നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണ് കാണൽ

'എനിക്ക് കുറച്ച് കൂടി പഠിപ്പുള്ള ആളെ ആണ് ആവശ്യം. ചേട്ടൻ വേറെ ആളെ നോക്കിക്കോളൂ'
'ഓക്കേ,കുഴപ്പല്യ, തുറന്ന് പറഞ്ഞതിൽ സന്തോഷം'
'എന്നോട് വിരോധമൊന്നും തോന്നരുത് ട്ടോ'
'ഏയ്, ഇല്ല. തന്റെ ജീവിതത്തിന്റെ കാര്യമാണ് , തീരുമാനം എടുക്കേണ്ടത് താനാണ്. തുറന്ന് പറയാനുള്ള മടിയുടെ പേരിൽ ജീവിതം നശിപ്പിക്കരുത്. സ്വന്തമായി അഭിപ്രായവും തീരുമാനവും ഉള്ളത് നല്ലതാണ്'
പെണ്ണ് കെട്ടാനുള്ള പ്രായമായി എന്ന് വീട്ടുകാർ പറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അളിയനും പെങ്ങളും എപ്പോഴും നിർബന്ധിക്കും. ശല്യം സഹിക്കാൻ പറ്റാതായപ്പോൾ ആണ് അവരോട്തന്നെ പെണ്ണിനെ തപ്പിപ്പിടിക്കാൻ പറഞ്ഞത്. സാധാരണ ജാതകം നോക്കി പെണ്ണിനെ കിട്ടണമെങ്കിൽ ഒരു കൊല്ലമെങ്കിലും ചായ കുടിച്ച് നടക്കണം, ആ സമയം ഗൾഫിൽ നിൽക്കുകയാണെങ്കിൽ കല്യാണച്ചിലവിനുള്ള പൈസയെങ്കിലും ഉണ്ടാക്കാം. സർവ്വഗുണസമ്പന്നയായ ഒരു സുന്ദരിയെത്തന്നെ കണ്ട് പിടിക്കാൻ ഏൽപ്പിച്ചു. കണ്ടീഷൻ കൂടുംതോറും സമയം നീട്ടിക്കിട്ടുമല്ലോ എന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ. അതെല്ലാം തെറ്റിച്ച് കൊണ്ട് രണ്ട് മാസത്തിനുള്ളിൽ അഞ്ച് പെൺകുട്ടികളെ നോക്കി വച്ചിരിക്കുന്നു.
ഇനിയും ഒഴിഞ്ഞ് മാറൽ നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് വേഗം വിമാനം പിടിച്ച് നാട്ടിലെത്തി. മലയാള മണ്ണിന്റെ ഗന്ധം ആസ്വദിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ വീട്ടുകാരുടെ നിർബന്ധം തുടങ്ങി. അങ്ങനെയാണ് പെണ്ണ് കാണൽ പരിപാടിക്ക് തുടക്കമിട്ടത്.
ദൈവമേ, ഇതും മൂഞ്ചിയോ??
കഴിഞ്ഞ മൂന്നെണ്ണവും ശരിയായില്ല, ഇതിലായിരുന്നു പ്രതീക്ഷ.
പെണ്ണൊക്കെ ശരിയായിട്ടുണ്ട് നാട്ടിൽ ചെന്ന് സെലക്ട് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ കെട്ട് നടത്തും എന്നൊക്കെ കൂടെയുള്ളവരോട് പറഞ്ഞിട്ടാ ഇങ്ങോട്ട് പോന്നത്. ഇനി ആദ്യം തൊട്ട് തിരയേണ്ടി വരുമോ? ആറ് മാസത്തെ ലീവിനാ പോന്നിരുന്നത്, ഈ ആറ് മാസവും പെണ്ണ് തപ്പി നടക്കേണ്ടി വരോ?
ഞാനിപ്പോ പി.ജി. കഴിഞ്ഞു, എനിക്ക് ഇനിയും പഠിക്കണം എന്നുണ്ട്. അപ്പൊ അതിന് പറ്റിയ ഒരാളെ ആണ്....'
'ഓക്കേ, എനിക്ക് മനസിലാവും. വീട്ടിൽ വെച്ച് കാണാതെ പുറത്ത് വച്ചുള്ള ഈ കൂടിക്കാഴ്ച്ച തന്നെ ആലോചിച്ചത് തന്നോട് സംസാരിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാ. വീട്ടിലായാൽ തനിക്ക് ചിലപ്പോൾ മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയെന്ന് വരില്ല. ആകെ ടെൻഷനും മറ്റുള്ളവരെ പേടിയും'
'ശരിയാ ഏട്ടാ. ഏട്ടൻ വീട്ടിൽ വന്നിരുന്നെങ്കിൽ അപ്പോൾ ഫോൺ നമ്പർ വാങ്ങി ഈ കാര്യങ്ങളെല്ലാം ഫോണിലൂടെ പറയാം എന്നാ ഞാൻ കരുതിയത്. അച്ഛനെ പേടിയാണ്, അത്കൊണ്ട് എതിർത്തൊന്നും പറയാനും പറ്റില്ല'
'ഉം, മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നറിയാൻ ഇങ്ങനത്തെ കൂടിക്കാഴ്ചയാ നല്ലത്. എനിക്ക് ഇത് നാലാമത്തെ ആണ്'
'എനിക്ക് ആദ്യത്തെ. മറ്റേതെല്ലാം എന്ത് പറ്റി?'
'കുറ്റം പറയരുതല്ലോ മൂന്നും പ്രേമം. മനസ്സിൽ ഒരാളെ വെച്ചിട്ട് എന്തിനാണാവോ ഇങ്ങനെ കെട്ടിയൊരുങ്ങി നിൽക്കുന്നത്?'
'സാഹചര്യം ആവും'
'ആവും. ആരെയും പ്രേമിക്കാത്ത പെണ്ണിനെ കിട്ടുക എന്നൊക്കെ മഹാഭാഗ്യമാണ്, അതിനുള്ള ചാൻസും കുറവാണ്. എന്നാലും ഈ സമയത്തെങ്കിലും മനസ്സിൽ ആരുമില്ലാത്ത പെൺകുട്ടിയെ വേണമെന്നുണ്ട്'
'ഉം, പലരും വീട്ടുകാർക്ക് വേണ്ടി ഇഷ്ടങ്ങൾ മാറ്റിവെക്കുന്നവരാ. ചിലർ തേപ്പുകാരും'
'തേപ്പ്, ഞാൻ ഗൾഫിൽ പോകുന്നതിന് മുൻപ് ഈ വാക്ക് ഉണ്ടായിരുന്നില്ല. ഉള്ള വാക്ക് ചുമര് തേക്കുന്നതായിരുന്നു. മലയാള നിഘണ്ടു പുതുക്കി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'
'ഉം. കോമഡി'
'പ്രവാസിയുടെ കോമഡിക്ക് ഈ നിലവാരമൊക്കെയേ ഉണ്ടാകൂ.
ഞാൻ കണ്ട മൂന്ന് കുട്ടികളും ഇപ്പോൾ പ്രേമത്തിൽ ഉള്ളവരാണ്. മുൻപ് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ഇത്...
ഞാൻ പിന്മാറിയില്ലെങ്കിൽ ചിലപ്പോ അതിലെ ഏതെങ്കിലും ഒന്ന് എന്റെ ഭാര്യയാവുമായിരുന്നു. അതിലൊക്കെ എന്ത് ജീവിതമാ ഉള്ളത്'
'ഉം, മനസ്സുകൾ തമ്മിലുള്ള അടുപ്പമല്ലേ വേണ്ടത്'
'ഞാൻ പിന്മാറിയില്ലെങ്കിൽ ചിലപ്പോൾ മരണവും സംഭവിച്ചേക്കാം. വീടിന്റെ അടുത്തുള്ള ഒരേട്ടൻ പെണ്ണ് കാണാൻ പോയി. ഒരാളുമായി ഇഷ്ടത്തിലാണെന്ന് ആ കുട്ടി പറഞ്ഞു. ഇയാളാണെങ്കിൽ പെണ്ണ് കണ്ട് മടുത്തിരിക്കാ, അപ്പൊ ആ കുട്ടിയോട് എനിക്ക് അത് കുഴപ്പമില്ല, പ്രായത്തിനെയാണ്, ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി എന്ന് പറഞ്ഞ് ആലോചനയുമായി മുന്നോട്ട് പോയി. അധികം വൈകാതെ ആ കുട്ടി ആത്മഹത്യയും ചെയ്തു'
'അയ്യോ, കഷ്ടായല്ലോ,, എന്നിട്ട്?'
'എന്നിട്ടെന്താ ആ ഏട്ടന്റെ കല്യാണം ഒന്ന് കൂടി വൈകി എന്ന് മാത്രം. നഷ്ടം അവളുടെ അച്ഛനും അമ്മയ്ക്കും.
അല്ല, ഞാൻ പറഞ്ഞ് ബോറടിപ്പിക്കുന്നുണ്ടോ? പ്രവാസി ആയതിൽ പിന്നെ സംസാരം അധികം ഉണ്ടാകാറില്ല, ആ കുറവ് ഇപ്പൊ തീർക്കാ'
'ഏയ്, കുഴപ്പല്ല്യാ, ഏട്ടൻ പറഞ്ഞോ'
'തനിക്ക് താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ ഒന്നിനും നിർബന്ധിക്കുന്നില്ല ട്ടോ. എന്റെ സങ്കല്പങ്ങൾക്കനുസരിച്ചുള്ള ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടാവും'
'ഒന്ന് ചോദിക്കട്ടെ, ഞാൻ ഏട്ടന്റെ സങ്കൽപ്പത്തിൽ ഉള്ള ആളായിരുന്നോ?'
'അങ്ങനെ ചോദിച്ചാൽ എന്താ പറയാ... ഫോട്ടോ കണ്ടപ്പോൾ താല്പര്യം തോന്നി. അതാ വന്ന് അന്വേഷിക്കാം എന്ന് കരുതിയത്. മുഴുവൻ കാര്യങ്ങളും മനസിലാക്കി കല്യാണം കഴിക്കണമെങ്കിൽ പ്രേമിച്ച് കെട്ടണം. അറേഞ്ച് മാരേജിൽ ഏറെക്കുറെ ഓകെയാണോ എന്ന് നോക്കാനേ പറ്റൂ'
'ഉം, ഏട്ടാ, ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം തോന്നോ?'
'ഏയ്, ചുമ്മാ പറയ്'
'ഏട്ടന്റെ സങ്കല്പങ്ങൾ പറയോ? എനിക്ക് ആരെയെങ്കിലും സജസ്റ്റ് ചെയ്യാൻ പറ്റുമോ എന്നറിയാനാ'
'ഓക്കേ, എന്റെ കാഴ്ചപ്പാട് ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല പാതി. ഞാൻ ഒരു പൂർണ്ണനായ മനുഷ്യൻ അല്ല, എനിക്ക് ഒരുപാട് കുറവുകൾ ഉണ്ട്. എല്ലാവരും പൂർണ്ണന്മാർ ആണെന്ന് പറയുന്നില്ല ട്ടോ. എന്നോട് എന്റെ ഭാര്യ ചേരുമ്പോൾ ആ കുറവുകൾ തീരണം. ഇത് സങ്കൽപ്പമാണ്, ഇതിനോടടുത്ത് നിൽക്കുന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്'
'ഉം. ഡിമാന്റുകൾ?'
'സ്ത്രീധനം ആണോ
? തന്റെ അച്ഛനോട് വല്ലതും ചോദിച്ചിരുന്നോ?'
'അറിയില്ല, ഒന്നും പറഞ്ഞില്ല'
'ഉം. ചോദിച്ചിരുന്നു. പണം ആയിട്ടല്ല എന്ന് മാത്രം. എനിക്ക് വേണ്ടത് സ്ത്രീധനം അല്ല, വിദ്യാധനം ആണ്. അത് ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഈ ആലോചന കൊണ്ട് വന്നത്. ഞാൻ നേരത്തെ പറഞ്ഞല്ലോ എന്റെ ഭാര്യ എന്റെ കുറവുകൾ നികത്തണമെന്ന്, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. ഞാൻ പ്ലസ് ടു വരെയേ പഠിച്ചിട്ടുള്ളു. ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ ചെറിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി, അപ്പൊ അച്ഛനെ സഹായിക്കാൻ വേണ്ടി ജോലിക്കിറങ്ങി.
അത്കൊണ്ട് അക്കാദമിക് വിദ്യാഭ്യാസം കുറവാണ്'
'ഉം'
'താൻ ചിന്തിക്കുന്നുണ്ടാകും പ്ലസ് ടു ക്കാരൻ അത് വരെ പഠിച്ചവരെയോ ഡിഗ്രി പഠിക്കുന്നവരെയോ നോക്കിയാൽ പോരേ, അതിനും മുകളിൽ ആലോചിക്കാൻ അർഹത ഉണ്ടോ എന്ന്'
'ഏയ്, ഇല്ല ഏട്ടാ'
'ഓക്കേ, ഒരു ശരാശരി ആൾ അതാ ചിന്തിക്കാ.
അർഹിക്കാവുന്നതിലും അധികം ആണെങ്കിലും ഈ ഒരു കാര്യത്തിൽ ഞാനിത്തിരി സ്വാർത്ഥൻ ആണ് . ഇതിൽ മാത്രം.
സ്‌കൂളിൽ പോയത് കൊണ്ട് മാത്രം നമ്മുടെ വിദ്യാഭ്യാസം പൂർത്തിയാവില്ല, ഒന്നാമത്തെ സ്‌കൂൾ നമ്മുടെ വീട് തന്നെയാണ്. എന്റെ വീട്ടിൽ നിന്നും ആണ് ഇന്നത്തെ ഞാൻ ഉണ്ടായത്. നല്ല ശീലങ്ങൾ, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ, വീട്ടിലെ ജോലികൾ, ആളുകൾ തമ്മിലുള്ള സ്നേഹം ഇതൊക്കെ പഠിക്കുന്നത് വീട്ടിൽ നിന്നാണ്. സ്‌കൂളിൽ പോയി പഠിക്കുമ്പോൾ കുട്ടികളുടെ ലക്ഷ്യം പരീക്ഷ പാസ്സാവുക എന്നും അദ്ധ്യാപകരുടെ ലക്ഷ്യം അവരെ പാഠപുസ്തകം പഠിപ്പിക്കുക എന്നുമാണ്. അത്കൊണ്ട് വിദ്യാഭ്യാസം പൂർണ്ണമാകില്ല.
ഭാവി തലമുറയെ വാർത്തെടുക്കുക എന്നൊക്കെ കേൾക്കാം, സത്യത്തിൽ ഇന്ന് അത് ഉണ്ടോ? പരീക്ഷയിൽ മാർക്ക് വാങ്ങിക്കുക, സ്‌കൂളിന് നൂറ് ശതമാനം വിജയം ഉറപ്പിക്കുക ഇതൊക്കെയല്ലേ ഇന്ന് നടക്കുന്നത്. ഈ വിദ്യാഭ്യാസരീതിയോട് എനിക്ക് പുച്ഛമാണ് ട്ടോ, ഭാഗ്യത്തിന് ഗുരു എന്ന് ഉറപ്പിച്ച് വിളിക്കാവുന്ന കുറച്ച് പേരുടെ ശിക്ഷണവും ശിക്ഷയും കിട്ടിയത് കൊണ്ട് ഞാൻ ഇങ്ങനെയൊക്കെയായി. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്'
'ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന് നിലവാരം കുറവ് തന്നെയാണ്. അത് ചേട്ടൻ പറഞ്ഞപോലെ വീട്ടിലെയും സ്‌കൂളിലെയും പഠിപ്പിക്കലിലെ പോരായ്‌മതന്നെയാണ്'
'ഉം. ഇപ്പൊ ഈയടുത്ത് ഒരു കാര്യം കേട്ടു, മതിയായ ശിക്ഷകൾ ഇല്ലാത്തത് കൊണ്ടാണ് രാജ്യത്ത് കുറ്റകൃത്യങ്ങൾ കൂടുന്നത് എന്ന്. പെട്ടന്ന് ഒരു ദിവസം എല്ലാ ശിക്ഷകളും ഇരട്ടിയാക്കിയാൽ എല്ലാം ശരിയാവോ?
പഴമക്കാർ പറയും കാതിരിന്മേൽ വളം വെച്ചിട്ട് കാര്യമില്ലെന്ന്. കുട്ടിക്കാലത്ത് എല്ലാ സ്വാതന്ത്ര്യവും കൊടുത്ത് കുട്ടികളെ വളർത്തും, പിന്നീട് അവർ തന്നെയാണ് ഒരു പേടിയും ഇല്ലാതെ കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഇന്നത്തെ ഏതൊരു കേസ് എടുത്താലും അതിൽ ഒരു കുട്ടിക്കുറ്റവാളി ഉണ്ടാകും.
നമ്മുടെ സ്‌കൂളുകളിൽ കുട്ടികളെ തല്ലുകയോ വഴക്ക് പറയുകയോ ചെയ്യോ? ഇല്ല. എന്റെ കുട്ടിയെ തല്ലിപ്പഠിപ്പിക്കണ്ട എന്ന് വീട്ടുകാർ തന്നെ പറയുന്നു. ഇങ്ങനെ ശിക്ഷയെ പേടിക്കാതെ വളരുന്ന കുട്ടികൾ വലുതായാൽ ശിക്ഷകളെ പേടിക്കുമോ, നിയമത്തെ അനുസരിക്കുമോ?'
'അതും ശരിയാണ്'
'അയ്യോ സോറി ട്ടോ. ഞാൻ സംസാരിച്ച് കാട് കയറി'
'ഇല്ല്യ, കുഴപ്പല്ല്യാ'
'ആകെ ഉള്ളത് ഈ നാക്ക് ആണ്. അവിടെ സെയിൽസ്മാൻ ആണ്, അപ്പൊ എല്ലാവരേം സംസാരിച്ച് വീഴ്ത്തണമല്ലോ. അത് ഏറെക്കുറെ സാധിച്ചിട്ടും ഉണ്ട്'
'ഉം'
'അപ്പൊ ഞാൻ പറഞ്ഞ് വന്നത്, വീട്ടിൽ നിന്ന് എനിക്ക് കിട്ടാത്ത ഒന്നായിരുന്നു അക്കാദമിക് പഠനത്തിലെ സഹായം. അച്ഛനും അമ്മയും അധികം പഠിച്ചിട്ടില്ല. എന്റെ നാലാം ക്ലാസ് വരെയുള്ള പഠിപ്പിൽ സഹായിക്കാനോ അമ്മയ്ക്ക് കഴിഞ്ഞുള്ളു. മക്കളിൽ മൂത്ത ആൾ ഞാനായത് കൊണ്ട് ഏട്ടനോ ചേച്ചിയോ സഹായിക്കാൻ ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ ആരും എനിക്ക് ഒന്നും പറഞ്ഞ് തരാൻ ഇല്ലാത്തതിനാൽ അമ്മയോട് ഞാൻ ദേഷ്യപ്പെട്ടിരുന്നു. എന്നെ സഹായിക്കാൻ പറ്റാത്തതിനാൽ അമ്മയ്ക്കും വിഷമം ഉണ്ടായിരുന്നു, അമ്മയുടെ അന്നത്തെ അവസ്‌ഥ വെച്ച് പത്താംക്ലാസ് വരെ പോകാൻ പറ്റിയത് തന്നെ ഭാഗ്യമാണ്. അച്ഛന്റെയും അമ്മയുടെയും ആ നിസ്സഹായാവസ്ഥ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അത് എനിക്ക് ഉണ്ടാവാൻ പാടില്ല, ഞാൻ അനുഭവിച്ച വിഷമം എന്റെ മക്കൾ അനുഭവിക്കാൻ പാടില്ല. ആ ഒരു ആഗ്രഹം മാത്രേ എനിക്കുള്ളൂ'
'ഇന്നത്തെ കാലത്ത് ഒരുവിധം പെണ്കുട്ടികളൊക്കെ ഡിഗ്രി എടുക്കുന്നുണ്ട്'
'അക്ഷയാ, അത് എനിക്കറിയാം. ഞാൻ പറഞ്ഞില്ലേ, സെർട്ടിഫിക്കറ്റ് നോക്കി ഒരു ഭാര്യയെയല്ല എനിക്ക് വേണ്ടത്. വിദ്യാഭ്യാസത്തിനൊപ്പം വിവരവും വേണം. ഏതെങ്കിലും ഒരു ഡിഗ്രിക്ക് ഇന്ന് ഒരു ക്ഷാമവും ഇല്ല. നല്ലൊരു കോഴ്സ് എടുത്ത് അത് തുടർന്ന് പഠിക്കണം, ആ വിഷയത്തിൽ നല്ല അവബോധം ഉണ്ടാകണം. താൻ സയൻസ് ഗ്രൂപ്പ് അല്ലേ? അപ്പൊ അത്യാവശ്യം നന്നായി പഠിക്കേണ്ടിവരും'
'എനിക്ക് സയൻസ് പണ്ട് മുതലേ ഇഷ്ടമാണ്'
'ഇഷ്ടപ്പെട്ട വിഷയം പഠിക്കുമ്പോൾ കൂടുതൽ അറിവ് ഉണ്ടാകും.
ഏതൊരു ആണിനേയും പോലെ കെട്ടാൻ പോകുന്ന പെണ്ണ് സുന്ദരിയായിരിക്കണം, പാട്ട് പാടണം, ഡാൻസ് ചെയ്യണം, അരയോളം മുടി വേണം എന്നൊക്കെ ഞാനും ആഗ്രഹിച്ചിരുന്നതാ, അതിനെയെല്ലാം കെട്ടാൻ പോകുന്ന പെൺകുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസം വേണം എന്ന ആഗ്രഹത്തിന് വേണ്ടി മാറ്റി വെച്ചതാ. വിവരവും വിദ്യാഭ്യാസവും ഉള്ളിടത്ത് നല്ല സ്വഭാവം ഉണ്ടാകും, എല്ലാ കാര്യങ്ങളിലും താല്പര്യവും വാസനയും ഉണ്ടാകും. അങ്ങനെയുള്ള ഒരു കുട്ടിക്ക് നല്ലൊരു കുടുംബിനി ആകാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം'
'ഉം. കഴിഞ്ഞോ ചേട്ടാ?'
'എന്തെ ബോറടിക്കുന്നുണ്ടോ?'
'ഏയ് ഇല്ല, ബാക്കി കൂടി കേൾക്കാനാ'
'തീർന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് നല്ലൊരു പെൺകുട്ടിയെ വേണം, സ്ത്രീധനം വേണ്ട, വിദ്യാധനം നിർബന്ധമായും വേണം.
സമയം ഒരുപാടായി, അക്ഷയ പൊയ്‌ക്കോളൂ'
'ഉം. ശരി ചേട്ടാ'
'ബൈ പറ്റിയാൽ വീണ്ടും കാണാം'
തിരിച്ച് പോരുമ്പോൾ ഒന്ന് കൂടി തിരിഞ്ഞ് നോക്കി, അവൾ പോകുന്നു, മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടതായിരുന്നു. സാരല്യാ, അവൾക്കും ഉണ്ടാകുമല്ലോ സ്വപ്‌നങ്ങൾ!!!!
#രജീഷ് കണ്ണമംഗലം
'മോൾക്ക് പഠിച്ചിട്ട് ആരാവണം?'
'മോൾക്ക് ടീച്ചറായാൽ മതി'
'ടീച്ചറാവാൻ നല്ലോണം പഠിക്കണം ട്ടോ'
'അതിന് കൊറേ പഠിക്കണോ അച്ഛാ?'
'ഉം. മോള് എത്രയാണെന്ന് വച്ചാൽ പഠിച്ചോ ട്ടോ. മോള് പഠിപ്പ് മതിയായി എന്ന് പറഞ്ഞാലേ അച്ഛൻ പഠിത്തം നിർത്തൂ ട്ടോ'
'എങ്ങനെ എങ്ങനെ? എന്തിനാ ഏട്ടാ ആ കുഞ്ഞിനെ കൂടി പറ്റിക്കുന്നത്? എന്നെ പറ്റിച്ച് മതിയായില്ലേ?'
'അച്ഛ അമ്മേനെ പറ്റിച്ചോ?'
'ഏയ്, അച്ഛൻ അങ്ങനെ ചെയ്യോ മോളേ?'
'ഏയ് ചെയ്യില്ല. എത്ര വേണമെങ്കിലും പഠിച്ചോ, വിദ്യാധനം സർവ്വധനാൽ പ്രധാനമാണ്, എനിക്കോ പഠിക്കാൻ പറ്റിയില്ല നീയെങ്കിലും പഠിക്ക് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ എല്ലാം കണ്ണുംപൂട്ടി വിശ്വസിച്ചു. എന്റെ മണ്ടത്തരം, അല്ലാതെന്ത് പറയാനാ. ഡിഗ്രിയും പിജിയും കഴിഞ്ഞ ആളുകൾ വന്നപ്പോൾ അവരെയൊക്കെ ഒഴിവാക്കി എന്നെ തുടർന്ന് പഠിപ്പിക്കുന്ന ഒരാളെ കാത്തിരുന്നു. എന്നിട്ട് കിട്ടിയതോ ഇങ്ങനെ ഒരാളെയും'
'അച്ഛനെന്താ അമ്മയെ പഠിപ്പിക്കാഞ്ഞേ?'
'അമ്മയോട് ഞാൻ പൊയ്ക്കോളാൻ പറഞ്ഞതാ, അമ്മ പോവാഞ്ഞിട്ടാ'
'ആ നന്നായി, ഇനി എന്നെ കുറ്റം പറഞ്ഞോ.
കല്യാണം കഴിഞ്ഞ് മൂന്ന് കൊല്ലം കഴിഞ്ഞ് മതി കുട്ടികൾ എന്നൊക്കെ പറഞ്ഞിട്ട് ആറ് മാസം പോലും തന്നില്ല, ദുഷ്ടൻ'
'അത് മോളേ അച്ഛയ്ക്ക് ഗൾഫിൽ ആയിരുന്നല്ലോ പണി. അവിടെ സ്വദേശിവൽക്കരണം വന്നപ്പോൾ അച്ഛന്റെ ജോലി പോയി, ലീവ് തീർന്ന് തിരിച്ച് പോകേണ്ടി വന്നില്ല. നാട്ടിൽ ഒരു പണിയുമില്ലാതെ നടക്കണ്ടല്ലോ എന്റെ ചിന്നൂട്ടിയേം കളിപ്പിച്ച് ഇരിക്കാലോ എന്ന് കരുതീട്ടാ അച്ഛൻ...
പിന്നെ അച്ഛൻ അമ്മയെ പറ്റിച്ചിട്ടൊന്നുമില്ല, അന്ന് ആദ്യം കണ്ടപ്പോഴേ അച്ഛൻ പറഞ്ഞതാ, ഞാനൊരു സെയിൽസ്മാൻ ആണ് ആരെയും സംസാരിച്ച് വീഴ്ത്തും എന്നൊക്കെ. അത് നിന്റെ അമ്മയ്ക്ക് മനസിലാവാഞ്ഞിട്ടാ'
'ഉം, മതി മതി. അച്ഛനും മോളും വന്ന് കിടന്നേ. എനിക്ക് രാവിലെ എണീച്ച് അടുക്കളേൽ കേറാൻ ഉള്ളതാ, നിങ്ങൾക്ക് പാത്രത്തിന് മുന്നിൽ വന്നിരുന്നാൽ മതിയല്ലോ'
'അപ്പൊ ശുഭരാത്രി'

Rajeesh K

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot