Slider

തോക്കിന്റെ തണലിൽ ഒരു പ്രണയം:

0

വിഷാദത്താൽ കണ്ണുകൾ മെല്ലെയടച്ച് തന്നിലേക്ക് ഉൾവലിയുന്നതുപോലെ സൂര്യൻ പടിഞ്ഞാറസ്തമിക്കുമ്പോൾ, തിരികെ പോകാൻ ഭാവമില്ലാതെ അയാൾ കടൽ തിരകളെ നോക്കി നിന്നു.
ബീച്ചിൽ നിന്നും ആളുകൾ പോയി തുടങ്ങിയിരുന്നു.
താനും അവളും ഒറ്റക്കാകുന്ന നിമിഷത്തിനായി അയാൾ കാത്തിരുന്നു.
അവളും അതു തന്നെ ആഗ്രഹിച്ചു.
എങ്കിലും അവൾ ചോദിച്ചു: "നേരമിരുട്ടി; നമുക്ക് പോയാലോ?"
അയാൾ ചിന്തയിലാണ്ടു.
പിന്നെ പറഞ്ഞു: "ഇന്നു രാത്രി നാമിവിടെ ചിലവഴിക്കും! "
അവൾ മറുപടി പറഞ്ഞില്ല.
അയാളോടൊപ്പം ഇറങ്ങിത്തിരിക്കും മുൻപ് അയാളെ അവൾ വിശ്വസിച്ചു കഴിഞ്ഞിരുന്നു. ജീവനും മാനവും അപകടപ്പെടില്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. എങ്കിലും രാത്രി മുഴുവൻ ഇവിടെ ചിലവഴിക്കുക എന്നോർത്തപ്പോൾ അവളൊന്നു പതറി. അയാളുടെ ഭ്രാന്തൻപദ്ധതി തന്നേപോലെ മറ്റുള്ളവർ ഉൾക്കൊള്ളണമെന്നില്ല.
താനൊരു യുവതിയാണ്. സാമൂഹ്യ വിരുദ്ധർ അക്രമിച്ചേക്കാം. ഒരുകൂട്ടം ആളുകൾ ഈ രാത്രി തന്നെ ആക്രമിച്ച് മാനഭംഗപ്പെടുത്തിയാൽ ഇദ്ദേഹത്തിന് ഒറ്റയ്ക്ക് എന്തു ചെയ്യാൻ സാധിക്കും? തടയാൻ ശ്രമിച്ചാൽ അദ്ദേഹവും കൊല്ലപ്പെട്ടേക്കാം! അവളുടെ ചിന്തകൾ കാടുകയറി.
എന്നാലയാൾ കൂസലില്ലാതെ തിരകളെ നോക്കിയിരിക്കുകയാണ്. മങ്ങിയ വെളിച്ചത്തിൽ തിരകൾ വരക്കുന്ന ചിത്രങ്ങൾ വിചിത്രമായിരുന്നു. അവൾ കടലിനു മുകളിലെ ആകാശത്തേക്കു നോക്കി. കുറച്ചുമുൻപ് ചുവപ്പിനെ കീറിമുറിച്ച് പറന്നകന്ന പക്ഷിക്കൂട്ടങ്ങളെ അവൾ ഓർത്തു.
അവൾ സംസാരിക്കാനായി മുരടനക്കി. അയാളോട് ചേർന്നിരുന്നു. അവളെന്തെങ്കിലും പറയും മുൻപ് അയാൾ ചോദിച്ചു: "നാം വന്നിട്ട് മൂന്നു മണിക്കൂറിലേറെയായി. ഇതിനിടയിൽ ബീച്ചിലെ മനുഷ്യരുടെ ആഘോഷവും പിരിഞ്ഞുപോക്കും നാം കണ്ടു. സൂര്യാസ്തമയം കണ്ടു. നിനക്കെന്തു തോന്നി ?"
അവൾ കുറച്ചുനേരം ചിന്തിച്ചു. മറുപടി പറയുന്നതിനു പകരം, രാത്രി വൈകിയാൽ രാത്രിസഞ്ചാരികളായ സാമൂഹ്യ വിരുദ്ധരുടെ ഉപദ്രവമുണ്ടാകുമോ എന്ന് ചോദിച്ചാലോ എന്നവൾ ചിന്തിച്ചു. പിന്നെ കരുതി, വേണ്ട, തന്റെ അസ്വസ്ഥത അദ്ദേഹത്തിലേക്ക് പകർന്ന് മനസ്സ് കലുഷമാക്കേണ്ടതില്ല. മാത്രമല്ല, ഒരു സ്ത്രീ രാത്രി വിജനമായ ഈ കടൽതീരത്ത് സുരക്ഷിതയാണോയെന്ന് അദ്ദേഹം തന്നേക്കാൾ കൂടുതൽ ചിന്തിച്ചു കാണും; ഉറപ്പ്.
അവൾ പറഞ്ഞു: "എനിക്കെന്തു തോന്നാനാണ്! നല്ലൊരു സായാഹ്നം.... പിന്നെ, ഈ രാത്രി നിങ്ങളോടൊപ്പം... മറക്കാനാകാത്തത്..."
അയാൾ പറഞ്ഞു: "അതെ; അതു തന്നെയാണു ഞാൻ പറയാനാഗ്രഹിച്ചത്. ഇക്കഴിഞ്ഞു പോയ മണിക്കൂറുകൾ മനുഷ്യരും പ്രകൃതിയും സ്വയമനുകരിക്കുകയായിരുന്നു. ഞാനും നീയും സ്വയമനുകരിക്കുകയായിരുന്നു. അനുകരണമല്ലാത്തത് നമ്മുടെയീ കൂടിച്ചേരൽ മാത്രം!."
അവൾക്ക് അയാളുടെ ആ വാക്കുകളിൽ രസം തോന്നി.
ശരിക്കും ഓരോ സൂര്യാസ്തമയങ്ങളും ആവർത്തനമല്ലേ?. അദ്ദേഹം പറഞ്ഞ പോലെ പ്രകൃതിയുടെ സ്വയമനുകരണം. പിന്നെ മനുഷ്യരുടെ അനുകരണം!
അവൾ ചോദിച്ചു: ശരിയാണ്. എല്ലാം ആവർത്തനം., അനുകരണം ; പുതിയതായി എന്താണുള്ളത്?
അയാൾ പറഞ്ഞു: "കാലം. കാലം മാത്രമേ പുതിയതായുളളൂ!."
അവൾക്കത് ബോധിച്ചു. അതെ, കാലം എന്ന സമസ്യ എപ്പോഴും പുതിയതു തന്നെ. ഓരോ നിമിഷങ്ങളും പുതിയത്! കാലമെന്ന അനന്തമായ കംബളത്തിൽ മെനഞ്ഞ, മെനഞ്ഞുകൊണ്ടിരിക്കുന്ന ചിത്രങ്ങളല്ലേ ഈ പ്രകൃതിയും മനുഷ്യരും!
അവൾ ചിന്തയിലാണ്ടു.
ഇരുട്ടിൽ ചിത്രം വരക്കുകയും സംഗീതം പൊഴിക്കുകയും ചെയ്യുന്ന തിരകളെ നോക്കി അവർ ഏറെനേരം നിശ്ശബ്ദമായി ഇരുന്നു.
അപ്പോഴേക്കും ഒരു വാഹനത്തിന്റെ വെളിച്ചം അവരുടെ മേൽ പതിച്ചു. വാഹനത്തിന്റെ ഇരമ്പൽ കേട്ടു. പിന്നീട് വീണ്ടും നിശബ്ദത.
രണ്ടു പോലിസുകാർ അവർക്കു നേരെ ടോർച്ച് തെളിച്ച് വന്നു.
രാത്രി ഇവിടം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന് അവരെ അറിയിച്ച ശേഷം പോലിസുകാർ തിരികെ പോയി.
അവൾ പറഞ്ഞു: "എനിക്ക് ഭയമുണ്ട്., നമുക്ക് പോയാലോ?"
അയാൾ അവളെ ആശ്വസിപ്പിച്ചു. അരയിൽ പാന്റിന്റെ ബെൽറ്റിനിടയിൽ നിന്നും അയാൾ ഒരു റിവോൾവർ പുറത്തെടുത്ത് അവളെ കാണിച്ചു.
എന്നിട്ട് പറഞ്ഞു: "രാത്രി മുഴുവൻ നാമിവിടെയിരുന്ന് തിരകളെ നോക്കി സംസാരിക്കും. കവിത ചൊല്ലും. നക്ഷത്രങ്ങളെ എണ്ണും. നാമെന്ത് ആഗ്രഹിക്കുമോ അതെല്ലാം ചെയ്യും. പ്രകൃതി നമുക്കായി ഒരുക്കിയ ഇരുട്ടിന്റെ പുതപ്പ് ഭേദിച്ച് ആരെങ്കിലും നമ്മെ ഉപദ്രവിച്ചാൽ അവന്റെ മരണം ഈ തോക്കിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്!"
അവൾക്ക് ധൈര്യം തിരികെ വന്നു. അവൾ അയാളെ ചുംബിച്ചു. എന്നിട്ടു പറഞ്ഞു: "അതെ ഈ രാത്രി നമുക്കുള്ളതാണ്. കാലം കരുതിവച്ച വാക്കുകളും ചുംബനങ്ങളും പുലരുംവരെ നാം കൈമാറും. കാരണം; നമുക്കിപ്പോൾ ഒരു തോക്കിന്റെ തണലുണ്ട്! "

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo