..........................................
ആശുപത്രിയിലെ ഐസിയു വിന്റെ മുന്നിൽകേട്ട ആ നിലവിളികൾ അപർണികയുടെയും, അനാമികയുടെയുമായിരുന്നു. അവരിൽ നിന്നും പണ്ടേ അകന്നു നിന്നിരുന്ന ഭാഗ്യം അവർക്കിന്ന് അച്ഛനെയും നഷ്ടപ്പെടുത്തിയിരിക്കുന്നു. ഐസിയു വിനുള്ളിൽ കാർഡിയാക് അറസ്റ്റുവരിച്ച അച്ഛന്റെ നിശ്ചലശരീരം കിടക്കുന്നത് കണ്ടിട്ടാണു ആ രണ്ടു പെൺക്കുട്ടികളും നിലവിളിച്ചു കരഞ്ഞത്. നേരത്തെ തന്നെ അമ്മയെ നഷ്ടപ്പെട്ട അവർക്കിതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു...
ഡോക്ടറുടെ വാക്കുകൾ ഇപ്പോളും അപർണികയുടെ ചുറ്റിലും പ്രതിധ്വനിക്കുകയാണ്.
"ഒരൽപം നേരത്തെ കൊണ്ടുവന്നിരുവെങ്കിൽ നമുക്കൊരുപക്ഷേ അച്ഛനെ രക്ഷപ്പെടുത്താമായിരുന്നു "
അച്ഛനിച്ചിരി നേരത്തെ, വേദന വന്നപ്പോൾ തന്നെ ഒന്നു നിലവിളിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു. മക്കളോടുള്ള അച്ഛന്റെ സ്നേഹക്കൂടുതൽ കൊണ്ടുമാത്രമാണ് അവരിപ്പോൾ അനാഥരായത്...
ഗ്യാസാണെന്നു കരുതി ചങ്കിനു വേദന വന്നപ്പോൾ ഉറക്കമായിരുന്ന മക്കളെ മനപൂർവ്വം വിളിക്കാതിരുന്നതാണ് ആ അച്ഛൻ. ക്ഷീണിച്ചുറങ്ങുന്ന മക്കളെ വെറുതെ ശല്യപ്പെടുത്തണ്ടല്ലോയെന്ന സ്നേഹക്കൂടുതൽ കൊണ്ട്. തീരെ നിവൃത്തിയില്ലാതെ വേദനക്കൊണ്ടു പുളഞ്ഞപ്പോളാണ് മേശപ്പുറത്തിരുന്ന വെള്ളം നിറഞ്ഞ സ്റ്റീൽജഗ്ഗ് ഇടം കൈകൊണ്ടു തറയിലേയ്ക്ക് തട്ടിയിട്ടത്. അതുകേട്ടാണ് മക്കൾ ഓടിവന്നതും രണ്ടുപേരും ചേർന്ന് അച്ഛനെ പോർച്ചിൽ കിടന്നിരുന്ന കാറിൽ കയറ്റിയതും അപർണിക കാർ ഹോസ്പിറ്റലിലേയ്ക്ക് പായിച്ചതും. പോകുന്ന വഴിക്കാണ് അനാമികയുടെ മടിയിൽ കിടന്ന് അച്ഛൻ ഈ കാര്യമൊക്കെ അവരോടു പറഞ്ഞത്...
മോഹൻദാസിന് സെയിൽടാക്സിൽ യുഡി ക്ലർക്കായിട്ട് സ്ഥാനക്കയറ്റം കിട്ടിയപ്പോളാണ് രണ്ടാമത്തെ മകളായ അനാമിക ഉണ്ടാകുന്നത്. ഭാര്യ സ്വർണ്ണലതയുടെ രണ്ടാമത്തേതും സിസ്സേറിയനായിരുന്നു. ഇനിയൊരു ഡെലിവറിയുടെ കാര്യം ചിന്തിക്കണ്ടെന്ന് അന്നുതന്നെ ഡോക്ടർ തീർത്തു പറഞ്ഞു. കാരണം, ഗർഭപാത്രത്തിന് തീരെ കട്ടിയില്ലയെന്നതായിരുന്നു...
അപർണ്ണിക നഴ്സിങ്ങ് പഠനം പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ ബാക്കിയുള്ളപ്പോളാണ് അവരുടെ വീട്ടിലൊരു അത്ര സന്തോഷകരമല്ലാത്ത ഒരു സംഗതി നടന്നത്. ലതാമ്മയ്ക്ക് വിശേഷം ആയിരിക്കുന്നു. ഇനി ഒരു പ്രസവം അസാധ്യമെന്ന് ഡോക്ടർ വിധികൽപ്പിച്ചിരിക്കുന്ന അവസരത്തിലാണിത്...
ഒരാൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്ന അവർക്ക് ദൈവം തന്നതിനെ നശിപ്പിക്കാനുള്ള മനസ്സില്ലായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും എന്ന ഡോക്ടറുടെ നിർദ്ദേശത്തിനു മുന്നിൽ പതറാതെ മുന്നോട്ടു പോകാൻ തന്നെ അവരു തീരുമാനിച്ചു. പക്ഷെ വിധിയെ തടയാൻ മനുഷ്യർക്കാവില്ലല്ലോ. ഒരു ദിവസം പെട്ടെന്ന് പ്രഷർകൂടി ശ്വാസംപോലും വിടാൻ കഴിയാത്ത അവസ്ഥയിൽ ഹോസ്പ്പിറ്റലിൽ എത്തിച്ച ലതയേയും കുഞ്ഞിനേയും ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കാനിംങ്ങിൽ നഷ്ടപ്പെട്ടത് ഒരാൺകുഞ്ഞാണെന്ന കാര്യമറിഞ്ഞതും ലതയുടെ മരണവും മോഹന്റെ ശരീരത്തിന്റെ വലതുവശത്തെ പൂർണ്ണമായും തളർത്തിക്കളഞ്ഞു...
ഒരുവശം തളർന്ന് കിടപ്പിലായ മോഹൻ സെയിൽ ടാക്സിൽ നിന്നും VRS എടുത്തു കിട്ടിയക്കാശ് മക്കൾ രണ്ടു പേരുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. അനാമിക പ്ലസ് വണ്ണിന് പഠിക്കുന്നു. രാവിലെ നേരത്തെ എണീറ്റ് വീട്ടിലെ ജോലികളും അച്ഛന്റെ കാര്യങ്ങളുമെല്ലാം ഭംഗിയായി നോക്കിയിട്ടാണ് അപർണിക എന്നും ഹോസ്പിറ്റലിൽ ജോലിക്കു പോയ്ക്കോണ്ടിരുന്നത്. നഴ്സായതുകൊണ്ട് അച്ഛന്റെ എല്ലാ കാര്യങ്ങളും നോക്കാൻ അപർണികയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. മറിച്ച് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരാൺക്കുട്ടിയെപ്പോലെ വീട്ടിലെ എല്ലാകാര്യങ്ങളും നോക്കുന്ന അപർണികയെക്കുറിച്ചോർത്ത് മോഹൻ അഭിമാനംക്കൊണ്ടു...
മോഹൻ കിടപ്പിലായതിനു ശേഷം രാവിലെയെന്നും അപർണികയെ കണികണ്ടാണു ഉണർന്നിരുന്നത്. അതൊരു ഐശ്വര്യമായിട്ടാണ് മോഹൻ കണ്ടിരുന്നത്. മകനു തുല്യമായിരുന്നു അയാൾക്ക് അപർണിക. ഉറക്കമുണർന്നാലും കണ്ണുകൾ തുറക്കാതെ അപർണികയുടെ ഗുഡ്മോണിംഗ് കേൾക്കാൻ മോഹൻ കാത്തു കിടക്കുമായിരുന്നു. അതിനിടയ്ക്ക് അനാമിക വന്നു ഗുഡ്മോണിംഗ് പറഞ്ഞാൽപോലും ഉറക്കം നടിച്ചു കിടക്കുകയല്ലാതെ കണ്ണു തുറക്കില്ലായിരുന്നു മോഹൻ. അപർണികയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യവുമായിരുന്നത്...
എല്ലാ ഞായറാഴ്ചകളിലും വീൽചെയറിൽ മോഹനനെ ഇരുത്തി ഉന്തിക്കൊണ്ടു വീടിനടുത്തുള്ള പാടത്തിനരികിൽ കാറ്റുകൊള്ളാൻ കൊണ്ടുപോകാറുണ്ടായിരുന്നു അപർണിക. ഈ കാര്യങ്ങളെല്ലാം ഓർത്തപ്പോൾ അപർണികയ്ക്ക് കരച്ചിടലക്കാനായില്ല. തന്റെ അച്ഛൻ ഇനിയൊരിക്കലും തന്നെ കണി കണ്ടുണരില്ല എന്ന സത്യം ഉൾക്കൊള്ളാൻ അവൾക്കായില്ല. അനിയത്തിയെ ചേർത്തു പിടിച്ചു കരഞ്ഞുക്കൊണ്ട് ആശുപത്രി വരാന്തയിൽ തളർന്നിരുന്നവൾ...
അനാഥരും, ആൺതുണയുമില്ലാത്ത ആ രണ്ടു പെൺക്കുട്ടികളും പെൺകുഞ്ഞുങ്ങൾക്കുപോലും സുരക്ഷിതമല്ലാത്ത ഇന്നത്തെ ഈ സമൂഹത്തിലേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ട് ഭീതിയോടെ കണ്ണുകളിറുക്കിയടച്ചു....
..........................
✒ മനു ................................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക