നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവളുമൊരു പെണ്ണ്


ആദ്യ രാത്രിയിൽ തന്നെയാണ് അവൾ പറഞ്ഞത്
ഇഷ്ടമില്ലാഞ്ഞിട്ടും വിവാഹത്തിന് സമ്മതിച്ചത്
വീട്ടുകാരെ പേടിച്ചിട്ടാണെന്ന്..
അതു കേട്ടതും എന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളുമെല്ലാം ഒരു നിമിഷം കൊണ്ടങ്ങ് ആവിയായി..
പിന്നെയവൾ പറഞ്ഞതൊന്നും എന്റെ ചെവിയിലേക്ക് കയറിയില്ല..
അന്നു രാത്രിയാണെനിക്ക് ഉറക്കം വരാഞ്ഞത്..
പുലർച്ചെ ഞാൻ പതിവിലും നേരത്തെ എണീറ്റത്..
ഒന്നും അമ്മ അറിയാതിരിക്കാനാണ് ഞാൻ രാവിലെ അവളോടൊപ്പം അമ്പലത്തിൽ പോയത്..
ഊണ് കഴിക്കുമ്പോൾ അവളെയും വിളിച്ചൊപ്പം ഇരുത്തിയത്..
വീട്ടിലിരിക്കുമ്പോൾ പൊരുത്തക്കേട് അമ്മ അറിയുമെന്ന് കരുതിയാണ്
രണ്ടീസം കഴിഞ്ഞ് കട തുറന്നാൽ പോരെ എന്ന് പറഞ്ഞ അമ്മയുടെ വാക്കുകൾ കേൾക്കാതെ
കടയിലേക്ക് വേണ്ട സാധനങ്ങളെടുക്കാൻ ഞാൻ ടൗണിലേക്ക് പോയത്..
കടയിലിരിക്കുമ്പോഴും എന്റെ ചിന്തകൾ എന്നെ ഇഷ്ടപ്പെടാതെ വന്നവളെ ഓർത്തായിരുന്നു..
അവൾക്ക് വേണ്ടി കാത്തിരുന്ന സന്തോഷമെല്ലാം എന്നിലുരുകിപോയത് കൊണ്ട് കടയിൽ വന്നവരുടെ കളി ചിരികളൊന്നും ഞാൻ കേട്ടില്ല..
പെണ്ണു കാണാൻ ചെന്നപ്പോൾ അവൾ അണിഞ്ഞൊരുങ്ങാതെ നിന്നതിന്റെ പൊരുളെല്ലാം ഇപ്പോഴാണ് മനസ്സിലായത്..
കെട്ടു കാണാൻ വന്ന അവളുടെ കൂട്ടുകാരികളെല്ലാം കുശു കുശുക്കിയതെന്താണെന്ന് ഇന്നാണ് മനസ്സിലായത്..
കെട്ടു നടക്കുമ്പോൾ പലരുടെയും മാറി നിന്നുള്ള സംസാരം ഇന്നാണ് എന്റെ ചിന്തയിലേറിയത്..
ഒരു പാട് മോഹങ്ങളൊന്നുമില്ലേലും താലി കെട്ടിയ നിമിഷം മുതൽ ഒരു മോഹം അവളോടൊപ്പം കഴിയാനായിരുന്നു..
മുറിയിലെ മുല്ലപ്പൂക്കളെല്ലാം വാടി കൊഴിഞ്ഞു വീണു കൂടെ എന്റെ മോഹങ്ങളും കൊഴിഞ്ഞു..
എന്നാലും ഇനി താലിയറുത്ത് മാറ്റുക ഹൃദയം പിളർത്തുന്ന പോലെയാണ്..
എനിക്കറിയാം അവളെ പേടിപ്പിച്ചു കൂടെ നിർത്തേണ്ടതല്ലെന്ന്..
അവളെ സ്നേഹിച്ച് കൂടെ കൂട്ടേണ്ടതാണെന്ന്..
ദിവസങ്ങൾ മാറുമ്പോൾ അവൾ അകന്നു മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..
എന്റെ വാക്കുകൾക്ക് മുമ്പിൽ അവൾ മൗനം കാണിച്ച് നിന്നിരുന്നത് ഞാൻ കണ്ടിരുന്നു..
തലകീഴായ രാത്രികൾ എന്നെ ഉറക്കാതെയായി..
ഞാൻ മനസ്സു വിട്ടവളെ പ്രാകി തുടങ്ങി
ഞാനും വിട്ടു കൊടുക്കാതെയായി..
മാസമൊന്ന് കഴിഞ്ഞപ്പോൾ ഞാനവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി പടിയിറങ്ങിയത് വലിയ സങ്കടത്തോടെയായിരുന്നു..
എന്തെന്നും ഏതെന്നും ചോദിക്കാതെ അവളുടെ അച്ഛൻ മാറി നിന്നത് കണ്ടപ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു അവളുടെ അച്ഛന് കാര്യങ്ങളെല്ലാം മനസ്സിലായെന്ന് ..
ദിവസം രണ്ടു കഴിഞ്ഞപ്പോൾ അമ്മ അവൾ വരാത്തതിന്റെ കാരണം തിരക്കി തുടങ്ങി..
ഓരോരോ കള്ളം പറഞ്ഞു ഞാൻ പിടിച്ചു നിന്നു..
വീട്ടിലിരിക്കുമ്പോൾ തോന്നി ഞാനവൾക്ക് ചേര്‍ന്നവനായിരുന്നില്ല എന്ന്..
എന്നെപ്പോലെ ഒരാളെയാവില്ല അവൾ കനവുകളിൽ കണ്ടു വെച്ചതെന്ന്..
പക്ഷേ അവൾക്കറിയില്ലല്ലോ ഞാനവൾക്ക് വേണ്ടി മാറ്റി വെച്ച സ്നേഹമെന്തെന്ന്..
എന്റെ ജീവിതം തന്നെ ഞാനവൾക്ക് തീറെഴുതിയതൊന്നും അവൾ അറിഞ്ഞു കാണില്ല..
ഒരു ദിവസം അവളുടെ വീട്ടിൽ നിന്ന് വിളി വന്നത് അവൾ ഹോസ്പിറ്റലിലാണെന്ന വാർത്തയായാണ്..
പേടിക്കാനൊന്നുമില്ല എന്നവർ പറഞ്ഞെങ്കിലും..
അവളോടുള്ള ദേഷ്യത്തിനിടയിലും എന്റെ ഉള്ളിൽ അവൾക്കെന്തു പറ്റിയെന്നറിയാതെ ഒരു പിടച്ചിൽ പടർന്നു..
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി..
പിന്നെ വീട്ടിൽ നിന്നില്ല വേഗം അവൾ കിടക്കുന്ന ഹോസ്പിറ്റലിലേക്ക് തിരിച്ചു..
അവിടെ എത്തിയപ്പോൾ ആരിലേക്കും എന്റെ ശ്രദ്ധ പോയില്ല
വേഗം അവൾ കിടക്കുന്നിടത്തേക്കോടി..
അവിടെ വെച്ചാണ് ഞാനറിഞ്ഞത് അവൾക്ക് കെട്ടിനു മുമ്പേ അസുഖമുള്ള കാര്യം..
ഹൃദയ വാൾ വിന് അസുഖമുള്ളവൾ എനിക്കൊരു ഭാരമാകുമോ എന്നൊരു ചിന്ത അവളിലൂടെ ഞാൻ അന്നേരമറിഞ്ഞിരുന്നു..
ഒന്നും മറച്ചു വെച്ചൊരു വിവാഹം വേണ്ടെന്നവൾ ശഠിച്ചിരുന്നു..
അതു മറച്ചു വെച്ചൊരു കല്യാണം വേണ്ടെന്നവൾ പറഞ്ഞപ്പോളാണ് വീട്ടുകാരവളെ പേടിപ്പിച്ചതും അവളെ കല്യാണത്തിന് സമ്മതിപ്പിച്ചതും..
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്കവളോട് ദേഷ്യപ്പെടാനായില്ല..
അവളോടെനിക്ക് മുഖം തിരിക്കാനെനിക്കായില്ല..
അവളുടെ നിറഞ്ഞ മിഴികൾ ഞാൻ തുടച്ചു കൊടുക്കുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു..
കാരണം ആദ്യമായാണ് ഞാനവളെ സ്പർശിച്ചത്..
ആദ്യമായി ഞാനവളെ ചേർത്തു പിടിക്കുമ്പോൾ അവൾ വിതുമ്പിയിരുന്നു..
ആ നിമിഷമാണ് അവളെ കുറിച്ച് തെറ്റി വായിച്ചതെല്ലാം മനസ്സ് നീറ്റി ഞാൻ കഴുകി കളഞ്ഞത്..
എല്ലാം ഭേദമാകും കൂടെ ഞാനുണ്ട് എന്ന് ഞാനവളോട് പറയുമ്പോൾ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..
ആദ്യരാത്രിയിൽ മുഖം തിരിച്ചു പിടിച്ച അവളെയായിരുന്നില്ല പിന്നെ ഞാനെന്റെ വീട്ടിൽ കണ്ടത്..
എന്നെ കാത്തിരിക്കുന്നവളെയാണ് പിന്നെ ഞാൻ കണ്ടത്..
അതു വരെ ചിരിക്കാത്ത അവളെയല്ല ഞാൻ പിന്നെ കണ്ടു തുടങ്ങിയത്..
ഒരു പുഞ്ചിരിയോടെ എന്നെ എതിരേൽക്കുന്നവളെയാണ് ഞാൻ കണ്ടു തുടങ്ങിയത്..
അവളും ഒരു പെണ്ണായിരുന്നു ജീവിക്കാൻ കൊതിയുള്ള പെണ്ണ്.
ഒരിക്കലുമവൾ എനിക്കൊരു ഭാരമായി തോന്നുകയില്ല...
കാരണം ചിലതൊക്കെ ദൈവഹിതമാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു..
ഞാൻ അവളുടെ നിറുകയിൽ തലോടുമ്പോൾ..
ഞങ്ങൾ പരസ്പരം ഹൃദയ കവാടം തുറക്കുമ്പോൾ..
താലിയിൽ ഉരുവിട്ട ജപ മന്ത്രങ്ങളത്രയും ഞങ്ങൾക്ക് തുണയായി ചുറ്റിലും നിന്നിരുന്നു..
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot