
-----------------------------------
ഒന്നാം ഭാഗം,
രണ്ടാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.nallezhuth.com/search/label/SaminiGirish
ജയിൽ സൂപ്രണ്ടിന്റെ മുറിക്ക് മുൻപിൽ കാത്ത് നിൽക്കുമ്പോൾ അയാളുടെ മനസ്സിൽ വല്ലാത്തൊരു ആവേശം ഉണ്ടായിരുന്നു. തിരയടങ്ങാത്ത ഒരു സന്തോഷം അയാൾക്കുള്ളിൽ അലയടിച്ചു. മുറിക്കുള്ളിൽ നിന്നും രണ്ടു പോലീസുകാർ പുറത്തേക്ക് കടന്നു. അവർ അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് ഒന്നും മിണ്ടാതെ നടന്നകന്നു. അയാൾ മുറിയുടെ വാതിലിനു നേരെ നീങ്ങി നിന്നു. അകത്തേക്കുള്ള പ്രകാശത്തിനു തടസ്സം നേരിട്ടപ്പോൾ സൂപ്രണ്ട് മുഖമുയർത്തി വാതിലിനു നേരെ നോക്കി.
"ആഹ്... വാ.. വാ..."
അയാൾ അകത്തേക്ക് കടന്നു.
"ഇന്ന് റിലീസാണല്ലേ..."
"അതെ."
"ഹ്മ്... ഇനി ഈ വഴിക്ക് വരാതെ നോക്കണം കേട്ടോ.."
"ഉവ്വ് സാർ.."
"എന്നാ ഒപ്പിട്ടോ..."
തനിക്ക് നേരെ നീട്ടിയ പുസ്തകത്തിൽ തന്റെ പേരിനു നേരെ അയാൾ ഒപ്പ് വച്ചു. 'മോഹനൻ'. നാളുകൾക്കിപ്പുറം ആ പേര് കണ്ടപ്പോൾ അയാൾക്ക് സങ്കടം തോന്നി. വർഷങ്ങളായി 'മുന്നൂറ്റി എഴുപത്തി ആറ്' എന്ന നമ്പർ മാത്രമായിരുന്നു താൻ. മോഹനൻ എന്ന തന്റെ പേര് മറന്നു തുടങ്ങിയിരുന്നു.
സങ്കടങ്ങൾ മറക്കാൻ താൻ ചെയ്ത ജോലിക്ക് സർക്കാർ തരുന്ന കൂലി വാങ്ങി കവറിൽ വച്ചു കൊണ്ട് അയാൾ ഗേറ്റിനു നേരെ നടന്നു. പാറാവ് നിൽക്കുന്ന പോലീസുകാരൻ അയാളെ നോക്കി പുഞ്ചിരിച്ചു.
"ഇറങ്ങുവാ അല്ലെ.."
"ഹ്മ്.."
"ശരി.."
തിരിച്ചൊരു ചിരി സമ്മാനിച്ചുകൊണ്ട് മോഹനൻ ആ ഇരുമ്പു വാതിൽ കുനിഞ്ഞു കടന്നു. വിശാലമായ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക്...
പുറത്തിറങ്ങിയ അയാൾ ഒരു നിമിഷം ചുറ്റും നോക്കി. അത്രയും നേരം മനസ്സിൽ അലതല്ലിയ ആവേശം പെട്ടെന്ന് കെട്ടടങ്ങിയപോലെ അയാൾക്ക് തോന്നി. തികച്ചും അപരിചിതമായ ഒരു ലോകം തനിക്കുമുന്നിൽ കൊഞ്ഞനം കുത്തുകയാണെന്നു അയാൾക്ക് തോന്നി.
തിരികെ അയാൾ ആ ഇരുമ്പുവാതിലിനു നേരെ നോക്കി. ആ ലോകവും തനിക്ക് ഇന്നുമുതൽ അന്യമാണെന്ന തിരിച്ചറിവ് അയാളിൽ വല്ലാത്ത വേദനയുണ്ടാക്കി. തലകുനിച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു.
******
******
"മുരിക്കുംപുഴ.... മുരിക്കുംപുഴ...."
കണ്ടക്ടറുടെ ശബ്ദം അയാളെ ഏതോ ലോകത്ത് നിന്ന് സ്ഥലകാലബോധത്തിലേക്ക് തിരിച്ച് വിളിച്ചു. അയാൾ പുറത്തേക്ക് നോക്കി. ഒട്ടും പരിചയമില്ലാത്ത സ്ഥലം. എങ്കിലും അയാൾ ധൃതിയിൽ കവറെടുത്ത് ബസിൽ നിന്നും ഇറങ്ങി. ചുറ്റും നോക്കിയെങ്കിലും പരിചയമുള്ള ഒന്നും അയാൾക്ക് കണ്ടെത്താനായില്ല. എല്ലാം മാറിയിരിക്കുന്നു. വർഷങ്ങൾ ഒരുപാട് കടന്നു പോയെന്നത് അയാൾക്ക് ഒരിക്കൽ കൂടി ബോധ്യപ്പെട്ടു.
മെല്ലെ അയാൾ മുന്നോട്ട് നടന്നു. വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മയിൽ നിന്നും ചികഞ്ഞെടുക്കും പോലെ അയാൾ വഴികൾ തിരഞ്ഞു. വീടുകളും വേലികളും വഴികളും ഒന്നും പഴയതായിരുന്നില്ല. എല്ലാം അയാൾക്ക് പുതിയ കാഴ്ചയായിരുന്നു. ആരോടെങ്കിലും ഒന്ന് ചോദിക്കണം എന്ന് തോന്നിയെങ്കിലും അയാൾ അതിനു തുനിഞ്ഞില്ല.
ഒരു ഏകദേശ രൂപം ഓർത്തെടുത്ത് അയാൾ ഒരു വീടിന്റെ ഗേറ്റ് കടന്നു. വേലിക്കരികിൽ നിന്നിരുന്ന മധുരമൂറുന്ന മാമ്പഴങ്ങൾ തന്നിരുന്ന മാവ് ഇന്നും അതുപോലെയുണ്ട്. ഇത് തന്നെയായിരിക്കും എന്ന പ്രതീക്ഷയിൽ അയാൾ കോളിംഗ് ബില്ലിൽ വിരലമർത്തി. മധ്യവയസ്കനായ ഒരാൾ വന്നു വാതിൽ തുറന്നു.
"ആരാ...?"
"രാജൻ...? രാജശേഖരന്റെ വീടല്ലേ..?"
"അല്ലല്ലോ.."
സംശയത്തോടെ തന്നെ നോക്കുന്ന അയാളോട് കൂടുതൽ എന്തെങ്കിലും ചോദിക്കാൻ മോഹനന് ആയില്ല. നിരാശ അയാളെ തളർത്തി തുടങ്ങിയിരുന്നു.
"ആരാ...?"
"ഞാൻ.. രാജശേഖരനെ അന്വേഷിച്ച് വന്നതാണ്. ഇതാണ് വീടെന്ന് കരുതി. വീട് മാറിയോ എന്ന് നിശ്ചയമില്ല."
"അയാളുടെ കൈയിൽ നിന്നാണ് ഞങ്ങൾ ഈ വീട് വാങ്ങിയത്."
"ആണോ... രാജൻ ഇപ്പൊ എവിടെയാ..?"
"അതറിയില്ല. കുറെ വർഷമായി ഞങ്ങൾ ഈ വീട് വാങ്ങിയിട്ട്. പിന്നീട് ഈ വഴിക്കൊന്നും അയാൾ വന്നു കണ്ടിട്ടില്ല."
മോഹനൻ വല്ലാതെ നിരാശനായി. ഒന്നും മിണ്ടാതെ അയാൾ തിരിഞ്ഞ് നടന്നു. ഗേറ്റിങ്കൽ എത്തിയപ്പോൾ അയാൾ ആ മാവിനെ ഒന്ന് നോക്കി. തന്റെ രാജിക്ക് ഏറെ ഇഷ്ടമായിരുന്നു ഈ മാമ്പഴങ്ങൾ. ഒരു തുള്ളി ചുടുകണ്ണുനീർ ആ കവിളിലെ നനച്ചു. അത് വകവെക്കാതെ അയാൾ മുന്നോട്ട് നടന്നു.
"അതേയ്..."
പിറകിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോഴാണ് അയാൾ തിരിഞ്ഞു നോക്കിയത്. ഒരാൾ തനിക്ക് അടുത്തേക്ക് വരുന്നത് അയാൾ കണ്ടു.
"മോഹനൻ അല്ലെ..?"
വളരെ പതിഞ്ഞ ശബ്ദത്തിൽ ഒരു സ്വകാര്യം പറയും പോലെ ആയിരുന്നു ചോദ്യം. ആണെന്ന് പറയാൻ അയാൾക്ക് മടി തോന്നി. തന്നെ തിരിച്ചറിയുന്നത് ഇപ്പോൾ അയാൾക്ക് അത്ര സന്തോഷം തരുന്ന കാര്യമായിരുന്നില്ല. അറിയുന്ന എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു അയാൾ ആഗ്രഹിച്ചത്. എങ്കിലും അയാൾ തലകുലുക്കി.
"എനിക്ക് സംശയം തോന്നി. വർഷം കുറെ കഴിഞ്ഞതുകൊണ്ട് പെട്ടെന്ന് മനസ്സിലായില്ല."
ആളെ മനസ്സിലാവാതെ മോഹനൻ സംശയത്തോടെ അയാളെ നോക്കി.
"എന്നെ മനസ്സിലായിട്ടുണ്ടാവില്ല, ഞാൻ ഹരി ആണ്. രാജന്റെ വീടിന്റെ അയല്പക്കത്ത് താമസിക്കുന്ന..."
പെട്ടെന്ന് ആളെ മനസ്സിലായത് പോലെ അയാളുടെ മുഖം പ്രകാശിച്ചു.
"രാജൻ..? അവനെവിടെയാണെന്നു അറിയോ..?"
"ഇല്ല.. അവരൊക്കെ അന്നേ കിട്ടിയ വിലക്ക് വീടും പറമ്പും വിറ്റു പോയി. പുതിയ ആൾക്കാർ താമസത്തിനു വന്നപ്പോഴാ ഞങ്ങൾ പോലും വിവരം അറിഞ്ഞത്. ആരോടും ഒന്നും പറഞ്ഞില്ല."
വിഷമം കൊണ്ട് താഴേക്ക് വളഞ്ഞ ചുണ്ടുകളും സങ്കടം തിങ്ങുന്ന തൊണ്ടയും നിറയാൻ തുടങ്ങുന്ന കണ്ണുകളും നിയന്ത്രിച്ചു കൊണ്ട് ഇടറുന്ന ശബ്ദത്തിൽ അയാൾ ചോദിച്ചു.
"എന്റെ.. എന്റെ മോള്...?'
"രാജന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ എവിടെയാണെന്ന് ഒരു രൂപവും ഇല്ല."
നിറഞ്ഞ കണ്ണുകൾ മെല്ല അടച്ചുകൊണ്ട് അയാൾ മുന്നോട്ട് നടന്നു. പിന്നിൽ നിന്നും വന്ന ശബ്ദങ്ങൾ ഒന്നും അയാളെ പിടിച്ച് നിർത്താൻ പോന്നത് ആയിരുന്നില്ല. കാലുകൾ വലിച്ചുവച്ച് അയാൾ ധൃതിയിൽ നടന്നു നീങ്ങി.
"ആരാ ഹരി അത്..?
"അത്... നമ്മുടെ രാജന്റെ അളിയനാ.. ഇവിടന്നു വീട് വിറ്റ് പോയില്ലേ... ആ പെങ്ങള് മരിച്ച.."
"ആര്... ആ അച്ഛനെ കൊന്നു ജയിലിൽ പോയ ആളോ...?"
വല്ലാത്തൊരു ആശ്ചര്യത്തോടെ ആയിരുന്നു ആ ചോദ്യം.
"അതെ.. രാജനെ അന്വേഷിച്ചുള്ള വരവാ... അയാളുടെ മോള് രാജന്റെ കൂടെ ഉണ്ടായിരുന്നൂലോ..."
"ഉവ്വോ...?"
"ഹ്മ്... ആ പെണ്ണ് മരിക്കും മുൻപ് ഓപ്പറേഷൻ നടത്തി കൊച്ചിനെ രക്ഷിച്ചു. പക്ഷെ അവൾ പോയി. ഇയാള് ജയിലിലും. വല്ലാത്ത വിധി തന്നെ..."
സഹതാപം നിറഞ്ഞ വാക്കുകൾ ഓരോരുത്തരും മൊഴിഞ്ഞുകൊണ്ടിരുന്നു. പക്ഷെ അപ്പോഴും അയാൾ യാത്രയിലായിരുന്നു. എങ്ങോട്ടെന്നില്ലാതെ യാത്ര... മകളെ തേടിയുള്ള യാത്ര...
(തുടരും)
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക