Slider

വഴിക്കണക്കുകള്‍ കഥ

0

ആദ്യമാദ്യം കണക്ക് ഒരു രസമുള്ള പരിപാടിയായിരുന്നു.പ്രത്യേകിച്ചും വഴിക്കണക്കുകള്‍.
ആളുകള്‍ പശുവിനെ വില്‍ക്കുന്നതും വാങ്ങുന്നതും ലാഭവും നഷ്ടവും എണ്ണുന്നതും ഒരു കഥപോലെ എഴുതാം. ദാ, ഇങ്ങനെ-
ഒരാള്‍ വാങ്ങിയ പശു = 20000
(ഇത് ഒരാള്‍ പോയ ചന്ത =20000 എന്നും എഴുതാറുണ്ട് )
ഒരാള്‍ വിറ്റ പശു =22200
ഒരാള്‍ക്കു കിട്ടിയ ലാഭം = വി വി - വാ.വ = 22200 -20000=2200.
വാങ്ങിയ വില, വിറ്റ വില എന്നൊന്നും എഴുതേണ്ടതില്ല. വാ.വ, വി.വി മതി. കച്ചവടം രൂപക്കണക്കിലാണെന്ന് എല്ലാവര്‍ക്കും അറിയുന്നതുകൊണ്ട് 20000രൂപ എന്ന് എഴുതാറില്ല. വാ.വ, വി വിയെക്കാള്‍ അധികമാണെങ്കില്‍ നഷ്ടം. മറിച്ചാണെങ്കില്‍ ലാഭം. വലിയ സംഖ്യയില്‍ നിന്ന് ചെറിയ സംഖ്യ കുറച്ച് , ഉത്തരത്തിനു താഴെ രണ്ടു വരയിടുക. അഞ്ചു മാര്‍ക്ക് സഞ്ചിയിലായി.
ഒരാള്‍ അമ്പതിനായിരം രൂപ അഞ്ചു മക്കള്‍ക്കായി വീതിക്കുന്നു. ഓരോരുത്തര്‍ക്കും എത്ര വീതം കിട്ടും ? 'വീതം' കണ്ടാല്‍ ഹരിക്കണം.വലിയ സംഖ്യയെ ചെറിയ സംഖ്യകൊണ്ട് ഹരിക്കാം. നാല് ഹരണം രണ്ട് =രണ്ട്, പത്ത് ഹരണം രണ്ട് = അഞ്ച്. ഈരുരണ്ട് നാല്, ഈരഞ്ച് പത്ത്.
ഒരാളുടെ രൂപ = 50000.
ഒരാളുടെ മക്കള്‍ =5.
ഒരാളുടെ വീതം = 50000ഹരണം 5. ഉത്തരം =10000, അടിവര രണ്ട്.
പിന്നെ പിന്നെ ,കണക്കിന്റെ കഥ രസംകൊല്ലിയായി തുടങ്ങി.ഒരു രൂപ രണ്ടുപേര്‍ക്ക് തുല്യമായി വീതിച്ചാല്‍ ഒരാളുടെ വീതം എത്ര ? ഒന്നിനെ രണ്ടുകൊണ്ട് ഹരിക്കണം. ചെറിയതിനെ വലിയതുകൊണ്ടു ഹരിക്കണം. 1÷ 2. പെരുക്കപ്പട്ടിക മുഴുവന്‍ പരതി. രണ്ടിന്റെ പെരുക്കപ്പട്ടികയില്‍ ഒന്ന് എന്ന സംഖ്യയില്ല. സരസ്വതി ടീച്ചര്‍ മന്ത്രം ചൊല്ലുന്നതു പോലെ എന്തൊക്കെയോ പിറുപിറുത്തു. ഒടുവില്‍ ബോര്‍ഡില്‍ 1/2 എന്നെഴുതി രണ്ട് അടിവരയിട്ടു. 1/2 ഉത്തരം. അങ്ങനെയൊന്ന് അന്നോളം ഞാന്‍ കണ്ടിട്ടില്ല. ഒന്ന്, രണ്ട്, ....നിരയില്‍ 1/2 ഇല്ല. എന്താണീ സാധനം ?
സംഗതി പിടികിട്ടിയില്ലെങ്കിലും ഇക്കാര്യത്തില്‍ ഉത്തരം തെറ്റാറില്ല. ഒന്ന് ഹരണം രണ്ട് എന്നതിന്റെ ഉത്തരം 1/2. മൂന്ന് ഹരണം രണ്ട്, 2/3. അഞ്ച് ഹരണം പത്ത് എന്ന 5/10 വെട്ടിച്ചുരുക്കി 1/2 ആക്കുന്ന സര്‍ക്കസ്സും കുറെ ബുദ്ധിമുട്ടുകളോടെയാണെങ്കിലും കൊണ്ടുനടക്കാന്‍ പറ്റിയിരുന്നു.
പക്ഷേ,കണക്കിലെ അടുത്ത പടികള്‍ എത്തും പിടിയില്ലാതെ,കാലുറപ്പിച്ചു വെയ്ക്കാന്‍ വയ്യാത്തവയായിരുന്നു.1/2 എന്നത് 0.5 ആക്കുന്നതും പിന്നെ 50% മാക്കുന്നതും എന്തിന് എന്നത് കണക്കിന്റെ അര്‍ത്ഥമില്ലാത്ത കുസൃതികളായിട്ടു മാത്രമാണ് എനിക്ക് തോന്നിയത്. ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണന്നുതാവണ്ടേ കണക്ക് ? ഒന്ന് ഏറ്റവും കുറഞ്ഞ സംഖ്യ. അതിനു താഴെ ഈ ലോകത്തില്‍ ഒന്നും തിട്ടപ്പെടുത്താനാവില്ല. കണക്കില്‍ നൂറു മാര്‍ക്കുവാങ്ങുന്ന കുട്ടികളേ ഈ ലോകത്തില്‍ എവിടെയെങ്കിലും നിങ്ങള്‍ക്ക് 1/2, 0.5, 50% കാട്ടിത്തരാനാവുമോ ?
അവര്‍ ചിരിച്ചു. മണ്ടന്‍, ഇതിന്റെ പിന്നില്‍ വരുന്നത് ഇതിനെക്കാള്‍ വലിയതാണ്. അതു ശരിയായിരുന്നു.-1, -2, -3ലെത്തിയപ്പോള്‍ കണക്കിലെ മാര്‍ക്കും മെെനസിന്റെ തോതിലായി മാറി. ''നെഗറ്റീവ് മാര്‍ക്ക് ഇല്ലാത്തത് നന്നായി . അല്ലെങ്കില്‍ രാജന് -100 മാര്‍ക്കു കിട്ടും '' കണക്കു മാഷ് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് ശരിക്കു മനസ്സിലായില്ലെങ്കിലും ഈ പഠിപ്പ് ഇനി തുടരാനാവില്ല എന്ന് എനിക്ക് വ്യകതമായി.
വഴിവഴിയായി വഴിക്കണക്കെഴുതി ശീലിച്ച എനിക്ക് കണക്കിന്റെ ഈ വഴിതെറ്റിയ പോക്ക് ഇഷ്ടമായില്ല.
സ്കൂളിനോട് വിട പറഞ്ഞ ഞാന്‍ അച്ഛന്‍ നടത്തിയിരുന്ന ഹോട്ടലില്‍ കാഷിയറായി. കൂട്ടലും കിഴിക്കലും മാത്രമുള്ള ആ കച്ചവടം എനിക്കിഷട്മായി. ഇഡ്ഡലി -10രൂപ,ചായ 2രൂപ .ആകെ 12. ഉപഭോക്താവ് തന്നത് =15, ബാക്കി =15-12=3 .നല്ല വഴിക്ക് പോകുന്ന വഴി കണക്ക്. കണക്കായാല്‍ അങ്ങനെ വേണം. വഴിവഴിയായി പണം എണ്ണുന്ന കണക്ക്.
ഇത്രയും ചെയ്തു ചെയ്താണ് ഞാന്‍ ഇന്നൊരു മുതലാളിയായത്. ദശാംശവും ശതമാനവും മെെനസ് അക്കവും എന്റെ ലോകത്തിലില്ല. രൂപയുടെ കണക്ക് കൂട്ടികൂട്ടി പെരൂകുന്നു. അടിവരയില്ലാതെ.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo