റെ ഗേറ്റ് എത്താറായതും കണ്ടു ഗേറ്റ് ഇറങ്ങി വരുന്ന അമ്മയെ
"മോളെ... "
മിന്നു ഓടി അരികിൽ എത്തി.
"ഇതെന്താ നിന്റെ കുട എവിടെ ".
"കുട പോയി അമ്മേ ".
ദേവു മിന്നുന്റെ മുഖത്തേക്ക് നോക്കി. ആകെ പരിഭ്രമിച്ചിരിക്കുന്നു. കണ്ണിൽ ഭയം തളം കെട്ടി നിൽപ്പുണ്ട്.
"മോളു വാ "
ദേവു അവളെ ചേർത്തുപിടിച്ചു അകത്തേക്ക് നടന്നു. ശരീരം നന്നായി വിറകൊള്ളുന്നുണ്ട്. അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചുപോയി.
മിന്നുനെ കുളിപ്പിച്ച് ഉടുപ്പ് ഇടിക്കുന്ന സമയത്തു അവളെ നോക്കി. ഇപ്പോ പേടിച്ചല്ല ഇരിപ്പ്.
"ഇവിടെയിരിക്ക് ".
അവളെയെടുത്തു കസേരയിൽ ഇരുത്തി ദേവു താഴെ ഇരുന്നു.
"ആരായിരുന്നു... "
മിന്നു അമ്മയെ നോക്കി.
"ദാസൻ അങ്കിൾ ".
"മോളെ ഉപദ്രവിച്ചോ ".
"ഇല്ല... മോളുന്റെ പാവാടക്കുള്ളിൽ കയ്യിട്ടു. അമ്മയല്ലേ പറഞ്ഞെ ആരേലും അങ്ങനെ ചെയ്ത കടിക്കുവേം മാന്തുവേം ഒക്കെ ചെയ്യണംന്ന്. മോളു കൈയിമ്മേ കടിച്ചു. എന്നിട്ട് തള്ളിയിട്ടു. പിന്നെ ഇങ്ങു ഓടി പോന്നു. "
ദേവു ഒരു ദീർഘശ്വാസം വിട്ടു. ഒന്നും ഉണ്ടായില്ല.
"പേടിച്ചുപോയോ... "
മിന്നുന്റെ മുടിയിഴയിൽ തലോടി കൊണ്ട് ദേവു ചോദിച്ചു.
"ഉം.. എന്തിനാ അമ്മേ ആളുകൾ ഇങ്ങനെ ചെയ്യുന്നേ അതൊക്കെ ചീത്തയല്ലേ.. "
ദേവു മിണ്ടാതെ അവളെ നോക്കി. 8വയസ്സുള്ള കുഞ്ഞിനോട് എങ്ങനെയാ കാര്യങ്ങൾ പറയണ്ടേ.
" മോളെ... ഒരാണും പെണ്ണും പരസ്പരവിശ്വാസത്തോടെ സ്നേഹത്തോടെ അവരുടെ അനുഭൂതികൾ പങ്കുവക്കുമ്പോൾ പവിത്രമായ ഒരു ബന്ധം ഉണ്ടാവും. ആ സ്നേഹത്തിന്റെ പ്രതിഫലനമാണ്‌ മകളായോ മകനായോ പിറവി എടുക്കുന്നത് .....
പക്ഷെ....
സ്വന്തം സുഖം മാത്രം നോക്കി പിഞ്ചു കുഞ്ഞേന്നോ പ്രായം ചെന്നവർ എന്നോ വ്യത്യാസം ഇല്ലാതെ പിറവി എടുക്കുന്ന അവയവത്തേയും പാലുട്ടുന്ന അവയവത്തേയും അവരുടെ അവശ്യത്തിന് വേണ്ടി കീഴടക്കാൻ ശ്രമിക്കുന്നത് തെറ്റ് തന്നെയാ... മാപ്പ് അർഹിക്കാത്ത തെറ്റ്... "
പറഞ്ഞു നിർത്തിയതും അവളുടെ കണ്ണ് തുളുമ്പി. മിന്നു എല്ലാം ശ്രദ്ധയോടെ കേട്ടിരുക്കുവാണ്. മോളെ തന്നോട് അടുപ്പിച്ചു നെറുകയിൽ ഒരു ഉമ്മ കൊടുത്തു.
"അപ്പൊ തെറ്റ് ചെയ്ത ശിക്ഷ കൊടുക്കില്ലേ അമ്മേ ".
നിഷ്കളങ്കമായ ആ ചോദ്യത്തിന് തന്റെ കൈയിൽ ഉത്തരം ഇല്ല. നീതിപീഠം നിശബ്ദമാവുന്നിടത്ത് നീതിക്ക് വേണ്ടിയുള്ള കരങ്ങൾ അവനവന്റെതാവണം.
"തെറ്റിന് ശിക്ഷ അതെന്നായാലും കിട്ടും ".
ദേവു മിന്നുന്റെ മുഖം കൈയിൽ എടുത്തു.
"ഇനിയും ഇതുപോലെ കഴുകൻ കണ്ണുമായി മോളുടെ അടുത്ത് ആരേലും വരാം. ഇതിലും ശക്തിയായി പ്രതികരിക്കണം. അപ്പോൾ കൈയിൽ കിട്ടുന്നതെന്തും നിന്റെ ആയുധം ആവണം. ഒരിക്കലും പേടിക്കരുത്. ഭയം ഉള്ള കണ്ണിനെ കീഴടക്കാൻ എളുപ്പം ആണ്. എന്റെ മോളു തന്റേടിയായി വളരുന്നതാ അമ്മക്കും അച്ഛനും ഇഷ്ടം ".
"മിന്നുമോള് അല്ലേലും brilliant ആണല്ലോ.... "
"എന്റെ ചക്കരകുട്ടി... അച്ഛൻ വരുമ്പോൾ നമുക്ക് പറയാവേ... ഇപ്പൊ കഴിക്കാം ".
"ആം... "മിന്നു എഴുനേറ്റു ഓടി.
സുധിയേട്ടൻ വന്നിട്ട് ബാക്കി തീരുമാനം ഉണ്ടാക്കാം.
"അമ്മേ വാ... "
"ആ... വരുന്നു.. "

Beema

എന്റെ കുട്ടുസ്..

എന്റെ കുട്ടുസ്..
"കൃഷ്ണേട്ട ബിസ്ക്കറ്റ് കിട്ടിയില്ല ".
"ദാ മോളെ"
ബിസ്ക്കറ്റ് വാങ്ങി ഞാൻ വെളിയിലേക്ക് ഇറങ്ങി. കാത്തു നിൽപ്പുണ്ട് ആശാൻ
"കുട്ടുസെ... " ഒറ്റവിളിക്ക് ഓടി അരികിലെത്തി. പാക്കറ്റ് പൊട്ടിച്ച് ഓരോന്നായി ഇട്ടുകൊടുക്കുമ്പോൾ ആവേശത്തോടെയാണ് അകത്താക്കുന്നത്..
"എന്റെ ഗീതു മതി പട്ടിയെ തീറ്റിച്ചെ.. ഇപ്പൊതന്നെ വൈകി.. "
"ദാ വരുന്നെടി "
സ്പീഡിൽ ഓരോന്ന് ഇട്ടുകൊടുത്തു.
കുറച്ചുമാസം മുൻപ് വെറുതെ ഒരു കരുണതോന്നി കൈയിലിരുന്ന ബിസ്ക്കറ്റ് പൊട്ടിച്ചിട്ട് കൊടുത്തതാണ്. പിന്നെയത് ശീലമായി.
ആശാൻ ഇപ്പൊ എന്നും വൈകിട്ട് ഞാൻ വരുന്ന സമയത്ത് അവിടെ കാണും.
"ഞാൻ പോവാ ഗീതു... ഇനിയും നിന്നാൽ വഴിയിൽ ഇരുട്ട് വീഴും".
ലാസ്റ്റ് ബിസ്ക്കറ്റ് ഇട്ടുകൊടുത്തിട്ടു അവന്റെ നിറുകയിൽ ഒന്ന് തലോടി തിരിച്ചു നടന്നു. പിന്നാലെ വരില്ല. ഇടവഴി കേറുന്നത് വരെ തന്നെ നോക്കി ഇരിക്കും.
വീട്ടിലേക്കുള്ള ഇടവഴിയുടെ ഇരുവശവും റബ്ബർതോട്ടമാണ്‌. കുറച്ചുനടന്നാൽ അല്ലാതെ ആളനക്കം പോലുമില്ല. കൃഷ്ണേട്ടന്റെ ഈ പലചരക്കുകടയല്ലാതെ അടുത്ത് വേറെ കട ഒന്നും ഇല്ല. രാത്രി 8.30 യാവുമ്പോൾ അടച്ചിട്ടു പോകും.
കീർത്തിടെ വീടും കഴിഞ്ഞാണ് തന്റെ വീട്.
നേരിയ ഇരുട്ട് വീണു തുടങ്ങിയിരുന്നു.
അമ്മ ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്. അച്ഛൻ വയ്യാണ്ട് കിടപ്പിലായതിൽ പിന്നെ അമ്മ വില്ലേജ് ഓഫീസറുടെ വീട്ടിൽ ജോലിക്ക് പോകും . പകൽ താൻ അച്ഛന്റെ അടുത്ത് ഇരിക്കും. അമ്മ 3 മണി ആവുമ്പോൾ എത്തും. ഞാൻ വൈകിട്ടു മൂന്നാലു കുട്ടികൾക്ക് വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുണ്ട്. ഇന്ന് വൈകിയതിനാണ് നോക്കി നിൽപ്പ്.
"എന്താ ഇത്രേം വൈകിയേ.. "
"7 അല്ലേ ആയുള്ളൂ...കുട്ടികൾക്ക് എക്സാം അല്ലേ.. "
"മ്മം.. നാളെ ഇന്റർവ്യൂന് പോവണ്ടതല്ലേ ".
"മ്മം "
"മോളോറ്റക്ക് പോവ്വോ... അമ്മ കൂടി വരട്ടെ ".
"അമ്മ എന്റെ കൂടെ വന്നാൽ അച്ഛന്റെ കൂടെ ആരാ. 3 മണിക്കൂർ യാത്രയല്ലേ ഉള്ളു. ഞാൻ തനിയെ പൊക്കോളാം ".
രാവിലെ കുളികഴിഞ്ഞു ഒരുങ്ങിയിറങ്ങി വന്നപ്പോഴേക്കും അമ്മ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു.
" ഇന്നലെ വൈകിട്ട് അമ്പലത്തിൽ പോയിരുന്നു അമ്മ. ഒക്കെ ശരിയാവും ".
അച്ഛന്റെ മുറിയിലേക്ക് ചെന്നു.
"അച്ഛാ പോയിട്ടു വരാം ".
കണ്ണു നിറഞ്ഞു. കാല് തൊട്ടു വണങ്ങി ഇറങ്ങി.
"പോയിട്ടു വരാമ്മേ ".
" ഒരുപാട് വൈകല്ലേ മോളെ ".
"നോക്കാം അമ്മേ... ഒത്തിരിപേര് apply ചെയ്തിട്ടുണ്ടെന്ന കേട്ടെ... "
*****************
ബസിറങ്ങി വാച്ചിൽ നോക്കി. ഒമ്പതര. നല്ല ഇരുട്ട് വീണിരിക്കുന്നു. അമ്മ ഇതിനോടകം ഒരു നൂറു തവണ വിളിച്ചു.
ചുറ്റും നോക്കി. ഓട്ടോ പോലും ഇല്ല. ഫോൺ ലൈറ്റ് on ചെയ്തു കുറച്ചു നടന്നതും ഒരു ഓട്ടോ വന്നു. കൈ കാണിച്ചു നിർത്തി.
"ചേട്ടാ ഇല്ലിവളവ് ".
ഓട്ടോയിൽ കയറിയതും അറിയാതെ ഒരു പരിഭ്രാന്തി. അയാളുടെ നോട്ടം തന്നെ ശരിയല്ല. അതോ താൻ ഇനി ഒറ്റക്ക് ആയതുകൊണ്ട് തോന്നണതാണോ... ഹേയ് അല്ല. കൃഷ്ണേട്ടൻ കടയടച്ചു പോയി കഴിഞ്ഞു.
ഇടവഴി കേറി പാതിയെത്തിയതും കയ്യാലയിൽ രണ്ടുപേര് ഇരിക്കുന്നു. അതിലൊരുത്തൻ ഡ്രൈവറെ നോക്കി കൈ ഉയർത്തി കാണിച്ചു. നെഞ്ചിലുടെ ഒരു കൊള്ളിയാൻ മിന്നി. അവർ കയ്യാലയിൽ നിന്ന് താഴെ ഇറങ്ങി. ഡ്രൈവർ വണ്ടികൊണ്ട് അവരുടെ അടുത്ത് നിർത്തി.
"എന്തിനാ നിർത്തിയെ ". ഭയം പുറത്തുകാട്ടാതെ ഒരുവിധം ചോദിച്ചു.
"മോളെന്തിനാ പേടിക്കുന്നെ ഓട്ടോയിൽ ഇനിം സ്ഥലം ഉണ്ടല്ലോ...ഞങ്ങളുടെ വരാന്നേ... " ഒരുത്തൻ ഓട്ടോയുടെ അരികിൽ എത്തി പറഞ്ഞു.
കൈയിലിരുന്ന ബാഗ് എടുത്തു അവന്റെ മുഖത്ത് ആഞ്ഞടിച്ചു. അവൻ ഒരു വശത്തെക്ക് ചാഞ്ഞു. ആ സമയം കൊണ്ട് ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങി. കൂടെ നിന്നവൻ എന്റെ കൈയിൽ കയറി പിടിച്ചു. മുട്ട് മടക്കി അവനൊരു തൊഴി കൊടുത്തു. കൈയിലേ പിടി വിട്ടപ്പോൾ രണ്ടു കൈപത്തി കൊണ്ടും അവന്റെ ചെവി രണ്ടും പൊത്തി ആഞ്ഞടിച്ചു. അടുത്ത പിടി വീഴും മുൻപേ തിരിഞ്ഞോടി.
ഓടുന്ന ഓട്ടത്തിൽ വിമൻസ് സെൽ ക്ലാസ്സ്‌ എടുക്കാൻ വന്ന ടീച്ചർക്ക് മനസ്സിൽ നന്ദി പറഞ്ഞു.
ഇടവഴി കേറി റോഡിൽ എത്തി. ഓടി കൃഷ്ണേട്ടന്റെ കട എത്തിയതും അറിയാതെ നിന്നു.
കുട്ടൂസ്...
കടയുടെ തിണ്ണയിൽ കിടന്നു നല്ല ഉറക്കം. ഓടി അവന്റെ അരികിൽ ചെന്നിരുന്നു.
"കുട്ടുസേ.. " ചാടി എഴുനേറ്റു എന്നെ നോക്കി..
ആ മിണ്ടാപ്രാണിയോട് ഏതു ഭാഷയിലാണ് പറയേണ്ടതു. നിറഞ്ഞ കണ്ണുകളോടെ ഞാൻ അതിനെ നോക്കി. അപ്പോഴേക്കും ഓട്ടോ കടയുടെ മുന്നിൽ വന്നു നിന്നു.
അതിലൊരുത്തൻ ഇറങ്ങി എന്റെ അരികിലേക്ക് വരാൻ ഒരുങ്ങിയതും കുട്ടൂസ് കുരച്ചു കൊണ്ട് മുന്നിലേക്ക് ചാടി. അവൻ പേടിച്ചു പിന്നിലേക്ക് മാറി. കുട്ടൂസ് നിർത്താതെ കുര തുടങ്ങി കടയുടെ പിന്നിൽ നിന്നും മൂന്നുപേരും കൂടി ഇറങ്ങി കുട്ടൂസിന്റെ അരികിൽ സ്ഥാനം പിടിച്ചു. ഈശ്വര ഇത്രയും പട്ടികൾ ഇവിടെ ഉണ്ടാരുന്നോ....
അത്രയും പേര് ഒരുമിച്ചു കുരച്ചുകൊണ്ട് ചാടിയതും അവൻ ഓടി ഓട്ടോയിൽ കയറി. നിന്നെ എടുത്തോളാടി എന്ന മട്ടിൽ എന്നെയൊന്നു നോക്കി അവര് വണ്ടി എടുത്തു പോയി.
കുട്ടൂസ് എന്റെ അരികിലേക്ക് വന്നിരുന്നു. ഞാൻ അതിനെ നോക്കി. നായ എന്നും നന്ദി ഉള്ളവൻ എന്ന് കേട്ടിട്ടുണ്ട്. എനിക്കതു നേരെ തിരിച്ചാണ് തോന്നിയത്.
ഒരു ജീവിതം മുഴുവൻ താൻ ആ മിണ്ടാപ്രാണിയോട് കടപ്പെട്ടിരിക്കുന്നു.
"കുട്ടൂസെ.... എന്നെ വീട്ടിൽ കൊണ്ടാക്കാമോ ".
ആ ഇരുട്ടിലും ഇടവഴി ഇറങ്ങി നടക്കുമ്പോൾ ഞാൻ ആരെയും ഭയന്നില്ല. എനിക്ക് ചുറ്റും ആളുകൾ ഉണ്ട്. ഒരുപക്ഷെ മനുഷ്യനുപോലും മനസിലാകാത്ത ഭാഷ അതുങ്ങൾക്ക് വശമായിരുന്നു.

Beema

അശുദ്ധി


എന്റെ ഒമ്പതാമത്തെ വയസ്സിലാണ് പാവാടയുടെ പുറകിൽ ഒരു ചുവന്നകറ
കണ്ടത്. കുളപടവുകൾ ചാടിയിറങ്ങി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അമ്മയാണ് ആദ്യം കണ്ടത്.
"ലെച്ചു... മതി കളിച്ചത്. ഇങ്ങു വന്നേ "
ഞാൻ ഓടി അമ്മയുടെ അരികിലേക്ക് ചെന്നു. അമ്മ എന്റെ ഡ്രസ്സ്‌ ഊരി നോക്കി. അമ്മേടെ മുഖത്ത് ഭയങ്കര സന്തോഷം.
"ലെച്ചു.. മോളിനീ ഇങ്ങനെ ഓടി ചാടി കളിക്കാൻ ഒന്നും പാടില്ല. മോളു വലിയ കുട്ടിയായി. കെട്ടോ ".
ആദ്യം ഒന്നും മനസിലായില്ല
"ആണോ ഞാൻ വലിയ കുട്ടി ആയോ ".
"പിന്നെ വലിയ കുട്ടി ആയി".
അമ്മ എന്റെ നുണക്കുഴി കവിളിൽ ചെറുതായി നുള്ളി.
ആ ഏഴ് ദിവസങ്ങൾ ഞാനൊരു രാജകുമാരി ആയിരുന്നു. എല്ലാരും എന്നെ ഒരുപാട് പരിചരിച്ചു. കുടുബത്തിലെയും അയല്പക്കത്തെയും ഒരുപാട് സ്ത്രീകൾ എന്നെ കാണാൻ വന്നു. പക്ഷെ ആണുങ്ങളെ ആരെയും ഞാൻ ആ പരിസരത്ത് കണ്ടില്ല.
"അതെന്താമ്മേ... അച്ഛനും ഉണ്ണിയേട്ടനും ഒന്നും ഇങ്ങോട്ട് വരാത്തേ... "
"അതു മോളിപ്പോ അശുദ്ധിയായിട്ട് ഇരിക്കുവല്ലേ അതാ ".
"അപ്പൊ ഇത് അശുദ്ധിയാ ".
"ഈ സമയത്ത് അച്ഛനെയും ഉണ്ണിയെയും ഒന്നും തൊടാൻ പാടില്ല. "
അവിടം മുതൽ എന്റെ ജീവിതത്തിൽ നിയന്ത്രണങ്ങളുടെ ഒരു വേലിയേറ്റം തന്നെയായിരുന്നു.
അശുദ്ധിയായിരിക്കുമ്പോൾ വീട്ടിലെ പുരുഷൻമാരെ തൊടാൻ പാടില്ല. ആൺകുട്ടികളോട് ഈ കാര്യം ഒന്നും പറയാൻ പാടില്ല. കിണറ്റിൽ നിന്ന് വെള്ളം കോരാൻ പാടില്ല. തറയിൽ പാ വിരിച്ചു കിടക്കണം.. അങ്ങനെ നീളുന്നു പട്ടിക.
അശുദ്ധിയെ വെറുത്തത് അവിടെയാണ്. രണ്ടാം ദിവസം അസഹ്യമായ നടുവേദനയുടെ കൂടെ തറയിൽ കിടക്കേണ്ടി വരിക. മടുത്തുപോയി.
എന്റെ 18 വയസ്സുവരെ ഞാനെന്റെ മനസ്സിൽ ഉറച്ചു വിശ്വസിച്ചു.. "ആർത്തവം അശുദ്ധി ആണ് ".
ഡിഗ്രിക്ക് പഠിക്കാൻ പോയതുമുതൽ ആണ് എന്റെ ജീവിതത്തിലേ തെറ്റായ വിശ്വാസങ്ങൾ എല്ലാം കാറ്റിൽ പറക്കാൻ തുടങ്ങിയത്.
ഗവണ്മെന്റ് കോളേജിൽ ആണ് അഡ്മിഷൻ കിട്ടിയത്. അടുത്ത് ആയതുകൊണ്ട് പോയി വരാം.
അവിടെ വച്ചാണ് അർച്ചനയെ പരിചയപെടുന്നത്. കുറഞ്ഞ ദിവസം കൊണ്ട് ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായി. എന്റെ നേർവിപരീതമായിരുന്നു അവൾ. പറയാൻ ഉള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും. എല്ലാ കാര്യത്തിനും അവൾക്കു അവളുടെതായ അഭിപ്രായങ്ങൾ, തീരുമാനങ്ങൾ.
ഒരുദിവസം ക്ലാസ്സിൽ ഇരിക്കുമ്പോൾ വല്ലാതെ വയറുവേദന അനുഭവപെട്ടു.
"അച്ചു.... " ഞാൻ അവളുടെ കാതിൽ ശബ്ദം താഴ്ത്തി കാര്യം പറഞ്ഞു.
അവൾ എന്നെയൊന്നു നോക്കി.
"ഇതെന്തിനാ നീ എന്റെ ചെവിയിൽ വന്ന് ഇത്രേം ശബ്ദം താഴ്ത്തി പറയുന്നേ... അല്ലാതെ അങ്ങ് പറഞ്ഞാൽ പോരെ ".
"അല്ലേടി ബോയ്സ് ആരേലും കേട്ടാൽ മോശം അല്ലേ ".
"എന്ത് മോശം ".
അവളുടെ കൂസലില്ലായ്മ കണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല. എല്ലാ കാര്യത്തിനും അവളിങ്ങനെ ആണ്.
"നീയെന്തായാലും വാ ടോയ്‌ലെറ്റിൽ പോവാം ".
"അയ്യോ.. ടി ഞാൻ എടുത്തിട്ടില്ല ".
"എന്നാ വാ സ്റ്റോറിൽ പോയി വാങ്ങാം ".
അവൾ എന്റെ കൈയിൽ പിടിച്ചു എഴുനെല്പിച്ചു. ഞാൻ ഡ്രെസ്സിന്റെ പുറകിൽ ഒന്നുനോക്കി. ഭാഗ്യം കുഴപ്പം ഇല്ല
സ്റ്റോറിനു മുന്നിലെത്തിയപ്പോ ഞാൻ അറിയാതെ ഒന്നു ഞെട്ടി. അഞ്ചാറ് ബോയ്സ് വാതിൽക്കൽ തന്നെ നിൽക്കുന്നു.
"ടി നീയെന്താ ഇങ്ങനെ പമ്മി നിൽകുന്നെ ".
"അല്ലെടി അവിടെ മൊത്തം ബോയ്സ് അല്ലേ "
"അതിനിപ്പോ എന്താ... നിയിങ്ങോട്ട്‌ വാ പെണ്ണെ ".
"ചേച്ചി ഒരു സ്റ്റേഫ്രീ ".
അവളുടെ ഉച്ചത്തിൽ ഉള്ള പറച്ചിൽ കേട്ട് എന്റെ രണ്ടു കണ്ണും തള്ളി പുറത്തേക്കുവന്നു. ഞാനാ പയ്യന്മാരെ ഒന്നു നോക്കി. ആരും മൈൻഡ് ചെയ്തിട്ടില്ല.
ടോയ്‌ലെറ്റിൽ പോയി കഴിഞ്ഞു ഞാൻ അവളെയും കൊണ്ട് ആള് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് പോയി.
"നീയെന്താ കാണിച്ചേ... ആ പയ്യന്മാർ എല്ലാം കേട്ടില്ലേ.. ഇതൊക്കെ ഇങ്ങനെ ഉച്ചത്തിൽ കൂവാമോ ".
"അതെന്താ പറഞ്ഞാൽ ".
"ഇതൊക്കെ അശുദ്ധിയല്ലേ ".
അവൾ എന്നെ നോക്കി പൊട്ടിചിരിച്ചു
"അതെങ്ങനെയാടി ഒരു പെണ്ണിന്റെ ഗർഭപാത്രം ശുദ്ധികരിക്കുന്ന പ്രക്രിയ അശുദ്ധി ആയത് ".
"അശുദ്ധി ആയതു കൊണ്ടല്ലേ എല്ലാരും ഇതു മറച്ചുപിടിച്ചു സംസാരിക്കുന്നേ.. അതുകൊണ്ടല്ലെ അമ്പലത്തിലും പള്ളികളിലും ഒന്നും പോവാൻ പറ്റാത്തത്".
"അത് അശുദ്ധിയായത് കൊണ്ടല്ല ലെച്ചു. വിശ്വാസങ്ങൾ അങ്ങനെ ആയത് കൊണ്ടാണ്. ആർത്തവസമയത്തു അമ്പലത്തിൽ കയറരുത് പള്ളിയിൽ പോകരുത് ഇതൊക്കെ വിശ്വാസങ്ങൾ മാത്രം ആണ്. കുറെപേര് ശരിയായി കാണുന്നു. വേറെ കുറെപേര് തെറ്റായി കാണുന്നു".
"നിനക്കിതിലൊന്നും വിശ്വാസമില്ലേ ".
"അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങൾ ആണ്. എന്നെ സംബന്ധിച്ച് പത്ത് പന്ത്രണ്ടു വയസ്സിൽ തുടങ്ങി അമ്പത് അറുപതു വയസ്സിൽ അവസാനിക്കുന്ന ഒരു പ്രക്രിയ.
അതു നമ്മുടെ ശരീരത്തെ ശുദ്ധികരിക്കുന്നു.
നമ്മുടെ ത്യാഗത്തെ ഓർമപെടുത്തുന്നു.
ഒന്നാലോചിച്ചുനോക്കിയേ
നടുവേദന, തലവേദന, വയറുവേദന, stress അങ്ങനെ എന്തെല്ലാം pain ആ സമയത്തു അനുഭവിക്കുന്നു. എന്നിട്ടും അതൊക്കെ സഹിക്കുന്നു
എന്തുകൊണ്ടാ...
ഒരു പെണ്ണ് വയസ്സറിയികുന്ന നാള് തൊട്ട് അവളിലെ മാതൃത്യം ഉണർന്നതുകൊണ്ട്.
ഒരമ്മയാവാൻ പത്തുമാസം ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമന്നാൽ പോരാ... അതിനവൾ ഋതുമതിയാവുന്ന നാളുതൊട്ട് തന്റെ ശരീരത്തെ പ്രാപ്തയാക്കികൊണ്ടിരിക്കുകയാണ്.
ലെച്ചു...
ആർത്തവം അശുദ്ധിയാണെങ്കിൽ ആ അശുദ്ധിയാണ് എന്റെ ഏറ്റവും വലിയ വിശുദ്ധി.
അതെന്നിലെ മാതൃത്യത്തെ ശുദ്ധിയാക്കുന്നു.
എന്നിലെ അമ്മയെ കൂടുതൽ പവിത്രത ഉള്ളതാക്കുന്നു ".
പറഞ്ഞു നിർത്തി എന്നെ നോക്കി ഒരു ചിരി സമ്മാനിച്ച് അവൾ തിരികെ നടക്കുമ്പോൾ എന്നിലെ അശുദ്ധിയെ ഞാനും സ്നേഹിച്ചു തുടങ്ങിയിരുന്നു.

Beema

അറിയാതെ പോയി ഞാനെൻ അമ്മയെ

അറിയാതെ പോയി ഞാനെൻ അമ്മയെ
"കണ്ണാ.. നിനക്കിന്ന് ഇന്റർവ്യൂ ഉണ്ടായിരുന്നതല്ലേ നീ പോയില്ലേ "
അച്ഛന്റെ ചോദ്യം കേട്ട് തല തിരിച്ചു നോക്കി
"ഇല്ലച്ഛാ എനിക്കെന്തോ താല്പര്യം തോന്നിയില്ല ".
"വേണ്ടടാ.... നീ ഒരു ജോലിക്കും പോകണ്ട ഇങ്ങനെ നാട് നിരങ്ങി നടന്നോ ".
"എന്റച്ഛ... ഇതല്ലേ ഇതിനേക്കാൾ നല്ലത് കിട്ടും. അച്ഛൻ ഒന്നുപോയേ..'
പറഞ്ഞിട്ട് കൈയും മുഖവും കഴുകി അകത്തേക്ക് പോയി.
"നീയാ സാവിത്രിടെ മോനെ കണ്ടു പഠിക്കണം. നിന്റെ പ്രായ അവനു. മാസം എത്രയാ ശമ്പളം ന്നറിയുവോ
"അതിന് അവനെ വളർത്തിയത് അവന്റെ അമ്മയാ. എന്നെ നന്നാക്കാനും നേർവഴി നടത്താനും അങ്ങനെ ഒരാളില്ലാതെ പോയില്ലേ".
മറുപടി ഇല്ലാത്തത് കണ്ട് മുറിക്കു പുറത്തിറങ്ങി നോക്കി. ഹാളിലേക്ക് ഇറങ്ങിയതും കണ്ടു ഗേറ്റ് കടന്നു പോകുന്ന അച്ഛനെ. അമ്മേടെ കാര്യം പറയുന്നത് സങ്കടം ആണ്.
നാരായണെട്ടന്റെ കടയിൽ നിന്നും ഒരു ചായകുടിച്ച് ഇറങ്ങുമ്പോൾ ആണ് ഇടവഴി കേറി പോകാൻ ഒരുങ്ങുന്ന സാവിത്രിയമ്മയെ കണ്ടത്. രണ്ട് വലിയ സഞ്ചി ഉണ്ട് കൈയിൽ. ഭാരം കൊണ്ടാവാം അത് നിലത്തുവച്ച് അവിടെത്തന്നെ നിൽക്കുന്നു. അരികിൽ ചെന്ന് അതു എടുത്തു.
"ഞാൻ പിടിച്ചോളാം അമ്മേ അമ്മ വാ ".
"കണ്ണാ നീയായിരുന്നോ. പിടിക്കാൻ വയ്യ. കൈ വല്ലാണ്ട് വേദന".
"അമ്മ വാ ഞാൻ കൊണ്ടാകാം ".
ഒരുമിച്ച് നടന്നു.
"വിഷ്ണു എന്തിയെ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് ".
"രണ്ടാഴ്ചത്തേക്ക് എറണാകുളത്ത് പോയി. ട്രെയിനിങ് ആ... "
കുറച്ചു നടന്നപ്പോൾ ആണ് രണ്ട് കുട്ടികൾ സൈക്കിളിൽ കളിക്കുന്നത് കണ്ടത്. സാവിത്രി അവരെ തന്നെ നോക്കി നിന്നു.
"അമ്മയെന്ത നോക്കുന്നെ ".
ഒന്നു ചിരിച്ചു.
"പണ്ട് ഞങ്ങടെ അയല്പക്കത്തെ സുമേടെ മോന് സൈക്കിൾ വാങ്ങിയേന്റെയന്ന് അച്ചു എന്ത് ബഹളം ആരുന്നു. നാലു വയസ്സേയുള്ളൂ അവന്. ചെറിയ സൈക്കിൾ കൊടുത്തിട്ടു വേണ്ട. എന്തായിരുന്നു വാശി ".
"അമ്മ ഇപ്പോഴും ഇതൊക്കെ ഓർക്കുവോ ".
"അമ്മമാർ ഒന്നും മറക്കില്ല കുട്ടി. അന്നാദ്യയിട്ട് ഞാൻ ന്റെ കുട്ടിയെ തല്ലി. അത്ര വാശി ആരുന്നു. എന്നോട് ഒന്നും മിണ്ടാതെ കേറി കിടന്നു. എനിക്കാണെങ്കിൽ ഉറങ്ങാനെ പറ്റിയില്ല. അവനെ മടിയിൽ കിടത്തി കുറെനേരം അടുത്ത് ഇരുന്നു.
ഞാൻ വാരിക്കോടുത്താലേ ആഹാരം കഴിക്കു. ഇപ്പോഴും ഞാൻ കഴിക്കാൻ ഇരുന്നാൽ ഓടി എന്റെ അടുത്ത് വന്നിരിക്കും വാരി കൊടുക്കാൻ.
പനി വന്നാൽ എന്നെ അടുത്തുന്ന് എങ്ങും വിടില്ല.
അവന്റെ മുഖം തെളിഞ്ഞു കാണുന്നതാ എന്റെ ഏറ്റവും വലിയ സന്തോഷം ".
പറഞ്ഞു നിർത്തി എന്നെയൊന്നു നോക്കി.
"കണ്ണാ..... കണ്ണ് നിറഞ്ഞല്ലോ എന്താ മോനെ അമ്മയെ ഓർത്തോ ".
"ഒന്നും ഇല്ലമ്മേ വീടെത്തി ".
ഉമ്മറത്ത് അതുവച്ച് പോവാന്ന് പറഞ്ഞിറങ്ങി.
നെഞ്ചിൽ ഒരു വിങ്ങൽ. നിറഞ്ഞ കണ്ണുകൾ അടച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് അച്ഛന്റെ മുഖം ആണ്.
അച്ഛൻ..
അമ്മ മരികുമ്പോൾ അച്ഛൻ തീരെ ചെറുപ്പം ആണ്. എനിക്ക് മൂന്നു വയസ്സ് . പിന്നീട് ഉള്ള ജീവിതം മുഴുവൻ എനിക്ക് വേണ്ടിയായിരുന്നു. എന്റെ സന്തോഷമാണ് അച്ഛന്റെയും സന്തോഷം. എന്റെ കണ്ണ് നിറഞ്ഞാൽ അച്ഛനതു സഹിക്കാൻ കഴിയില്ല.
കണ്ണാ മോൻ കരഞ്ഞാൽ മോന്റെ അമ്മക്ക് സങ്കടം ആവും. നിന്നെ സങ്കടപെടുത്തില്ലന്ന് അമ്മക്ക് വാക്ക് കൊടുത്തതാ അച്ഛൻ
എപ്പോ ഞാൻ കരഞ്ഞാലും അച്ഛൻ അങ്ങനെ പറയു എന്നിട്ട് അമ്മേടെ ഫോട്ടോ നോക്കി കുറച്ചുനേരം നില്കും. അച്ഛൻ അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നു..
വെറുതെയൊന്നു തല്ലിയാൽപോലും എന്നെക്കാൾ മുന്നേ അച്ഛന്റെ കണ്ണ് നിറയും
അസുഖം വന്നാൽ രാവെളുക്കുവോളം എന്റെ അരികിൽ നിന്ന് മാറില്ല.
എനിക്കിഷ്ടമല്ലാതെ മാറ്റിവയ്ക്കുന്ന കറികൾ ഒന്നും പിന്നീട് അച്ഛൻ ഉണ്ടാക്കിയിട്ടില്ല അച്ഛന് ഇഷ്ടമാണെൽ കൂടി
അച്ഛനോട് ഒരിക്കലും താനൊരു നല്ല വാക്ക് പറഞ്ഞിട്ടില്ല. ബൈക്ക് എടുത്തു തരാത്തതിന്റെ പേരിൽ കുറച്ചുനാളായി അധികം സംസാരിക്കാറു കൂടിയില്ല. ഒമ്പതു മണി കഴിഞ്ഞു കണ്ടില്ലേൽ പിന്നെ നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്ന ആൾക്ക് എങ്ങനെ സമാദാനത്തോടെ വണ്ടി എടുത്തു തരാൻ പറ്റും.
രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല. അച്ഛന്റെ മുറിയിൽ പോയി നോക്കി. ഉറക്കമാണ്‌.
അച്ഛനോട് ചേർന്ന് കിടന്നു. അച്ഛൻ ഒരു കൈ കൊണ്ട് തന്നെ ചേർത്ത് പിടിച്ചു എന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു.
"അച്ഛൻ ഉറങ്ങിയില്ലേ ".
"മോൻ ഉറങ്ങാതെ കിടക്കുമ്പോ അച്ഛന് എങ്ങനെ ഉറക്കം വരാനാ".
എന്റെയും അച്ഛന്റെയും കണ്ണു നിറഞ്ഞോ..ഒന്നുടെ അച്ഛന്റെ അരികിലേക്ക് ചേർന്ന് കിടന്നു
അങ്ങനെ കിടക്കുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ഞാൻ ഇതുവരെ കാണാതെ പോയ എന്റെ അമ്മയെ

Beema

നിൻ സമ്മതം

നിൻ സമ്മതം
സാർ..... ഒന്ന് നിന്നെ...
പുറകിൽ നിന്ന് ഉച്ചത്തിൽ ഉള്ള വിളികേട്ട് വിനോദ് തിരിഞ്ഞു നോക്കി. മാളു . 3rd ഇയർ ക്ലാസ്സിലെ തന്റെ സ്റ്റുഡന്റ് ആണ്. കാണാൻ നല്ല ഐശ്വര്യമുള്ളവൾ ആണെങ്കിലും നല്ല അസ്സല് തല്ലുകൊള്ളിയാണ്.
അവൾ ഓടി അവന്റെ അരികിൽ എത്തി.
"എന്താ... എന്തുപറ്റി താനെന്തിനാ ഇങ്ങനെ ഓടി വന്നത് ".
മാളു വിനോദിനെ ഒന്ന് നോക്കി.
"സാർ എനിക്ക് ചെറിയൊരു സംശയം ".
"സംശയമോ.... തനിക്കോ... ". അവൻ അത്ഭുതത്തോടെ ചോദിച്ചു.
"അതെന്താ എനിക്ക് സംശയം ഒന്നും പാടില്ല എന്നുണ്ടോ ".
"അതിനെന്തിനാ ചൂടാവുന്നെ താൻ കാര്യം പറ ".
"ശരി.... മുഖവുര ഇല്ലാതെ പറയാം. നിക്ക്.. .. സാറിനെ ഇഷ്ടമാണോന്ന് ഒരു സംശയം... സംശയം മാത്രേ ഉള്ളൂ.... ക്ലിയർ ആകുമ്പോൾ ഞാൻ ഒന്നുടെ പറയാം. ഇപ്പൊ മനസ്സിൽ തോന്നിയത് പറഞ്ഞുന്നേയുള്ളൂ".
അവൻ അന്തംവിട്ടു അവളെ നോക്കി. ശരിക്കും എന്റെ കിളിയാണോ ഇവളുടെ കിളിയാണോ പോയേ....
"സാറെന്താ ഇങ്ങനെ നോക്കുന്നെ.... ന്താന്നറിയില്ല.... കുറച്ചു ദിവസം ആയിട്ട് കണ്ണടക്കുമ്പോൾ എല്ലാം സാറിന്റെ ഈ സുന്ദരമുഖം ആ മനസ്സിൽ....എന്റെ അമ്മ എന്നെ പറഞ്ഞിട്ടുള്ള ചീത്ത ഒന്നും എനിക്ക് ഓർമയില്ല പക്ഷെ സാർ പറഞ്ഞ ഓരോ വഴക്കും ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട്. എന്റെ അച്ഛൻ എന്നെ തല്ലിയാൽ അതിന്റെ വേദന അടിച്ച 5 മിനിറ്റ് കഴിയുമ്പോൾ മറക്കും. പക്ഷെ സാറെനിക്ക് punishment തന്നതിന്റെയെല്ലാം നീറ്റൽ മനസ്സിൽ ഉണ്ട്. സാധരണ അതോർത്തു എനിക്ക് ദേഷ്യം വരേണ്ടതാ.. പക്ഷെ എന്തോ ചിരിയാണ് വരുന്നത്. ഒരുപക്ഷെ ഇതൊക്കെ എന്റെ തോന്നൽ ആവും. അതാ പറഞ്ഞത് സംശയം ആണെന്ന്.... "
പറഞ്ഞു നിർത്തി മാളു അവന്റെ മുഖത്തേക്ക് നോക്കി. എല്ലാം കേട്ട് കിളി പറന്നു നിക്കുവാണ്.
"താൻ ഒന്നുടെ ആലോചിക്ക്.... ഇയാൾ പറഞ്ഞത് പോലെ എല്ലാം ഒരു തോന്നൽ ആവും. എന്നിട്ട് അതൊക്കെ മനസ്സിൽ നിന്നും കളഞ്ഞു പോയിരുന്നു പഠിക്കാൻ നോക്ക്".
അത്രയും പറഞ്ഞു വിനോദ് അവളെ കടന്നുപോയി. അങ്ങനെ പറഞ്ഞെങ്കിലും മനസ്സിൽ ഒരു തീപ്പോരി വീണത് അവനും അറിഞ്ഞു.
പിറ്റേന്ന് കാന്റീനിൽ നിന്നും വിനോദ് വെളിയിലേക്ക് ഇറങ്ങിയതും ദേ നില്കുന്നു മുന്നിൽ. ഈശ്വര.... ഇവൾ എന്ത് ഭാവിച്ച...
അവൾ അരികിലേക്ക് ചെന്നു.
"സത്യത്തിൽ എനിക്ക് സാറിനെ ഇഷ്ടം ആണ്.... സംശയം ഒന്നും ഇല്ല... തോന്നലും അല്ല സാറിന്റെ ഇന്നലത്തെ മറുപടിയിൽ നിന്നും എന്നോട് അങ്ങനെയൊന്നും തോന്നിട്ടില്ലന്ന് മനസ്സിലായി. ഇന്ന് ലാസ്റ്റ് എക്സാം ആരുന്നു ... പോകുന്നെന് മുന്നേ ഒന്നുടെ കണ്ടു പറയണം എന്ന് തോന്നി. പോട്ടെ സാർ ".
അത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.
ക്ലാസ്സിൽ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ആയപ്പോഴേക്കും മാളുന്റെ ചങ്ക് പിടഞ്ഞു. സാറിന് തന്നോട് എന്തെങ്കിലും പറയാമായിരുന്നു. തിരികെ വിളിക്കും എന്ന് പ്രതീക്ഷിച്ചു.
കോളേജ്ഗേറ്റ് കടന്ന് ഒരിക്കൽ കൂടി അവൾ തിരിഞ്ഞു നോക്കി. ഇല്ല.... അവൾ കണ്ണ് തുടച്ചുകൊണ്ട് തിരികെ നടന്നു.
"മോളെ.... നിയിത് എന്ത് ആലോചിച്ചു നിൽക്കുവാ.... അവരിപ്പോ എത്തും വേഗം റെഡിയാവ്... "
ഓർമയിൽ നിന്നുണർന്ന് അവൾ അമ്മയെ നോക്കി.
"ഞാനിപ്പോ റെഡി ആവും. അമ്മ പൊക്കോളു..."
അവൾ കണ്ണാടിയിലേക്ക് നോക്കി. 4 വർഷം.... എത്ര പെട്ടെന്ന് വർഷങ്ങൾ കടന്ന്പോയി.... ഇന്നും താനെന്തിന് ആ മനുഷ്യനെ ഓർക്കുന്നു. ഒരിക്കൽ എങ്കിലും എന്നെ തേടി വരുമെന്ന് കരുതി. ഇത്രേം നാളും കാത്തു. ഇനി വയ്യ. മുഖം അമർത്തി തുടച്ചു ഒരു പുഞ്ചിരി വരുത്തി.
ചായ കൊടുത്തു പയ്യന്റെ മുഖത്ത് ഒന്ന് നോക്കി. അവനും അവളെ നോക്കി പുഞ്ചിരിച്ചു.
"എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം".
പടർന്നു പന്തലിച്ചു നിൽക്കുന്ന മുല്ലവള്ളിയുടെ ചോട്ടിൽ വിദൂരതയിൽ മിഴിനട്ടു നിന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല.
"എനിക്ക് ഒരു സംശയം എനിക്ക് നിന്നോട് പ്രേമം ആണോ അല്ലയോ എന്ന്... സംശയം മാത്രേ ഉള്ളൂ കെട്ടോ... "
അവൾ ഞെട്ടി തിരിഞ്ഞു നോക്കി. സാർ ഇവിടെ.
വിനോദ് അടുത്തേക്ക് ചെന്നു.
"നീ ചായ കൊടുത്തത് എന്റെ കസിൻ ആണ്. വെറുതെ ഒന്ന് സീൻ ആക്കിയതല്ലേ ".
അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.
"ഞാൻ 2കൊല്ലം മുമ്പ് ഇവിടെ വന്നിരുന്നു. നീ ബാംഗ്ലൂർ എംഫിൽ ചെയ്യാൻ പോയില്ലേ അപ്പൊ. അന്നേ നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടാ പോയേ. ഈ കാന്താരിയെ എനിക്ക് തന്നേക്കണം എന്ന് ".
എല്ലാരും ചേർന്ന് ഉള്ള പണിയാണ്.
"അതിന് എനിക്ക് ഇപ്പൊ അങ്ങനെ ഒരിഷ്ടം സാറിനോട് ഇല്ല. അന്ന് പ്രായത്തിന്റെ എടുത്തുചാട്ടം കൊണ്ട് അങ്ങനൊക്കെ പറഞ്ഞു. സാർ തന്നെയല്ലേ പറഞ്ഞെ എല്ലാം മറന്നു പഠിത്തത്തിൽ കോൺസെൻട്രേഷൻ കൊടുക്കാൻ. ഇപ്പൊ എന്റെ മനസ്സിൽ അത്തരത്തിൽ ഒരു വികാരങ്ങളും സാറിനോട് ഇല്ല ".
കിളിപോയോന്ന് അവൾ സാറിന്റെ മുഖത്തേക്ക് നോക്കി. ഇല്ല പ്രേതെകിച്ചു ഭാവവ്യത്യാസം ഇല്ല.
"ശരി.... നിയിങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ തന്നെ നിന്റെ അച്ഛനോട് പറയാം ആലോചന വേണ്ടെന്നു വക്കാൻ ".
ഇത്തവണ കിളിപോയത് മാളുന്റെയാണ്.
"അയ്യോ... അതുവേണ്ട ഏതായാലും പെണ്ണ് കാണാൻ വരുന്ന ഒരു കൊന്തനെ കെട്ടണം. അതിപ്പോ സാറായാലും എനിക്ക് കുഴപ്പമില്ല ".
"എനിക്ക് കുഴപ്പം ഉണ്ട്. എനിക്ക് വേണ്ടത് എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെയാ... "
"ദേ... നോക്കിയേ സാർ ആ പൂവിൽ ഒരു ശലഭം".
അവൾ ആകാംക്ഷയോടെ പറഞ്ഞത് കേട്ടു അവൻ അവിടേക്ക് നോക്കി. അവൾ പെട്ടെന്ന് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു തിരിച്ചു ഓടി
അവൻ തിരിഞ്ഞു നോക്കിയതും അവൾ ഓടി അകത്തു കേറിയിരുന്നു. അവൻ ആ മുല്ലയിലേക്ക് നോക്കി. ഒന്നിനുപകരം ഒരു നൂറു ശലഭങ്ങൾ പാറികളിക്കുന്നുണ്ടായിരുന്നു.

Beema

ഒടുവിലെ യാത്രക്കായി

ഒടുവിലെ യാത്രക്കായി
"എന്റെടി.... ഞാൻ ഇറാഖിലോ അമേരിക്കയിലോ ഒന്നും അല്ല പോകുന്നെ.. ബാംഗ്ലൂർ ആണ്.."
അഞ്ജു മുഖം വാടി നിൽക്കുന്ന കണ്ട് അക്ഷയ് പറഞ്ഞു.
"അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. "
"നീ ഒന്നും പറയാതെ നിൽക്കുന്നകൊണ്ട പറഞ്ഞേ "
"മ്മം.... ചെന്നുകഴിഞ്ഞു എന്നെ എന്നും വിളിക്കണം ".
"നിന്നെ വിളിക്കാതെ ഞാൻ ആരെ വിളിക്കാൻ.... വന്നു വണ്ടിയിൽ കേറിക്കെ ഞാൻ സ്റ്റാൻഡിൽ കൊണ്ട് വിടാം ".
അവൾ ഒന്നും മിണ്ടാതെ കേറിയിരുന്നു. സ്റ്റാൻഡ് എത്തുന്ന വരെ അവൾ നിശബ്ദയായിരുന്നു. നല്ല വിഷമം ഉണ്ടെന്ന് അവനു അറിയാം. പക്ഷെ തനിക്ക് പോകാതിരിക്കാൻ ആവില്ലല്ലോ....
"ന്നാ ശരിയെടി ഞാൻ വിളിക്കാം. കുറച്ചു പായ്ക്ക് ചെയ്യാനുണ്ട്. പോട്ടെ ".
അവൾ തലയാട്ടി.
അവൻ വണ്ടി തിരിച്ചു പോകുന്നതും നോക്കി അവൾ നിന്നു.
അക്ഷയ് വീടിന്റെ മുറ്റത്തു വണ്ടി കേറ്റിനിർത്തി ഇറങ്ങാൻ തുടങ്ങിയതും ഫോൺ അടിച്ചു. അഞ്ജു ആണ്.
"എന്താടി മോളെ ".
"അക്ഷയ് ഒന്ന് തിരിച്ചു വരുമോ എനിക്ക് ഒന്ന് കാണണം".
അവളുടെ ശബ്ദത്തിലെ വിങ്ങൽ അവനു അറിയാൻ കഴിയുന്നുണ്ടാരുന്നു. അവൻ വണ്ടി തിരിച്ചതും പുറകിൽ നിന്ന്
"ടാ "... ന്നൊരു വിളികേട്ടു.
അമ്മയാണ്.
"ഇപ്പൊ ഇങ്ങോട്ട് വന്നതല്ലേയുള്ളൂ.
അകത്തുപോലും കേറാതെ എങ്ങോട്ടാ... "
"ഇപ്പൊ വരാം അമ്മേ... "
"ഇനിയെങ്ങും പോണ്ട മോനെ അകത്തു കേറിക്കെ.. നാളെ പോവണ്ടേ അല്ലെ ".
"ഞാനിപ്പോ ഇങ്ങെത്തും അമ്മേ ".
പറഞ്ഞതും അവൻ വണ്ടി തിരിച്ചുപോയി.
നോക്കി നിന്നിട്ടും അവനെ കാണാതെ വന്നപ്പോൾ അഞ്ജു ബസിൽ കേറി. വീടിന്റെ അടുത്തുകൂടി ഉള്ള ലാസ്റ്റ് ബസ് ആണ്. ഇനിയും വൈകിയാൽ ശരിയാവില്ല. അതിനു കേറിയില്ലേൽ അക്ഷയും വഴക്ക് പറയും. ഇടവഴിയിലേക്ക് ഒരിക്കൽ കൂടി അവൾ നോക്കി. കണ്ടില്ല.
ബസ് എടുത്തതും അവൻ ഇടവഴി കേറിവരുന്നത് അവൾ കണ്ടു.
അക്ഷയ് വണ്ടി മെയിൻറോഡിലേക്ക് കയറ്റിയതും എതിരെ വന്നൊരു കാർ വന്നു അവന്റെ ബൈക്കിൽ ഇടിച്ചതും ഒരുമിച്ച് ആരുന്നു. അവൻ തെറിച്ചു റോഡിലേക്ക് വീണു. എതിരെ വന്ന ബസ് അവന്റെ ദേഹത്തുകൂടിയാണ് കയറിയിറങ്ങിയത്. അതേ ബസിന്റെ സൈഡ് സീറ്റിൽ ആരുന്നു അഞ്ജു ഇരുന്നതും.
"അക്ഷയ്...." ന്നൊരു നിലവിളി അവളുടെ ഉള്ളിൽ തന്നെ കുടുങ്ങി. കണ്ണിൽ ഇരുട്ട് കയറി ചുറ്റും ഉള്ളത് ഒന്നും പിന്നീട് അവൾ കണ്ടില്ല.
അപ്പോഴേക്കും അവന്റെ ചുറ്റും ആളുകൾ കൂടിയിരുന്നു.
ബഹളം കേട്ടാണ് ജേക്കബ് കടയിൽ നിന്നിറങ്ങി നോക്കിയത്.
"എന്താ ഗോപി എന്താ പറ്റിയെ ".
"ഒരു പയ്യനെ വണ്ടി ഇടിച്ചതാ.. ആശുപത്രിയിൽ കൊണ്ട് പോയി. മരിച്ചുന്നാ കേട്ടെ. ഞാൻ കണ്ടില്ല ".
"അതിന്റെ വിധി അല്ലാതെ എന്താ ".
തിരിഞ്ഞു കടയിൽ കേറുമ്പോഴും വിലപിച്ചതു സ്വന്തം മകനെ ഓർത്തെന്ന് ആ മനുഷ്യൻ അറിഞ്ഞിരുന്നില്ല.
അഞ്ജു കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിൽ ആരുന്നു. അപ്പോഴേക്കും അക്ഷയ്ടെ അടക്കം കഴിഞ്ഞിരുന്നു. എല്ലാം കേട്ടിട്ടും അവളുടെ മുഖത്ത് ഒരു നിർജീവഭാവം ആയിരുന്നു. മനസ് മരവിച്ച ഒരു ശിലകണക്കെ അവൾ ഇരുന്നു. എല്ലാ സ്വപ്‌നങ്ങളും മണ്ണിൽ മൂടി എന്ന് അവൾ തിരിച്ചറിയുകയായിരുന്നു.
"അമ്മേ.... " മകളുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ആലിസ് ഓർമകളിൽ നിന്നും ഉണർന്നത്. അക്ഷയ് മരിച്ചിട്ട് ഇന്ന് രണ്ടു മാസം . ഇതിനിടയിൽ ഇന്നാണ് ആ വിട്ടിൽ ഉച്ചത്തിൽ ഒരു ശബ്ദം കേൾക്കുന്നത്. അതാ വീടിന്റെ നാലു ചുവരിലും ഇടിമുഴക്കം പോലെ പ്രതിധ്വനിക്കുന്നുണ്ടെന്ന് അവർക്ക് തോന്നി.
ആലിസ് മകന്റെ മുറിയിൽ നിന്നെഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് ചെന്നു. ആൻസി ജേക്കബിന്റെ തല മടിയിൽ വച്ചു കുലുക്കി വിളിക്കുകയാണ്. ആലിസ് ഓടി അരികിലേക്ക് ചെന്നു.
"എന്താ മോളെ എന്താ പറ്റിയെ ".
ആലിസ് വെപ്രാളപെട്ടു.
"അറിയില്ല അമ്മേ ഞാൻ വരുമ്പോൾ പപ്പാ ഇവിടെ നിലത്തു കിടക്കുവാ. അമ്മ ഇവിടെ ഇരിക്ക് ഞാൻ വണ്ടി വിളിച്ചിട്ട് വരാം".
ICU വിന്റെ മുന്നിൽ ഒരു ജീവച്ഛവം കണക്കെ ആലിസ് ഇരുന്നു.
ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നതും ആൻസി അരികിൽ ചെന്നു.
"മകൻ മരിച്ച സ്‌ട്രെയിൻ ആവാം. കാർഡിയാക്ക് അറസ്റ്റ് ആണ്. കുറച്ചു ദിവസം ഈ കിടപ്പ് തുടരും. പേടിക്കണ്ട. ശ്രദ്ധിച്ചാൽ മതി ".
ആൻസി അമ്മയുടെ മുഖത്തേക്ക് നോക്കി. നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു. ഇനി കരയില്ല എന്ന ഉറപ്പോടെ.
അവൾ അമ്മയുടെ അരികിൽ ചെന്നിരുന്നു അമ്മയെ തന്നോട് ചേർത്തു പിടിച്ചു. ആലിസ് ഒരമ്മയിൽ നിന്നും മാറി മകളുടെ നെഞ്ചിലെക്ക് ചായുമ്പോൾ മകളിലെ അമ്മയെ അവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
( യഥാർത്ഥസംഭവുമായി ബന്ധം ഉള്ളത് കൊണ്ട് ഒരുപാട് ഭാവനാന്മകാമായി എഴുതിയിട്ടില്ല. വ്യക്തതക്കുറവ് ഉണ്ടെങ്കിൽ ക്ഷമിക്കണം )

Beema

എന്റെ കാന്താരി

എന്റെ കാന്താരി
"നിന്നോട് ഞാൻ പഴയപോലെ ഇനി സംസാരിക്കില്ല. ഫ്രീയായിട്ടു ഇടപെടുകയും ഇല്ല".
അഭി പറഞ്ഞത് മൃദുലക്ക് പെട്ടന്ന് മനസിലായില്ല.
"നീയെന്താ ഇങ്ങനൊക്കെ പറയുന്നേ... അതിനു മാത്രം എന്താ സംഭവിച്ചത് ".
"ഏട്ടൻ പറഞ്ഞു ഈ ക്യാമ്പസിൽ പലരും പറയുന്നത് നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നാണ്. പല ടീച്ചേർസും ഏട്ടനോട് ചോദിച്ചു".
"അതുകൊണ്ട് ഏട്ടൻ പറഞ്ഞു ഇനിയെന്നോട് മിണ്ടരുത് എന്ന് അല്ലെ... "
"അങ്ങനെ പറഞ്ഞില്ല. പക്ഷെ എന്റെ പേര് പറഞ്ഞ് ഏട്ടനെ ആരും കളിയാക്കുന്നത് എനിക്ക് ഇഷ്ടമല്ല".
അത്രയും പറഞ്ഞ് അവൻ തിരിച്ചു നടന്നു.
മൃദുലക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യം വന്നു. ഈ കോളേജിൽ വന്ന അന്ന് ആദ്യമായി പരിചയപെട്ടത് അവനെയാണ്. മറ്റുള്ളവർ പറഞ്ഞു കളിയാക്കും എങ്കിലും എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു കൂടപ്പിറപ്പ്. അങ്ങനെയായിരുന്നു ഞങ്ങൾ തമ്മിൽ. അതിനൊക്കെ മേലെ സാർ അങ്ങനെ പറഞ്ഞത് അവളെ വല്ലാണ്ട് വേദനിപ്പിച്ചു.
എന്തുകൊണ്ടോ കണ്ണ് നിറഞ്ഞു.
"സാറോന്നു നിന്നെ.. "
ശബ്ദം കേട്ട് ആനന്ദ് തിരിഞ്ഞു നോക്കി.
"എന്താ മൃദുല... "
"സാറിനെന്താ സാറിന്റെ അനിയനെ പോലും വിശ്വാസം ഇല്ലേ... "
മനസ്സിലെ ദേഷ്യം പാതിയും മറച്ചുവച്ചു ചോദിച്ചു.
"എന്റെ അനിയൻ എനിക്ക് ആരാണെന്നു എനിക്ക് നന്നായി അറിയാം. അതിനേക്കാൾ നന്നായി അവനും ".
"പിന്നെന്തിനാ ഇനിയെന്നോട് മിണ്ടരുതെന്നു പറഞ്ഞത്".
ആനന്ദ് ചിരിയോടെ അവളെ നോക്കി.
"ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.. പറയുകയും ഇല്ല... ".
"സാർ പറയാതെ പറഞ്ഞു. എല്ലാരും പറയുന്നത് കേട്ട് സാർ ഞങ്ങളെ അവിശ്വസിച്ചു. അതല്ലേ... "
മൃദുലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ആനന്ദ് അവളുടെ അരികിലേക്ക് ചെന്നു.
"ഞാൻ പറഞ്ഞത് നാളെ നിന്റെ ഏട്ടത്തിയമ്മ ആവണ്ട പെണ്ണാ... ഇപ്പൊ അനുസരിചില്ലേലും ഭാവിയിൽ അവള് പറയുന്നത് എല്ലാം നീ കേൾക്കേണ്ടി വരും എന്നാണ്... "
മൃദുല മനസിലാകാത്തപോലെ അവനെ നോക്കി.
"സാർ കാര്യമായിട്ട് ആണോ... "
ഉള്ളിൽ ആർത്തുപെയ്ത സന്തോഷം പുറത്തു കാട്ടാതെ ചോദിച്ചു.
അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു കണ്ണീർ തുടച്ചു.
"എനിക്ക് നിന്നെ ഇഷ്ടം ആണ്... അതെത്രയെന്നറിയില്ല..എത്ര തന്നെയായാലും ഒന്നറിയാം അതെന്റെ ജീവനേക്കാൾ കൂടുതൽ ആണ് ".
അവൾക്ക് എന്ത് പറയണം എന്നറിയില്ലാരുന്നു. എത്രയോ നാളായി മനസ്സിൽ ആരോടും പറയാതെ കൊണ്ടുനടന്ന ഒരിഷ്ടം. അഭിയോട് പോലും പറഞ്ഞിട്ടില്ല. അവനും അറിയാമെന്ന് പലപ്പോഴും തോന്നിട്ടുണ്ട്.
"നീയെന്താ ഒന്നും മിണ്ടാത്തെ ".
ആനന്ദിന്റെ ചോദ്യം കേട്ടാണ് അവൾ മുഖം ഉയർത്തിയത്.
"ഇഷ്ടമല്ലേ നിനക്കെന്നെ ".
കണ്ണ് നിറഞ്ഞത് അല്ലാതെ മറുപടി ഒന്നും ഇല്ല. അവൻ അവളെ ചേർത്തുപിടിച്ചു. "എനിക്ക് അറിയാം മറുപടി എന്താന്ന്... "
"ഏട്ടാ..... കെട്ട് കഴിഞ്ഞാൽ ഒരുപാട് ടൈം ഉണ്ടേ..... "
രണ്ടുപേരും ഞെട്ടിമാറി തിരിഞ്ഞു നോക്കി. ചിരിയോടെ അഭി നിൽക്കുന്നു.
"ഇവനെക്കൊണ്ട് നിന്നോട് പറയിക്കാൻ ഞാനിട്ട നമ്പർ അല്ലേടി ഇതൊക്കെ... പിന്നെ നിനക്ക് ഏട്ടനെ ഇഷ്ടം ആണോ അല്ലയോ എന്നൊരു ഡൌട്ട് ഉണ്ടാരുന്നു. വേറെയേത് ക്ലാസ്സ്‌ കട്ട്‌ ചെയ്താലും ഏട്ടന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ നീ കാണിക്കുന്ന ഉത്സാഹം കണ്ടപ്പോ പാതി ഡൌട്ട് മാറി. എന്റെ പേഴ്സിൽ ഇരുന്ന ഏട്ടന്റെ ഫോട്ടോ അടിച്ചുമാറ്റിയപ്പോ കംപ്ലീറ്റ് ക്ലിയർ ആയി.. "
അഭി പറഞ്ഞുനിർത്തിയപ്പോഴേക്കും മൃദുല നാണത്തോടെ മുഖം കുനിച്ചു.
"എന്നാലും നിന്നെ എങ്ങനെ ഞാൻ ചേട്ടത്തിയമ്മേന്ന് വിളിക്കുമെടി മരംകേറി.... "
"പോടാ... "
മൂവരും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo