നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കള്ളുകുടി

Image may contain: 1 person, smiling, tree, outdoor and closeup

രാവിലെ വിജയനാണു വിളിച്ചു പറഞ്ഞത്, രാജീവൻ അവസാന നിമിഷങ്ങളിലാണെന്ന്. ഒന്നു പോയി കാണുന്നതു നല്ലതാണെന്നും ...
അസുഖം വല്ലാതെ കൂടിയത്രെ. ആശുപത്രിയിൽ നിന്നും മടക്കിയതിനാൽ ഇനി പ്രതീക്ഷയില്ല.
കേട്ട പാടെ കിട്ടിയ ബസ്സിൽ കയറി പുറപ്പെട്ടതാണ്.
മാനസികമായി അത്ര നല്ല രസത്തിലല്ലെങ്കിലും രാജീവനോട് ഉള്ളിൽ ബഹുമാനമുണ്ട്. ഈ നശിച്ച കള്ളുകുടി ഇല്ലെങ്കിൽ എത്ര നല്ല മനുഷ്യനാണയാൾ!
കുടിക്കണമെന്നു തോന്നിയാൽ ക്ലാസ്സിൽ നിന്നു പോലും ഇറങ്ങിപ്പോയി കുടിച്ചു വരും! സ്റ്റാഫ് റൂമിലെ മേശപ്പുറത്തു മലർന്നു കിടന്നു 'വളവളാ' പറഞ്ഞോണ്ടിരിക്കും. സ്ഥലം മാറ്റം കിട്ടി ഈ വിദ്യാലയത്തിൽ വന്നതുമുതൽ എനിക്കിത് അസഹ്യമായി തോന്നി. മറ്റുള്ളവരാകട്ടെ ഇതൊന്നും കാര്യമാക്കുന്നുമില്ല.
ഒരു പക്ഷേ അയാളുടെ സേവന മനോഭാവം കൊണ്ടാവാം. സ്കൂളിലെ മുഴുവൻ കുട്ടികളും അയാൾക്കു മക്കളായിരുന്നു. സഹപ്രവർത്തകർ സഹോദരീ സഹോദരന്മാരും !
കാലത്ത് വരും. ആവശ്യമായ പച്ചക്കറിയും മറ്റും വാങ്ങി വന്ന് അടുക്കളക്കാരിയെ സഹായിക്കും. മുറ്റം മുഴുവൻ തൂത്തു വൃത്തിയാക്കും. ആരെങ്കിലും ലീവിലായാൽ ആ ക്ലാസ്സുകൂടി കൈകാര്യം ചെയ്യും.വൈകുന്നേരത്തെ സ്പോർട്സ് പരിശീലനവും പച്ചക്കറിത്തോട്ടവും ക്ലബ്ബു പ്രവർത്തനവുമെല്ലാം അയാളുടെ പരിശ്രമം തന്നെ. ഒഴിവു ദിവസങ്ങളിലും സ്കൂളിൽ കാണും
മദ്യപിച്ചു വന്നാലും ആരോടും മോശമായി പെരുമാറാറില്ല.
എന്നാൽ അന്ന് എന്നോടു നന്നായി ഇടഞ്ഞു. ഞാനും വിട്ടുകൊടുത്തില്ല നല്ല ഭാഷയിൽ പറഞ്ഞു
'' മാഷെ, കുടിച്ചു സ്കൂളിൽ വരരുത്. ഈ സ്കൂളിലെ മാഷന്മാർ കുടിയന്മാരാണ് എന്നു പറഞ്ഞാൽ അതെന്നെയും ബാധിക്കും. ഞാനിവിടെ ഉള്ളിടത്തോളം അതനുവദിക്കില്ല".
അന്നു രാത്രി ഫോൺ ചെയ്ത് അച്ഛനേയും അച്ചാച്ഛനേയും അടക്കി തെറി പറഞ്ഞു. ഞാനതു കാര്യമാക്കിയില്ലെങ്കിലും പിന്നീടൊരിക്കലും ഞങ്ങൾ പരസ്പരം ഹൃദയം തുറന്നില്ല.
ഈ സംഭവത്തിനു ശേഷം മൂന്നു മാസത്തോളം അയാൾ സ്കൂളിൽ വന്നില്ല. അതിനു ശേഷവും കുടിച്ചാൽ സ്കൂളിൽ നിന്നു ലീവെടുക്കാറാണു പതിവ്.
രാജീവന്റെ വീട്ടിലോട്ടു തിരിയേണ്ട ജങ്ഷനിൽ നിന്നാണു അന്യസംസ്ഥാനക്കാരായ കുറച്ചു പേർ ബസ്സിൽ കയറിയത്. ഒരു കുടുംബമായിരിക്കണം. മാതാപിതാക്കളും മകനും ഭാര്യയും മൂന്നു മക്കളുമാകാം. തലയിൽ വലിയ കെട്ടിട്ട വൃദ്ധന് നരച്ച വലിയ മീശയും ഒട്ടിയ കവിളുമാണ്. പാളത്താറാണു വേഷം. മകൻ കുപ്പായത്തിനു മുകളിൽ ഒരു ചെറിയ കോട്ടിട്ടുണ്ട്.മുതിർന്നവർ ഒരു തരം പരിഭ്രമിച്ച മട്ടിലാണ്. എണ്ണമയമില്ലാത്ത, പാറുന്ന മുടിയാണു രണ്ടു പെൺകുട്ടികൾക്കും. ആൺ കുട്ടി മാത്രമാണ് പ്രസന്നതയുളളവൻ.
വലിയ യാത്ര കഴിഞ്ഞ മട്ടുണ്ട്. മകനും ഭാര്യയും ഓരോ മുഷിഞ്ഞ ഭാണ്ഡവും തോളിലിട്ടിട്ടുണ്ട്.
കന്നടയാണു സംസാരിക്കുന്നതെന്നു തോന്നുന്നു.
മകനുമാത്രമേ മലയാളമറിയു. അയാളും കണ്ടക്ടരും തമ്മിലുള്ള സംഭാഷണത്തിൽ നിന്നും അവർ രാജീവന്റെ വീടാണ് അന്വേഷിക്കുന്നതെന്നു മനസ്സിലായി. ഞാനിടപെട്ടു.
സ്ഥലത്തെത്തിയപ്പോൾ എന്റെ പിന്നാലെ അവരും ഇറങ്ങി. അന്വേഷിച്ചപ്പോൾ മൈസൂരുകാരാണെന്നു മനസ്സിലായി. വീടു ചൂണ്ടിക്കാണിച്ചപ്പോൾ ഓടിയും നടന്നും അവർ അങ്ങോട്ടു പോയി.
ഈ കന്നടക്കാരുമായി രാജീവനെന്താ ബന്ധം?
വന്ന സ്ത്രീകൾ രണ്ടു പേരും സാമാന്യം ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. കേരളീയരല്ലാത്ത ആ മുഷിഞ്ഞ വേഷധാരികളിലാണ് എല്ലാവരുടെ ശ്രദ്ധയും .ആ ചെറുപ്പക്കാരൻ ആകെ തകർന്ന പോലെ തോന്നി. അയാളുടെ അച്ഛൻ മനസ്സിലാകാത്ത ഭാഷയിൽ ദൈവത്തോടു പരാതിപ്പെട്ടുകൊണ്ടിരുന്നു.
രാജീവൻ ആകെ ശുഷ്കിച്ചു പോയിരിക്കുന്നു.വയർ വീർത്തു വല്ലാത്ത രൂപത്തിലാണ്.ജീവനുണ്ടെന്നുള്ളതിന്റെ തെളിവുപോലെ നെഞ്ചിൻ കൂട് ഉയർന്നു താണു കൊണ്ടിരുന്നു. ഏതു നിമിഷവും മരണം മുകളിൽ നിന്നും അറ്റു വീണേയ്ക്കാമെന്നു തോന്നി.
ലിവർ സിറോസിസാണ് രാജീവന്. ആ കിടപ്പു കണ്ടപ്പോൾ ഉള്ളിൽ നിന്നെന്തോ കൊളുത്തി വലിക്കും പോലെ തോന്നി.
പെട്ടെന്നാണ് ആ കന്നടക്കാരിലെ ചെറുപ്പക്കാരി കുഴഞ്ഞു വീണത്. ആ വൃദ്ധ സ്ത്രീയാണെങ്കിൽ രാജീവന്റെ നീരുവന്നു വീർത്ത കാൽപാദം കവിളിൽ ചേർത്തു കരയുന്നു.ചെറുപ്പക്കാരൻ ഒഴുകുന്ന കണ്ണീരോടെ തന്റെ ഭാര്യയെ ഒരിടത്തേക്കു മാറ്റിക്കിടത്തി. തലയ്ക്കടിച്ചു കൊണ്ടയാൾ പൊട്ടിക്കരഞ്ഞു.കരച്ചിലിനിടയിൽ രാജീവനു നേരെ വിരൽ ചൂണ്ടി ഒരു വിശദീകരണം പോലെ അയാൾ പറഞ്ഞു
"ഇത് ഞങ്ങളെ ദൈവാ, കൺകണ്ട ദൈവം" !
രാജീവന്റെ ഭാര്യയും മകളും അലറിക്കരയാൻ തുടങ്ങി.ഒച്ചയും ബഹളവും കേട്ട് അയൽപക്കത്തുള്ളവരൊക്കെ വന്നു.കവിളിലൂടെ കണ്ണീരൊഴുക്കിക്കൊണ്ട് വൃദ്ധൻ തന്റെ പ്രാർത്ഥന തുടർന്നു.തുടക്കത്തിൽ പകച്ചു നിന്ന കുട്ടികളും കരയാൻ തുടങ്ങി.
ശബ്ദം കേട്ടാവണം രാജീവൻ കണ്ണു പാതി വലിച്ചു തുറന്നത്. ചെറുപ്പക്കാരൻ ആ മുഖത്തു ചുംബിച്ചു. ഓടിച്ചെന്ന് അയാളുടെ മകനെ എടുത്തു കൊണ്ടുവന്നു, അവനെക്കൊണ്ടും ഉമ്മവെപ്പിച്ചു.
അർധ മയക്കത്തിലും തന്റെ ശുഷ്കിച്ചകൈ ശ്രമപ്പെട്ടുയർത്തി രാജീവൻ ആ കുട്ടിയെ ചേർത്തു നിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. വൃദ്ധഒരു കൈ കൊണ്ടു മാറത്തടിച്ചു, മറ്റെ കൈ ഉയർത്തിയും ഇടയ്ക്കിടെ രാജീവനെ ചൂണ്ടിയും ദൈവത്തോട് ആവലാതി പറഞ്ഞു കൊണ്ടേയിരുന്നു.
ബോധം തെളിഞ്ഞ ആ സ്ത്രീ കിടന്നിടത്തുചുരുണ്ടു കിടന്നു നിലത്തടിച്ചു കൊണ്ട് കന്നടയിൽ എന്തോ പറയുകയും കരയുകയും കിടന്നുരുളുകയും ചെയ്തു.
വീണ്ടും കണ്ണടച്ച രാജീവന്റെ കൺകോണുകളിലൂടെ ഈ വശത്തേക്കും കണ്ണീരൊലിച്ചിറങ്ങി. അതു കണ്ടു സഹിക്കവയ്യാത്ത പോലെ ചെറുപ്പക്കാരൻ നിലത്തിരുന്നു നെറ്റിയിലും തലയിലും അടിച്ചു. കുട്ടികൾ കരച്ചിൽ നിർത്തി ഓരോരുത്തരേയും പകച്ചു നോക്കുന്നു.
മുറ്റത്തിന്റെ ഒരു കോണിലിട്ട കസേരയിൽ ഞാൻ പോയിരുന്നു. നെഞ്ചിലെന്തോഭാരം പോലെ. മീനച്ചൂട്. ആകാശത്തെ മേഘങ്ങൾ ചൂടുകൂട്ടുന്നു.പ്രകൃതിയിലും ദു:ഖം തളം കെട്ടി നിന്നിരുന്നു. പറന്നു വന്നിരുന്ന ഒരു കാക്ക ചാഞ്ഞും ചരിഞ്ഞും നോക്കുന്നതു രാജീവനെയാണോ... മരണം കാക്കയായി വരുമോ?
എത്ര നേരം ഇരുന്നെന്നറിയില്ല; ആരോ ഒരാൾ തോളിൽ കൈവെച്ചു. ഞെട്ടിമുഖമുയർത്തിയപ്പോൾ വിജയൻ!
അവനാണ് ആ കഥകൾ എന്നോടു പറഞ്ഞത്.
വർഷങ്ങൾക്കു മുമ്പ് രാജീവന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളെ മൈസൂർ കാണിക്കാൻ കൊണ്ടു പോയത്രെ. വൃന്ദാവൻ ഗാർഡനിൽ നിന്നും രാജീവനും കുറച്ചു കുട്ടികളും ഒരാളോടു ചായ വാങ്ങിക്കഴിച്ചു. ആയിരം രൂപയുടെ ഒരു നോട്ടാണു കൊടുത്തതെങ്കിലും അഞ്ഞൂറിന്റെ ബാക്കിയാണ് ചായക്കാരൻ തിരിച്ചു കൊടുത്തത്.രാജീവൻ അതു ശ്രദ്ധിച്ചുമില്ല.ഏറെ നേരം കഴിഞ്ഞു. എല്ലാവരും ഗാർഡന്റെ മറ്റേ അറ്റത്തെത്തി. അപ്പോഴാണു നേരത്തെ ചായ വിറ്റയാൾ ആകെ പരിഭ്രാന്തനായി ഓടി നടക്കുന്നതു കണ്ടത്.രാജീവനെ കണ്ടയുടൻ ആശ്വാസത്തോടെ ഓടി വന്നു കാൽ തൊട്ടു വന്ദിച്ചു മാപ്പു പറഞ്ഞു. അറിയാതെ പറ്റിയതാണെന്നും ബാക്കി വാങ്ങണമെന്നും അയാൾ നിർബന്ധം പിടിച്ചു.
അന്തം വിട്ടു പോയ രാജീവൻ ആ തുക അയാൾക്കു സമ്മാനിക്കാൻ ശ്രമിച്ചു.ചെറുപ്പക്കാരൻ വിസമ്മതിക്കുകയാണു ചെയ്തത്.
" ജോലി ചെയ്തു കിട്ടുന്ന സത്യമുള്ള പണം മതി സാർ, അല്ലെങ്കിൽ എന്റെ അച്ഛനോടും അമ്മയോടും ദൈവത്തോടും ചെയ്യുന്ന പാപമായിപ്പോകും" എന്നായിരുന്നത്രെ അയാളുടെ മറുപടി. അന്ന് അഡ്രസ്സും ഫോൺ നമ്പറും കൈമാറിയ ആ ചെറുപ്പക്കാരനാണത്രെ ഇയാൾ.വിജയൻ, തല കൈകളിൽ താങ്ങി ഇറയത്തു തളർന്നിരിക്കുന്ന അയാളെ ചൂണ്ടിപ്പറഞ്ഞു.
"അതിനിത്ര മാത്രം....?" എന്ന എന്റെ അർധോക്തിയിലുള്ള ചോദ്യത്തിന് ഉത്തരമായി വിജയൻ ഇങ്ങനെ തുടർന്നു.
രാജീവന് ഇയാളൊരു അദ്ഭുതമായിരുന്നു. തന്റെ ജീവിതത്തിൽ ഇത്രമാത്രം നിഷ്കളങ്കനും സത്യസന്ധനുമായ ഒരാളെ കണ്ടിട്ടില്ലെന്ന് എപ്പോഴും പറയും. ക്രമേണ ആ കുടുംബവുമായി രാജീവൻ വല്ലാതെ അടുത്തു .അവരെ സഹായിക്കുന്നതു തന്റെ കടമയായി അയാൾ കരുതി.
നിങ്ങളുമായി പ്രശ്നമുണ്ടായ ശേഷം മൂന്നു മാസത്തോളം രാജീവൻ ലീവെടുത്തില്ലെ, അത് ഇയാളുടെ മകന്റെ ഹൃദയ ശസ്ത്രക്രിയക്കായിരുന്നു.ജന്മനാ ഹൃദയത്തിനു കുഴപ്പമായിരുന്നു ആ കുട്ടിക്ക്.ഇവരുടെ കുടുംബത്തിൽ തന്നെ ഈ ഒരാൺകുട്ടിയേ ഉള്ളു. ചികിത്സയ്ക്കു ഭാരിച്ച തുക വേണം. പ്രൊവിഡണ്ട് ഫണ്ടു ലോണും ഭാര്യയുടേയും മകളുടേയും ആഭരണം വിറ്റും കടം വാങ്ങിയും രാജീവൻ ആ കുട്ടിയെ ഡൽഹിയിൽ കൊണ്ടുപോയി ചികിത്സിച്ചു.
ഏറെ ദരിദ്രരായിരുന്നു അവർ.കൃഷിയും കച്ചവടവും നടത്താൻ വേണ്ട സഹായങ്ങളൊക്കെ രാജീവൻ ചെയ്യാറുണ്ടായിരുന്നത്രെ. വീടു നന്നാക്കാനും കുട്ടികളെ പഠിപ്പിക്കാനുമൊക്കെ രാജീവൻ ഉത്സാഹിച്ചു. മൂത്ത മകനായാണ് ആ വൃദ്ധർ രാജീവനെ കണ്ടത്. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അയാൾ അവരെ സ്വന്തം മാതാപിതാക്കളായും കരുതി.
മകന്റെ കുടിയും രോഗവും മാറാനായി അമ്പലങ്ങൾ കയറി ഇറങ്ങലാണ് ഇവരുടെ ഇപ്പോഴത്തെ മുഖ്യ ജോലി. കുടുംബസമേതം ഏതോ പ്രധാനക്ഷേത്രത്തിൽ വഴിപാടു നടത്തിയുള്ള വരവാണിത്-
ഒരാൾ കുടിയനായതു കൊണ്ടു മാത്രം മോശക്കാരനാകണമെന്നില്ല, അതു നേരത്തെ അറിയാം.. എന്നാലും... എന്തോ കുറ്റബോധത്തിന്റെ ഒരു കൊളുത്തിൽ എന്റെ ഹൃദയം തൂങ്ങിക്കിടന്നു.

By: 
Jamaludheen Alliyora

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot