നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രഹേളിക - കഥോദയം (1)

Image may contain: 1 person

ഭദ്രേ..., ഭദ്രേ.., നീ എവിട്യാ കുട്ടീ..?
അമ്മേ.., അവളെവിടെ..?"
"അവളിപ്പൊ ഇവിടെ ഇണ്ടാർന്നൂലോ.., ഉമ്മറത്തിരുന്ന് പേപ്പറ് വായിക്കുന്നുണ്ടാർന്നൂ.., ചിലപ്പൊ മുറിയിൽ കയറി കതകടച്ചിരിക്കുന്നുണ്ടാകും. നീയൊന്ന് പോയി അവളെ നോക്ക് രാമാ..".
രണ്ടു ദിവസം കഴിഞ്ഞാൽ നടക്കാൻ പോകുന്ന തന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെട്ടിരിക്കയായിരുന്നു ഭദ്ര.
തനിക്കിനി കല്യാണം വേണ്ടാ എന്ന് പറഞ്ഞിട്ടും ഏട്ടൻ കേൾക്കുന്ന ലക്ഷണമില്ല. വീണ്ടുമൊരു പരീക്ഷണമോ...?
"ഭദ്രേ.... നീയിബ്ടെ എന്തെടുക്കാ.."? ഏട്ടൻ മുറിയിലേക്ക് കടന്നു വന്നു.
"നീയിങ്ങനെ മൂടിപ്പിടിച്ചിരിക്കല്ലേ.., ഒന്നുഷാറാവ്. എന്റെ കുട്ടീ.., നിന്റെ നന്മക്ക് വേണ്ടിയല്ലേ ഏട്ടൻ നിന്നെയീ കല്യാണത്തിന് നിർബന്ധിച്ചത്..."!
"എത്ര കൊല്ലാന്ന് വെച്ചാ നീ ഉണ്ണ്യേ ങ്നെ കാത്തിരിക്കണത്..! ഇരുപത് വർഷം കഴിഞ്ഞില്ലേ, നിന്നെ ഇബ്ടെ കൊണ്ടാക്കീട്ട്..! ന്നിട്ട് ഒരു വട്ടമെങ്കിലും തിരിഞ്ഞു നോക്കിയോ..?"
"ഇതു നോക്ക്.... ഏട്ടൻ നിനക്ക് വേണ്ടി വാങ്ങിയ സാരീം ബ്ളൗസും..., നെനക്കിഷ്ടായോ..?"
"ദേ.., ഈ ചെയ്യൻ നോക്ക്.., അധികൊന്നൂല്യ ട്ടൊ, ഒരരപ്പവൻ! ന്റെ കുട്ടി ഇതൊക്കെ ഇട്ടാൽ നല്ല ഭംഗീണ്ടാകും കാണാൻ ". ഒരു ചെറിയ പൊതി ഏട്ടൻ ഭദ്രയുടെ കയ്യിൽ വെച്ചു കൊടുത്തു.
" എന്റെ കുട്ടി സന്തോഷത്തോടെ വിശ്വത്തിന്റെ കയ്യും പിടിച്ച് പോണത് കാണാൻ ഈ ഏട്ടൻ കാത്തിരിക്ക്യാ."
"വിശ്വൻ നല്ലവനാ. അവന് നിന്നെക്കുറിച്ചെല്ലാം അറിയാം. അവനും പ്രായമായി.., പ്പൊ ഒരു തുണ വേണമെന്നൊരാഗ്രഹം ".
"രണ്ടാഴ്ച മുന്നേ അമ്പലത്തിൽവെച്ചു കണ്ടപ്പോഴാണ്, അവനീ ആഗ്രഹം എന്നോട് പറഞ്ഞത്. അവന് എന്റെ കുട്ട്യേ ഇഷ്ടാ. നിന്നെ പൊന്നുപോലെ നോക്കിക്കോളും. നിനക്കും അവനെ അറിയാലോ..!"
"നീ ഇനി സങ്കടപ്പെടരുത്.., ന്റെ കുട്ടി ഒന്ന് ചിരിച്ചു കാണാൻ എത്ര കാലായി ഈ ഏട്ടൻ കാത്തിരിക്കുന്നു... !"
ഏട്ടന്റെ വാ തോരാതെയുള്ള സംസാരത്തിന് മറുപടി കൊടുക്കാനൊന്നും ഭദ്രക്കായില്ല.
" എന്താ ഭദ്രേ, നീയൊന്നും മിണ്ടാത്തെ..? നീയാ ഫോട്ടോ ഇങ്ങോട്ട് താ.., ഇനി ഇത് ബ്ടെ വേണ്ട.., നീ ഉണ്ണ്യേ മറക്കണം.., നിനക്കൊരു ജീവിതം തരാത്തവനെ നീയെന്തിന് ഇനി ഓർത്തിരിക്കണം...! അവൻ മറ്റൊരു വിവാഹം കഴിച്ചൂന്നൊക്ക്യാ കേക്കണേ...!"
" എനിക്കും അമ്മക്കും പ്രായായി. അമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.., സങ്കടം വരുമ്പോൾ ഉച്ചത്തിൽ നാമം ചൊല്ലി കൂട്ടുന്നതിന് ഒരു കണക്കൂല്യ".
''നീ ചെല്ല് അമ്മേടടുത്തേക്ക്.., ഇനിയെങ്കിലും ആ കണ്ണുകൾ നിറയുവാനിട കൊടുക്കരുത്".
ഏട്ടൻ ആ ഫോട്ടോയും എടുത്ത് മുറിയിൽ നിന്നും തിരിഞ്ഞു നടന്നു.
ഇരുട്ടു നിറഞ്ഞ മുറിയുടെ ജനലുകൾ ഭദ്ര തള്ളിത്തുറന്നു. എത്ര നാളായി അതെല്ലാം ഒന്നു തുറന്നിട്ട്...!
ജനലിലൂടെ അരിച്ചു വന്ന വെളിച്ചം അവളുടെ മുഖത്ത് വീണപ്പോൾ, ചന്ദനക്കുറി തൊട്ട ആ നെറ്റിത്തsവും, കുളി കഴിഞ്ഞ്, തുമ്പു മാത്രം കെട്ടിയിട്ട അവളുടെ ചുരുൾ മുടിയും കൂടുതൽ വ്യക്തമായി കാണാറായി.
ഏറെ നാൾക്കു ശേഷം, ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിൽ അവൾ അവളുടെ മുഖം കണ്ടു.
തനിക്കും പ്രായമായിരിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.
താഴെ, മുറ്റത്ത് ഏട്ടന്റെ കുട്ടികൾ കളിക്കുന്ന ശബ്ദം കേൾക്കാം.., നന്ദൂട്ടനും ലതയും.
ഇതുപോലെ കളിച്ചു നടന്നിരുന്ന ബാല്യത്തിലേക്ക് അവളുടെ മനസ്സ് പാഞ്ഞു പോയി.
കാലത്തിന് മായ്ക്കാനാകാത്ത തന്റെ ഓർമ്മകൾക്ക് കണ്ണുനീരിന്റെ നനവോ..!
അവിടെ ആ മുറ്റത്ത് ഒരു പത്ത് വയസ്സുകാരി പെൺകുട്ടി, തന്റെ കൂട്ടുകാരികളുമൊത്ത് ഓടിക്കളിക്കുന്നു.
"ഭദ്രേ..,രണ്ടൂസം കഴിഞ്ഞാൽ നിന്റെ കല്യാണാന്ന് കേട്ടല്ലോ..!", തെക്കേതിലെ അമ്മിണിക്കുട്ടി.
" അത് കയ്ഞ്ഞാൽ നീ അങ്ങോട്ട് പോവും ല്ലേ.? പിന്നെ ഞങ്ങളാരുടെ കൂട്യാ കളിക്കാ..?"
"പിന്നെ..., ഞാനെങ്ങ്ടും പോവില്ല.., ക്ക് കല്യാണോം വേണ്ട.., ഒരു കുന്തോം വേണ്ട".
"കല്യാണൊക്കെ വലിയ കുട്ടി ആകുമ്പഴല്ലേ കഴിയ്ക്കാ.., ഞാനിപ്പൊ കുട്ട്യല്ലേ.."?
ഇതു കേട്ട് മുറ്റമടിച്ചിരുന്ന കുറുമ്പത്തള്ള ചിരിച്ചു കൊണ്ട് പറഞ്ഞു..," ഹ..ഹ.. തമ്പ്രാട്ടി കുട്ട്യേ..., കൊച്ചമ്പ്രാൻ പൊടവ തന്ന് ന്റെ കുട്ട്യേ കൂട്ടീട്ട് പോകും, പിന്നെ കുട്ടി ബൽതായാലും ആ തമ്പ്രാന്റെ കുടീല് തന്നെ താമസിക്കും".
ഭദ്രക്ക് കുറുമ്പത്തള്ള പറഞ്ഞതിന്റെ പൊരുളൊന്നും മനസ്സിലായില്ല.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ, അമ്മ ഭദ്രയെ അതിരാവിലെ വിളിച്ചുണർത്തി കുളിപ്പിച്ചു. ഒരു കോടി മുണ്ടും ബ്ലൗസ്സും ധരിപ്പിച്ചു. വാലിട്ട് കണ്ണെഴുതിച്ച്, നെറ്റിയിൽ ഒരു ചന്ദനക്കുറിയും, കഴുത്തിൽ ഒരു നേരിയ സ്വർണ്ണനൂലും, രണ്ടു കയ്യിലും നിറയെ ചുവപ്പ് കുപ്പിവളകളും അണിയിച്ചു.
വീട്ടിൽ അമ്മാവന്മാരും അമ്മായിമാരും കുട്ടികളും, പിന്നെ അടുത്ത ബന്ധുക്കളും എത്തിയിട്ടുണ്ട്.
അകായിയിൽ, അരിമാവുകൊണ്ട് അണിഞ്ഞൊരുക്കിയ നിലത്ത് നിലവിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട് .
ഏട്ടത്തിയമ്മ ഭദ്രയെ ആ വിളക്കിന് മുന്നിൽ കൊണ്ടിരുത്തി. തൊട്ടടുത്തു തന്നെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. സ്ത്രീകൾ കുരവയിടുന്ന ശബ്ദത്തിനിടക്ക്, അദ്ദേഹം ഒരു ജോഡി പുടവ ഭദ്രയുടെ കയ്യിൽ വെച്ചു കൊടുത്തു. കൈ പിടിച്ച് നിലവിളക്കിന് ചുറ്റും മുന്ന് പ്രദക്ഷിണം വെച്ചു.
ഭദ്രക്കൊന്നും മനസ്സിലായില്ല.
"എന്താമ്മേ ഇതെല്ലാം..? ഇതാരൊക്കെയാ പുതിയ ആൾക്കാർ.."?
" ന്റെ മോൾടെ കല്യാണം കഴിഞ്ഞു; ഇനി മോള് മറ്റൊരു വീട്ടിലേക്ക് പോകാൻ പോകാ. ഇനി മുതൽ ആ വീടാണ് നിന്റെ വീട്. ന്റെ കുട്ടി നല്ല അടക്കൊതുക്കത്തോടെ അവിടെ ജീവിക്കണം. നിന്റെ ഏട്ടൻ വല്ലപ്പോഴും നിന്നെ കാണാൻ വരും. നിനക്ക് ഇങ്ങ്ട് വരണംന്ന് തോന്ന്യാ നീ ഉണ്ണിയോട് പറഞ്ഞാൽ മതി, അപ്പൊ കൊറച്ചൂസം നീ ഇബ്ടെ വന്ന് താമസിച്ചോ".
അന്ന് വൈകുന്നേരം ഭദ്ര ഉണ്ണ്യേട്ടന്റെ കൈ പിടിച്ച് ആ വീടിന്റെ പടിയിറങ്ങി.., പുതിയൊരു വീട്ടിലേക്ക്. രണ്ടു മൂന്നു ദിവസം ഭദ്രക്ക് വിഷമമായിരുന്നു, പിന്നെ പതുക്കെപ്പതുക്കെ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ പഠിച്ചു.
കാലത്ത് മുതൽ ഒന്നും ചെയ്യാനില്ല. ഉണ്ണ്യേട്ടൻ കാലത്ത് തന്നെ കുടയും ബാഗുമെടുത്ത് പുറത്ത് പോകുന്ന കാണാം. പട്ടണത്തിൽ വലിയൊരു കടേല് കണക്കെഴുത്താ ജോലി ന്ന് ഉണ്ണ്യേട്ടന്റെ അമ്മ പറയുന്ന കേട്ടു. വൈകുന്നേരം ആറു മണിയായാൽ തിരിച്ചു വരും.അപ്പോൾ ഓടിച്ചെന്ന് ബാഗും കുടയും വാങ്ങി കയ്യിൽ പിടിക്കും. ചിരിച്ചു കൊണ്ട് ഉണ്ണ്യേട്ടൻ ഒരൂസം ചോദിച്ചു..," നിനക്ക് ഇവിടൊക്കെ പിടിച്ചോ"?
"ങ്ഹും", ഭദ്ര തലയാട്ടി.
അവിടുത്തെ അമ്മക്കും ശാന്തേട്ത്തിക്കും കുട്ടികൾക്കുമെല്ലാം ഭദ്രയെ വലിയ ഇഷ്sമായി. പകലു മുഴുവൻ ശാന്തേട്ത്തീടെ കുട്ടികളുടെ കൂടെ കളിച്ചു നടന്നു.
ദിവസങ്ങൾ, മാസങ്ങൾ കഴിയുംതോറും ഭദ്ര ആ വീട്ടിലെ ഒരംഗമായ് മാറി. ബാല്യത്തിൽ തന്നെ അവൾ ചുമതലാബോധമുള്ള ഒരു പെൺകുട്ടിയായി മാറുകയായിരുന്നു.
അടുക്കളയിൽ അമ്മയെ സഹായിക്കും, വീട് വൃത്തിയാക്കും, മുറ്റമടിക്കും, സന്ധ്യക്ക് മേൽ കഴുകി വന്ന് വിളക്ക് കത്തിച്ച് നാമം ചൊല്ലും. ഭദ്രയ്ക്ക് ആ വീടും വീട്ടുകാരും സ്വന്തമായി മാറിക്കഴിഞ്ഞു.
ഒരു ദിവസം കാലത്ത് നേരത്തെ എണീറ്റ് കുളിക്കാൻ കുളിമുറിയിൽ കയറിയതാണ്, ഭദ്ര.
" അമ്മേ..." എന്ന് ഉറക്കെയുള്ള ഭദ്രയുടെ വിളി കേട്ട് അമ്മ വേഗം കുളിമുറിയിലേക്ക് ഓടിച്ചെന്നു.
"എന്താ ഭദ്രേ.... എന്തിനാ ഓളിയിട്ട് കരഞ്ഞത്..."?
ഭദ്ര ഉടുത്തിരുന്ന മുണ്ടിലെ രക്തക്കറകൾ കണ്ടപ്പോൾ അമ്മക്ക് കാര്യം മനസ്സിലായി.
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു," നീ വേഗം കുളിച്ചു വാ.., ഞാൻ ദേ.., നിനക്കുടുക്കാൻ പുതിയ മുണ്ടും കൊണ്ടു വരാം..., പേടിക്കൊന്നും വേണ്ട.., ഇതെല്ലാo പെൺകുട്ടികൾക്കുണ്ടാകുന്നതാ..!
നിനക്കറിയോ.., ഇന്നു മുതൽ നീ വലിയൊരു കുട്ടിയായി".
ഈ വിവരം ഭദ്രയുടെ വീട്ടിലറിയിച്ചപ്പോൾ, ഏട്ടൻ പുതിയ പുടവയും, കുറേ പലഹാരങ്ങളുമായി ഭദ്രയെ കാണാൻ വന്നു.
"നെനക്ക് സുഖാണോ ഇവിടെ..? കുട്ടി വലുതായി.. ല്ലേ..?"
ഭദ്ര നാണത്തോടെ മുഖം കുനിച്ചു നിന്നു.
"ഇനി എന്റെ കുട്ടി പിള്ളേരുടെ കൂടെ ഓടിക്കളിക്കൊന്നും അരുത്, ഉണ്ണീടെ അമ്മ പറയുന്ന കേട്ട് നല്ല കുട്ടിയായി ജീവിക്കണം. ഏട്ടൻ വല്ലപ്പോഴും വരാം".
ഭദ്രയെ ചേർത്ത് പിടിച്ച് നിറുകയിൽ തലോടി, നടന്നകലുന്ന ഏട്ടനെ നോക്കി നിന്നപ്പോൾ ഭദ്രയുടെ കണ്ണുകൾ ഈറനണിഞ്ഞു.
രണ്ടു ദിവസമായി..., കാലത്ത് എന്നത്തേയും പോലെ കുടയും ബാഗുമെടുത്ത് പോയ ഉണ്ണ്യേട്ടനെ കാണുന്നില്ല. ആറു മണിയായാൽ ഭദ്ര പടിക്കലേക്കും നോക്കി കാത്തിരിക്കും.
കുറേ നേരം കഴിയുമ്പോൾ അമ്മ പറയും..,
" ഇരുട്ടായി ഭദ്രേ.., ഇനിയവൻ വരുമെന്ന് തോന്നുന്നില്ല".
ഒരു ദിവസം തിരിച്ചു വന്നിട്ട് അമ്മയോട് ഏതാണ്ടൊക്കെ പറഞ്ഞ് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു. ഭദ്രക്കൊന്നും മനസ്സിലായില്ല.
"ഭദ്രേ..., ഞാൻ നിന്നെ നിന്റെ വീട്ടിൽ കൊണ്ടാക്കാൻ പോകാ.., നീ നിന്റെ ഉടുപ്പൊക്കെ എടുത്ത് പെട്ടിയിൽ വെക്ക്."
അടുത്ത ദിവസം കാലത്ത് പത്തുമണിയോടെ അവർ രണ്ടു പേരും ഭദ്രയുടെ വീട്ടിൽ ചെന്ന് കയറിയപ്പോൾ എല്ലാവർക്കും അത്ഭുതം..!
"ന്താ ഉണ്ണീ, പെട്ടെന്നൊരു വരവ്.."? ഏട്ടൻ ചോദിച്ചു .
"ഭദ്ര ഇവിടെ നിൽക്കട്ടെ.., ഞാനിനി അവളെ കൂട്ടിണില്യ" .
"ന്താ ഉണ്ണീ.. നീ പറയണ്ത്.."!
"അതെ ഏട്ടാ.., ഭദ്ര ഇവിടെ നിൽക്കട്ടെ, ബാക്കി വർത്താനോക്കെ പിന്നെ പറയാം.., ഞാൻ നിൽക്കിണില്യ.., ഇറങ്ങട്ടെ".
"ന്താ ഉണ്ണീ.., ത്ര ധൃതി..? എന്താ ഉണ്ടായേ അബ്ടെ..? എന്റെ കുട്ടി എന്തെങ്കിലും അരുതാത്തത് ചെയ്തോ.."?
"ഏയ്..അതൊന്നും ഇല്യ.., ഭദ്ര നല്ലവളാണ്, അവിടെ അവളെ എല്ലാർക്കും ഇഷ്ടാ.., പക്ഷെ.., ഞാനീ ബന്ധം തുടർന്നു പോകാനിഷ്ടപ്പെടുന്നില്ല.., എനിക്കവളെ എന്റെ പത്നി ആയി സ്വീകരിക്കാനാകില്ല, ഏട്ടൻ എന്നോട് ക്ഷമിക്കണം".
ഉണ്ണ്യേട്ടൻ തിരിഞ്ഞു നോക്കാതെ പടി കടന്നു പോകുന്നത് നിറഞ്ഞ കണ്ണുകളോടെ ഭദ്ര നോക്കി നിന്നു.
കൂട്ടുകാരുമൊത്ത് ഓടിച്ചാടി, പൊട്ടിച്ചിരിച്ച് നടക്കേണ്ട നിഷ്ക്കളങ്കമായ ആ ബാല്യം ഭദ്രക്ക് എന്നോ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. ആ സ്ഥാനത്ത് അറിവും വിവേകവും ഒത്തുചേർന്ന ഒരു വീട്ടമ്മയുടെ സ്വരത്തിൽ ഒരു ദിവസം ഭദ്ര അമ്മയോട് ചോദിച്ചു... "എന്നാ അമ്മേ.., ഉണ്ണ്യേട്ടൻ എന്നെ ഉണ്ണ്യേട്ടന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാ..?"
തകർന്ന മനസ്സാലെ, നിറഞ്ഞൊഴുകുന്ന മിഴികളാലെ ഭദ്രയെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു..."ഉണ്ണി ഇനി വരില്ല മോളെ... നീയവനെ മറന്നേക്ക്".
എന്നിട്ടും ഭദ്ര കാത്തിരുന്നു.., തന്റേയും ഉണ്ണ്യേട്ടന്റേയും കൂടിയുള്ള ഒരു ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ച് പടിക്കലേക്ക് കണ്ണും നട്ട് അവൾ കാത്തിരുന്നു.., ദിവസങ്ങൾ.., മാസങ്ങൾ.. .., വർഷങ്ങൾ...!
വർഷങ്ങളുടെ വേർപാടിൽ അവൾ തിരിച്ചറിഞ്ഞു.., ഉണ്ണ്യേട്ടനോടുള്ള അവളുടെ ആത്മാർത്ഥ സ്നേഹം..!
ഒരു നോക്കു കാണാൻ അവൾ കൊതിച്ചു.., ഒരുവട്ടം ചോദിക്കാനായെങ്കിൽ.., "ഞാനെന്ത് തെറ്റ് ചെയ്തു? എന്തിന് എന്നെ ഇവിടെ തിരിച്ചു കൊണ്ടുവിട്ടു"??
അതൊരു ചോദ്യം മാത്രമായി അവശേഷിച്ചു.., ഉത്തരമില്ലാത്ത ചോദ്യം..!
"ഇനി എന്ത് ചെയ്യും...? ഏട്ടൻ പറഞ്ഞത് പോലെ മറ്റൊരു വിവാഹം..??"
" മോളേ.., നീ എത്ര നേരായി ഈ മുറീത്തന്നെ ഇരിക്കുണു.., താഴത്തേക്ക് വാ., രണ്ടൂസം കഴിഞ്ഞാൽ നിന്റെ കല്യാണമാണ്. തല നിറച്ചെണ്ണ തേച്ച്..., ഇത്തിരി പച്ചമഞ്ഞളൊക്കെത്തേച്ച് ഒന്ന് കുളിക്ക്.., മനസ്സിന് ഒരു കുളിർമ്മ കിട്ടും".
അമ്മയുടെ കയ്യും പിടിച്ച് കോണിപ്പടികളിറങ്ങുമ്പോൾ വർഷങ്ങളായി തന്റെ മനസ്സിൽ സൂക്ഷിച്ച ആ വിഗ്രഹത്തേയും പടിയിറക്കാൻ ഭദ്ര ആത്മാർത്ഥമായി ശ്രമിക്കുകയായിരുന്നു..!.
~ ~ ~ ~ ~ ~ ~ ~ ~ ~ ~
(പ്രിയമുള്ളവരേ..., ഈ കഥയുടെ പശ്ചാത്തലം ഏകദേശം ഒരു നൂറാണ്ട് മുൻപുള്ളതാണ്. അന്ന് കേരളത്തിലും ബാല്യവിവാഹം നിലനിന്നിരുന്നു.നായർ തറവാടുകളിലും ബ്രാഹ്മണ കുടുംബങ്ങളിലും ബാല്യത്തിൽ തന്നെ വിധവയായി, തെക്കിനിയുടെ ഇരുണ്ട കോണിൽ ജീവിതം തന്നെ അവസാനിച്ച പെൺകുട്ടികളുടെ തേങ്ങൽ ഇപ്പോഴും കാതിൽ വന്നലയടിക്കുന്നപോലെ! തുള്ളിച്ചാടി കളിച്ചു നടക്കേണ്ട പ്രായത്തിൽ പുറം ലോകം എന്തെന്നറിയാതെ ഇരുട്ടിൽ ശ്വാസം മുട്ടുന്നവർ...! ഭദ്ര എന്ന കഥാപാത്രം ആ കാലത്തിലേക്ക് വെളിച്ചം വീശുന്നു. പോരായ്മകളുണ്ടാകാം.., സദയം ക്ഷമിക്കുമല്ലോ...!)
Ambika Menon
1/05/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot