
ഭൂമിയിൽ നന്മയുള്ള കുറച്ചു മനുഷ്യരുള്ളതുകൊണ്ടു മാത്രമാണ് അച്ചുതണ്ടിൽ ഭൂമിയിങ്ങനെ ബാലൻസ് ചെയ്തു പോകുന്നത്. അല്ലാത്തപക്ഷം എപ്പോ മൂക്കുകുത്തിയെന്നു ചോദിച്ചാൽമതി...
അന്നദാനത്തോളം മഹത്തായ ദാനം വേറെയൊന്നുമില്ലെന്ന് നമുക്കറിയാം. അതിൽപരമൊരു പുണ്യവും വേറെയില്ലെന്നും. പലരുമത് ലാഭേച്ഛയില്ലാതെ ചെയ്യുന്നതു കാണുമ്പോൾ അവരുടെ കൂട്ടത്തിൽ ചേരാൻ മനസ്സാഗ്രഹിക്കുന്നു. നമ്മളുടെ അശ്രദ്ധമൂലം മറ്റുള്ളവർക്ക് നമ്മളാൽ ചെയ്തു കിട്ടേണ്ട നന്മകൾ കിട്ടാതെ പോകുന്നതൊരു കുറവ് തന്നെയാണ്...
തിരക്കിന്റെ ലോകത്ത് കഴിയുന്ന മനുഷ്യൻ, പോകുമ്പോൾ കൊണ്ടുപോകാൻ കഴിയാത്ത സമ്പത്തിനും, നേട്ടങ്ങൾക്കുംവേണ്ടി ജീവിതത്തിലെ നല്ല നിമിഷങ്ങൾ അവഗണിച്ച് ദിവസങ്ങൾ പിന്നിടുന്നു. കുടുംബത്തുപോലും ഇന്ന് നല്ല ആശയവിനിമയങ്ങൾ നടക്കുന്നില്ല. ഒരു സ്മാർട്ട് ഫോണിൽ ഒതുങ്ങുന്നു ഇന്നു പല ബന്ധങ്ങളും...
ദിനചര്യകൾപോലെയാണിന്ന് എല്ലാവരും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത്. അതിൽ കുറച്ചുപേർക്കുമാത്രം ചില നേട്ടങ്ങൾ കൊയ്യാൻ കഴിയുന്നതൊഴിച്ചാൽ ശരിക്കുമിതൊരു ആശയവിനിമയ മാർഗ്ഗങ്ങളിലൊന്നു മാത്രമാണ്. ഇതില്ലാതായാൽ നമ്മൾ തിരിച്ച് പഴമകളെ കൂട്ടുപിടിച്ചേക്കാം...
അയൽപക്ക ബന്ധങ്ങൾക്കുപോലുമിന്ന് ദൃഡതയില്ലാതായിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കിയിരുന്ന കാലം ഇന്ന് അന്യംനിന്നു പോയിരിക്കുന്നു. പാശ്ചാത്യരെ അനുകരിച്ച് നമ്മളിന്ന് നമ്മളുടെ സംസ്കാരങ്ങളിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നു...
ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് അടുത്ത താമസക്കാരെകുറിച്ചൊന്നുമറിയില്ല. ജീവിതത്തിലിപ്പോൾ ഇഴയടുപ്പങ്ങളില്ല. ഞാനും, എന്റെ ഫോക്കസിനുള്ളിലുള്ളവരുമായി ചുരുങ്ങിയ ജീവിത ബന്ധങ്ങളിൽ മത്സരബുദ്ധിക്കൊരു കുറവുമില്ലതാനും. ഒരാൾക്കൊരു ഉയർച്ചയുണ്ടായി കാണുമ്പോൾ വിളിച്ചൊന്നഭിനന്ദിക്കാനും ഇന്ന് പലരുടെയും വ്യക്തിത്വം അനുവദിക്കുന്നില്ല...
വ്യത്യസ്തമായി ചിന്തിക്കുന്നവരെ വളരെ വിചിത്രമായ മനോഭാവത്തോടെ നോക്കി കാണുന്ന ഒരു സമൂഹം.ആദരവ് കൊടുക്കലും വാങ്ങലും ഇന്നെവിടെയും കാണുന്നില്ല. പഴമക്കാർക്കുപോലും പുതുമക്കാരെ പിടിക്കാത്ത കാലമാണിന്ന്. പഴമകൾ ഓർമ്മയാകാതിരിക്കാൻ ചില എഴുത്തുകാരുടെ രചനകൾ കൊണ്ടു ഒരു പരിധിവരെ സാധിക്കുന്നു...
മലയാളികളെന്നും ഒഴുക്കിന്റെ കൂടെ പോകാനാഗ്രഹിക്കുന്നവരാണ്. ഒഴുക്കിനെതിരെ നീന്തുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതു മാത്രം. എവിടെയും സ്വാർത്ഥത താത്പര്യങ്ങൾ മാത്രം...
വാർത്താ പേജുകളിലൂടെ കണ്ണോടിച്ചാൽ ഏത് വായിക്കണം ഏത് വായിക്കണ്ട എന്ന ചിന്താക്കുഴപ്പമാണിന്ന്. ന്യൂസ് ചാനലുകൾപോലും റേറ്റിംഗിന്റെ പുറകെയാണ്...
ചിലർ ഭരിച്ച് മുടുപ്പിക്കാൻ ശ്രമിക്കുമ്പോൾ, മറ്റു ചിലർ ഭൂമിയിൽ തന്നെയാണ് നരകമെന്ന് മനുഷ്യനെ ബോധിപ്പിക്കാൻ പരിശ്രമിക്കുന്നു. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപ്പെടുന്ന സാധാരണക്കാരന് ഇന്നും കുമ്പിളിൽ തന്നെ കഞ്ഞിക്കോരി കൊടുക്കുന്ന അവസ്ഥയാണിന്ന്...
കാലചക്രവും, ഭരണചക്രവും എന്നും പതിവുപോലെ ഉരുളുകതന്നെ ചെയ്യും പക്ഷേ മനുഷ്യക്കോലങ്ങളെന്നും നോക്കുകുത്തികളായി തന്നെ ഇവിടെ തുടരും....
(എന്റെ കാഴ്ചപ്പാടുകൾ)
............................✒ മനു ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക