നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്‌മൃതിപഥങ്ങൾ

Image may contain: 1 person, closeup
~~~~~~~~~~~~~~~~
സുഗന്ധം എന്നെ വഴി നടത്തുകയാണ്.. സംവത്സരങ്ങൾ പിന്നിലേക്ക്…!! കണ്ണടച്ചപ്പോൾ ഓർമ്മയിൽ തെളിഞ്ഞു വരുന്നൊരു ഭൂതകാലത്തിന് നഷ്ട്ടബാല്യത്തിൻെറ നേർത്ത മധുരം...!
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ മനോഹരങ്ങളായ ഓർമ്മകളെല്ലാം നൊമ്പരപ്പെടുത്തുന്നതാണ് …
ഇത് എൻെറ നാടിനെകുറിച്ചുള്ള ഒരോർമ്മയാണ്... പക്ഷെ എനിക്ക് ഇതൊരു നഷ്ടസ്വപ്നമാണ്... നഷ്ടങ്ങളെ സ്നേഹിച്ച എൻെറ മനസ്സിലെ ഒരു ഒരോർമ്മ.
ഉത്തരേന്ത്യയിലെ, അല്ലെങ്കിൽ ഗൾഫ്നാടുകളിലെ കൊടുംചൂടും, തണുപ്പും സഹിച്ചു ഫ്‌ളാറ്റുകളിൽ ജീവിക്കുന്ന യന്ത്രപാവകളെപോലെയുള്ള ഒരോ പ്രവാസിക്കും സ്വന്തംനാട് ഒരോർമ്മയാണ്…..! കുളിരാണ്…!! ആ ഓർമ്മകളുടെ മനോഹാരിതകളിലേക്ക്…!!
ഒരുപാട് നാളുകൾക്കുശേഷം ഞാൻ വിശാലമായ തറവാട്ടു പറമ്പിലൂടെ വെറുതെ നടന്നു...
അവിടവിടെയായ് മുളച്ചു തലപൊക്കി നോക്കുന്ന കാട്ടുചേമ്പിൻെറ ഇലകളില് മുത്തുപോലെ ഓടിക്കളിക്കുന്ന വെള്ളത്തുള്ളികൾ … തലേന്ന് ബാക്കി വെച്ചുപോയ മഴയെ ഓർമ്മിപ്പിക്കുന്നു..!.
കാറ്റത്തു പാറിപറക്കുന്ന അപ്പൂപ്പൻ താടികൾ..
ഒരു വാശിയോടെ അതിനെ തേടിപോയിരുന്നൊരു മുറി പാവാടക്കാരി... പക്ഷെ, ഓരോ വിജനമായ പാതയിലൂടെയും അത് നീങ്ങുമ്പോൾ പിടഞ്ഞത് എൻെറ ഹൃദയമായിരുന്നു... പിന്നീട് അതിനെയും ഞാൻ തഴഞ്ഞു... നിറഞ്ഞ മിഴികളോടെ.. അതാണ് ജീവിതം എന്നറിയാതെ...!!
കുട്ടുകാരോടൊപ്പം മണ്ണപ്പംചുട്ടുകളിക്കുമ്പോൾ പുറംലോകത്തെ പേടിച്ചിട്ടെന്നപോലെ ഇന്നും മണ്ണിനടിയിൽ ഒളിച്ചുകഴിയുന്ന കുഴിയാനകൾ… അതിനെ പിടിക്കാൻ മെല്ലെ ആ കുഴിയിൽ വിരലോടിച്ചത്....
സായംസന്ധ്യകളിൽ വാഴക്കൂട്ടങ്ങൾക്കിടയിൽ നിന്ന് കടകട ശബ്ദത്തോടെ പറന്നുയരുന്ന വവ്വാലുകൾ! അതാ വാഴക്കയ്യിൽ തൂങ്ങിക്കിടക്കുന്ന മറ്റൊരു വവ്വാൽ…!! തലതിരിഞ്ഞ ലോകത്തെ പുച്ഛഭാവത്തിൽ നോക്കിക്കൊണ്ട്… തല തിരിഞ്ഞ മനുഷ്യനെപോലെ...
പറമ്പിൻെറ കിഴക്കെ മൂലയിലെ പൊട്ടക്കുളത്തിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഒരു നീല പൊന്മാൻ! പൊട്ടക്കുളത്തിൽ ഊളിയിട്ടു ഗമ കാണിക്കുന്ന ചെറുമീനുകൾ…
ചുണ്ടില് മീനുമായി പറന്നകലുന്ന ഒരു വെളുത്തകൊറ്റി… കുളത്തിൻെറ കരയിൽ ആരോ.. എന്നോ കളിച്ചു ഉപേക്ഷിച്ച ചെളിപുരണ്ട ഒരു കീറിയ റബ്ബർ പന്ത്… പണ്ട് ഇവിടെനിന്ന് നോക്കിയാൽ കണ്ണെത്താദൂരത്തോളം നീണ്ട് നിവർന്നു കിടക്കുന്ന നെൽപ്പാടങ്ങൾ കാണാമായിരുന്നു… ഇപ്പോൾ, പാടങ്ങൾ നികത്തി പുതിയ കോൺക്രീറ്റ് വീടുകൾ തലയുർത്തിനിൽക്കുന്നു.
വേനലവധിയിൽ അവിടവിടെയായ് കളിക്കുന്ന കുട്ടികളുടെ ചെറുസംഘങ്ങൾ ഉണ്ടായിരുന്നു… വയലിലേക്കു വെള്ളം എത്തിക്കുന്ന ഒരു നീർച്ചാലും… അതിൽ കളിച്ചത് ഒരു മധുരമായ ഒരോർമ്മ യാണ് ... കാരണം അതിൽ കളിച്ചതിനു അമ്മ തല്ലിയത് ഇന്നും ഓർക്കാറുണ്ട്. ‘പേര’യിൽ നിന്ന് മധുരമുള്ള പേരയ്ക്ക മാത്രമല്ല, അന്ന് പേരവടിയുടെ കയ്‌പ്പും ഞാനറിഞ്ഞു. അതെല്ലാം ഒരു കാലം…
പറമ്പിൻെറ വടക്കു ഭാഗത്തായ് നിറയെ പൂക്കളുമായ് പൂത്തുലഞ്ഞു നിന്നിരുന്ന ഒരു കണിക്കൊന്ന ഉണ്ടായിരുന്നു… ഇന്നത് അവിടെയില്ല . നഷ്ടപെട്ട വിഷുക്കാലം...! ആ കണിക്കൊന്നയ്ക്കും പറയാനുണ്ട് ഏറെ കഥകൾ..!!
വിഷുവെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക കണിക്കൊന്നയാണ്…! കത്തിച്ചുവെച്ച നിലവിളക്കിന് മുൻപിൽ കൊന്നപ്പൂക്കളും, കണിവെള്ളരിയും, ആദ്യഫലങ്ങളും ഓട്ടുരുളിയിൽ നിറച്ചുവെച്ച് അതിനും മദ്ധ്യേ പ്രഭതൂകിനിൽക്കുന്ന കൃഷ്ണവിഗ്രഹം…!! ഉറക്കച്ചുവടോടെയുള്ള കണികാണൽ…!!!
അതിരാവിലെ വിളിച്ചുണർത്തി, കണ്ണുപൊത്തിച്ചുകൊണ്ടുവന്ന് കണികാണിക്കുന്ന അമ്മ. ഉള്ളം കൈയിലേക്ക് വെച്ച് തരുന്ന വെള്ളിരൂപാതുട്ട്. അതിൻറെ മാധുര്യം ഒന്ന് വേറേതന്നെ… ഇന്നത്തെ നാല്ക്ക കറൻസിനോട്ടിനുപോലും ഉണ്ടാവില്ല അതിൻെറ മൂല്യം….!
പടക്കങ്ങളുടെയും, വർണ്ണപൂത്തിരികളുടെയും കണ്ണഞ്ചിക്കുന്ന പ്രകാശപൂരത്തിനു മദ്ധ്യത്തിൽ കൗതുകത്തോടെ കാതുപൊത്തിപിടിച്ചു നിൽക്കുന്ന ഒരു കൊച്ചുപെൺകുട്ടി..! മനസ്സിലെവിടെയൊ.. ഒരു നീറ്റൽ ഊറികൂടുന്നു…
പറമ്പിൻെറ തെക്ക്-പടിഞ്ഞാറെ മൂലയിൽ മുളകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിലെ ‘വരത്തുപോക്ക്’ ഉണ്ടത്രേ…! ആ ഭാഗത്തേക്ക് പോകാൻ കൂടി മുത്തശ്ശി സമ്മതിച്ചിരുന്നില്ല. ഉടനെ വിളിയെത്തുമായിരുന്നു.. ഓണം ആയാലോ.., കൈയിൽ പൂത്താലവുമേന്തി നിൽക്കുന്ന ചെടികൾ…!
എവിടെ നോക്കിയാലും പൂക്കൾ മാത്രം.
കാട്ടിലും.. മേട്ടിലും… തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, കാക്കപ്പൂവും ഒക്കെ മിഴിതുറന്നു നിൽക്കുന്ന പ്രകൃതി! മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മനുഷ്യനിലുപരി പ്രകൃതിയുടെ ആഘോഷമാണ് ഓണം. പൂക്കളുടെയും, പക്ഷികളുടെയും, വൃക്ഷലതാതികളുടെതുമാണ് ഓണം എന്നു തോന്നിയിട്ടുണ്ട്. തുമ്പയും, മുക്കുറ്റിയും പ്രകൃതിക്ക് തിലകം ചാർത്തി ഒരിക്കൽക്കൂടി മാവേലിമന്നൻെറ തലോടലിനായി കാത്തുനിൽക്കുന്നു. മഴപെയ്ത് നനഞ്ഞുകുതിർന്ന മണ്ണിൽനിന്നും പുതുമണ്ണിൻെറ ഗന്ധം പരത്തി പ്രകൃതി പൂക്കാലത്തിൻെറ പട്ടുപുതച്ചും, പുത്തരിക്കണ്ടം കൊയ്തും പൂവിളികളുടെ താരാട്ടുമായാണ് മലയാളികൾക്കിടയിലേക്കു പൊന്നോണം വന്നെത്തുന്നത്.
ഉമ്മറത്തു നിന്നാൽ കാണാം.. കൈയിൽ പൂകൂടയുമായി നടന്ന് മറയുന്ന കുട്ടിപട്ടാളങ്ങളെ..
ഓണത്തിനാണ് ഈ കുട്ടിപട്ടാളങ്ങൾക്കു പൂർണ്ണസ്വാതന്ത്യം കിട്ടുന്നത്, ആരെയും പേടിക്കണ്ട.. പുത്തൻകോടിയും, പലവർണങ്ങളിലുള്ള മാലകളും, വളകളും, തോക്കും, പടക്കവുമൊക്കെയായി ഉച്ചതിരിഞ്ഞും, ഓണനിലാവുള്ള രാത്രികളിലും വിശാലമായ ‘കുന്നേൽ’ തറവാട്ട് മുറ്റത്തും, പറമ്പിലും ഒക്കെയായി എല്ലാരും ഒത്തുകൂടും ജാതിമതഭേദങ്ങളില്ലാതെ…
‘കുന്നേൽ തറവാട്’ രണ്ടേക്കറിലായി വ്യാപിച്ചു കിടക്കുകയാണ്. പിന്നെ പ്രായത്തിന് അനുസരിച്ചു ഒരോ ഗ്രൂപ്പ് തിരിച്ചായിരിക്കും കളികൾ. പലതരം കളികൾ…!
തിരുവാതിരകളി, തുമ്പിതുള്ളൽ, കബഡികളി, വടംവലി, ഉഞ്ഞാലാട്ടം. വീട്ടുജോലികളൊക്കെ ഒതുക്കി ഓണസദ്യയുടെയും മറ്റ് നാട്ടുവിശേഷങ്ങളുമായി അമ്മമാരും ഒപ്പം കാണും. പട്ടുപാവാടയും, പൂത്തുമ്പിയും അടങ്ങുന്ന എൻെറ കുഞ്ഞുലോകത്ത് ഞാനുമൊരു കുഞ്ഞുതുമ്പിയായി പറന്നു നടന്നു…
“കൈതപുറം കേറിനിന്നാടു പെണ്ണേ……
തകതെയ് തോം തെയ് താരാ…”
‘ഓമനകുട്ടേട്ടൻ’ തിരുവാതിരകളിക്ക് മുൻപിൽ താളമിട്ട് പോകുകയാണ്. ഒപ്പം ചുവടുവെച്ചു നീങ്ങുന്ന അയൽപക്കത്തെ ചേച്ചിമാരും, അമ്മമാരും. ചേട്ടൻ ഗ്രൂപ്പ് ലീഡറാണ്. നാട്ടിൽ എന്തു വിശേഷം വന്നാലും ആൾ മുൻപന്തിയിലുണ്ടാവും. കൂലിപണിയാണ് ജോലി. ആർക്കും എന്തു സഹായവും മുൻപിൻ നോക്കാതെ ചെയ്തു കൊടുക്കും.
എങ്ങും.. ആർപ്പുവിളികൾ നിറഞ്ഞു നിന്നു. പാൽനിലാവിൽ കുളിച്ചു നിൽക്കുകയാണ് ഓണരാവുകൾ…!!!
എന്നെ അത്ഭുതപ്പെടുത്താനെന്നപോലെ ഒരു ഇലഞ്ഞിമരം ഇന്നും നിറയെ പൂക്കളുമായ് എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു …
അതിൻെറ കൊമ്പുകൾ എന്നെ മാടിവിളിക്കുന്നതായി തോന്നി. ആ കൊച്ചുപെൺകുട്ടിയും, മുറിപാവാടയിൽ നിന്ന് മുഴുപാവാടയിലേക്ക് മാറിയിരുന്നു…
മെല്ലെ, ഞാൻ അതിനടുത്തേക്ക് ചെന്നു. അതുവഴി കടന്നുപോയ കാറ്റ് ഒരു കുണുങ്ങിച്ചിരിയോടെ ഒരുപിടി ഇലഞ്ഞിപ്പൂക്കൾ എൻെറ തലയിൽ കുടഞ്ഞു കടന്നുപോയി… ഞാനത് മെല്ലെ പെറുക്കിയെടുത്തു. ഇളംമഞ്ഞ രാശിയില്‍ മദസുഗന്ധമൊളിപ്പിച്ചുവെച്ച് മനം മയക്കിപ്പുഞ്ചിരിക്കുന്ന കുഞ്ഞു സുന്ദരിപ്പൂവ്! കാതിലണിയുന്ന കുഞ്ഞിക്കമ്മലിൻെറ രൂപസാദൃശ്യം.
ഞാനത് മെല്ലെ മൂക്കോടടുപ്പിച്ചു. ഗന്ധം മുഴുവന്‍ ഉള്ളിലേയ്ക്കാവാഹിച്ചു… ഇലയിലെ നനവുകൊണ്ട് മേലാകെ കുളിരു പടർന്നു. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖമുണ്ടായിരുന്നു അപ്പോള്‍ ആ ഗന്ധത്തിന്. ഏതൊക്കെയോ.. സ്നേഹവാത്സല്യങ്ങളുടെ സുഗന്ധംപോലെ മനസിലും ഒരു നീർനനവ് പടർന്നു കയറി. എൻെറയുള്ളിലും പൂക്കുകയായിരുന്നു ഒരായിരം ഇലഞ്ഞിപൂക്കൾ …..!!!
"അനുകുട്ട്യേ.... അവിടേക്ക് പോകണ്ടാ..., വല്ല ഇഴജന്തുക്കളും കാണും"
മുത്തശ്ശിയാണ്.
“ഇല്ല.. മുത്തശ്ശി ഞാൻ പോണില്ല”
"ഇതെന്താ.. ഇരുന്നുറങ്ങുന്നോ?"
“ങേ..?”
ഗിരിയാണ്, ഗിരിയിതെപ്പോവന്നു..? ഞാൻ അറിഞ്ഞില്ലല്ലോ..??
"തനിക്കെന്താ.. റൂമിൽ പോയി കിടന്നുറങ്ങികൂടെ?"
ഷൂസ് അഴിച്ചുകൊണ്ട് ഗിരി എനിക്കടുത്തായി സോഫയിലേക്കു വന്നിരുന്നു.
“എന്താ, ഗിരി ഇന്നു നേരത്തെ..?”
നല്ലൊരു സ്വപ്നം നഷ്ടപെട്ടതിൻെറ ഈർഷ്യ ഉണ്ടായിരുന്നു. എങ്കിലും അത് മറച്ചുകൊണ്ട് ഞാൻ ചോദിച്ചു.
ചേതൻ ഭഗത്തിൻറെ ‘ഹാഫ് ഗേൾ ഫ്രണ്ട്’ നിലത്തു കിടന്ന് എന്നെ നോക്കി കൊഞ്ഞനംകുത്തി. കുനിഞ്ഞു ബുക്കെടുത്തു നെറ്റിയിൽ തൊട്ടുവരച്ചിട്ടു ടേബിളിലേക്കു വെച്ചു. തൊട്ടടുത്തുനിന്ന് മുത്തശ്ശിയുടെ വിളി ഞാൻ കേട്ടതാണ്. ഒപ്പം ഇലഞ്ഞിപൂക്കളുടെ സുഗന്ധവും അനുഭവിച്ചറിഞ്ഞതാണ്.. മരിച്ചുപോയവർ തിരിച്ചു വരുമോ..??
"അതൊക്കെയുണ്ട്, നീ വേഗം റെഡിയാക്. നമുക്കൊന്ന് പുറത്തു പോകാം"
“മോൻ വരാതെയോ..?”
കണ്ണുകൾ ക്ലോക്കിലുടക്കി, മൂന്നര ആകുന്നു. ഉണ്ണിയുടെ സ്കൂൾ ബസ്സ് എത്താറായിരിക്കുന്നു.
“സസ്പെൻസ് ഇടാതെ കാര്യം പറ ഗിരീ.. എന്താ നേരത്തെ വന്നേ..?”
"നീ പോയൊരുങ്ങു പെണ്ണേ.. ഞാൻ പോയി മോനെ വിളിച്ചുകൊണ്ടു വരാം.."
ഗിരി താഴേക്ക് ഇറങ്ങി പോയി. മനസ്സില്ലാമനസോടെ ഞാൻ റൂമിലേക്കും…
ഗിരിയോടും, മോനോടുമൊപ്പം ‘ഷോപ്പിംഗ് മാളിന്’ പുറത്തേക്ക് ഇറങ്ങുമ്പോഴും ഏതോ .. നഷ്ടബോധത്തിൽ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. വെറുതെ പേരിന് എന്തൊക്കയോ വാങ്ങിച്ചുകൂട്ടി.
ഗിരീഷ് നല്ല സന്തോഷത്തിലാണ്…
ആഗ്രഹിച്ചിരുന്ന പ്രൊമോഷനാണ് കൈവന്നിരിക്കുന്നത്. ഇപ്പോൾ എന്തു പറഞ്ഞാലും സാധിച്ചുതരും.
‘സഫ്ദർജങിലെ’ മുന്തിയ റെസ്റ്റോണ്ടുകളിലൊന്നിൽ ശീതീകരിച്ച ഫാമിലിക്യാബിനിലെ അരണ്ടവെളിച്ചത്തിൽ ഗിരിയോട് ചേർന്നിരുന്നു കൊണ്ട് ചോദിച്ചു.
“ഞാനൊന്ന്… നാട്ടിൽ പൊയ്ക്കോട്ടേ?”
മുന്നിലെ ചൈനീസ് ഫുഡിൽ നിന്നും തലയുർത്തി ഗിരിയെന്നെ നോക്കി വിശ്വാസം വരാത്തതുപോലെ…
“എന്തുപറ്റി അനൂ.. തനിക്ക്? ഇവിടെങ്ങുമല്ലേ.. താൻ?”
ഐസ്ക്രീം നുണയുകയായിരുന്ന ഉണ്ണിമോനും അത് പാതിയിൽ നിർത്തി, ഉടൻ ഇടയിൽ ചാടിക്കയറി.
“ഞാനുമുണ്ട് മമ്മ.. നമ്മുക്ക് പോകാം…”
പൊടുന്നനെ, അവൻറെ മുഖത്തേക്ക് സന്തോഷം ഇരച്ചു കയറി.
“ഓണത്തിന്, ഞാൻ മോനെയും കൂട്ടി നാട്ടിൽ പൊയ്ക്കോട്ടേ ഗിരീ.. പ്ലീസ്...”
സ്വരത്തിലെ നനവ് കണ്ണുകളിലേക്കും പടർന്നിരുന്നു.
"അപ്പോ.. മോൻെറ എക്സാം....എൻെറ കാര്യം.. എല്ലാം താൻ മറന്നോ..?"
ശരിയാണ്… എഫേ.വൺ, എഫേ.ടു പിന്നെ എസ്.എ.വൺ പിന്നെയും എഫേ.ത്രീ, എഫേ.ഫോർ ഇതുരണ്ടും ചേർത്ത് എസ്.എ.ടു. അഞ്ചാംക്ലാസ്സുകാരന് എടുത്താൽ പൊങ്ങാത്രയും ഭാരമെടുത്തു തലയിൽ വെച്ച് കൊടുത്തിരിക്കുകയാണ്. സ്കൂൾ തുറന്നതിനുശേഷം അവൻ നന്നേ ക്ഷീണിച്ചുപോയിരിക്കുന്നു…
ഫീസ് അടയ്ക്കുന്ന തുകയുടെ മുഴുവൻ മൂല്യവും കുട്ടികളിൽ നിന്നും ഈടാക്കാൻ ശ്രമിക്കുന്ന ഗിരിയെപോലെയുള്ള പേരൻസ്..! അവരെയും കുറ്റംപറയാൻ പറ്റില്ല. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസയല്ലേ..? ഇത് കോംപറ്റീഷിൻെറ യുഗമാണ്…
ജീവിക്കാൻവേണ്ടി അന്യനാട്ടിൽനിന്ന് എത്തിയവരാണ് ഇവിടുള്ളവരിൽ ഭൂരിഭാഗവും.
ഉണ്ണിയുടെ എക്സാം ഒക്കെ തീർന്ന് സ്കൂൾ അടയ്ക്കുമ്പോഴെത്തേക്കും ജൂൺമാസം ആകും. അപ്പോഴെക്കും നാട്ടിൽ മൺസൂൺ പിറവിയെടുത്തിരിക്കും.
“ഓ… ഓണമോ? ഇപ്പോ.. നാട്ടിലോണമൊക്കെ റെഡിമെയ്ഡ് അല്ലേ?”
ഗിരിയുടെ സ്വരത്തിൽ പരിഹാസമാണ്.
പിന്നെ അല്പം ശബ്ദംതാഴ്ത്തി,
"നീ.. പോയാൽ പിന്നെ എനിക്ക് വേറെരാ.. ഇവിടുള്ളത്?"
ഇത് ഗിരിയുടെ സ്ഥിരം ‘ഇമോഷണൽ ബ്ലാക്മെയിലാണ്’. ഇപ്പൊ പറയും ‘നിങ്ങൾക്കു വേണ്ടിയല്ലേ.. ഞാൻ കഷ്ടപ്പെടുന്നതെന്ന്’.
അരണ്ടവെളിച്ചത്തിൽ എൻെറ പ്ളേറ്റിലേക്ക് രണ്ടിറ്റു മിഴിനീർതുള്ളികൾ അടർന്നുവീണു. ഞാൻ മാത്രം എന്തേ ഇങ്ങനെ ..??
വേറൊരു രീതിയിൽ ചിന്തിച്ചാൽ..,
ഞാനെന്തിനു എൻെറ ‘സില്ലി നൊസ്റ്റാൾജിയുമായ്’ ഗിരിയുടെ സന്തോഷം തല്ലികെടുത്തണം. ഏറെ കാത്തിരുന്ന് കിട്ടിയതാണീ പ്രൊമോഷൻ. അതിലാഹ്ലാദിക്കുകയല്ലേ വേണ്ടത്..?
ഗിരിയെ, ഭയന്നിട്ടെന്നവണ്ണം മുത്തശ്ശിയും അരണ്ട വെളിച്ചത്തിലെവിടെയോ മറഞ്ഞു നിൽക്കുകയാണ്…
മെല്ലെ മെല്ല... ഞാനും ആ സന്തോഷത്തിലേക്ക് പങ്കുചേർന്നു. മുത്തശ്ശിയും…. ഇലഞ്ഞിപൂക്കളുടെ സുഗന്ധവുമൊക്കെ എൻെറ മാത്രം സ്വകാര്യനിധികളായ് മാറി.
ഇന്നും.. എൻെറ സ്‌മൃതിപഥങ്ങളിലെങ്ങോ… വാത്സല്യവുമായെന്നെ മാടിവിളിക്കുകയാണ്… ‘എൻെറ … സ്വന്തം അമ്മവീട്’.
~~~~~~~~~~~~~~
ബിന്ദു പുഷ്പൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot