Slider

കഥ വിശപ്പും കാമവും:

0

"നായിന്റെ മോൾ, വിശപ്പെന്താണെന്നറിയാത്തവൾ!" അയാൾ മനസ്സിൽ പറഞ്ഞു. പിന്നെ പറഞ്ഞു: "മാഡം എനിക്ക് വിശക്കുന്നു."
അവൾ പറഞ്ഞു: "സത്യമായിട്ടും ഇവിടൊന്നുമില്ല. ഞാൻ പുറത്തൂന്ന് ഭക്ഷണം കഴിച്ചിട്ടാ വന്നത്!"
അയാൾക്ക് തല ചുറ്റുന്ന പോലെ തോന്നി. വിശപ്പിനു പുറമേ നിരാശ കൂടിയായപ്പോൾ കണ്ണിലിരുട്ട് കയറുന്നപോലെ!
രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ട്. വിശന്ന് മരിച്ചാലും യാചിക്കാൻ വയ്യെന്നുറപ്പിച്ചിരുന്നു.
ഇന്നുച്ചക്ക് ഒരു സുഹൃത്തിനെ സന്ദർശിച്ചു. അവനുമായി സംസാരിച്ച് ഉള്ള ഊർജ്ജം നഷ്ടപ്പെട്ടതല്ലാതെ ഭക്ഷണം കഴിക്കാനുള്ള ക്ഷണം ഉണ്ടായില്ല.
വിശക്കുന്നു, ഭക്ഷണം വാങ്ങിതരുമോ എന്ന് ചോദിക്കാൻ ദുരഭിമാനം അനുവദിച്ചില്ല.
അങ്ങനെ പൈപ്പ് വെള്ളം കുടിച്ച് ചുറ്റിത്തിരിയുമ്പോഴാണ് മാഡം എന്നു താൻ വിളിക്കുന്ന ഈ സ്ത്രീയെ കണ്ടത്.
ഈ സ്ത്രീ പലവട്ടം അവരുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിട്ടുള്ളതാണ്.
ഒരിക്കൽ താൻ ചോദിച്ചു: "ഞാനെന്തിന് മാഡത്തിന്റെ ഫ്ലാറ്റിൽ വരണം?"
കത്തുന്ന കാമം മൂടിവച്ച് അവൾ പറഞ്ഞു: "വെറുതെ... എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാമല്ലോ! താങ്കളുടെ കഥകളെ കുറിച്ചെല്ലാം പലതും ചോദിച്ചറിയണമെന്നുണ്ട്... അതെങ്ങനെ... താങ്കൾ പിടിതരാതെ ഒഴിഞ്ഞു മാറുകയല്ലേ!"
ഇന്ന് അവളുടെ ആ ക്ഷണം സ്വീകരിക്കാൻ അയാൾ നിർബന്ധിതനായി!
കാരണം വിശപ്പ്!
ഇവരെ സന്ദർശിച്ചാൽ എന്തെങ്കിലും വയറുനിറയെ തിന്നാൻ കിട്ടും എന്നു കരുതി. ഇപ്പോൾ പറയുന്നു ഒന്നുമില്ലെന്ന്.
അയാൾ തളർന്ന് ഖിന്നനായി ഇരിപ്പിടത്തിലേക്ക് ചാഞ്ഞു.
അവൾ ചോദിച്ചു: എന്തുപറ്റി?
ആ ചോദ്യം കേട്ടപ്പോൾ അയാൾ രോഷം കൊണ്ട് പുളഞ്ഞു. ഇത്ര വിഡ്ഢിയാണോ ഈ സ്ത്രീ! ഇവിടെ വന്ന ശേഷം വിശക്കുന്നു എന്ന് മൂന്നു വട്ടമെങ്കിലും പറഞ്ഞു കഴിഞ്ഞു!
ഇനി, രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നു പറയണോ? ഒരിറ്റ് ഭക്ഷണത്തിന് ദാരിദ്ര്യം വെളിപ്പെടുത്തണോ?
അതിഥിക്ക് ലഘുവായി ഒരു പലഹാരമെങ്കിലും നൽകി സൽക്കരിക്കേണ്ടതല്ലേ! ഇതെന്തൊരു ഗതികേട് !
അപ്പോഴേക്കും ആ സ്ത്രീ കിടപ്പുമുറിയിൽ പോയി വന്നു. വസ്ത്രം മാറി അർദ്ധനഗ്നയായിരിക്കുന്നു.
അയാൾ ക്ലോക്കിലേക്ക് നോക്കി. പതിനൊന്ന് മണി ! ഈ രാത്രി ഭക്ഷണത്തിന് എവിടെ പോകും!.
അവൾ അരികിലിരുന്ന് അയാളെ നോക്കി. അവളുടെ കണ്ണിലെ തിളക്കുന്ന കാമം കണ്ടപ്പോൾ അയാൾക്ക് കലികയറി.
അതോടെ വിശപ്പ് ഇരട്ടിച്ചു.
അയാൾ പാന്റിന്റെ ബെൽറ്റഴിച്ച് വയറ്റിൽ ഒന്നു കൂടെ മുറുക്കിയിട്ടു. ഔപചാരികതയും അഭിമാനവുമെല്ലാം വലിച്ചെറിഞ്ഞ് അയാൾ പറഞ്ഞു: "എനിക്കു വിശന്നിട്ടു വയ്യ മാഡം! എവിടെ നിന്നെങ്കിലും ഭക്ഷണം കൊണ്ടുവരൂ."
ഇപ്രാവശ്യം അവർ പറഞ്ഞു: ഫ്രിഡ്‌ജിൽ ഒരു മുട്ട കാണും. അതു മതിയോ?
"മുട്ടയോ?പെട്ടെന്നു കൊണ്ടു വരൂ..." അയാൾ ശബ്ദം താഴ്ത്തി അലറി.
അവൾ മുട്ട ബുൾസൈ ആക്കി കൊണ്ടുവന്നു. അയാളത് ഒറ്റ വിഴുങ്ങൽ! പിന്നെ വയറു നിറയെ വെള്ളം കുടിച്ചു.
ആ സ്ത്രീ കാമത്തോടെ അയാളുടെ അരികിലേക്ക് ചേർന്നിരുന്നു. എന്നിട്ട് മെല്ലെ അയാളെ തഴുകി. അയാൾ കൈ തട്ടിമാറ്റി എഴുന്നേറ്റ് പുറത്തിറങ്ങി.
ഒരു മുട്ട കഴിച്ചതോടെ വിശപ്പ് ഇരട്ടിച്ചു. അയാൾ ഫ്ലാറ്റിന്റെ ഇടനാഴിയിലൂടെ പുറത്തേക്ക് നടന്നു.
അയാൾ നിശബ്ദം പറഞ്ഞു കൊണ്ടിരുന്നു: "ദൈവമേ എന്തൊരു വിശപ്പ്!"

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo