നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചുംബനം:-


പാർവ്വതിയമ്മയെ ഞാൻ അമ്മേയെന്നാണ് വിളിച്ചിരുന്നത്. അവരുടെ മക്കൾ വിളിക്കുന്നത് കേട്ട് പഠിച്ചതാവാം. എനിക്കോർമയുള്ളപ്പോൾ മുതൽ അമ്മേയെന്നാണ് വിളിച്ചിരുന്നത്. എനിക്കന്ന് പത്തോ പന്ത്രണ്ടോ വയസ്സു മാത്രം. അവർക്ക് നാലാൺമക്കളായിരുന്നു. അതിൽ ഇളയ ആൾക്ക് എന്റെ ഇരട്ടി പ്രായം വരും.
മക്കളെയെല്ലാം പാർവ്വതിയമ്മ ലാളിച്ചാണ് വളർത്തിയത്. അക്കാലത്ത് ടെലിവിഷൻ അപൂർവ്വം വീടുകളിലേയുള്ളൂ. മക്കൾക്ക് TV വാങ്ങാൻ ആഗ്രഹം. മക്കളുടെ ആഗ്രഹ സാഫല്യത്തിനായി പാർവ്വതിയമ്മ ഭർത്താവിനെ നിർബന്ധിച്ച് സമ്മതം വാങ്ങി. പറമ്പിലുണ്ടായിരുന്ന മൂന്നു വലിയ മരങ്ങൾ വിറ്റ് കളർTV വാങ്ങാനുള്ള പണം കണ്ടെത്തി.
ആ കളർ TV വന്നതോടെ ആ വീട് ആഘോഷത്തിമിർപ്പിന്റെ കേന്ദ്രമായി. TV കാണാൻ ഒരുപാട് പേരെത്തും.
പിന്നെയുള്ള ആകർഷണം ജനപ്രിയ വാരികകളായിരുന്നു. പാർവ്വതിയമ്മ വരുത്തുന്ന ആ പൈങ്കിളി പ്രസിദ്ധീകരണങ്ങളുടെ വായനക്കാരായി അവരുടെ മക്കളും ,ഞങ്ങൾ പുറമേ നിന്നുള്ള കുറേ പേരും ഉണ്ടായിരിന്നു.
അങ്ങനെ വർഷങ്ങൾ കടന്നു പോയി. അവരുടെ മക്കളെല്ലാം വലിയ ഉദ്യോഗങ്ങളിലെത്തി പലവഴിക്കു പിരിഞ്ഞുപോയി.
ഭർത്താവ് മരിച്ചു. പാർവ്വതിയമ്മ ഒറ്റക്കായി. കൂട്ടിന് മക്കൾ ഏർപ്പെടുത്തിയ ഒരു ഹോം നഴ്സ് മാത്രം.
അങ്ങനെയിരിക്കെ ഒരു ദിവസം അവർ ശരീരം തളർന്നു കിടപ്പിലായി. കൂട്ടിന് ഹോം നഴ്സ് മാത്രം.
മക്കളാരെങ്കിലും വല്ലപ്പോഴുമൊന്ന് വന്ന് സന്ദർശിച്ചിട്ടു പോകും.
ഒരു ദിവസം ഞാനവിടെയെത്തി. പാർവ്വതിയമ്മയുടെ കിടക്കക്കരികിൽ ഇരിക്കുമ്പോൾ ഭൂതകാലസ്മരണകൾ എന്റെ മനസ്സിലേക്ക് ഇരച്ചുകയറി. ആളും ബഹളവുമായി സജീവമായിരുന്ന ആ വീട്ടിൽ ശ്മശാന മൂകത !
കട്ടിലിൽ മലർന്നു കിടക്കുന്ന പാർവ്വതിയമ്മയുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോൾ അവർ പണ്ടു തന്ന വാത്സല്യം ഓർമ വന്നു. മാതൃസ്നേഹം കലർത്തിയ ഇഡ്ഡലിയും ചമ്മന്തിയും, പിന്നെ പറമ്പിലെ മൂവാണ്ടൻ മാങ്ങകൾ പൂളിയത്, പപ്പായപ്പഴം പൂളിയത്... അങ്ങനെ ഒരുപാട് രുചി ഭേദങ്ങൾ ഞാൻ ഓർത്തു.
കുറേനേരം അവരെന്നെ തന്നെ നോക്കി . പെട്ടെന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു. കൺകോണിൽ നിന്ന് കണ്ണുനീർ മെല്ലെ താഴേക്കൊഴുകി. എന്റെ ഹൃദയമൊന്നു പിടഞ്ഞു.
ആശ്വാസവാക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു.
ഞാൻ കരച്ചിലടക്കാൻ പാടുപെട്ടു.
എന്റെ കൈകൾ മെല്ലെ അവരുടെ നെറ്റിത്തടത്തിൽ വച്ചു തലോടി.
ദുഃഖം തളം കെട്ടിയ ഏതാനും നിമിഷിങ്ങൾ അങ്ങനെ കടന്നു പോയി.
അപ്പോൾ പാർവ്വതിയമ്മ പെട്ടെന്ന് ചോദിച്ചു: "ഒരുമ്മ തരോ മോനെ...? "
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞാനൊന്നു സ്തംഭിച്ചു. പിന്നെ തലകുനിച്ച് ചുളിവ് വീണ കവിളിൽ ചുംബിച്ചു. അപ്പോൾ അതിശക്തമായ ഒരു വിറയൽ അവരുടെ ശരീരത്തിലൂടെ കടന്നു പോയി!.
ഞാൻ വീണ്ടും ചുംബിച്ചു. വീണ്ടും ശക്തമായ വിറയൽ !
എനിക്ക് ഭയം തോന്നി. പക്ഷേ ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി: "ഒരുമ്മ തരോ മോനേ..?"
ഞാൻ അവർക്ക് തൃപ്തിവന്നു എന്നു തോന്നും വരെ കവിളിലും നെറ്റിയിലും ചുംബിച്ചു കൊണ്ടിരുന്നു.
ഓരോ വട്ടം ചുംബിക്കുമ്പോഴും അവരുടെ ശരീരം വിറച്ചു. മെല്ലെ മെല്ലെ ആ വിറയൽ ഇല്ലാതായി.
മനസ്സിൽ ഒരായിരം ചിന്തകളുമായി ഞാൻ തിരികെ പോന്നു. ടെലിവിഷൻ കാഴ്ചകളും പൈങ്കിളി പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പന്നമായിരുന്ന ആ വീട്ടിൽ മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരമ്മ!.
ഒരുപാട് ചിന്തകൾ എന്നെ അലട്ടികൊണ്ടിരുന്നു.
പിറ്റേ ദിവസം ആ ഹോം നഴ്സ് എന്നെ ഫോണിൽ വിളിച്ചു. ഒരത്ഭുതം സംഭവിച്ചു എന്നും പാർവ്വതിയമ്മ കട്ടിലിൽ മെല്ലെ എഴുന്നേറ്റിരുന്നു എന്നും എന്നെ അറിയിച്ചു.
എനിക്കാശ്വാസം തോന്നി.
അത് ചുബനത്തിന്റെ ശക്തിയാണ് എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
ആ ചോദ്യം എന്റെ ചെവിയിൽ വീണ്ടും മുഴങ്ങി: "ഒരുമ്മ തരോ മോനേ.... "

Kadarsha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot