*********************** *********************
"എനിക്ക് അഞ്ചു പേരുകളുണ്ടല്ലോ ! " ജോമോൾ എന്ന് വിളിക്കപ്പെടുന്ന ജ്യോതി സ്കൂളിലേക്കുള്ള യാത്രയിൽ വളരെ അഭിമാനത്തോടെ ഞങ്ങളോട് പറഞ്ഞു. "പപ്പാ എന്നെ വിളിക്കുന്നത് ജോക്കുട്ടി എന്നാ...ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം പപ്പയ്ക്ക് എന്നോടാണത്രെ. മമ്മി 'ജോ' ന്നു വിളിക്കും പിന്നെ വേദപാഠത്തിന് 'അനിറ്റ'. അത് 'അന്നമ്മ' തന്നെയാ. പക്ഷെ പരിഷ്കരിച്ച പേരാ...പപ്പാ വായിച്ച പുസ്തകത്തിലെ നായികയുടെ പേരാണത്രെ !" ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒറ്റ പേര് മാത്രമുള്ള ഞാൻ ആ മൂന്നാം ക്ലാസുകാരിയെ അസൂയയോടെ നോക്കി.
എന്നെ ആരും പേരല്ലാതെ ഒന്നും വിളിച്ചിരുന്നില്ല. വല്യമ്മച്ചി മാത്രം ചിലനേരത്ത് 'കൊച്ചേ ' എന്ന് വിളിച്ചു. ആ വിളിയോട് ഇന്നും എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. ഈ ബോറൻ പേരല്ലാതെ വേറെ ഏതൊക്കെ നല്ല പേരുകൾ എനിക്കിടാമായിരുന്നു എന്ന് പലതവണ ഞാൻ ആലോചിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഒരു നല്ല വിളിപ്പേരെങ്കിലും ഇടാമായിരുന്നു. സ്കൂളിൽ മിക്കവരുടെയും പേരിനോട് ചേർന്ന് 'മോൾ' എന്നുണ്ട്. എനിക്കാണെങ്കിൽ അതുമില്ല. എന്നെയാരും മോൾ ചേർത്ത് വിളിക്കാറുമില്ല. പിന്നെ ഇടയ്ക്കൊക്കെ മോളേന്നു വിളിക്കുന്നത് പപ്പയാണ്. അത് സ്നേഹക്കൂടുതൽ കൊണ്ടല്ല. ദേഷ്യം വരുമ്പോഴാണ് ആ വിളി. അതിൻ്റെ മുൻപിൽ മറ്റെന്തെങ്കിലുമൊക്കെ പേരാകും ഉണ്ടാവുക. അങ്ങനെയുള്ള എന്നോടാണ് ഇവൾ അഞ്ചു പേരുകളെക്കുറിച്ച് വീമ്പിളക്കുന്നത്. ഞാൻ ചുണ്ടൊന്ന് വക്രിച്ച് കൂടെയുണ്ടായിരുന്ന അനിയനെ നോക്കി. ഇതൊക്കെ അവനും ബാധകമായിരുന്നെങ്കിലും വഴിയരികിൽ നിൽക്കുന്ന കിളിച്ചുണ്ടൻ മാവിലെ ഒരു കുല പച്ചമാങ്ങയിലേയ്ക്ക് ഒരു ഉരുളൻ കല്ല് ഉന്നം പിടിക്കുകയായിരുന്ന അവൻ അതൊന്നും ശ്രദ്ധിച്ചതേയില്ല.
"ഞാൻ വലുതാകുമ്പോൾ I A S കാരി ആകുമല്ലോ!"
മറ്റൊരു ദിവസം അവളതു പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.
" ഈ I A S എന്ന് പറഞ്ഞാൽ എന്താ?"
"കളക്ടർ"
"ഏയ് കളക്ടർ ആകാൻ വഴിയില്ല. കല്ലെക്ടറിന്റെ സ്പെല്ലിങ് 'C' യിലല്ലേ തുടങ്ങുന്നത്?"
"പപ്പാ പറഞ്ഞല്ലോ I A S എന്ന് പറഞ്ഞാൽ കളക്ടർ ആണെന്ന്"
"നിൻ്റെ പപ്പയ്ക്ക് തെറ്റിയതാരിക്കും "
"ഇല്ല, എൻ്റെ പപ്പയ്ക്ക് തെറ്റില്ല, എൻ്റെ പപ്പാ ഇംഗ്ലീഷ് പുസ്തകങ്ങളാ വായിക്കുന്നത്"
"ശരിക്കും ?"
"ഉം ...പപ്പാ എവിടെ പോയാലും എനിക്കും പുസ്തകങ്ങൾ വാങ്ങിച്ചോണ്ട് വരും. നിങ്ങൾ ഗുള്ളിവേഴ്സ് ട്രാവൽസ് വായിച്ചിട്ടുണ്ടോ ? "
"ഇല്ല...ഇംഗ്ലീഷ് ആണോ?"
"അല്ല ...മലയാളത്തിലാ"
"ഞാൻ വീട്ടിൽ വന്നാൽ വായിക്കാൻ തരാമോ? "
"പപ്പയോടു ചോദിക്കാം "
മനോരമയും മംഗളവും സ്ഥിരമായും, ബാലരമയും കുട്ടികളുടെ ദീപികയും ഇടയ്‌ക്കൊക്കെയും, പിന്നെ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും മലയാളം പുസ്തകങ്ങളും, അടുത്ത വീട്ടിൽ നിന്നും കടം വാങ്ങിച്ചു വായിക്കുന്ന മുട്ടത്തു വർക്കിയുടെ പുസ്തകങ്ങളുമൊക്കെയായിരുന്നു എൻ്റെ വായനകളിലുണ്ടായിരുന്നത്. ആ എൻ്റെ മുൻപിലേക്ക് അവൾ തുറന്നിട്ടത് വായനയുടെ വിശാലമായ ലോകം തന്നെയായിരുന്നു.
ഒരു ശനിയാഴ്ച കാപ്പി കുടി കഴിഞ്ഞ് ഞാനും അനിയനും കൂടി അവളുടെ വീട്ടിൽ പോയി. നിറയെ ഓറഞ്ചും സപ്പോട്ടയും മാവും മറ്റു പലതരം പഴവർഗ്ഗങ്ങളും നിറഞ്ഞു നിന്ന പറമ്പിൽ പുതിയ രീതിയിൽ നിർമ്മിച്ച വീട്. ഹാളിലേക്കു കയറിയ ഞാൻ ബുക്‌ഷെല്ഫ് കണ്ടു വാ പൊളിച്ചു നിന്ന് പോയി. ഒരു ലൈബ്രറിയിൽ ഉള്ളത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നു അതിൽ. ആ പുസ്തകങ്ങളെല്ലാം വായിച്ചു തീരുന്നതു വരെ ഞാൻ അവളുടെ വീട്ടിലെ സ്ഥിരം സന്ദർശകയായി. ഞാൻ ഓരോ തവണ പുസ്തകങ്ങളെടുക്കാൻ ചെല്ലുമ്പോഴും അവളുടെ പപ്പാ പുസ്തകങ്ങളെക്കുറിച്ച് എന്നോട് വാചാലനാവുകയും വായനയിലുള്ള അവളുടെ താല്പര്യക്കുറവിനെക്കുറിച്ചു പരിഭവിക്കുകയും ചെയ്തു .
വർഷങ്ങൾ കടന്നു പോയി. അവളും ഞാനുമൊക്കെ വളർന്നു. വായിച്ചതു പലതും മറന്നെങ്കിലും ഗള്ളിവറിൻ്റെ യാത്രകൾ മാത്രം ഞാൻ ഇടയ്ക്കിടെ ഓർത്തു. അതോർത്തപ്പോഴൊക്കെ അവളെയും...
ഒരു ദിവസം ഞാനറിഞ്ഞു അവൾ പതിനെട്ടു തികഞ്ഞതിൻ്റെ പിറ്റേന്ന് ഒരു ഓട്ടോറിക്ഷക്കാരൻ്റെ കൂടെ ഒളിച്ചോടി പോയെന്ന്. എനിക്കതു വിശ്വസിക്കാൻ പോലും പ്രയാസം തോന്നി. കാരണം അത്രയേറെ മകളെ സ്നേഹിച്ച, അവളുടെ ഭാവിയിൽ ശ്രദ്ധ വച്ച മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അവരുടെ സ്നേഹം എന്തേ അവൾ മനസ്സിലാക്കാതെ പോയി?
കുറെ നാളുകൾക്കു ശേഷം നാട്ടിൽ പോയപ്പോൾ ഞാൻ അവൾ താമസിക്കുന്ന വീട്ടിൽ പോയി. അടുക്കളയിൽ നിന്നും പുകയൂതി ചുവന്ന കണ്ണുകളുമായി അവൾ ഇറങ്ങി വന്നു. ഇട്ടിരുന്ന നൈറ്റി കരി പിടിച്ചും നനഞ്ഞുമിരുന്നു. മൂന്നാമത്തെ കുഞ്ഞ് മൂക്കളയൊലിപ്പിച്ചു കൊണ്ട് ഒക്കത്തുണ്ടായിരുന്നു. സുഖമാണോ എന്ന് ഞാൻ ചോദിച്ചില്ല. കാരണം ഞാനങ്ങനെ ചോദിച്ചാൽ അവൾ പൊട്ടിക്കരയുമെന്ന് എനിക്കുറപ്പായിരുന്നു. ആ കണ്ണുകളിലെ നിരാശയുടെ കാർമേഘങ്ങൾ എന്നെ നൊമ്പരപ്പെടുത്തി.
വീട്ടിൽ വന്ന് ഇക്കാര്യം പറഞ്ഞപ്പോൾ അനിയൻ ചിരിച്ചു കൊണ്ട് പറഞ്ഞു
" ഇപ്പോഴല്ലേ I A S ൻ്റെ ഫുൾ ഫോം മനസ്സിലായത്....ഇന്ത്യൻ അടുപ്പൂതൽ സർവീസ്." പക്ഷെ എനിക്ക് ചിരി വന്നില്ല. ഞാൻ അവളുടെ പപ്പയെ ഓർക്കുകയായിരുന്നു. അവൾക്കു വേണ്ടി നട്ടു വളർത്തിയ പേര് പോലുമറിയാത്ത ഒരുപാടു പഴവർഗ്ഗങ്ങൾ നിറഞ്ഞ ആ തൊടിയും പൊടി പിടിച്ചിരിക്കുന്ന ആ ബുക്ക് ഷെൽഫും അതിനടുത്ത് തല കുനിച്ചിരിക്കുന്ന ഒരച്ഛനെയും ഞാൻ ഉൾക്കണ്ണിൽ കണ്ടു. എൻ്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ ഞാൻ വേഗം മുറ്റത്തേക്കിറങ്ങി.
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക