നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കിച്ചുവിന്റെ കഥ.

Image may contain: Saji M Mathews, smiling, selfie and closeup
ഇന്ന് എന്റെ ഹൃദയം മതിമറന്ന് ആനന്ദിക്കുകയാണ്
ഒരുപാട് വർഷങ്ങൾക്ക് ശേഷം, എന്റെ കുടുംബത്തി ലേക്ക് ഞാൻ തിരികെ എത്തിയിരിക്കുന്നു.
നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം.
ഏറെ നാളുകൾക്ക് ശേഷം അമ്മയുടെ തലോടലിന്റെ കുളിർമ്മ എന്റെ ഹൃദയം ആസ്വദിക്കുന്നു,
പക്ഷെ...........
വേണ്ട കൂടുതൽ ആഗ്രഹിക്കരുത് ഇത്രയെങ്കിലും തിരികെ കിട്ടിയല്ലോ. മതി അത് മതി..
എന്റെ പേര് കിച്ചു, ഇത് ചെല്ലപ്പേരാണ്,
ശരിക്കുള്ള പേര് കിഷൻ എന്നോ മറ്റോ ആണെന്നാണ് ഓർമ്മ. അച്ഛന്റെ മുഖം പോലും ഓർമ്മയിൽ ഇല്ലായിരുന്നു, പിന്നെയല്ലേ പേര്.
ഏതെങ്കിലും ഒരു ട്രാഫിക് സിഗ്നലിൽ വെച്ച് ഒരുപക്ഷെ നിങ്ങൾ എന്നെ കണ്ടിട്ടുണ്ടാവും. ഇന്നലെ വരെ ട്രാഫിക് സിഗ്നലുകളിൽ മൊബൈൽ ഹോൾഡർ, ബലൂൺ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്നവനായിരുന്നു ഞാൻ. അതിനു മുന്പ് ഒരു യാചകൻ...
അതിനും മുൻപ്.... ഞാൻ ഒരു സ്നേഹ സമ്പന്നരായ മാതാപിതാക്കളുടെ അരുമയായ മകനായിരുന്നു. ആ സ്നേഹസമ്പന്നരുടെ അടുക്കലേക്ക് ഞാനിപ്പോൾ തിരികെ എത്തിയിരിക്കുന്നു.
പക്ഷെ .....
വേണ്ട കൂടുതൽ മോഹിക്കണ്ട, ഇത്രയുമെങ്കിലും കിട്ടിയതിന് ഈശ്വരന്മാരോട് ഞാൻ നന്ദി പറയുന്നു.
എന്റെ കഥ കേൾക്കുമ്പോൾ ഒരുപക്ഷെ നിങ്ങളും..
എനിക്ക് ഇപ്പോൾ ഏകദേശം പത്തുവയസ്സായിട്ടുണ്ടാകണം.
അമ്മ ഞങ്ങളെ ഇരട്ട പ്രസവിച്ചതാണ്, എന്റെ കൂടെ പിറന്നത് ഒരു ഒരു സഹോദരി. പണ്ട് അച്ഛനും അമ്മയും അവളെ 'അച്ചു' എന്ന് വിളിച്ചിരുന്നതായി ഓർക്കുന്നു. അശ്വതി - അതാണ് അവളുടെ മുഴുവൻ പേരെന്ന് ഇന്നലെയാണറിഞ്ഞത്.
നല്ല വെളുത്ത സുന്ദരിക്കുട്ടിയാണവൾ. എന്നെപ്പോലെ തെരുവിലല്ല- അമ്മയുടെയും അച്ഛന്റെയും കൂടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീട്ടിലാണ് അവൾ വളർന്നത്.
ജനിച്ചപ്പോൾ മുതൽ അവൾക്ക് എന്തൊക്കയോ വയ്യായ്കകൾ ഉണ്ടായിരുന്നു. അതുകൊണ്ട് അമ്മയും അച്ഛനും അവളെ വളരെ കരുതലോടെയാണ് വളർത്തിയിരുന്നത്.
എനിക്ക് അന്ന് ഏകദേശം നാല് വയസ്സുണ്ടാകും, ഞാൻ വീടിന്റെ മുറ്റത്ത് കുഞ്ഞു സൈക്കിളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അച്ഛനും അമ്മയും അച്ചുവിനേയും എടുത്ത് വേഗത്തിൽ വന്ന് കാറിൽ കയറി. അവരുടെ മുഖത്തെ പരിഭ്രമത്തിൽ നിന്നും അവളുടെ അസുഖം കൂടിയിട്ടുണ്ടാവുമെന്ന് മനസ്സിലായി.
ഞാൻ ഓടി അടുത്ത് ചെന്നപ്പോഴേക്കും അച്ഛൻ കാർ സ്റ്റാർട്ട് ചെയ്തിരുന്നു.
"കിച്ചു , നീ മുത്തച്ഛിയുടെ കൂടെയിരുന്നോളു അച്ചുമോൾക്ക് സുഖമില്ല ഞങ്ങൾ അത്യാവശ്യമായി ആശുപത്രിയിലേക്ക് പോകുന്നു"
മുത്തശ്ശി കുറച്ചുമുമ്പ് അമ്പലത്തിലേക്ക് പോയ കാര്യം പറയുവാനായി ഞാൻ തുടങ്ങിയപ്പോളേക്കും അവർ പുറപ്പെട്ടു കഴിഞ്ഞിരുന്നു.
കരഞ്ഞുകൊണ്ട് കാറിന്റെ പുറകെ കുറച്ചു ദൂരം ഓടി. അവർ കണ്ടു കാണില്ല.
കാർ കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോൾ, റോഡിൽ ഇരുന്ന് ഉറക്കെ കരഞ്ഞു.
അപ്പോൾ അതിലേ വന്ന ഒരു മാമൻ എന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തെത്തിക്കാമെന്ന് ആശ്വസിപ്പിച്ചു, അദ്ദേഹത്തിന്റെ വണ്ടിയിൽ കയറ്റി. കരയാതിരിക്കാൻ ഒരു നല്ല ചോക്കലേറ്റ് തന്നു. അതും നുണഞ്ഞിരുന്ന ഞാൻ ഉറങ്ങിപ്പോയി.
ഉണരുമ്പോൾ വേറൊരു വലിയ വണ്ടിയിൽ ആയിരുന്നു, അതിൽ വേറേയും കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. ഞങ്ങളുടെയെല്ലാം കൈകാലുകൾ വിരിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു. കരയാൻ ശ്രമിച്ചപ്പോൾ വായിൽ എന്തോ ഒട്ടിച്ചു വെച്ചിരിക്കുകയാണെന്ന് അറിഞ്ഞു.
എത്ര നേരം യാത്ര ചെയ്തന്നറിയില്ല, ഉണർന്നപ്പോൾ ഒരു വല്ലാത്ത സ്ഥലത്തെത്തിയിരുന്നു. ദുർഗന്ധം വമിക്കുന്ന അഴുക്കുചാലുകൾക്കിടയിലെ ഒരു പഴയ കെട്ടിടം. ഇരുൾ നിറഞ്ഞ വിജനമായ ഒരിടത്താണത് സ്ഥിതി ചെയ്യുന്നത്. എനിക്ക് ഭയം തോന്നി.
നേരം പുലർന്നപ്പോൾ ഒരു സ്ത്രീ വന്ന് എന്റെ കെട്ടുകൾ അഴിച്ചു.
വിശപ്പും ദാഹവും നീണ്ടനേരത്തെ യാത്രയും എന്നെ വല്ലാതെ തളർത്തിയിരുന്നു. എനിക്ക് അച്ഛനെയും അമ്മയെയും കാണണം ..ഞാൻ വിതുമ്പി. ആശ്വസിപ്പിക്കുന്നതിനുപകരം അവരെന്റെ കവിളിൽ ആഞ്ഞടിച്ചു.
ഇന്നേ വരെ അച്ഛനും അമ്മയും പോലും എന്നെ അടിച്ചിട്ടില്ലായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ചുണ്ടുകൾ വിതുമ്പി.
“ഇവരെന്തിനാ എന്നെ അടിക്കുന്നത്.. അച്ഛനോട് പറഞ്ഞു കൊടുക്കണം.. അച്ഛൻ ഇവരെ പോലീസിൽ പിടിപ്പിക്കും...”
കരയാൻ പോലുമാകാതെ തളർന്നിരുന്ന എന്റെ മുന്നിലേക്ക് ഒരു ഉണങ്ങിയ ചപ്പാത്തി അവരിട്ടുതന്നു. അവർ വീണ്ടും അടിക്കാനായി കയ്യോങ്ങി, ചപ്പാത്തി ചൂണ്ടിക്കാണിച്ചിട്ട് എന്തോ ഉച്ചത്തിൽ പറഞ്ഞു. അത് എടുത്തുകഴിക്കാനാണവർ പറയുന്നത് എന്നെനിക്കു തോന്നി.
വിറയ്ക്കുന്ന കൈകൊണ്ട് ഞാൻ ആ ചപ്പാത്തി കയ്യിലെടുത്തു. ഇഷ്ടമില്ലാതിരുന്നിട്ടും അതിൽ കുറച്ചു കഴിച്ചു.
വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. ഞാൻ വെള്ളം ചോദിച്ചു. ആ സ്ത്രീ അവരുടെ തുണിസഞ്ചിയിൽ നിന്നും ഒരു കുപ്പിയെടുത്തു, ഏതോ ജൂസാണെന്നാണ് ഞാൻ വിചാരിച്ചത്. എന്റെ കവിളിൽ ആ സ്ത്രീ അമർത്തിപ്പിടിച്ചു, വായിലേക്ക് ആ കുപ്പിയിൽ നിന്ന് ഒരു ദ്രാവകം ഒഴിച്ചു, അവർ കവിളിൽ കുത്തിപിടിച്ചിരുന്നത് കൊണ്ട് എനിക്കത് തുപ്പിക്കളയാൻ കഴിഞ്ഞില്ല.
ഒരു വല്ലാത്ത മണവും അരുചിയുമായിരുന്നു ആ ജൂസിന്.
അത് തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ അസഹ്യമായ നീറ്റൽ അനുഭവപ്പെട്ടു. എനിക്ക് ശർദ്ധിക്കാൻ വന്നു. ആ സ്ത്രീ എന്റെ വായ പൊത്തിപ്പിടിച്ചു. ഞാൻ കുതറിനോക്കി, അവർ വിട്ടില്ല. എന്റെ ശരീരം പതിയെ തളർന്നു. കണ്ണുകൾ അടഞ്ഞുപോയി. തറയിലേക്ക് മെല്ലെ ചാഞ്ഞു.
എന്നെ അവരുടെ തോളിലേറ്റി പുറത്തേക്കു നടക്കുന്നതായി എനിക്ക് തോന്നി.
പിന്നെ ഒന്നും ഓർമ്മയില്ല, എത്ര നേരം കഴിഞ്ഞെന്നും അറിയില്ല . ദേഹം ചുട്ടുപൊള്ളുന്ന പോലെ തോന്നിയപ്പോൾ ആണ് ഉണരുന്നത്. തൊണ്ട വിണ്ടു പൊട്ടുന്നത് പോലെ, ഒരിറ്റ് വെള്ളം കുടിക്കണം, ഞാൻ പതിയെ കണ്ണ് തുറന്നു.
ഞാനൊരു സ്ത്രീയുടെ മടിയിലാണ് കിടക്കുന്നത്, ഇത് രാവിലെ കണ്ട സ്ത്രീയല്ല, കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, ക്ഷീണിച്ചവശയായ ഒരുത്തി.
ചുറ്റും വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക്. മുകളിൽ ചുട്ടെരിക്കുന്ന സൂര്യൻ. അതിലെ കടന്നുപോകുന്നവരുടെ നേരെ കൈ നീട്ടി ആ സ്ത്രീ യാചിക്കുന്നു.
ഇടയ്ക്ക് എന്നെ ചൂണ്ടി കാണിക്കുന്നുണ്ട്.
ഞാൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു, അവർ എന്നെ അമർത്തി കിടത്തി, ഞാൻ കരയാൻ തുടങ്ങി. എനിക്ക് ദാഹിക്കുന്നുണ്ട്, വിശപ്പും സഹിക്കാൻ കഴിയുന്നില്ല. ആ സ്ത്രീ മാറാപ്പിൽ നിന്നും ഒരു കുപ്പിയെടുത്തു, എന്റെ ചുണ്ടിനു നേരെ
കൊണ്ടുവന്നു. ദാഹിച്ചുവലഞ്ഞിരുന്നത് കൊണ്ട് ആർത്തിയോടെ ആ കുപ്പിയിലെ വെള്ളം കുടിച്ചു.
രാവിലെ കുടിച്ചതിനേക്കാൾ കയ്പ്പ് നിറഞ്ഞ എന്തോ ഒന്ന്. നീറ്റൽ ഇല്ല, ഏതോ ഇലയരച്ചുചേർത്തതുപോലെ. കുറച്ചു ശർദ്ധിച്ചു. ബാക്കി തൊണ്ടയെ നനച്ചുകൊണ്ട് വയറിലെത്തി. വീണ്ടും ഉറക്കം.
ഉണരുമ്പോൾ ഇന്നലെ കണ്ട ആ പഴയ വീട്. എന്നെപ്പോലെ കുറച്ചു കുട്ടികൾ അവരിൽ ചിലർ ഉറക്കെ കരയുന്നു.
രാത്രിയിലെപ്പോഴോ ആ സ്ത്രീ വന്നു. അവർ ഞങ്ങൾക്ക് പഴകിയ ചപ്പാത്തി തന്നു. പിന്നെ കുറച്ചു വെള്ളവും. അച്ഛനെയും അമ്മയെയും അച്ചുവിനെയുമെല്ലാം കാണാൻ ഞാൻ കൊതിച്ചു.
അച്ഛനെക്കാണുമ്പോൾ എന്നെ അടിച്ചതിനും ചീത്ത ജൂസ് കുടിപ്പിച്ചതിനുമെല്ലാം ആ സ്ത്രീയെ നല്ല ചീത്ത പറയിക്കണം, മനസ്സിലുറപ്പിച്ചു. പതിയെ എന്റെ കണ്ണുകളിൽ ഉറക്കം തഴുകി.
ഉണർന്നപ്പോൾ വീണ്ടും തലേ ദിവസത്തിന്റെ ആവർത്തനം, ഒരു ചപ്പാത്തി, ആ ചീത്ത ജൂസ്, പിന്നെ കത്തുന്ന വെയിലിലെ കിടപ്പ്..
എത്ര വർഷങ്ങൾ അങ്ങിനെ കടന്നുപോയി എന്നറിയില്ല. എന്നെ മടിയിൽ കിടത്തി യാചിക്കുന്നവർ ചിലപ്പോൾ മാറും. പുതിയ ആളുകൾ വരും
ഇതിനിടയിൽ ഞാൻ കുറച്ചൊക്കെ വളർന്നു കേട്ടോ.. ഒരു ദിവസം രാവിലെ എനിക്ക് പതിവിനു വിപരീതമായി രണ്ടു ചപ്പാത്തി കിട്ടി. പിന്നെ കുറച്ചു നല്ല വെള്ളവും. അന്ന് എനിക്ക് മയക്കം വന്നില്ല. അന്ന് സുബോധത്തോടെ ഞാൻ ആ നഗരം കണ്ടു. മുംബൈ എന്നാണത്രെ ആ നഗരത്തിന്റെ പേര്.
എന്നെ അവർ തിരക്കുള്ള ഒരു റയിൽവേ സ്റ്റേഷന്റെ കവാടത്തിലിരുത്തി, മുൻപിൽ ഒരു തുണി വിരിച്ചിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൊച്ചു കുഞ്ഞിനെ എന്റെ മടിയിൽ വെച്ച് തന്നു.
മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ചില വാക്കുകൾ പഠിപ്പിച്ചു തന്നു- ‘എനിക്ക് കിട്ടിയ ആദ്യത്തെ വിദ്യാഭ്യാസം’.
മടിയിൽ കിടക്കുന്ന കുഞ്ഞു വാവയെ ഞാൻ ശ്രദ്ധിച്ചു. പാവം തളർന്നുറങ്ങുകയാണ്. മുഖത്തിന് നല്ല ഓമനത്തം. ഞങ്ങൾ ഇരിക്കുന്നതിന് തെല്ലകലെ മാറി യജമാനത്തി ഞങ്ങളെത്തന്നെ ശ്രദ്ധാപൂർവം വീക്ഷിക്കുന്നുണ്ടായിരുന്നു. മുൻപിൽ വീഴുന്ന ഓരോ നാണയത്തുട്ടും അവർ മനസ്സുകൊണ്ട് എണ്ണുകയായിരിക്കാം. ഇടയ്ക്കിടെ വന്ന് അതുവരെ കിട്ടിയ നാണയങ്ങൾ വാരി എടുത്തു കൊണ്ടുപോകും.
മടിയിൽ ഉറങ്ങുന്ന കുഞ്ഞു വാവ എപ്പോഴെങ്കിലും ഉണരുവാൻ ശ്രമിച്ചാൽ അവർ വന്ന് അവളെ എടുത്തുകൊണ്ടു കുറച്ചപ്പുറത്തേക്ക് പോകും. തിരികെ എത്തുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ആ ചീത്ത ജൂസിന്റെയൊ, കറുത്ത ഇലച്ചാറിന്റെയോ മണമായിരുന്നു വാവയുടെ കുഞ്ഞു ചുണ്ടുകൾക്ക്.
ആ സ്ത്രീയുടെ കണ്ണ് വെട്ടിച്ചു ആ പാവം വാവയെയും എടുത്ത് ദൂരേക്ക് ഓടി പോകണമെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു. പക്ഷെ അതൊരിക്കലും സാധിക്കുമായിരുന്നില്ല, കാരണം അവർ മാത്രമല്ല, മറ്റു പലരും ഞങ്ങളെ ശ്രദ്ധിക്കുന്നത് ഞാനറിഞ്ഞു.
രാത്രിയിൽ പഴയ വീട്ടിലെത്തുമ്പോൾ, കിട്ടുന്ന ആഹാരത്തിന്റെയും കുടിച്ചാൽ ഉറക്കം വരാത്ത വെള്ളത്തിന്റെയും കുറച്ചു ഭാഗം, ആരും കാണാതെ ഞാൻ വാവയ്ക്ക് കൊടുക്കുമായിരുന്നു. 'അമ്മ പണ്ട് പാടിയ ചില താരാട്ടു പാട്ടുകൾ പാടി അവളുടെ കൂടെ കിടക്കുമ്പോൾ മനസ്സിൽ ഒരൽപ്പം സന്തോഷമൊക്കെ തോന്നും.
പക്ഷെ അത് അധികകാലം നീണ്ടു നിന്നില്ല.
ഒരു ദിവസം പതിവുപോലെ യാചിച്ചുകൊണ്ടിരിക്കെ, വാവയുടെ ശരീരത്തിന് വല്ലാത്ത ചൂട് ഉള്ളതുപോലെനിക്ക് തോന്നി. അവളുടെ കുഞ്ഞു ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ആ സ്ത്രീ വന്നപ്പോൾ എനിക്ക് അറിയാവുന്ന രീതിയിൽ ഞാനവരോട് അതേപ്പറ്റി സൂചിപ്പിച്ചു. അവർ എന്റെ തലയിൽ കിഴുക്കിയിട്ട് തിരികെ നടന്നു പോയി. പിന്നേയും ചൂട് കൂടുന്നു, വാവയുടെ ശരീരം വെട്ടിവിറയ്ക്കുന്നുണ്ടായിരുന്നു. അവൾ പാതി തുറന്ന കണ്ണുകളിലൂടെ എന്നോട് എന്തിനോ യാചിക്കുന്നത് പോലെ, ചുണ്ടുകൾ ഒരിറ്റ് ദാഹജലത്തിനായ് കേഴുന്നത് പോലെ. ഞാൻ വാവയെയും എടുത്ത് ആ സ്ത്രീയുടെ അടുത്ത് ചെന്നു.
അവർ എന്നെ കോപത്തോടെ നോക്കി, മാറാപ്പിൽ നിന്നും ഒരു കുപ്പിയെടുത്ത് അതിൽ നിന്നും കുറച്ചു ജൂസ് കുടിച്ചു, അവരുടെ കണ്ണുകൾക്ക് ചുവപ്പ് നിറമായിരുന്നു. തൊണ്ടയിൽ നീറ്റലുണ്ടാക്കുന്ന ജൂസ് വാവയുടെ വായിലേക്കുമൊഴിച്ചു ..
എന്നിട്ട് കൈ ചൂണ്ടി എന്നോട് എന്തോ അലറി.. ഞാൻ ഭയന്ന് വേഗം വാവയുമായി തിരികെ വന്ന് പഴയ ഇരിപ്പടത്തിൽ തിരിച്ചെത്തി..
കുറച്ചു സമയം കഴിഞ്ഞപ്പോൾ വാവ ഒന്ന് വെട്ടി വിറച്ചു.. ഞാൻ അവളെ തലോടിക്കൊണ്ടിരുന്നു ..വേറെന്തു ചെയ്യാൻ.. അവളുടെ വിറയൽ നിന്നു. ചുണ്ടുകളിൽ ഒരുപാട് നാളുകൾക്ക് ശേഷം ഒരു ചെറു മന്ദഹാസം ഞാൻ കണ്ടു. അവളുടെ അസുഖം മാറിയിട്ടുണ്ടാകും, ഞാൻ സമാധാനിച്ചു.. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ശരീരം തണുത്തുറഞ്ഞു. കണ്ണുകൾ പാതി കൂമ്പി അനക്കമില്ലാതെ അവൾ എന്റെ മടിയിൽ കിടന്നു. ഞാൻ അപ്പോഴും വഴിപ്പോക്കരോട് യാചിച്ചു കൊണ്ടിരുന്നു..
" ഭൂക് ലക് രഹാഹേ .. ഭയ്യാ കുച്ച് പൈസാ ദീജിയെ .."
വൈകിട്ട് ഞങ്ങളുടെ താവളത്തിലേക്ക് തിരികെ പോകാൻ സമയമായപ്പോളാണ് ആ സ്ത്രീ വന്ന് വാവയെ എടുത്തത്. ഒരു വിറക് കൊള്ളി പോലെ അവൾ മരവിച്ചിരുന്നു.. അവർ വാവയെ സൂക്ഷിച്ചു നോക്കി.. എന്നിട്ട് പതിയെ പറഞ്ഞു
"യെ സാല മർ ഗയാ..."
അവളുടെ കുഞ്ഞു ശരീരം അവർ മാറാപ്പിനുള്ളിൽ ഒളിപ്പിച്ചു.
'മർ ഗയാ ' എന്നാൽ മരിച്ചു പോയി എന്നാണെന്ന് മനസ്സിലാക്കാനുള്ള അറിവ് അന്ന് എനിക്കുണ്ടായിരുന്നു. ഞാൻ ഉറക്കെ കരഞ്ഞു.. അവരുടെ മാറാപ്പിൽ നിന്നും വാവയെ പിടിച്ചു വാങ്ങുവാൻ ശ്രമിച്ചു.
ഒരിത്തിരി നല്ല വെള്ളം കൊടുത്താൽ ഒരുപക്ഷെ എനിക്കവളെ രക്ഷിക്കാൻ സാധിക്കുമെന്ന് ഒരു ചെറിയ പ്രതീക്ഷ അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു..
ഞാൻ വീണ്ടും ബഹളം കൂട്ടി.. അവരുടെ മാറാപ്പിൽ പിടിച്ചു വലിച്ചു.. ഞങ്ങളുടെ പിടിവലിയിൽ വാവയുടെ ശരീരം താഴെ വീണു.. വഴിപ്പോക്കർ പലരും ചുറ്റും കൂടി.. അവർ ആ സ്ത്രീയോട് എന്തെല്ലാമോ കയർത്തു.. അവർ വാവയുടെ ദേഹവുമായി ആൾക്കൂട്ടത്തിനിടയിലൂടെ എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു.
ആ തെരുവിൽ, എന്ത് ചെയ്യണമെന്നറിയാതെ, എങ്ങോട് പോകണമെന്നറിയാതെ ഞാൻ നിന്നു. എന്റെ കൈകൾക്ക് അപ്പോഴും വാവയുടെ ഗന്ധമായിരുന്നു..
മനസ്സിൽ നിറയെ അവളുടെ മുഖത്തെ അവസാനത്തെ പുഞ്ചിരിയായിരുന്നു.
കുറച്ചു കഴിഞ്ഞ്, എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു.. റയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ആളൊഴിഞ്ഞ ഒരു ട്രെയിനിൽ എത്തിപിടിച്ചു കയറി.. എപ്പോഴോ തളർന്ന് ഉറങ്ങി.
ആളുകളുടെ ശബ്ദം കേട്ടാണുണർന്നത്.. നേരം പുലർന്നു തുടങ്ങിയിരുന്നു. ട്രെയിൻ ചലിക്കുകയായിരുന്നു.
വിശന്നപ്പോൾ മുൻപിൽ കണ്ട ആളുകളുടെ നേർക്ക് കൈ നീട്ടി..
" ഭൂക് ലക് രഹാഹേ .. ഭയ്യാ കുച്ച് പൈസാ ദീജിയെ”
പലരും എനിക്ക് ഭിക്ഷ തന്നു. പക്ഷെ അത് കൊണ്ട് എങ്ങിനെയാണ്ചപ്പാത്തി കിട്ടുന്നത് എനിക്കറിയില്ലായിരുന്നു.
ആ ട്രെയിനിൽ കൈ നിറയെ നാണയത്തുട്ടുകളുമായ് ഞാൻ വിശന്ന് തളർന്നിരുന്നു.
അപ്പോൾ എന്റെ തോളിൽ ഒരു പരുപരുത്ത കരസ്പർശം.
"ഏൻ തമ്പി പശിക്കിതാ...." ആണിന്റെ ശബ്ദവും പെണ്ണിന്റെ ശരീരവുമുള്ള ഒരാൾ.. അവരുടെ പുതിയ ഭാഷ എനിക്ക് മനസ്സിലായില്ല. ഞാൻ എരിയുന്ന വയർ തൊട്ടു കാണിച്ചു. ട്രെയിനിൽ വട വിൽക്കുന്ന ആളുടെ കൈയ്യിൽ നിന്ന് അവരെനിക്ക് വട വാങ്ങി തന്നു. വയർ നിറയെ അന്ന് ഞാൻ ഭക്ഷണം കഴിച്ചു.. നല്ല രുചിയുള്ള ഭക്ഷണം.
"ലക്ഷ്മിയക്കൻ" അന്ന് എനിക്ക് ഒരു പുതിയ യജമാനത്തിയെ കിട്ടി.
എന്നെ വീട്ടുകാരിൽ നിന്നും തട്ടി കൊണ്ട് വന്നതാണെങ്കിൽ അവരെ വീട്ടുകാർ അറിഞ്ഞു കൊണ്ട് തെരുവിൽ ഉപേക്ഷിച്ചതാണത്രേ !. പാവം.
കുറച്ചു ദിവസം കൊണ്ട് എനിക്ക് അക്കനെ ഒരുപാടിഷ്ടമായി.
മറ്റുള്ളവരുടെ മുൻപിൽ യാചിച്ചു ജീവിക്കുന്നത് വളരെ മോശമാണെന്ന് അവരെന്നെ പഠിപ്പിച്ചു. അധ്വാനിച്ചു കിട്ടുന്നത് കൊണ്ട് കഴിക്കുന്നതാണ് നല്ലതെന്നും.
ഞങ്ങൾ ട്രെയിനിലും റോഡരികിലും ട്രാഫിക് ജംഗ്ഷനിലും സാധനങ്ങൾ വിൽക്കും. അതിൽ നിന്ന് കിട്ടുന്ന ചെറിയ ലാഭം കൊണ്ട് അല്ലലില്ലാതെ കഴിഞ്ഞു.
ഒരേ സമയം അച്ഛന്റെയും അമ്മയുടെയും സ്നേഹം
എനിക്കവർ നൽകി.
രാത്രിയിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുമ്പോൾ - "അപ്പാ " എന്നും "അമ്മാ" എന്നും അവരെന്നെക്കൊണ്ട് വിളിപ്പിച്ചു. ആ വിളികൾ കേൾക്കുമ്പോൾ അവർ പൊട്ടിച്ചിരിച്ചു .. പിന്നെ ഏങ്ങി ഏങ്ങി കരഞ്ഞു. എന്തിനെന്ന് എനിക്കറിയില്ല പാവം…. അക്കൻ, അല്ല അച്ഛൻ.. അല്ല അമ്മ ... ഇവർ ആരാണെനിക്ക്?. ഒരുപക്ഷെ എല്ലാമായിരുന്നിരിയ്ക്കാം.
കുറച്ചുനാളുകൾക്ക് മുൻപാണ് ഞങ്ങൾ . കേരളത്തിൽ എത്തിയത്. ആലുവയ്ക്കും തൃശൂരിനുമിടയ്ക്കുള്ള ട്രാഫിക് സിഗ്നലുകളിൽ ഞങ്ങൾ കച്ചവടം ആരംഭിച്ചു.
ഇവിടെ എത്തിയത് മുതൽ മനസ്സിനുള്ളിൽ ഒരു ചെറിയ പ്രതീക്ഷ.
പണ്ടെങ്ങോ കേട്ട് മറന്ന ഭാഷ, ഇത് പോലെ മനോഹരമായ സ്ഥലങ്ങൾ ഞാൻ കുഞ്ഞായിരുന്നപ്പോൾ കണ്ടിട്ടുണ്ട്. ഒരുപക്ഷെ ഇതായിരിക്കണം എന്റെ സ്വദേശം.
ഈ പോകുന്ന വാഹനങ്ങളിലൊന്നിൽ എന്റെ അച്ഛനും അമ്മയും ഉണ്ടെങ്കിൽ...
ഒരിക്കൽ കൂടി അവരെ ഒന്ന് കാണണം.
അമ്മയുടെ തലോടൽ ഏറ്റ് ഒരിക്കലെങ്കിലും ഒന്നുറങ്ങണം.
ഓരോ വാഹനത്തിനുമരികിൽ എത്തുമ്പോൾ ഞാൻ പ്രതീക്ഷയോടെ ഉള്ളിലേക്ക് എത്തി നോക്കും. ഇടത്തെ കവിളിൽ കറുത്ത മറുകുള്ള അമ്മയുടെ മുഖം എന്റെ മനസ്സിൽ അവ്യക്തമായുണ്ട്.
പഴയ യജമാനത്തി പകൽ മയക്കികിടത്താനായി, ചാരായവും, കഞ്ചാവുമൊക്കെ കലക്കി കുടിപ്പിക്കാറുണ്ടായിരുന്നല്ലോ, അവ എന്റെ ഓർമ്മയുടെ നല്ലൊരു ഭാഗവും അലിയിച്ചു കളഞ്ഞിരുന്നു . അത് കൊണ്ടാണ് ഞാൻ പറഞ്ഞത് അച്ഛന്റെ മുഖം പോലും എന്റെ ഓർമ്മയിൽ ഇല്ലായിരുന്നു.
പലപ്പോഴും വാഹനത്തിനുള്ളിൽ ഇരിക്കുന്നവരുടെയിടയിൽ അമ്മയുടെ മുഖം തിരയുന്നതിനിടയിൽ ഞാൻ കച്ചവടം മറന്നു. പക്ഷെ അക്കന് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ഒരിക്കൽ അക്കനോട് ഞാൻ അമ്മയെ തിരയുന്ന കാര്യം സൂചിപ്പിച്ചു.
"അമ്മാവെ കിടച്ചാൽ നീ എന്നെ വിട്ട് പോയിടുവിയാ .. പോണാലും പർവായില്ല നീ നല്ലാ ഇരുന്നാൽ പോതും " എന്റെ തലയിൽ തഴുകി അവർപറയും .. പിന്നെ അകലങ്ങിലേക്ക് നോക്കി നെടുവീർപ്പിടും.
അക്കനേയും എന്റെ വീട്ടിലേക്കു കൂട്ടി കൊണ്ട്
പോകണം. ഞാൻ മനസ്സിലുറപ്പിച്ചു.
ഇന്നലെ.. രാവിലെ പതിവുപോലെ കൈയിൽ കുറച്ചു മൊബൈൽ ഹോൾഡറുകളുമായ് ഞങ്ങൾ ഒരു ട്രാഫിക് സിഗ്നലിൽ കച്ചവടത്തിനിറങ്ങി. ഒരു ചിവപ്പു സിഗ്നലിൽ നിറുത്തിയിട്ടിരുന്ന കാറുകളുടെ ഇടയിൽ ഞാൻ, എതിർ വശത്ത് അക്കൻ. ഒരു കാറിൽ ഇരുന്നവർക്ക് മൊബൈൽ ഹോൾഡർ വിറ്റിട്ട് അതിന്റെ പണം എണ്ണി
വാങ്ങുമ്പോഴാണ് ഞാൻ കണ്ടത്...
തൊട്ടരികിൽ വെളുത്ത കാറിൽ ...
ഇടത് കവിളിൽ കറുത്ത മറുകുള്ള .... എന്റെ അമ്മ.
ഡ്രൈവിംഗ് സീറ്റിൽ അച്ഛൻ. അച്ഛന്റെ മുഖം എനിക്കിപ്പോൾ ഓർമ്മ വന്നു. അമ്മയുടെ തോളിൽ ചാരി ഒരു പെൺകുട്ടി.. എന്റെ പ്രായം കാണും..- അച്ചു ...എന്റെ സഹോദരി.
കുറച്ചു സമയം വേണ്ടി വന്നു എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ. ഞാൻ ആ കാറിന്റെ ഗ്ലാസിൽ തട്ടി ഉറക്കെ വിളിച്ചു...അമ്മാ . സിഗ്നലിൽ പച്ച വെളിച്ചം തെളിഞ്ഞിരുന്നു. വാഹനങ്ങൾ മുൻപോട്ട്നീങ്ങി , അമ്മ ഒരു മാത്ര ഒന്ന് നോക്കി, എന്നെ മനസ്സിലായിക്കാണില്ല. അത്രയ്ക്ക് വിരൂപമായിരുന്നല്ലോ എന്റെ രൂപം.
അമ്മാ ...എന്ന് കരഞ്ഞു വിളിച്ചുകൊണ്ട് ഞാൻ ആ വണ്ടിയുടെ പുറകെ ഓടി.. പണ്ടിതുപോലെ ഓടിയാണ് ഞാൻ എന്റെ കുടുംബത്തിൽ നിന്ന് അകറ്റപ്പെട്ടത്. ഇന്ന് അവരോട് വീണ്ടും ഒത്തുചേരുവാൻ ഞാൻ എന്നിലെ സർവ്വ കരുത്തും സംഭരിച്ഛ് ഓടി.
ഓട്ടത്തിനിടയിൽ ഒന്ന് കാല് തട്ടി വീണു .. എഴുന്നേൽക്കാൻ സമയം കിട്ടിയില്ല. അതിന് മുൻപ് പുറകിൽ നിന്ന് വന്ന ഒരു വാഹനം എന്നെ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ രക്തത്തിൽ കുളിച്ചു വീണത് മാത്രമേ എനിക്ക് ഓർമ്മയുള്ളു.
ഉണരുമ്പോൾ എന്റെ ഹൃദയം അച്ചുവിന്റെ ശരീരത്തിൽ മിടിക്കുന്നു. അവൾക്ക് കുഞ്ഞിലേ മുതലേ ഹൃദയത്തിന് കാര്യമായ തകരാറുണ്ടായിരുന്നു. എന്റെയും അവളുടെയും വളരെ അപൂർവ്വമായ രക്ത ഗ്രൂപ്പ് ആയിരുന്നു. യോജിച്ച ഒരു ഹ്രദയം ഇന്നലെയാണ് അവൾക്ക് കിട്ടിയത്.
വാഹനാപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച ഒരു തെരുവ് ബാലന്റെ ഹൃദയം.. ലക്ഷ്മി അക്കന്റെ സമ്മതത്തോടെ അവർ എന്റെ ഹൃദയം അച്ചുവിന്റെ ശരീരത്തിലേക്ക് മാറ്റി വെച്ചു.
ഇന്ന് എന്റെ ഹൃദയം മതിമറന്ന് ആനന്ദിക്കുകയാണ്. ഒരുപാട് നാളുകൾക്ക് ശേഷം അമ്മയുടെ തലോടൽ എനിക്ക് അനുഭവിക്കാൻ സാധിക്കുന്നു.
അമ്മ തലോടുന്നത് അശ്വതിയെ ആണെങ്കിലും, അതിന്റെ കുളിർമ്മ അനുഭവിക്കുന്നത് കിഷൻ എന്ന എന്റെ ഹൃദയമാണ്.
ഇനി അധിക സമയമില്ല. അച്ചുവിന് ബോധം വരുമ്പോൾ ഞാനെന്ന കിച്ചു ഈ ഭൂമി വിട്ടു പോകണം. എന്നെ കൂട്ടിക്കൊണ്ടുപോകാൻ പണ്ട് എന്റെ മടിയിൽ കിടന്നു മരിച്ച കുഞ്ഞുവാവ വന്നിട്ടുണ്ട്. അവൾക്ക് എവിടെ നിന്നോ നല്ല വെളുത്ത ചിറകുകൾ കിട്ടിയിട്ടുണ്ട്. മേഘപാളികൾക്കിടയിലൂടെ പറന്ന് പറന്നാണവൾ എത്തിയത്.
ആ മേഘ പാളികൾക്കിടയിൽ... അല്ല അതിനും മുകളിൽ നീലാകാശത്ത്, ഒരു സ്വർഗമുണ്ടത്രെ...
അവിടേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് വാവ.
പോകും മുൻപ് ശ്മശാനത്തിൽ എന്റെ കുഴിമാടത്തിലിരുന്നു കരയുന്ന ലക്ഷിയക്കനെ ഒന്നുകൂടി കാണണം.
ഒരു തെന്നലായെങ്കിലും ഒന്ന് തലോടണം...
By Saji.M.Mathews
27/05/18

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot