നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നൂറ



നൂറാ മോളെ ഒക്കെയും എടുത്തു വച്ചിട്ടുണ്ടല്ലോ..??വെളുപ്പിനെ പുറപ്പെടാനുള്ളതാ..."
മുറിയിലേക്ക് കയറും മുൻപേ ഹസീബിന്റെ ഉമ്മ ഒന്നുകൂടെ ഓർമിപ്പിച്ചു.
"എല്ലാം എടുത്തു വച്ചിട്ടുണ്ട് ഉമ്മാ..."
പുഞ്ചിരിയോടെ മറുപടി പറഞ്ഞു കൊണ്ടവൾ അകത്തേയ്ക്കു കയറി. ഹസീബ് കട്ടിലിൽ അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.അവന്റെ അരികിലായി തോളിലേക്ക് തല ചായ്ച്ചു അവൾ കിടന്നു.ഉള്ളു നിറയെ ദുഖവും സന്തോഷവും ഒന്നിച്ചു ചേർന്നൊരു അനുഭൂതി.
ഹസീബിന്റെയും നൂറായുടെയും വിവാഹം കഴിഞ്ഞിട്ട് പതിനാലു ദിവസം മാത്രമേ ആയിട്ടുള്ളൂ. ഉമ്മയുടെയും ഉപ്പയുടെയും ഒരേയൊരു മകൾ,
രണ്ടു ആങ്ങളമാരുടെ പുന്നാര പെങ്ങൾ. രാജകുമാരിയെ പോലെയായിരുന്നു വീട്ടിലവൾ വളർന്നത്,ചിത്രശലഭത്തെ പോലെ പാറി നടന്ന അവളിൽ കാലം അതിസുന്ദരിയായൊരു യുവതിയുടെ പുതിയ രൂപം പകര്‍ന്നു നൽകി.എല്ലാ പെണ്‍കുട്ടികളെയും പോലെ അവൾക്കും മാതാപിതാക്കൾ നല്ലൊരു ചെറുപ്പക്കാരനെ ഇണയായി തിരഞ്ഞെടുത്തു.രാജകീയമായിത്തന്നെ അവരുടെ രാജകുമാരിയുടെ വിവാഹമവർ നടത്തി.
വീട്ടിൽ നിന്നും ഒരു ദിവസം പോലും മാറി നിന്നിട്ടില്ലാത്ത, ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം പുരട്ടിയ ചോറുരുളകൾ കഴിച്ചു കൊതി തീർട്ടിട്ടില്ലാത്ത, ആങ്ങളമാരുടെ ലാളനകളനുഭവിച്ചു മതി വരാത്ത നൂറ പെട്ടെന്ന് ഹസീബിന്റെ വീട്ടിലേക്കു പറിച്ചു നടപ്പെട്ടു. ഏതൊരു പൂച്ചെടിയെ പോലെയും പെട്ടെന്നൊരു ദിവസം വേരുറച്ചു വന്ന മണ്ണിൽ നിന്നും മാറ്റി നടപ്പെടുമ്പോഴുണ്ടാകുന്ന ചെറിയ വാട്ടം നൂറായിലുമുണ്ടായി. എന്നാൽ തന്റെ പ്രിയപ്പെട്ടവന്റെയും വീട്ടുകാരുടെയും സ്നേഹജല പ്രവാഹം ആ വീട്ടിൽ പെട്ടെന്നിഴുകിച്ചേരാൻ അവൾക്കു സഹായകമായി.
പ്രവാസിയായ ഹസീബ് സൗദി അറേബ്യയിലെ ഒരു കമ്പനിയിൽ ജോലി ചെയ്‌യുകയാണ്.നാളെ അവൻ ലീവ് കഴിഞ്ഞു മടങ്ങിപ്പോകുകയാണ്. കൂട്ടിനു തന്റെ പ്രിയപ്പെട്ട നൂറയെയും കൊണ്ടു പോകുന്നുണ്ട്. അവളുടെ സ്നേഹമവനേ ഒരു നിമിഷം പോലും അവളിൽ നിന്നും പിരിഞ്ഞു നിൽക്കാൻ കഴിയാത്തത്ര അടുപ്പിച്ചു കഴിഞ്ഞിരുന്നു.അവളുടെ സൗമ്യമായ സംസാരവും ആളുകളോടുള്ള ഇടപെടലും കാരണം ഹസീബിന്റെ വീട്ടുകാർക്കിടയിലും പ്രത്യേകസ്ഥാനം നൂറ കരസ്ഥമാക്കി.പടച്ചവന്‍ തനിക്ക് നല്‍കിയ പ്രകാശമാണ് നൂറ എന്ന് ഹസീബിനു തോന്നിയിരുന്നു.
താൻ ഇക്കായുടെ കൂടെ പോകുകയാണ് എന്ന് സുഹൃത്തുക്കളോട് സന്തോഷം പങ്കു വച്ചപ്പോൾ
" നൂറാ... നീ ഭാഗ്യവതിയാണ്... സാധാരണ പ്രവാസി ഭാര്യമാരെ പോലെ നിനക്ക് ഭർത്താവിനെ പിരിഞ്ഞുള്ള വിരഹം അനുഭവിക്കേണ്ടി വന്നില്ലല്ലോ."
എന്ന അവരുടെ മറുപടി പോലും അവളെ ഏറെ ആഹ്ലാദവദിയാക്കി. എന്നാലും പൂർണമായും ഉമ്മയെയും ഉപ്പയെയും കുടുംബത്തിനെയും ഉപേക്ഷിച്ചു തൽക്കാലമാണെങ്കിലും മാറി നിൽക്കുക എന്നത് അവളിൽ സങ്കടത്തിന്റെ വല നെയ്തു. അതവൾ ഹസീബിനോട് പറഞ്ഞപ്പോൾ
" ഞാനില്ലെ പെണ്ണേ നിനക്കൊപ്പം...?
നിന്നെ തനിച്ചാക്കി പോകുന്ന വിരഹത്തോളം വരില്ലല്ലോ ഇത്.എന്റെ പ്രകാശത്തെ ഇവിടെ ഉപേക്ഷിച്ചു മടങ്ങുവാന്‍ എനിക്ക് കഴിയില്ല.
പുതിയ ലോകത്ത് പുതിയ കാഴ്ചകളും അനുഭവങ്ങളുമായി നമ്മുടെ യാത്രകള്‍ തുടങ്ങണം.
നബിയുടെ ഖബറിടത്തില്‍ നമുക്കൊരുമിച്ചു പോയി ഉംറ ചെയ്തു കൊണ്ട് നമ്മുടെ ജീവിതം ആരംഭിക്കണം.അതെന്റെ ആഗ്രഹമാണ് നൂറാ ...."
ഒരൊറ്റ മറുപടിയിൽ അവനവളുടെ സങ്കടത്തെ ഒഴുക്കിക്കളഞ്ഞു.പിറ്റേന്ന് വെളുപ്പിനെ മൂന്നു മണിക്ക് അവർ എല്ലാവരോടും യാത്ര പറഞ്ഞു ഹസീബിന്റെ മണ്ണിലേക്ക് യാത്രയായി.ആദ്യമായി ഫ്ളൈറ്റിൽ കയറിയതിന്റെ പരിഭ്രമം നൂറായുടെ കണ്ണുകളിൽ നിഴലിച്ചപ്പോൾ അവളെ കളിയാക്കി ചിരിച്ചു കൊണ്ടു ഹസീബ് ദേഹത്തോട് ചേർത്തണച്ചു.റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയ അവരെ സ്വീകരിക്കാൻ വരാമെന്നു പറഞ്ഞ സുഹൃത്തിനു എത്തുവാൻ കഴിയാത്തതു കൊണ്ട് ടാക്സിയിൽ അവർ താമസ സ്ഥലത്തേക്ക്‌ യാത്രയായി.
പറഞ്ഞു കേട്ടു മാത്രം അറിവുള്ള ഒരു രാജ്യം, വ്യത്യസ്തമായ ഭാഷ ,നാട്ടുകാർ ഒക്കെയും അത്ഭുതത്തോടെ നൂറ നോക്കി കണ്ടു.റിയാദിൽ നിന്നും കുറച്ചു ഉൾപ്രദേശത്താണ് ഹസീബിന്റെ കമ്പനിയും താമസ സ്ഥലവും.ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പിലൂടെ അവർ യാത്ര തുടർന്നു.വീതി കൂടിയ റോഡുകൾക്കിരുവശവും കെട്ടിടങ്ങൾ,വരി വരിയായി നില്‍ക്കുന്ന ഖാഫ് മരങ്ങൾ.കാർ ദൂരം പിന്നിട്ടപ്പോൾ കെട്ടിടങ്ങളുടെ നിര അപ്രത്യക്ഷമായി,അവിടവിടെ ഓരോ ചെറിയ കെട്ടിടങ്ങളും, ടയർ കടകളും, കുപ്പി വെള്ളം വിൽക്കുന്ന ചില കടകളും മാത്രം.ടാക്സി ഓടിക്കുന്ന അറബ് ഡ്രൈവറോട് കുപ്പിവെള്ളം കൊടുക്കുന്ന കടയ്ക്കരികിൽ വണ്ടിനിർത്താൻ ഹസീബ് ആവശ്യപ്പെട്ടു.നൂറയോട് കാറിൽ തന്നെയിരിക്കാൻ പറഞ്ഞിട്ട് അവൻ കടയിലേക്ക് കയറിയതും പെട്ടെന്ന് കാറുമായി ഹസീബിന്റെ നൂറയേയും കൊണ്ട് അയാള്‍ പാഞ്ഞു പോയി. അൽപ നേരം എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിന്ന ഹസീബിന് ടാക്സി ഡ്രൈവർ തന്നെ ചതിച്ചു തന്റെ പ്രിയപ്പെട്ടവളെ കൊണ്ടു പോയെന്നു മനസ്സിലാലാക്കാന്‍ നിമിഷമെടുത്തു.കയ്യിലിരുന്ന കുപ്പി വെള്ളം വലിച്ചെറിഞ്ഞവൻ ആ വാഹനത്തിനു പിന്നാലെ അലറിക്കരഞ്ഞു കൊണ്ടു ഭ്രാന്തനെപ്പോലെ ഓടി. പക്ഷെ ഹസീബിന്റെ കാലുകളെക്കാൾ വേഗതയുള്ള ടാക്സി പെട്ടെന്ന് തന്നെ അവന്റെ പെണ്ണിനെയും കൊണ്ട് കണ്ണിൽ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു.
സ്വബോധം നഷ്ടപ്പെട്ടവനെ പോലെ റോഡിൽ തലയിട്ടടിച്ചു കരയുന്ന അവനെ കട നടത്തിയിരുന്ന മിസിരി ചെറുപ്പക്കാരൻ ചേർത്തു പിടിച്ചു.
അയാൾ തന്നെ പോലീസിൽ വിവരമറിയിക്കുകയും ഭാര്യയെ പെട്ടെന്നു കണ്ടു പിടിക്കുമെന്നു പറഞ്ഞു ഹസീബിനെ സമാധാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ആരുടേയും ആശ്വാസ വാക്കുകൾക്ക് അവന്റെ ഹൃദയത്തിന്റെ വേദനയെ കുറയ്ക്കാൻ സാധിച്ചില്ല ,നൂറയെന്ന വെളിച്ചത്തെ ക്രൂരനായ ഡ്രൈവര്‍ തട്ടിയെടുത്തപ്പോള്‍ ഒരു തരി വെളിച്ചം പോലുമില്ലാതെ കൊടും ഇരുട്ടിലേക്ക് ഹസീബ് വലിച്ചെറിയപെടുകയായിരുന്നു.
മരുഭൂമിയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിൽ ഹസീബിന്റെ പേരു ചൊല്ലി അലറിക്കരഞ്ഞ നൂറായുടെ ശബ്ദം മണൽക്കാട്ടിൽ വീശിയ കാറ്റിൽ ദിശതെറ്റി എങ്ങോട്ടോ പോയി.തന്‍റെ പ്രയതമനോപ്പം പുതിയ നാട്ടില്‍ സ്വപ്ന യാത്രകള്‍ പ്രതീക്ഷിച്ചു വന്ന നൂറയെ കാത്തിരുന്നത് നിനച്ചിരിക്കാതെ ജീവനെടുക്കുന്ന മണല്‍ പാമ്പുകളുടെ ഇരയാകുവാന്‍ ആയിരുന്നു.
ഇളം പ്രായത്തിലെ പെൺമേനിക്ക് സ്വാദ് കൂടുമത്രേ ...! കാമക്കൊതിയനായ അയാളുടെ കണ്ണുകളിലുട നീളം വന്യത നിറഞ്ഞു നിന്നിരുന്നു.അവളുടെ കരച്ചിലും മാനത്തിനു വേണ്ടിയുള്ള യാചനയുമൊന്നും അയാൾ കേട്ടില്ല.പക്ഷെ ഗഗനത്തിന്റെ ആത്മാവിൽ യുഗങ്ങളായി അടക്കി വച്ച തീവ്ര ദുഃഖങ്ങൾ അണപൊട്ടി ഒഴുകുമ്പോലെ മരുഭൂമിയിൽ മഴ പെയ്തു. നൂറായുടെയും ഹസീബിന്റെയും നെഞ്ചു പൊട്ടിക്കരച്ചിലിൽ ആകാശഭൂമികൾ പോലും നിലവിളിച്ചു ....
നൂറയ്ക്കു വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കവേ പിറ്റേന്ന് വിജന മരുഭൂമിയിലെ റോഡരുകിൽ നിന്നും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു ഉപേക്ഷിക്കപ്പെട്ടൊരു പെൺകുട്ടിയെ ആരൊക്കെയോ കണ്ടു, പൂർണ നഗ്നയായിരുന്ന അവളുടെ ശരീരം ഷാൾ കൊണ്ട് മറച്ചിരുന്നു.വാർത്തയറിഞ്ഞു ഓടിയെത്തിയ ഹസീബ് കണ്ടത് ചോരയിൽ കുളിച്ചു ദേഹം മുഴുവൻ നഖക്ഷതങ്ങളും,ദന്തക്ഷതങ്ങളുമേറ്റ തന്റെ പ്രിയപ്പെട്ടവളെയാണ്.മരണം പോലും കൈവിട്ട അവളെ കൈകളിലേക്ക് കോരിയെടുത്തവൻ ഉച്ചത്തിൽ നിലവിളിച്ചു.ആരുടേയും മനസ്സ് തകർക്കുന്ന നിലവിളി. കുന്നോളമുണ്ടായിരുന്ന സ്വപ്‌നങ്ങൾ പെട്ടെന്ന് കുമിള പോലെ പൊട്ടിപ്പോയത് അവനറിഞ്ഞു.
ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ നാലു ദിവസം അബോധാവസ്ഥയിൽ വേദനകളെ
മറവിയില്‍ ഒളിപ്പിച്ചു അവളുറങ്ങി.അഞ്ചാമത്തെ ദിവസം കണ്ട സ്വപ്നങ്ങളും പ്രതീക്ഷകളും പ്രിയപ്പെട്ടവനെയും ഒക്കെ തനിച്ചാക്കി വിധിയുടെ ക്രൂരസ്പർശനത്താൽ അവൾ മരണത്തെ പുൽകി....
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഒന്‍പതാം നമ്പർ വാതിലിലൂടെ നിശ്ചലമായ നൂറായുടെ ദേഹവുമായി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഹസീബ് പുറത്തേക്കിറങ്ങിയപ്പോൾ ഒന്നുമറിയാതെ പിന്നെയും നൂറമാർ പ്രിയപ്പെട്ടവനോടൊപ്പം കൈകള്‍ കോര്‍ത്തു മറ്റൊരു നമ്പർ വാതിലിലൂടെ പുഞ്ചിരിച്ചു കൊണ്ട് അകത്തേയ്ക്കു കടന്നു കൊണ്ടിരുന്നു .....
നൂറയെന്ന പ്രകാശം ഒരു നക്ഷത്രമായി ഇന്നും ഉപ്പയെയും ഉമ്മയെയും ഇക്കാക്കമാരെയും പിന്നെ തന്‍റെ പ്രിയപ്പെട്ടവനെയും പ്രതീക്ഷിച്ചു പടച്ചവനരുകില്‍ കാത്തിരിപ്പുണ്ട്....
ഇന്നും യാത്രകളില്‍ മരുഭൂമിയിലെ വിജന പാതകളില്‍ ഹസീബിന്റെ നെഞ്ചു പൊട്ടിയുള്ള നിലവിളി ഓരോ യാത്രക്കാരന്റെയും കാതുകളില്‍ മുഴങ്ങുന്നുണ്ട്.....

By Vishnu Agni

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot