Slider

ചിരുത

0
"ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം" എന്ന് ദിനം പ്രതി പറയുന്ന കണവനെ ചിരുത വെറുത്തില്ല പകരം സ്നേഹിച്ചു കൊണ്ടേയിരുന്നു.
മുക്കിലെ ചാരായ കടയിൽ നിന്നു വയറു മുട്ടെ റാക്കും കുടിച്ചു വന്നു കണവൻ ചിരുതയെ സൂര്യൻ ഉദിക്കുന്ന വരേയ്ക്കും ഇടിച്ചും അടിച്ചും ഒരു പരുവമാക്കും എന്നാലും ചിരുത അവനെ വെറുത്തില്ല. ചിരുതക്കു കണവനില്ലാത്ത ലോകം സ്വപ്നം കാണാൻ പോലും പ്രയാസമായിരുന്നു.
നമുക്കിന്നൊരു യാത്ര പോകാം കണവൻ ആദ്യമായി സ്നേഹത്തോടെ മൊഴിഞ്ഞു. ചിരുത സന്തോഷം കൊണ്ട് ഏറെ കരഞ്ഞു. തീവണ്ടിയിൽ ആദ്യമായി കയറിയ അവൾ പുറത്തേക്കു നോക്കി ഇരുന്നു, ഇടക്ക്അവന്‍റെ തോളിലേക്ക് ചാഞ്ഞിരിക്കാനും അവൾക്ക് മടിയുണ്ടായില്ല. തീവണ്ടിയിലെ ചപ്പാത്തിയും പരിപ്പ് കറിയും അവൾ ആസ്വദിച്ചു കഴിച്ചു. ഇടക്ക് താൻ സ്വപ്നലോകത്തല്ല എന്ന് ബോധ്യപ്പെടുത്താൻ വേണ്ടി സ്വയം ഒന്ന് കയ്യിൽ പിച്ചി നോക്കും.
രണ്ടു ദിവസത്തിന് ശേഷം ഏതോ ഒരു നഗരത്തിൽ അവൾക്ക് അന്യമായ ഭാഷ സംസാരിക്കുന്ന നാട്ടിൽ അവർ വണ്ടിയിറങ്ങി. "നോക്കി നടക്കു "എന്ന് പറഞ്ഞു ചിരുതയുടെ കയ്യും പിടിച്ചു കണവൻ ആദ്യം നടന്നു. വല്ലാത്തൊരു സുരക്ഷിതത്വം ആണ് ചിരുതക്കു അന്ന് തോന്നിയത്. നടന്നു നടന്നു ഒരു മാളികക്ക് മുന്നിൽ എത്തി. ചിരുതയോടു നമ്മൾ ഇന്നിവിടെ നിൽക്കും എന്ന് കണവൻ പറഞ്ഞു. അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾ ഉള്ള വീട്. ചിലർ മുഖത്തും ചുണ്ടിലുംചായം തേച്ചു കൊണ്ടിരിക്കുന്നു ചിലർ പലതരം ആഭരണങ്ങളിട്ടു കണ്ണാടിയിൽ ചാഞ്ഞും ചെരിഞ്ഞും ആരെയോ പ്രതീക്ഷിച്ചു ഉമ്മറപ്പടിയിൽ നിൽക്കുന്നു. ചില മുറിയിൽ നിന്നു പാട്ടും ചിരിയും ഉയരുന്നുണ്ട്. "ഞാനിപ്പോൾ വരാം ഈ മുറിയിലിരിക്കു" എന്ന് പറഞ്ഞു കണവൻ പുറത്തേക്കു പോയി. പുറത്തിറങ്ങിയ
അവൻ കാലുകൾ നീട്ടി വെച്ച് നാട്ടിലേക്കുള്ള വണ്ടി പിടിച്ചു. കയ്യിൽ കിട്ടിയ നോട്ടുകളുടെ ഭംഗി നോക്കി ചുണ്ടിലെ ബീഡി ആഞ്ഞു വലിച്ചു.
-Dhanya-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo