നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#അമ്മയാണേ സത്യം


--- ---
അനിതയെന്തായിനിയും വിളിക്കാത്തത്?
അവളുടെയമ്മയെ ഡോക്ടറെക്കാണിക്കണമെന്നും പറഞ്ഞ് രാവിലെ പോയതാണ്.....
സമയം സന്ധ്യയായി....
മഴയുടെ ലക്ഷണമുണ്ട്...മാനത്ത് കാറും കോളുമുണ്ട്...
ഇടവഴിയിലേക്ക് കയറി വീട്ടിലേക്ക് നടന്നു....
വഴിവിളക്ക് കത്തുന്നില്ലല്ലോ?
വഴിയിലാകെ ഇരുട്ട്....
മഴയെത്തുമ്പോഴേക്കും വീടെത്തണം...
കാലുകൾ നിലത്തുറക്കുന്നില്ല...നടത്തത്തിന് വേഗത കുറയുന്നു....
അനിതയെന്താ ഫോൺ വിളിക്കാതിരുന്നത്...ഇന്നിനി വരില്ലായിരിക്കും....
അമ്മവീട്ടിൽ നിൽക്കാമെന്ന് വിചാരിച്ചുകാണും..
എന്തായാലും വിവരമൊന്നറിയിക്കാലോ?
എനിക്കു ദേഷ്യം വന്നു.
ഇനി ഫോൺ ബെല്ലടിക്കുന്നത് വയറ്റിലെ കള്ളിൻ്റെ വീര്യം കൊണ്ട് കേൾക്കാതിരുന്നതാണോ?
ബാറുകളെല്ലാം തുറക്കാൻ പോണ സന്തോഷത്തിൽ സുഹൃത്തുക്കളെല്ലാം ചേർന്ന് ഒന്നു കൂടിയതാണ്....
സർക്കാറിനോടു നന്ദിപൂർവ്വം...ഹഹ.....
കുടിച്ചതൽപ്പം കൂടിപ്പോയോന്നൊരു സംശയം....
വീടെത്തി...കാലുകൾ കുഴയുന്നു...
വീടിൻ്റെ വരാന്തയിലേക്ക് കയറിയങ്ങ് നീണ്ട് നിവർന്ന് കിടന്നു...
അനിതയുണ്ടേലവൾ സമ്മതിക്കില്ല....
"ദേ...നിങ്ങളൊന്ന് വീടിനുള്ളിലേക്ക് കയറിക്കിടക്ക് മനുഷ്യാ...കള്ളും കുടിച്ച്...ഈ പേക്കൂത്തൊക്കെ ആളുകള് കാണും..."
അവൾ ചീറും...
നന്നായി ...അവളില്ലാത്തത് നന്നായി.
****
"കരുണാ..."
"ങേ...ആരാ...ആരാ എന്നെ വിളിച്ചത്..."
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് നോക്കുമ്പോൾ മുറ്റത്തൊരു കറുത്ത രൂപം...
മുഖം വൃക്തമല്ല...കെെയ്യിൽ നീളമുള്ള വടിപോലെ എന്തോ ഒന്ന്...
"ആരാ..."
"ഞാൻ കാലൻ..."
"ങേ...കാലനോ...വെളിച്ചത്തിലേക്കൊന്ന് കേറിനിൽക്കൂ...
ഞാനിതുവരെ കാലനെ കണ്ടിട്ടില്ല..."
പറഞ്ഞത് പക്ഷേ...മൂപ്പർക്ക് ഇഷ്ടമായില്ല തോന്നുന്നു...
മൂപ്പര് നിന്നവിടെന്ന് അനങ്ങിയില്ല...
എന്താ വരവിൻ്റെ ഉദ്ദേശ്യം...
എന്നെക്കൊണ്ടുപോവാൻ വന്നതാണോ?...എന്നാ എനിക്കിപ്പൊ വരാൻ മനസ്സില്ല്യ...
ജീവിതം മടുത്ത് ആത്മഹത്യചെയ്യാൻ വരെ തീരുമാനിച്ച് പുറപ്പെട്ട സമയം ഉണ്ടായിട്ടുണ്ട്.....
പണ്ട്...ജോലീം കൂലീം ഇല്ലാണ്ട് നടന്ന കാലത്ത്....
തൂങ്ങിച്ചാവാൻ മരത്തിൽ കുരുക്കിട്ട ശേഷം ......ശ്വാസംമുട്ടി മരിക്കാൻ പേടിയായതോണ്ടുമാത്രം
മടങ്ങിവന്നവനാ ഞാൻ ....
അപ്പോഴൊന്നും ഇങ്ങേരെ കണ്ടില്ലല്ലോ....
"എന്താ ഉദ്ദേശം...."
ഞാൻ തെല്ലുറക്കെത്തന്നെ ചോദിച്ചു...
"നിലവിളിക്കാതെ...പാതിരാത്രീല്...ഉറങ്ങുന്നവർ സ്വെെര്യമായുറങ്ങട്ടെ..."
കാലൻ മുരണ്ടു.
"എത്ര മാന്യനായ കാലൻ"
ഞാനനൽഭുതപ്പെട്ടു.
"അവിടെ നിന്നെണീറ്റ് വാ..."
കാലൻ കെെനീട്ടി എന്നെ പിടിക്കാനാഞ്ഞു...
"ഹയ്യോ..."
കളികാര്യമായോ....ഞാൻ പേടിച്ചലറി...
"ഞാൻ വരുന്നില്ല കാലാ...ഞാൻ പാവമാ...നിൻ്റെ കൂടെ ഇപ്പൊ...ഈ ചെറുപ്പത്തിൽ വന്നാൽ എൻ്റെ ഭാര്യയും മക്കളും
അനാഥമാകും..."
അതുകേട്ട്
കാലൻ എൻെറയരികിലേക്ക് വന്നു...
എൻ്റെ കരച്ചിൽകേട്ട് പാവത്തിൻ്റെ മനസ്സലിഞ്ഞുകാണും...
"അളിയാ..."
കാലൻ വിളിച്ചു...
"ങേ..." ഞാനൊന്ന് ഞെട്ടി.
"അളിയനോ...ഞാൻ കാലൻ്റെയളിയനോ...ഹഹഹ..ഇതു നല്ല തമാശ..."
അപ്പോഴാണ് കാലൻ്റെ പിന്നിൽ നിന്നും വേറൊരു നിഴൽ കലിപ്പോടെ ചാടി മുന്നിലേക്ക്...
"ചേട്ടാ ...ചേട്ടനൊന്ന് മാറിക്കേ...ഈ പേക്കൂത്ത് ഞാൻ ശര്യാക്കി ത്തരാ.."
"ങേ..." ഞാൻ ശരിക്കും അപ്പോഴൊന്നു കൂടി ഞെട്ടി...
'കാലനും കൂടെ സഹധർമ്മിണീം കൂടീട്ട് എന്നെ ഈ ഭൂമീന്ന് കൂട്ടീട്ടുപോവാൻ വന്നേക്കാണോ...
ദെെവമേ...ഇവര് രണ്ടും കൽപ്പിച്ചാണല്ലോ...
എൻ്റെ മക്കള്...എൻ്റെ അനിത...അവർക്കാരുണ്ട്...'
കാലൻ്റെ കൂടെവന്ന നിഴൽ കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നതും അത് കുടത്തിലാക്കി വരുന്നതും ഞാൻ കണ്ടു...കള്ളിറങ്ങീട്ടില്ലാത്തോണ്ട് എന്താ നടക്കണേന്ന് ദെെവം തമ്പുരാന് മാത്രേ അറിയൂ...
കണ്ണും ഉറയ്ക്കുന്നില്ല്യ...
കണ്ണൊന്ന് തിരുമ്മി ത്തുറക്കുമ്പോഴേക്കും...
തലവഴി നല്ല തണുത്തവെള്ളം ശക്തിയായി പെയ്തിറങ്ങി ...കാലൻ്റെ കൂടെവന്നവളുടെ പണിയാണ്...
"ശ്ശേ..ഇതെന്താ കാട്ടുന്നേ"
ഞാനലറി...
ഇനി കാലൻ കൊണ്ടുപോണേനുമുൻപ് കുളിപ്പിച്ചേ കൊണ്ടുപോവൂന്ന്ണ്ടോ..?ആവോ...ആർക്കറിയാ...!!പുതിയ ഓരോ രീതികൾ ...എനിക്കു ചിരിയ്ക്കാനാണ് തോന്നിയത്....
ആരോ തല തോർത്തിത്തരുന്നുണ്ട്...
ആരാ...!
അയ്യോ...അത്...അത് ...അനിതയല്ലേ...!?
അവളെപ്പൊ വന്നു.....
കണ്ണു നല്ലവണ്ണം തിരുമ്മി ഒന്നുകൂടിനോക്കി...
മുമ്പിൽ...കാലനല്ല.
അളിയൻ...
അനിതയുടെ ചേട്ടൻ...രവി...
"ഇനി കുടിക്കില്ല്യാന്ന് തലയിൽതൊട്ട് കള്ള സത്യോം ചെയ്തിട്ട് നിന്നിളിക്കണ കണ്ടോ രവ്യേട്ടാ...ഇതെത്രാമത്തെ തവണയാ വാക്കു തെറ്റിക്കണേന്നറിയോ?....
അനിത പതിവുപോലെ പാഴ്യാരം പറഞ്ഞ് കരച്ചില് തുടങ്ങി...
"ശ്ശേ!!@### മോശമായല്ലോ..."
ഞാനാകെ ചൂളിപ്പോയി.
"വാ ...അളിയാ...എപ്പൊ വന്നു..."
ചമ്മൽ മറക്കാനായി മുഖം അമർത്തിത്തുടച്ച് രവ്യേട്ടനോട് ലോഹ്യം പറയാൻ എണീക്കാൻ ശ്രമിച്ചെങ്കിലും വീണുപോയി...കാലുറക്കുന്നില്ല...
"ഞാൻ കുറേ നേരമായി വന്നിട്ട്...
നീയൊരുപകാരം ചെയ്യ്...
നീയീ കിടക്കുന്നതേയ്...
അയൽപക്കത്തെ തിണ്ണേലാ...
ഒന്നെന്നെപ്പിടിച്ചോ...വീട്ടിൽപോവാം..."
രവിച്ചേട്ടനെൻ്റെ കെെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു.
ഇടവഴീലേക്കെന്നെ അവർ ഇരു തോളിലും പിടിച്ചിറക്കി , താങ്ങി വീട്ടിലേക്ക് നടത്തിക്കൊണ്ടു പോകുമ്പോൾ ഞാൻ അനിതേടെ ചെവിയിൽ പറഞ്ഞു...
"ടീ...ഇനി മേലിൽ ,സത്യായിട്ടും ഞാൻ കുടിക്കില്ല...നീയാണെ.. സത്യം...മക്കളാണെ...സ.."
പറഞ്ഞു തീർന്നില്ല...
എൻ്റെ ഇടതു കെെത്തണ്ടയിലെ മാംസം മൊത്തം അവളുടെ നീണ്ടവിരലിലെ സുന്ദര നഖങ്ങൾ പിച്ചിയെടുത്തു...
"ഹയ്യോ..." വേദനകൊണ്ടു ഞാനലറി...
"മക്കളുടെ പേരിൽ സത്യം ചെയ്താ കൊന്നുകളയും ...ഞാൻ..."
അവൾ മുരണ്ടു.
ഞാൻ പിന്നെ ആകെ
മൊത്തം സറണ്ടറായി...
വേറെ വഴിയില്ല്യാലോ...
മഴ മെല്ലെ പെയ്തു തുടങ്ങിയിരുന്നു അപ്പോൾ...
-------- --------
ശ്രീജ ജയചന്ദ്രൻ
24.4.18

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot