Slider

ഗൃഹസ്ഥാശ്രമം

0
Image may contain: 1 person, smiling


കഥ
വെളുപ്പാന്‍ കാലത്ത് കുറച്ചു നേരം ഞാന്‍ പശുവാകും. ഒരു പാത്രം നിറയെ പാലു ചുരക്കും.
''ഇന്ന് രണ്ടു പാത്രം പാലു വേണം. ചേച്ചിയും കുട്ടികളും ഉണ്ണാനുണ്ടാവും.'' അതു കേട്ടാലുടന്‍ ഞാന്‍ സന്തോഷത്തോടെ രണ്ടു പാത്രം പാലു ചുരന്നു കൊടുക്കും. കാമധേനുവിനെ പോലെ.
വെെകുന്നേരങ്ങളില്‍ ഞാന്‍ പലതരം പച്ചക്കറികള്‍ വിളയുന്ന ഒരു സസ്യമാവും.
വീട്ടുകാരി പറയുന്നതെല്ലാം എന്റെ ചില്ലകളില്‍ തൂക്കി കൊടുക്കും.
സാംബാറിന് ഉരുളന്‍ കിഴങ്ങ്, സവാള, മുരിങ്ങക്കാ, വെണ്ടക്കാ, വഴുതിനങ്ങാ, വെള്ളരിക്കാ.
മെഴുക്കുപുരട്ടിക്ക് കായ, പയറ്, ചേന.
തോരന് ഇടിച്ചക്ക,
ഉപ്പിലിട്ടതിന് മാങ്ങ, അല്ലെങ്കില്‍ നാരങ്ങ.
നല്ല അനുസരണയുള്ള ചെടിയാണ് ഞാന്‍ എന്ന് വീട്ടുകാരി എന്റെ ചില്ലകളില്‍ തട്ടി അഭിനന്ദിക്കാറുണ്ട്.
അവള്‍ കോപിക്കുന്ന അവസരവും കുറവല്ല.'കറിവേപ്പിലയില്ലാതെ അവിയല്‍ എങ്ങനെ വെയ്ക്കും?'' എന്നു ശകാരിച്ചുകൊണ്ട് അവള്‍ എന്റെ ചെവി തിരുമ്പും. തെറ്റു മനസ്സിലാക്കിയ ഞാന്‍ ഉടന്‍ ഒരു കറിവേപ്പായി പച്ചച്ചു നില്‍ക്കും. പരിപ്പായും, ഉപ്പായും സോപ്പായും അവളുടെ സങ്കല്‍പ്പങ്ങളെ പുഷ്ടിപ്പെടുത്തുന്നതാണ് എന്റെ സന്തോഷം
ആഴ്ച്ചയില്‍ മൂന്നു ദിവസം ഞാന്‍ മുറ്റത്തെ കലത്തില്‍ മീനായി ചത്തുകിടക്കും.കഴുകി വൃത്തിയാക്കുന്നതിനിടയില്‍ അവള്‍ ചിലപ്പോള്‍ എന്നെ ശകാരിക്കാറുണ്ട്.'ഇതൊക്കെ എന്തു മീന്.! വീട്ടീലെ പുഴമീനാ ശരിക്കു മീന് !''
ഞായറാഴിച്ച പുലര്‍കാലത്ത് ഞാന്‍ മാട്ടിറച്ചിയാവും. ചോരക്കറ പോവാത്ത മാട്ടിറച്ചി.
' എന്നിട്ടും നിങ്ങള്‍ ജീവിക്കുന്നുവല്ലോ ' എന്ന നിങ്ങളുടെ അത്ഭുതം അപ്രസക്തമാണ്.
ഇതൊക്കെ എന്തു ജീവിതം !
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo