കഴിഞ്ഞ വിഷു ദിവസം നടന്ന ഒരു കൊച്ചു സംഭവം പറയാം.. വീട്ടില്‍ വിഷുക്കണിയൊരുക്കി പുലര്‍ച്ചെ നാലരക്ക് തന്നെ മോളെ അവളുടെ കണ്ണുപൊത്തിപിടിച്ച് വിഷുക്കണി കാണിച്ചു കൊടുത്തു. അവള്‍ക്ക് കൈനീട്ടവും കൊടുത്തു. പിന്നെ ശ്രീമതിയെയും അതുപോലെ കണ്ണുപൊത്തി കൊണ്ടുവന്നു പൊന്നു ചിരിയോടു ചിരി... അല്ലേലും അവള്‍ക്കിത്തിരി കുശുമ്പ് കൂടുതലാ.. വീട്ടില്‍ കാരണവന്‍മാര്‍ ആരും ഇല്ലാത്തോണ്ടു ഇതൊക്കെ ഞാന്‍ തന്നെ ചെയ്യേണ്ടേ? അവള്‍ക്കുണ്ടോ ഇതു വല്ലതും അറിയുന്നു...
അങ്ങനെ കണിയൊക്കെ കണ്ട് മധുരവും കഴിച്ചു. നേരം നന്നായി വെളുത്തപ്പോള്‍ അടുത്ത വീട്ടിലെ ഉമ്മ അതുവഴി പോവുകയായിരുന്നു മോള്‍ വേഗം അവരെ നിര്‍ബന്ധിച്ച് കണി കാണിച്ചുകൊടുത്തു ശേഷം അവിടെയുണ്ടായിരുന്ന കുറച്ചു രൂപയെടുത്ത് ആ ഉമ്മക്ക് കൈനീട്ടമായി നല്‍കി. ഉമ്മ അവളെ ചേര്‍ത്തുപിടിച്ചു.. അറിയാതെ എന്‍റെ കണ്ണു നിറഞ്ഞുപോയി...
പിന്നെ ഞങ്ങള്‍ അമ്പലത്തിലൊക്കെ പോയി തിരിച്ചു വന്നപ്പോഴേക്കും ശ്രീമതിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് കൈനീട്ടം തരാന്‍ വീട്ടില്‍ വന്നിരുന്നു. അദ്ദേഹത്തെ കണ്ടതും മോള്‍ ''അപ്പപ്പാ....'' എന്നു പറഞ്ഞ് ഓടിചെന്ന് കെട്ടിപിടിച്ചു.
പിന്നെ നടന്ന കാര്യങ്ങള്‍ ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തി. അപ്പപ്പയോട് ഇരിക്കാന്‍ പറഞ്ഞ് അവള്‍ നേരെ പൂജാമുറിയില്‍ പോയി കണിവച്ച തളികയില്‍ നിന്നും ഒരു വെറ്റിലയെടുത്ത് അമ്പതുരൂപയുടെ ഒരു നോട്ടെടുത്ത് അപ്പപ്പക്കും കൈനീട്ടം നല്‍കി... അദ്ദേഹം അതൊട്ടും പ്രതീക്ഷിച്ചില്ല പൊതുവെ ഗൗരവക്കാരനായ കൊമ്പന്‍ മീശയൊക്കെ ഉള്ള അവളുടെ അപ്പപ്പ കണ്ണുനിറഞ്ഞ് അവളെ കോരിയെടുത്തു. വയസ്സായവര്‍ക്കും ഉണ്ടാവില്ലേ കൈനീട്ടം വാങ്ങാനുള്ള ആഗ്രഹം... ആരും അത് ശ്രദ്ധിക്കാറില്ലെന്നു മാത്രം...
ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ആരും അവളോട് പറഞ്ഞിട്ടില്ല സ്വബുദ്ധിയാലെ ചെയ്തതാണ്...
സങ്കടങ്ങള്‍ വരുമ്പോള്‍ മാത്രമല്ല കണ്ണുനിറയുന്നത് ഇതുപോലെ ചില സ്നേഹക്കാഴ്ചകള്‍ കാണുമ്പോള്‍ കൂടിയാണ് അല്ലേ.....
രസകരം എന്താണെന്നുവെച്ചാല്‍ ഈ എഴുത്ത് ആ കൊമ്പന്‍മീശക്കാരന്‍ വായിക്കുമല്ലോ എന്നോര്‍ക്കുമ്പഴാ. അദ്ദേഹത്തിന്‍റെ കണ്ണു നിറയുമല്ലോ എന്നോര്‍ക്കുമ്പോഴാ....
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ©
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക