നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇരുൾ വീണ നന്മ


വണ്ടി ഗേറ്റിനരികിലേക്ക് അടുത്തതും മാധവൻ കണ്ടു വൃദ്ധസദനം എന്ന ബോർഡ്‌. അരികിലിരുന്ന് ഡ്രൈവ് ചെയുന്ന മകനെ ഒന്നുനോക്കി. തന്നെ ശ്രദ്ധിക്കുന്നേയില്ല... അതിനു കഴിയാത്തകൊണ്ടാണല്ലോ ഈ യാത്ര പോലും.
ഹൃദയം വല്ലാതെ പിടയുന്നുണ്ട് എങ്കിലും കരയുന്നില്ല
മക്കൾക്ക് ഭാരം എന്നുതോന്നിയാൽ പിന്നെ അവര് പറയുന്നത് അനുസരിക്കുക
"അച്ഛാ... എന്നോട് ദേഷ്യമൊന്നും തോന്നരുത്.. എന്റെയും മോന്റെയും കാര്യങ്ങൾ നോക്കാൻപോലും ദിവ്യക്ക് നേരമില്ല. അവൾക്ക് ഒരു ജോലിയുള്ളതല്ലേ. അതെല്ലാം വേണ്ടാന്ന് വച്ച് ജീവിക്കാൻ അവൾക്കും ബുദ്ധിമുട്ടാണ്.. അതുകൊണ്ട് അച്ഛൻ ഞാൻ പറയുന്നത് അനുസരിക്കണം ".
മകന്റെ മുഖത്തേക്ക് നിർവികാരതയോടെ ഒന്നുനോക്കി. ഒന്നും മിണ്ടാതെ തലയാട്ടി സമ്മതം നൽകി
"അച്ഛാ... ഇറങ്ങ്.. "
തന്റെ കൈപിടിച്ചു ഇറക്കുമ്പോൾ മകനെയൊന്നു നോക്കി. ചെറുപ്പത്തിൽ
വീഴാൻ പോകുമ്പോൾ
വഴിതെറ്റി തനിച്ചായിപോകും എന്ന പേടി തോന്നുമ്പോൾ അവൻ ഇതുപോലെ തന്റെ കൈയിൽ മുറുകെ പിടിക്കും. ഇന്ന് താൻ തനിച്ചായി വീഴാൻ തുടങ്ങുമ്പോൾ അവനെന്റെ കൈവിട്ടു ദൂരെക്ക് പോകുന്നു. എന്തൊരു വിധിയാണ്
"ഇതാ അച്ഛന്റെ മുറി "
ബാഗ് മുറിയിൽ ഇരിക്കുന്ന അലമാരയിൽ വച്ചുകൊണ്ട് അവൻ പറഞ്ഞു
നല്ല വിശാലമായ മുറിയാണ്. അകത്തേക്ക് കയറിയപ്പോൾ തന്നെ ഒരു ശാന്തത. ഇനിയാർക്കും ഭാരം ആവേണ്ടതില്ല
"അച്ഛാ... ഞാൻ ഇറങ്ങുവാ.. ഇടക്ക് വരാം "
കാണാൻ വരുവാണെങ്കിൽ അപ്പുനെ കൂടെ കൂട്ടരുതെന്ന് പറയാൻ തോന്നി... വേണ്ട അതൊരു തിരിച്ചറിവ് ആണ് സ്വയം തോന്നേണ്ടത്
തലയാട്ടി സമ്മതം അറിയിച്ചു. വാതിൽ കടക്കുന്നതിനുമുൻപ് ഒരിക്കൽകൂടി എന്നെയൊന്നു തിരിഞ്ഞു നോക്കി.
മകൻ ഗേറ്റ് കടന്നുപോകുന്നത് നോക്കി നിറമിഴികളോടെ മാധവൻ ജനലരികിൽ നിന്നു.

**********************
"അമ്മേ ദേ അച്ഛൻ വന്നു "
അകത്തേക്ക് കയറിയതും അപ്പു സോഫയിൽ നിന്ന് എഴുനേറ്റുവന്ന് ജിത്തുനെ ചുറ്റിപിടിച്ചു
"ഇതെന്താ ഇന്ന് നേരത്തെ പൊന്നോ "
ദിവ്യ അവന്റെ ബാഗ് വാങ്ങി
"ഉം ഉച്ചകഴിഞ്ഞ് ഓഫ്‌ ആരുന്നു "
"എന്തുപറ്റി മുഖം വല്ലാണ്ടിരിക്കുന്നേ "
"ഒന്നുമില്ല "
പറഞ്ഞിട്ട് സോഫയിലേക്ക് കിടന്നു. അപ്പു അവന്റെ നെഞ്ചിലേക്ക് കയറി കിടന്നു
"അപ്പു താഴെയിറങ്ങ് അച്ഛന് വയ്യാ "
ദിവ്യ അവനെ പിടിച്ചിറക്കാൻ നോക്കി. അവൻ ഒന്നുകൂടി അച്ഛനെ കെട്ടിപിടിച്ചു
"അവൻ കിടന്നോട്ടെടി എന്റെ ചക്കരകുട്ടൻ അല്ലേ "
ജിത്തു അപ്പുന്റെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു
"മം.. ഇപ്പൊ അച്ഛൻ നോക്കുന്നപോലെ വലുതായി കഴിയുമ്പോൾ ഞങ്ങളെയും നോക്കിയാൽ മതി "
ദിവ്യ ചിരിയോടെ പറഞ്ഞു.
അപ്പു ജിത്തുന്റെയും ദിവ്യയുടെയും മുഖത്തേക്ക് നോക്കി
"ഇല്ലല്ലോ.... മോൻ വലുതായി കഴിയുമ്പോൾ മുത്തച്ഛനെ പുതിയ വീട്ടിൽ കൊണ്ടാക്കിയപോലെ അച്ഛനെയും കൊണ്ടാക്കും ".
അതും പറഞ്ഞ്
അപ്പു ജിത്തുന്റെ നെഞ്ചിൽനിന്നിറങ്ങി ചിരിച്ചോണ്ട് മുറിയിലെക്ക് ഓടി
ജിത്തുവും ദിവ്യയും പരസ്പരം നോക്കി. അഞ്ചുവയസ് ആയതേയുള്ളൂ അവന്...
എന്നും തന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്നവൻ ആണ്
ഞാൻ വരുന്നത് വരെ തന്നെ നോക്കി ഇരിക്കും
എവിടെപോയാലും തന്റെ കൈയിൽനിന്ന് പിടി വിടില്ല.
അവന്റെ എല്ലാ ആഗ്രഹങ്ങളും എനിക്ക് കഴിയുന്നപോലെ ചെയ്തുകൊടുക്കും.
ഇല്ലെങ്കിൽ എന്റെ ഉറക്കമാണ് നഷ്ടപെടുന്നത്
അവന്റെ നാവിൽ നിന്നാണ് ഇപ്പൊ ഇതു വീണത്..
അവനെ തെറ്റുപറയാൻ കഴിയില്ല..
കാരണം വഴികാട്ടിയായത് ഞങ്ങൾ തന്നെയാണ്
അച്ഛൻ എപ്പോഴും പറയും ഞാനും ചെറുപ്പത്തിൽ അപ്പുന്റെ അതേ സ്വഭാവമാരുന്നുന്ന്...തന്നെ ഇത്രേം സ്നേഹിച്ച അച്ഛനെ വൃദ്ധസദനത്തിലാക്കാൻ തനിക്ക് ഒരു മടിയും തോന്നിയില്ല എങ്കിൽ തന്റെ മകന് അങ്ങനെ തോന്നിയില്ലെങ്കിലെ ഉള്ളു...
അച്ഛനോട് കൊണ്ടാക്കുന്ന കാര്യം പറയുമ്പോൾ മറുത്ത് ഒന്നും പറഞ്ഞില്ല മൗനം ആരുന്നു മറുപടി
ആ മൗനത്തിന്റെ അർത്ഥം ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ട് അടർന്നുവീണ ഓരോ കണ്ണീർതുള്ളിയും അതിന്റെ ആഴം കാട്ടിതരുന്നുണ്ട്

Beema

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot