നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബസന്തി


മക്കൾ സ്കൂളിലേക്കും,അദ്ദേഹം ജോലിക്കും പോയശേഷം ഞാൻ അകം മുഴുവൻ അടിച്ചു വാരി വേയ്സ്റ്റ് ബക്കറ്റുമെടുത്ത് പുറത്തിറങ്ങി.
വെയ്സ്റ്റ് കളയുന്ന ചവറ്റുകൂനക്കരികിൽ ഞാൻ മൂന്നാല് പട്ടികളെ കണ്ടു. എനിക്ക് ഉള്ളിലൊരു ഭയം ഉടലെടുത്തു.അറിയാത്ത സ്ഥലമാണ് .ഇവിടെയൊക്കെ പരിചയപെട്ടു വരുന്നേയുള്ളൂ.
ട്രെയിനിൽ കയറുമ്പോളും അമ്മയുടെ വാക്കുകൾ ആയിരുന്നു ചെവിയിൽ
"സൂക്ഷിക്കണേ മോളേ അറിയാത്ത നാടാണ് അവടെ എങ്ങന്യാന്നൊന്നും നമുക്കറിയൂല..അപ്പോ നമ്മള് ശ്രദ്ധിക്ക്യാ.."
ഞാൻ ചുറ്റും നോക്കി. അടുത്തൊന്നും ആരെയും കാണുന്നില്ല.ആകെ അൻപതിനോളമടുത്തു വരുന്ന ആ ക്വാട്ടേർസുകളിൽ മിക്കതും ആൾതാമസമില്ലാത്തതായിരുന്നു.
ആ പട്ടികൾ എന്നെ ആക്രമിച്ചാലോ എന്ന ഭയത്താൽ ഞാൻ പിൻതിരിഞ്ഞു നടക്കവേ കേട്ടു.
"സബ്ജി ലേലോ....ഓ...സബ്ജി"
എൻെറ കാലുകൾ നിശ്ചലമായി.ആ ശബ്ദം അടുത്തടുത്ത് വന്നു എൻ്റെ തൊട്ടടുത്തു വന്നു.
"ബഹൻജീ..സബ്ജി ലേലോ"
അവൾ കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
അവളിൽ നിന്നും വല്ലാത്തൊരു ചൂര് അടിക്കുന്നുണ്ടായിരുന്നു.അത് ആടിൻ്റേയോ,എരുമയുടെയോ,കടുകെണ്ണയുടേയോ,എന്ന് എനിക്ക് വേർതിരിക്കാനായില്ല.
ആ മണം എന്നെ വല്ലാതെ അസ്വസ്തയാക്കി."ആ..പട്ടികൾ ഉപദ്രവിക്കുമോ..."എന്ന് ഞാൻ അവളോട് ഹിന്ദിയിൽ ചോദിച്ചു.
"നഹീ ബഹൻജീ. ..ആയിയേ...'
അവൾ ഉറക്കെ ശബദമുണ്ടാക്കി..എൻെറ മുന്നിൽ നടന്നു.
"ഹോയ്...ചൽ...ഹട്ട്...ഹട്ട് .."അവൾ ആപട്ടികളെ ആട്ടിയകറ്റി.അവ പേടിച്ചു വാലും ചുരുട്ടി പിന്നോക്കം നടന്നു.
ഞാൻ വേഗം വേയ്സ്റ്റ് തട്ടി.ആപട്ടികൾ ഭയന്ന് ഭയന്ന് വന്ന് അതും ചികഞ്ഞ് നോക്കാൻ തുടങ്ങി.
"ആപ് യഹാം നയേ ഹോ"
ഞാൻ തലയാട്ടി.രണ്ടു ദിവസമായതേയുള്ളു വന്നിട്ടെന്ന് അവളോട് പറഞ്ഞു.
അവൾ തന്റെ തലയിലെ പച്ചക്കറി കുട്ട തലയിൽ നിന്നിറക്കി മുറ്റത്ത് വെച്ചു.
അതിൽ ബീൻസ്,തക്കാളി,സവാള,പച്ചമുളക്, മധുര കിഴങ്ങ് തുടങ്ങിയവ ഞാൻ അതിൽ കണ്ടു.ദൂരെ ഫയറിങ്ങ് റേഞ്ചിൽ നിന്നും വെടി പൊട്ടുന്ന ശബ്ദം കേട്ടു.രാജസ്ഥാൻ അതിർത്തി പാക്കിസ്ഥാൻ ആണെന്ന കാരണാത്താൽ ഇത്തരം കച്ചവടക്കാരോട് പഴം,പച്ചക്കറി, പാൽ തുടങ്ങിയവ വാങ്ങരുതെന്ന് .കർശന നിയന്ത്രണം ഉണ്ടായിരുന്നു.
അവളിൽ നിന്ന് വമിക്കുന്ന ഗന്ധം എന്നെ അസ്വസ്ഥയാക്കികൊണ്ടിരുന്നു.എനിക്ക് ഒന്ന് തുപ്പണമെന്ന് തോന്നി .
"എന്താ നിൻ്റെ പേര്"
"ബസന്തി"കറപിടിച്ച പല്ലുകൾ വീണ്ടും വെളിയിൽ കാട്ടി അവൾ ചിരിച്ചു. അതിന് ഒട്ടും മനോഹാരിത ഉണ്ടായിരുന്നില്ല.
"വീട്"
അവൾ ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു കൊണ്ടിരുന്നു. അവളുടെ 'ബോജ്പൂരി"എനിക്ക് അധികം ഒന്നും മനസിലായിലെങ്കിലും അവിടെ ഒരു ഗ്രാമം ഉണ്ടെന്നും,വീട് അവിടെയാണെന്നും മനസിലായി.
ഞാൻ വേഗം അരകിലോ തക്കാളിയും,കുറച്ചു പച്ചമുളകും വാങ്ങിച്ച് കാശ് കൊടുത്ത് അവളെ പറഞ്ഞയച്ചു.
ക്വാട്ടേഴ്സിനകത്ത് കയറിയിട്ടും അളുടെ ആ'മണം'എന്നെ വിട്ട്പോവാത്തപോലെ.എനിക്ക് വേഗം കുളിക്കണമെന്ന് തോന്നി."എന്താ നിനക്കൊരു നാറ്റം"എന്ന് അദ്ദേഹവും"ഛീ അമ്മയെ എന്തോ..ഒരു മണം"എന്ന് മക്കളും പറയുമെന്ന് ഞാൻ ഭയപ്പെട്ടു.
ഇപ്പോൾ എനിക്ക് വേയ്സ്റ്റ് കളയാൻ പോവാൻ ഒട്ടും ഭയം തോന്നുന്നില്ല. ബസന്തി നൽകിയ ധൈര്യം അത്രക്കായിരുന്നു.
പിന്നെയും അഞ്ചു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ ആ ശബ്ദം വീണ്ടും കേട്ടത്"സബ്ജി ലേലോ..."
അടുക്കളയിൽ പാത്രം കഴുകികൊണ്ടിരുന്ന ഞാൻ വേഗം കൈകഴുകി ഒരു തോർത്തിൽ തുടച്ചുകൊണ്ട് പുറത്തേക്ക് നോക്കി. ബസന്തി ഗേറ്റും പിടിച്ചു നിൽക്കുന്നു. ഞാൻ മിണ്ടാതെ അവളെ നോക്കി ജനലരികിൽ നിന്നു. ജനൽ ചില്ലിലൂടെ ബസന്തിക്ക് എന്നെ കാണാനാവില്ലായിരുന്നു.
"ബഹൻജീ...സബ്ജി ലേലോ.."അവൾ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു. കുറെ വിളിച്ച് അവൾ പോവുമെന്ന് ഞാൻ കണക്കുകൂട്ടി.
"ബഹൻജീ....പാനി...പിലാദോ"
അത് കേട്ടതും ഞാൻ ആകെ വിഷമഘട്ടത്തിലായി.ദാഹിച്ച വെള്ളമാണ് ചോദിക്കുന്നത്.ഞാൻ വേഗം ഒരു ജഗ്ഗിൽ വെള്ളമെടുത്ത് കുപ്പിഗ്ളാസുമെടുത്ത് വാതിൽ തുറന്നു.അത്രയും നേരം വാതിൽ തുറക്കാതെ അവളെ അവിടെ നിർത്തിയതിൽ എനിക്ക് ജാള്യം തോന്നി.
അവൾ തലയിലെ കുട്ട മുററത്ത് വെച്ചു. അവളിലെ ആ'മണം'വീണ്ടും വമിക്കാൻ തുടങ്ങി. വെള്ളം ഗ്ളാസിലൊഴിച്ച് ഞാൻ അവൾക്ക് നേരെ നീട്ടി. കറയുള്ള പല്ലുകൾ കാട്ടി അവളത് ചുണ്ടോട് ചേർക്കാതെ തല മുകളിലേക്ക് ഉയർത്തി പിടിച്ചു വെള്ളം വായിലേക്കൊഴിച്ചു.ഞാൻ അവളെ ശ്രദ്ധിച്ചു.
കൈ നിറയെ കുപ്പിവളകളും.പ്ളാസ്റ്റിക്ക് വളകളും,കഴുത്തിൽ ഒരു ഇരുമ്പോ,ചെമ്പോ എന്ന് വേർതിരിച്ചറിയാനാവാത്തഏലസ്സും,മുത്തുമാലയും,കണ്ണാടി കഷണങ്ങൾ തുന്നിപിടിപ്പിച്ച ചെറിയ ബ്ളൗസും,വലിയ പാവാടയും,തലയിൽ ചുവപ്പിൽ ചിത്രപണികളുള്ള ഒരു വലിയ ചുനരി(ഷാൾ).അവൾ നന്നേ മെലിഞ്ഞിട്ടായിരുന്നു.വെളുത്തവൾ ആയിരുന്നിരിക്കണം.കത്തുന്ന വെയിൽ ആയിരിക്കണം അവളെ ഇത്ര മേൽ കരുവാളിച്ചവളാക്കിയത്.എനിക്ക് അവളോട് വല്ലാത്ത സഹതാപം തോന്നി.
"നിൻ്റെ വിവാഹം കഴിഞ്ഞതാണോ"
അവൾ വീണ്ടും കറപിടിച്ച പല്ലുകൾ വെളിയിൽ കാട്ടി ചിരിച്ചു. ആ ചിരിക്കും അൽപം ഭംഗി ഉണ്ടായിരുന്നു എന്ന വസ്തുത ഞാൻ പൊടുന്നനെ തിരിച്ചറിഞ്ഞു.
അവൾ തലയിലെ ഷാൾ നെറ്റിയിൽ നിന്നും നീക്കി പുറകിലേക്ക് വലിച്ചിട്ടു.പാറിപറക്കുന്ന ചെമ്പിച്ച കട്ടികുറഞ്ഞ മുടിയിഴകൾ.അവിടെ സീമന്തരേഖയിൽ ഇളം റോസ് നിറത്തിലുള്ള സിന്ദൂരം വാരിയിട്ടപോലെ.അത്രക്കും ഉണ്ടായിരുന്നു.
"ഭർത്താവ്...?കുട്ടികൾ?"
അവൾ തലകുലുക്കി വലിയ സന്തോഷം മൊന്നും ഇല്ലാത്ത പോലെ.
ഭർത്താവിന് കൃഷിയാണെന്നും,അവർക്ക് എരുമകളും,ആടുകളും ഉണ്ടെന്നും അവൾ പറഞ്ഞു.
"കുട്ടികൾ"
അവളുടെ മുഖം മ്ളാനമായി.തലകുനിച്ചുകൊണ്ട് പറഞ്ഞു. "രണ്ട് പെൺ കുട്ടികൾ"
"ആഹാ..എന്നിട്ടാ...ഇങ്ങനെ സന്തോഷമില്ലാത്തേ"
"എന്ത് സന്തോഷം ബെഹൻ..പെൺ മക്കൾ ഒരിക്കലും സന്തോഷം തരില്ലാ...ബേട്ടാ...ചാഹിയേ...ബേട്ടാ...നഹിതോ"
അവൾ അടിവയറിൽ കൈതലം അമർത്തി.
അവൾ കരയുകയാണെന്ന് എനിക്ക് മനസിലായി.
"എന്തു പറ്റി"നീ...ഗർഭിണിയാണോ"
അവൾ വായപൊത്തി ഏങ്ങലടിച്ചു.
"അതേ ബഹൻ ആറാം തവണ..ആദ്യത്തെ രണ്ടും പെണ്ണായതുകൊണ്ട് നാലാം മാസം അവരെന്നെ കൊണ്ട് പരിശോദിക്കാൻ പോവും..പെണ്ണ് ആണെന്ന് അറിഞ്ഞാൽ'സാസുമാ'...ഒരു മരുന്ന് തരും..ഇത്ത്നാ ദർദ്......"
അവൾക്ക് വാക്കുകൾ മുഴുവനാക്കാനാവാതെ തളർന്നു.
"എത്ര വേദന സഹിച്ചാ ഞാൻ അതിനെ പുറംതള്ളുകാ..എന്നറിയാമോ..ബഹൻ"
എനിക്ക് അടിവയറ്റിൽ വേദനതോന്നി.
"നിങ്ങൾ ചവറ് കളയുന്ന പോലോരു സ്ഥലം ഞങ്ങളുടെ ഗ്രാമത്തിലുണ്ട്...അവരത് അവിടെ കൊണ്ട് പോയി കളയും...എന്നിട്ടതുപൊലെ പട്ടികൾ...."അവൾ ചവറ്റുകൂനക്ക് നേരെ വിരൽ ചൂണ്ടി.
എനിക്ക് തലകറങ്ങുന്ന പൊലെ തോന്നി.ഒരു വിറയൽ കാലിലൂടെ എന്നെ ഒന്നാകെ പൊതിഞ്ഞു.
"ഇപ്പൊ നാലാം മാസമാ...നാളെ അവര് പരിശോദിപ്പിക്കാൻ കൊണ്ടുപോവും...ഇതും ബേട്ടി ഹേ...തോ.."
ഞാൻ പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ചു. അവളിലെ ആ 'ചൂര്'എന്നെ അതിൽ നിന്നും പിൻതിരിപ്പിച്ചില്ല.ഞാനും ഒരമ്മയാണെന്നുള്ള ഒരുൾവിളി മാത്രമായിരുന്നു എന്നിൽ.
അവൾ വേഗം കൈവിടുവിച്ചു..
"നാളെയും ഞാൻ കരയാൻ വിധിക്കപ്പെട്ടവളാണെങ്കിൽ....എന്നെയിനി കാണില്ല ബഹൻ......നിങ്ങളെ ഞാൻ മറക്കില്ല..."
അവൾ കുട്ടയെടുത്ത് തലയിൽ വെച്ചു.പതിയെ നടന്നു നീങ്ങി.
നിസ്സഹായയായി ഞാൻ അവളെ നോക്കി നിന്നു.
"സബ്ജി ലേലോ"
അവളുടെ ശബ്ദം അകന്നകന്ന് പോവുന്നത് ഞാനറിഞ്ഞു.
എനിക്ക് ഒന്ന് പൊട്ടികരയണമെന്ന് തോന്നി.
ലീബബിജു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot