നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇലപൊഴിയാ പൂമരങ്ങൾ .


★-------------------------★
വഴിവിളക്കുകളുടെ അരണ്ട വെട്ടത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ ഏതോ രാജാവിന്റെ ഭീമാകാരന്മാരായാ പടയാളികളെപോലെ തോന്നിച്ചു.ചീവിടുകളുടെ ഇമ്പമില്ലാത്ത ശബ്ദം
കാതുകളിൽ മുള്ളുപോലെ തറച്ചുകൊണ്ടിരുന്നു.
എന്നിൽ അലിയതെപരിഭവത്തോടെ അകലം
പാലിച്ചുകൂടെവന്നുനിഴലുംചൊല്ലുന്നുണ്ടോ 'വെറുക്കപ്പെട്ടവൻ നീ 'എന്ന്. ?
മിന്നാമിനുങ്ങുകൾ കൂട്ടമായി ഇരുട്ടിനോട് പൊരുതിതളരുന്നത് അൽപനേരംനോക്കിനിന്നു.
രാവ് ,മോഹഭംങ്ങളുടെകറുപ്പണിഞ്ഞു തല കുനിച്ചു നിൽക്കുന്നു.താനും രാവും ഒരു പോലെ
യാണെന്നുഓർത്തപ്പോൾ അറിയാതെ ഒരു ചിരി
വിരിഞ്ഞു.താളം പിഴച്ച ജീവിതം മുന്നിൽ തല മുണ്ഡനം ചെയ്തു കണ്ണീരോടെ നിന്നു
'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.'എന്നു കേഴുന്നു.
ജയിലിന്റെ വാതിൽ വെളിച്ചത്തിലേക്ക് തുറന്നു തരുമ്പോൾ വാതിലിന്റെ കാവൽക്കാരൻ മുഖത്തു നോക്കി പറഞ്ഞതു ഓർമ്മ വന്നു.
"ടാ.. പീഡനവീര ഇനി എങ്കിലും നന്നായി ജീവിക്കാൻ നോക്ക്. "
പീഡനവീരൻ ..!എട്ടു വർഷങ്ങളായി കേൾക്കാൻ
തുടങ്ങിയതാണ്. ജയിലിൽ ആദ്യം അതും പറഞ്ഞായിരുന്നു മർദനം.ക്രൂരമായമർദനം. സഹതടവുകർ സ്നേഹം പ്രകടിപ്പിച്ചത് ആണത്തത്തിൻവരിയുടച്ചായിരുന്നു.അവരെയും കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി ക്രൂരമായി ബലാൽസംഗം ചെയ്ത കുറ്റവാളിയെപിന്നെ എന്ത് ചെയ്യും..?
"ഹരിയേട്ടാ.." എന്നു വിളിച്ചു പിന്നാലെ നടന്നിരുന്ന പൂജയുടെ മുഖം ഉള്ളിൽ തെളിഞ്ഞു.തന്നോടുള്ള അവളുടെ പ്രണയം പ്രായത്തിന്റെചാപല്യം ആണെന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ ആവുന്നതും ശ്രമിച്ചു.
നീണ്ടവർഷത്തെപ്രണയം ഒരു നിമിഷം കൊണ്ട് തകർന്നപ്പോൾ നൈരാശ്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറി വരുന്ന തനിക്കു പൂജയുടെ ഈ സ്നേഹം ഒരു തലോടൽ ആയിരുന്നു. എങ്കിലും പുറമെ കാട്ടിയില്ല.
"എനിക്കൊരു വിവാഹം ഉണ്ടെങ്കിൽ അതു ഹരിയേട്ടനുമായി ആയിരിക്കും..അല്ലെങ്കിൽ ഈ ജന്മത്ത് എനിക്കൊരു വിവാഹംഉണ്ടായിരിക്കില്ല.. ഇതു സത്യം. ദേവിയാണസത്യം." മറുകയ്യിൽഅടിച്ച സത്യത്തോടോപ്പം രണ്ടു കരിവളയും ഉടഞ്ഞു മണ്ണിൽ പതിഞ്ഞത് കണ്ട് അന്നേ കാലം ഊറി ചിരിച്ചിരിക്കാം.
സുന്ദരിയായിരുന്നു അവൾ. വിടരാൻ വെമ്പി നിൽക്കുന്ന ഒരു പാരിജാതപൂമൊട്ട്.
മനസ്സിലെ ഇഷ്ട്ടം ഒളിപ്പിച്ചു അവളോട്‌ അകലം പാലിച്ചു.പതിനാല് വയസ്സിന്റെ കണ്ണുകളിൽ താൻഅവൾക്കുഗന്ധർവ്വനായിരുന്നു.സ്വപ്നങ്ങളിൽ അവൾക്കരുകിലെത്തി ചേർത്തു പിടിക്കുന്ന ഗന്ധർവ്വൻ.
ആ അവളെയാണോ താൻ നിഷ്ക്കരുണം ബലാൽസംഗം ചെയ്തത്..?
തെളിവുകൾ ഉണ്ടായിരുന്നു .സംഭവം നേരിട്ടു കണ്ടകണ്ണുകളും,വാ മൊഴിയും, പോരാത്തതിന് തന്റെ കുറ്റസമ്മതവും.ഇരയുടെ മൊഴിപോലും വേണ്ടി വന്നില്ല.
പോലീസുകാർ വിലങ്ങണിയിച്ചു കല്ലെറിയുന്ന
ജനമധ്യത്തിലൂടെ നടക്കവേ തന്റെ കണ്ണുകൾ അമ്മയിൽ ആയിരുന്നു.
കണ്ണീരിൽഅവ്യക്തമായാ രൂപമായിരുന്നെങ്കിലും
ആ മുഖം 'എന്റെ ഹരിയല്ല,അവൻ അങ്ങിനെ ചെയ്യില്ല..' എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.
"ഹരിക്ക് വിസിറ്റർ ഉണ്ടെന്നു "ജയിൽ വാർഡൻ ഇടയ്ക്കു വന്നു പറയുമ്പോൾ.
"വേണ്ട, സാറേ.. എനിക്ക് ആരെയും കാണേണ്ട."
എന്നു പറഞ്ഞു ഒഴിഞ്ഞുകൊണ്ടിരുന്നു.
താൻ പിച്ചവച്ചു വളർന്നവീട് നിലാവിൽ കണ്ടു. വീടിനു മുന്നിലെ ഭിത്തിയിൽ അച്ഛന്റെ ഫോട്ടോ യ്ക്ക് മുന്നിലെകെടാ വിളക്കിന്റെ മങ്ങിയ വെട്ടം കാണാം. പടികൾ കയറുമ്പോൾ മനസ്സ് എന്തിനെന്നറിയാതെ തുടിക്കുന്നത് അറിഞ്ഞു.
വാതിലിൽ പതിയെ തട്ടി.
അല്പം കഴിഞ്ഞു അകത്തു നിന്നും അമ്മയുടെ
ശബ്ദം കേട്ടു.
"ആരാ..?"
വിഭ്രാന്തിയുടെ അഗാധഗർത്തങ്ങളിലേക്കു
വീഴാൻ തുടങ്ങുന്നവന്റെ പിടിവള്ളി പോലെ യായിരുന്നു ആശബ്ദം.
"ഞാനാണ് ..അമ്മേ, ഹരി.."
പതിയെ പറഞ്ഞുവെങ്കിലും. ശബ്ദം ഉയർന്ന പോലെ തോന്നി.
അകത്തു ഞെട്ടലും, കൂടെ ഏങ്ങലുംഉയർന്നത് അറിഞ്ഞു.
നിമിഷങ്ങൾക്കു കനം കൂടി വരുന്നു.
വാതിൽ ഒരു ശബ്ദത്തോടെ തുറന്നു .
അമ്മയുടെ കണ്ണുനീരണിഞ്ഞ മുഖം കണ്ടു.
അമ്മയ്ക്ക് വയസ്സായിരിക്കുന്നതു ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. തലമുടിയിലെ ഒരു ഭാഗം നരകയറിയിരുന്നു. മുഖത്തു ചുളിവുകൾ വീണിട്ടുണ്ട്.
"അമ്മേ.."
പതിയെ വിളിച്ചു. ആ വിളിയിൽ ഒരു കുറ്റവാളിയുടെനോവുകളുടെ ഭാണ്ഡം അഴിഞ്ഞു വീഴുകയായിരുന്നു.മുട്ടുകുത്തി നിന്നു
പൊട്ടിക്കരഞ്ഞു.അമ്മയും കരയുകയായിരുന്നു.
അമ്മയുടെ ഒരു തലോടലിനായി,ആ കര സ്പർശത്തിനായി ഉള്ളംകൊതിച്ചു.
കരഞ്ഞു കൊണ്ട് നിൽക്കുന്ന അമ്മയുടെ കൈകൾ പിടിച്ചു ബലമായി തന്റെ ശിരസ്സിൽ വച്ചു.
പെട്ടെന്ന് ആ കൈകൾ പിൻവലിക്കപ്പെട്ടു.
ഞെട്ടലോടെ തലയുയർത്തി ആ മുഖത്തു നോക്കി..
നിർവികാരമായിരുന്നു ആ മുഖം.
പിന്നെയും നിമിഷങ്ങൾ യുഗങ്ങളായി.
"അമ്മേ, എനിക്ക് വിശക്കുന്നു. അമ്മയുടെ കൈ കൊണ്ടു ഒരു പിടി ചോറ് കഴിച്ചിട്ട് വർഷങ്ങൾ ആയല്ലോ അമ്മേ.."
കണ്ണുകൾ തുടച്ചു കൊണ്ടു ചോദിച്ചു.അതു കേട്ടു വീണ്ടും അമ്മ വിങ്ങിപൊട്ടി.
"അമ്മേ മനു എവിടെ..കണ്ടില്ലല്ലോ ?"
ആകാംക്ഷയോടെ ചോദിച്ചു.
"എല്ലാം, പറയാം. നീ കുളിച്ചിട്ടു വാ.."
ആദ്യമായി അമ്മയുടെ ശബ്‌ദം ഉയർന്നു.
ജീവൻ തിരികെ ലഭിച്ച മാൻകുട്ടിയെ പോലെ മനം ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി.
കിണറ്റുകരയിൽ നിന്നുകൊണ്ടു ആഴങ്ങളിൽ നിന്നും തൊട്ടിയിൽ
വെള്ളം വലിച്ചുയർത്തി ദേഹത്തു ഒഴിച്ചപ്പോൾ.
ഒരുനിമിഷം പഴയ ബാല്യത്തിലേക്കു തിരിച്ചു പോയ പോലെ..
കൈവിട്ടുപോയഎന്തോതിരികെകിട്ടിയപോലെ .പാപക്കറയെല്ലാം കഴുകിതുടച്ചു മനസ്സു ശാന്തമായ അനുഭൂതി..
മേശയുടെ മുകളിൽ മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങൾ ഉണ്ടായിരുന്നു.
ഹാളിൽ താഴെ വിരിച്ചിരുന്ന പുല്ലുപായിൽ ഇരുന്നു.
ഡൈനിങ് ടേബിൾ ഉണ്ടെങ്കിലും താഴേഇരുന്നുകഴിച്ചാലെതൃപ്തിആവുമായിരുന്നുള്ളൂ.
അതായിരുന്നു ശീലവും.
ചോറും,പുളിശേരിയും .എന്നും എനിക്കിഷ്ട്ടമുള്ള വിഭവം ആയിരുന്നു..അനിയൻ മനുവിന് ഇതൊട്ടും ഇഷ്ടവുമല്ല. ഇതിന്റെ പേരിൽ എപ്പോഴുംതല്ലു കൂടുമായിരുന്നു.
"രണ്ടു പിടി വാരി തരുമോ അമ്മേ..?"
ജയിലിൽ പോകും മുന്നേ ഇടയ്ക്കു നല്കാറുള്ള അമ്മയുടെവത്സല്യ ഉരുളയുടെ രുചി ഓർത്തു
യാജിച്ചു.
അമ്മ ഞെട്ടുന്നത് കണ്ടു. പതിയെ ആ കണ്ണുകൾ നിറഞ്ഞൊഴുകി.
അമ്മ അടുത്തു വന്നു ഉരുളയാക്കി വായിൽ വച്ചു തന്നു. ആർത്തിയോടെ കഴിക്കുമ്പോഴും
അമ്മയുടെപഴയവാത്സല്യത്തിന്റെചൂടോ,
സുഗന്ധമോ ആ, ഉരുളകളിൽഇല്ലെന്നു
തിരിച്ചറിഞ്ഞു.
കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിഇറങ്ങി.
അമ്മ യാന്ത്രികമായി ഉരുളകൾ തന്നു കൊണ്ടിരുന്നു. വയറു നിറഞ്ഞു.
"അമ്മേ, കുറച്ചു നേരം അമ്മയുടെ മടിയിൽ ഞാൻ കിടന്നോട്ടെ.."
വീണ്ടും യാചനകേട്ടു അമ്മ ഒന്നു തിരിഞ്ഞു.
ആ മടിയിൽ തലവച്ചു കിടക്കുമ്പോൾ പഴയ ഹരി ആയ പോലെ .
"ഹരി..."
അമ്മയുടെ ഒരു തുള്ളി കണ്ണുനീർ തന്റെ നെറ്റിയിൽ പാതിച്ചു.
"എന്താ ,അമ്മേ..."പണ്ടത്തെ ഹരിയായ്‌ അഭിനയിച്ചു നോക്കി.
"മനുവിനു സർക്കാർ ജോലി കിട്ടി. നീ മാനഭംഗപ്പെടുത്തിയ ആ കുട്ടിക്കൊരു ജീവിതം കൊടുത്തു. അവളുമായി എങ്ങോ കഴിയുക യാണ്.ഏട്ടൻ ചെയ്ത തെറ്റിന് അനുജൻ തന്റെ ജീവിതം കൊടുത്തു പ്രായശ്ചിത്തം ചെയ്തിരിക്കുന്നു..അവൻ അവന്റെ അച്ഛനെ പോലെ തന്നെ.."
ശരീരം തളരുന്ന പോലെ തോന്നി. കണ്ണുകൾ അടഞ്ഞു പോകുന്നു.
"നീ എന്തിനാടാ,അങ്ങിനെ ഒരു മഹാപാപം ചെയ്തത്..? എന്റെ കുട്ടികളെ ഞാൻ അതൊന്നും പഠിപ്പിച്ചില്ലല്ലോ..പിന്നെ എങ്ങിനെ..?
സ്ത്രീകളോട് മാന്യമായി പെരുമാറാൻ ആണല്ലോ ഞാൻ പഠിപ്പിച്ചത്..എന്റെ ദൈവമേ..! എവിടെയാണ് എനിക്ക് പിഴച്ചത്."അമ്മ ഭ്രാന്തിയെപോലെ പിറുത്തു കൊണ്ടിരുന്നു.
"ഈ എട്ടു വർഷം ഞാൻ അനുഭവിച്ച വേദന അതു പറഞ്ഞറിയിക്കാൻ പറ്റില്ല. സമൂഹം നിന്നെ പെറ്റതിനുഎന്റെ മുഖത്തു കാറിതുപ്പിയിരുന്നു.
ദൈവത്തിന്റെ മുന്നിൽ,സമൂഹത്തിന്റെ മുന്നിൽ,
ഞാൻ തെറ്റുകാരിയാണ് ഹരി. അതു എനിക്ക് തിരുത്തണം .അതിനാണ് നിനക്കു തന്ന ചോറിൽ ഞാൻ വിഷം കലർത്തിയത്..മക്കൾ നഷ്ട്ടപ്പെടുന്നവേദനസഹിക്കാം.പക്ഷെ..കുറ്റവാളിയായി തലകുനിച്ചു നിൽക്കുന്നത്‌ മാത്രം ഒരമ്മയും സഹിക്കില്ല.."
അതു കേട്ടു ചിരിക്കാൻ ആണ് തോന്നിയത്.
പൊട്ടി ചിരിച്ചു...
മരണത്തിന്റെ മാലാഖമാർ പറന്നിറങ്ങുന്നത് കണ്ടു.
"അമ്മേ,.. അമ്മ ചെയ്തത് ശരിയാണ്. പക്ഷെ
തെറ്റിപ്പോയല്ലോ അമ്മേ.."
അതു കേട്ടു അമ്മ മുഖത്തേക്ക് നോക്കി.
"അമ്മേ, അന്ന് പൂജയെനശിപ്പിച്ചത് ഞാൻ
അല്ലമ്മേ.. അവൻ ..മനു ആണ്.ഏട്ടത്തി ആവേണ്ടവളെ എന്റെ അനിയൻ നശിപ്പിക്കുക ആയിരുന്നു. ഏട്ടാ രക്ഷിക്കണം എന്നു പറഞ്ഞു കാലിൽവീണുഅന്ന് മനുകരഞ്ഞപ്പോൾ
ഞാൻഎന്ത്ചെയ്യണംആയിരുന്നു..? "
വിശ്വാസം വരാതെ അമ്മ എന്നെതുറിച്ചുനോക്കി.
"വിശ്വാസം ആയില്ലെങ്കിൽ പൂജയോട് ചോദിച്ചു നോക്കു. ഞാൻ പറഞ്ഞിട്ടാ അമ്മേ, അവളും മാറ്റി പറഞ്ഞത് ."
"മോനെ.... ഹരീ..."
അമ്മ അലമുറയിട്ടുകരയുന്നു. അരുതെന്ന്ചൊല്ലുവാൻ കൊതിച്ചു.
പക്ഷെ ആവുന്നില്ല.
തൊണ്ട വരളുന്നു..ദാഹം...! തോണ്ടക്കുഴിയിൽ എന്തോ പുറത്തേക്ക് ചാടി.അമ്മയുടെ കസവുമുണ്ട് ചുവപ്പു നിറമാകുന്നതുകണ്ടു.
കണ്ണുകൾ അടഞ്ഞു പോകും മുന്നേ അവ്യക്തമായി കണ്ടു. പാത്രത്തിൽ ബാക്കിയുള്ള ചോറ് വാരികഴിക്കുന്ന അമ്മയെ..!
ശുഭം.
By✍️
Nizar vh.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot